ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച്, പടം പിടിച്ചാ മതി!
രാവണന് കണ്ണൂര്‍
'വിവരമില്ലായ്മ ഒരു കുറ്റമല്ല. ലോകത്ത് ഇന്നുവരെ വിഡ്ഢിയായി എന്നതിന്റെ പേരില്‍ ഒരാളെയും തൂക്കിക്കൊന്നിട്ടില്ല' ശരി സത്യന് അന്തിക്കാടിന്റെ ആ നിരീക്ഷണം സമ്മതിച്ചു. പക്ഷെ, താങ്കളുടെ സിനിമയുടെ നിലവാരത്തെ കുറിച്ച്, കലാ മൂല്യത്തെ കുറിച്ച് ആളുകള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍, ഫേസ്ബുക്ക്/ഗുഗിള്‍ പ്ലസ്/ മറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ വഴി താങ്കളുടെ അതേ നിരീക്ഷണ പാടവത്തോടെ സിനിമയെ പ്രേക്ഷകര്‍ വിലിയിരുത്തുമ്പോള്‍ തീര്‍ച്ചയായും സത്യന് ചിന്തിക്കണം. അതാണ് നല്ലത്. കട്ട് പറയാന്‍ താങ്കള്‍ മറന്നു എന്നൊക്കെ അടിച്ചുവിടുന്നത് കേട്ട്, നമുക്കും അതൊന്ന് കണ്ട് കോരിത്തരിക്കാമെന്ന് വിചാരിച്ച് തിയറ്ററില്‍ എത്തുമ്പോള്‍, കോരിത്തരിപ്പിന് പകരം കാറിതുപ്പാന്‍ തോന്നുമ്പോള്‍ ആരും പ്രതികരിച്ചുപോകും സര്. താങ്കള്‍ ഇനിയും 'കട്ട്' പറയാന്‍ കഴിയാത്ത മൂഹുര്ത്തങ്ങളുുള്ള സിനിമകളുമായി അതിലൊക്കെ ഓരോ ലോഡ് ഉപദേശവുമായി ഇതുവഴി വരണം. ഞങ്ങള്‍ കാത്തിരിക്കും. |
ലോകത്തിനെ, മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്ത് പുതിയ കാഴ്ചകളുടെ, പുതിയ കേള്‍വികളുടെ, നവീന ആശയങ്ങളുടെ ആവിഷ്കരണങ്ങളാണ്. ജീവിതത്തിന്റെ കണ്ടു മടുത്ത ആവര്‍ത്തനങ്ങള്‍ക്കപ്പുറം പുതിയ ലോകത്തെ കുറിച്ചുള്ള സ്വപ്നവും സാധ്യതകളും എല്ലാം പങ്കുവെക്കുന്ന ആവിഷ്ക്കാരങ്ങള്‍ അത് സാഹിത്യമാവട്ടെ, സിനിമയാവട്ടെ, നാടകമാവട്ടെ മാനവരാശിക്ക് പുതിയ വെളിച്ചമാണ് നല്‍കിയത്.
ഏതൊരു ജനകീയ കലാരൂപവും അത് നിര്‍മിക്കപ്പെടുന്ന കാലഘട്ടത്തിന്റെ/സമൂഹങ്ങളുടെ സാംസ്കാരിക പ്രതിഫലനമാണ്. സമൂഹത്തോടുള്ള അതിന്റെ സംവേദനക്ഷമതയാണ് അതിന്റെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. ഭൂരിപക്ഷ മത-സമുദായ, യാഥാസ്ഥിക ചിന്തള്‍ക്ക് ഒപ്പം പോകുന്നവയാണ് നമ്മളുടെ മിക്ക സിനിമകളും. അവയൊക്കെ പിന്തിരിപ്പന് ചിന്താഗതികള്‍ വളര്‍ത്തുന്നതില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. സമൂഹത്തിലെ അരക്ഷിതാവസ്ഥയെ മനപൂര്‍വം മുതലെടുക്കുന്ന സിനിമയെന്ന കലാരൂപം ജനങ്ങളെ ആ അരക്ഷിതാവസ്ഥയില്‍ നിന്നും മോചിതനാക്കുന്നതിന് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. വീണ്ടും അരക്ഷിത ബോധത്തിലേക്ക് അവരെ തള്ളിവിടാനാണ് മിക്ക സിനിമകളും പലപ്പോഴും ശ്രമിച്ചുപോരുന്നത്.
ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സാമൂഹികപരമായ സമത്വവും ജാതി-മത, ഫ്യുഡല്‍ വ്യവസ്ഥിതികള്‍ക്കെതിരെയുള്ള പോരാട്ടവും എന്നും കമ്പോള ശക്തികള്‍ക്ക് ആലോസരമുണ്ടാക്കിയിട്ടുണ്ട്. സാധാരണക്കാരന്റെ പക്ഷത്തുനിന്ന് നടത്തുന്ന നവീകരണ ശ്രമങ്ങള്‍ ഐതിഹാസികമായ പല സമരങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും കാരണമായി. ഈ മുന്നേറ്റത്തിന് മലയാള നാടകവേദി നല്കിയ പിന്തുണ വിസ്മരിച്ചുകൂട. അത്തരത്തില്‍ കലാ പ്രവര്‍ത്തനങ്ങളില്‍, എഴുത്തില്‍, വായനയില്‍, ശാസ്ത്രബോധത്തില്‍ അധിഷ്ടിതമായി വളര്‍ന്നുവന്ന ഇടതു സോഷ്യലിസ്റ്റ് പൊതുബോധങ്ങളെ തുടച്ചു നീക്കുന്നതിന് കമ്പോള ശക്തികള്‍ വളരെ കൃത്യമായി സിനിമയെ വിനിയോഗിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. സന്ദേശം മുതല്‍ അറബിക്കഥ വരെയുള്ള ചലച്ചിത്രങ്ങളില്‍ അത്തരം ഇടതുവിരുദ്ധത കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത് മനസിലാക്കാന്‍ സാധിക്കും.
വിമര്‍ശനം എന്നത് ഉള്‍കൊള്ളാന്‍ പാരമ്പര്യം വേണമെന്നോ, യോഗ്യതവേണമെന്നോ ഇല്ല. മിനിമം ബോധം ഉണ്ടായാല്‍ മതി. അതില്ലാത്തവര്‍ക്ക് വിമര്‍ശനം ഉന്നയിക്കുന്നവരുടെ മുകളില്‍ കുതിര കയറാം. ഇത് ആരെയും പ്രത്യേകിച്ച് ഉദ്ദേശിച്ച് പറയുന്നതല്ല, പൊതുവില്‍ പറഞ്ഞതാണ്. രാഷ്ട്രീയം, സിനിമ അങ്ങിനെ എന്തും ആവട്ടെ വിമര്‍ശനം ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരുപറ്റമുണ്ട് എന്നത് യാഥാര്ത്യമാണ്. അത് അവര്‍ സ്വയം കണ്ണാടിയില്‍ നോക്കി കൊഞ്ഞനം കുത്തുന മാതിരിയാണ് എന്ന് പറയേണ്ടിവരും.
വിമര്‍ശകര്‍ ശത്രുക്കളല്ല എന്നുള്ള ചിന്ത ഇല്ലാത്തവരാണ് വിമര്‍ശകരോട് ശത്രുത പുലര്‍ത്തുന്നത്. വിമര്‍ശനം രണ്ടുകൈയ്യും കെട്ടി സ്വീകരിക്കണം എന്നല്ല. പക്ഷെ, അതിനെ മെറിറ്റില്‍ നിന്ന് നോക്കികാണാനുള്ള മിനിമം സെന്‍സ് ഉണ്ടാവണം. അതില്ലാത്തവര്‍ വിമര്‍ശനത്തിന് കാരണമാവുന്ന വഴികളില്‍ കൂടി പോവുകയേ അരുത്.
മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ കൂട്ടത്തില്‍പ്പെട്ടയാളാണ് സത്യന് അന്തിക്കാട്. പക്ഷെ, തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍കൊള്ളാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല. ഇപ്പോഴും നമ്മളത് കണ്ടു. തന്റെ സിനിമകള്‍ എല്ലാവരും ഒരേ രീതിയില്‍ സ്വീകരിക്കണമെന്നും താന്‍ എടുത്തത് മഹാകലാസൃഷ്ടിയാണ്, അതംഗീകരിച്ചുകൊടുക്കണമെന്നുമാണ് സത്യന് അന്തിക്കാട് പറയാതെ പറയുന്നത്. തന്റെ സിനിമയെ വിമര്‍ശിക്കുന്നവരെല്ലാം യോഗ്യതഇല്ലാത്തവരും സാഹിത്യ, കലാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരുമാണെന്ന നിരീക്ഷണത്തിലാണ് അദ്ദേഹം എത്തിചേരുന്നത്. അല്ലാതെ എന്തുകൊണ്ട് ആ വിമര്‍ശനം വന്നു എന്നോ, വിമര്‍ശനത്തിന് വിധേയമായ ചിത്രത്തിന്റെ സംവിധായകനെന്ന നിലയില്‍ സര്‍ഗാത്മകമായ മറുപടി നല്‍കാനോ സത്യന് സാധിക്കുന്നില്ല. ഇത് ഒരു സത്യന് അന്തിക്കാടിന്റെ മാത്രം ബോധമല്ല. ഇതേ നിലവാരത്തിലുള്ള അനേകം പേരെ നമുക്ക് കാണാന്‍ സാധിക്കും. സത്യന് അതിലൊരാള്‍ മാത്രം.
മലയാളത്തിലെ സിനിമകളെ വിമര്‍ശിച്ച് ആത്മനിര്‍വൃതി അടയാമെന്നോ, സിനിമയെ അതുവഴി നന്നാക്കി എടുക്കാമെന്നോ ആരും കരുതികാണില്ല. വിമര്‍ശിക്കാന്‍ മാത്രമുള്ള സിനിമകള്‍ മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടൊരു വിഷയം തന്നെയാണ്.
സോഷ്യല്‍ നെറ്റ്വര്ക്കുകള് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. അതിന്റെ അവസാനത്തെ തെളിവാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദം. ചിലര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് എഴുത്തിനെ ട്രെയിനിലെ ടോയിലറ്റ് സംസ്കാരം എന്നുവരെ വിശദീകരിച്ചു. ഇത്തരത്തിലുള്ള നോക്കി കാണലുകള്‍ തങ്ങള്‍ വിമര്‍ശന വിധേയരാവുമ്പാഴാണ് പലരും നടത്തിപ്പോരുന്നത്. ചിലര്‍ക്ക് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ അത്തവും ചഥുര്ത്തിയുമാണ്.
ബ്ലോഗ് കാലം മുതല്‍ തന്നെ സിനിമകളെകുറിച്ച് ഓണ്‍ലൈനില്‍ റിവ്യുകള്‍ ഉണ്ടാവാറുണ്ട്. ഫെയ്സ്്ബുക്ക്, ഗുഗുള്‍ ബസ്സ് / പ്ലസ് എന്നിവയുടെ സജീവത അതിന് ആക്കം കൂട്ടി. ഇപ്പോള്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ കൂടി സജീവമായതോടെ സിനിമകളെ കുറിച്ചുമാത്രമല്ല, തങ്ങള്‍ക്ക് പ്രാപ്യമായ എന്തിനെകുറിച്ചുമുള്ള വാര്‍ത്തകളും വിശകലനങ്ങളും ഇവിടെ ഉണ്ടാവുന്നു.
ഇപ്പോഴും 'ക്ലീഷേ' യില്‍ അഭിരമിക്കുന്ന ചിലര്‍ക്ക് ഇതൊന്നും ഉള്‍ക്കൊള്ളാനുള്ള 'നിലവാരമില്ല'. സിനിമയില്‍ ആരെയും കുറ്റപ്പെടുത്താം വിമര്‍ശിക്കാം എന്തും കാണിക്കാം പറയാം... സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമ, കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കണക്കറ്റ് വിമര്‍ശിക്കുന്ന/പരിഹസിക്കുന്ന ഒന്നായിരുന്നു. മലയാളിയുടെ പൊതുബോധത്തിനനുസരിച്ചുള്ള രചന. അതുകൊണ്ട് തന്നെ അതിന് വിപണിമൂല്യം ഉണ്ടായി. തികഞ്ഞ ഒരു അരാഷ്ട്രീയ സിനിമയായിരുന്നു അത്. രാഷ്ട്രീയം എന്നത് ഒരു വകയ്ക്കുകൊള്ളാത്ത ഒന്നാണ് എന്നുള്ള പൊതുബോധം സൃഷ്ടിക്കാന്‍ അന്നും ഇന്നും ഇനി നാളെയും വാര്‍പ്പ് മാതൃക ഉണ്ടാക്കിയെടുക്കാന്‍ ആ സിനിമയ്ക്ക് സാധിച്ചു.
അങ്ങിനെ തന്റെ സിനിമയിലൂടെ വിമര്‍ശനം ഉന്നയിച്ച, മലയാളിക്ക് നിരവധി സിനിമകളിലൂടെ ലോഡുകണക്കിന് ഉപദേശം നല്ക്കുന്ന സത്യന് അന്തിക്കാടിന്, അദ്ദേഹത്തിന്റെ സിനിമാസൃഷ്ടികളെ വിമര്‍ശിച്ചപ്പോള്‍ അത് ചെയ്യുന്നവരുടെ യോഗ്യത അളക്കേണ്ടി വരുന്നു എന്നത് പരിതാപകരമാണ്. യോഗ്യത അളക്കുന്ന സത്യന് അന്തിക്കാട് തിയറി അനുസരിച്ച്, സന്ദേശം സിനിമയ്ക്ക് തിരക്കഥ എഴുതിയ ശ്രീനിവാസനും സംവിധാനം ചെയ്ത സത്യനും എന്ത് യോഗ്യതയാണ് രാഷ്ട്രീയക്കാരെ പരിഹസിക്കാനും വിമര്ശിക്കാനുമുള്ളത്? സിനിമകള്‍ സാക്ഷാത്കരിക്കുന്നവരെല്ലാം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കാണിച്ചു സിനിമ ചെയ്താല്‍ മതിയെന്ന് പ്രേക്ഷകന് പറഞ്ഞാല്‍ എത്ര പേര് സിനിമയെടുക്കും?
തിരിച്ച് സോഷ്യല്‍ മീഡിയയിലേക്ക് തന്നെ പോയാല്‍, പ്രേക്ഷകര്‍ സിനിമകളെ കുറിച്ച് രണ്ടുവാക്ക് എഴുതിയിടുന്നത് മഹാപാതകമാണ് എന്നുള്ള തരത്തില്‍ മുന്‍പും പലരും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ എന്നത് സ്വന്തം അഭിപ്രായം ലോകത്തോട് പറയാനുള്ള വേദിയാണ്. പണ്ടാണെങ്കില്‍ അത് സാധ്യമല്ലായിരുന്നു. നേരത്തെ, ഒരു വാര്‍ത്ത നമ്മള് അറിയുന്നത് പത്രങ്ങള്‍/ ടെലിവിഷനുകള്‍ വഴിയാണ്. ഇന്നത്തെ സ്ഥിതിയില്‍ അതിനും മുന്നേ തന്നെ സോഷ്യല്‍ മീഡിയ വഴി അത് അറിയുന്നു. എഡിറ്റിംഗില്ലാതെ തന്നെയാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്. അതിനാല്‍ തന്നെ അത് വിമര്‍ശനത്തിന് അതീതവുമല്ല. ഈ വിമര്‍ശനം പലരെയും അലട്ടുന്നു. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടുത്തുന്നതിനേക്കാള് കൂടുതല്‍ പേര് അതിനെ വസ്തുനിഷ്ടമായി ഉപയോഗിക്കുന്നവരാണ്.
മഞ്ചുവാര്യരുടെയും മോഹന്‍ലാലിന്റെയും അഭിനയ ചാതുര്യം കണ്ട് ഷൂട്ടിങ്ങ് വേളയില്‍ കട്ട് പറയാന്‍ പോലും മറന്ന സത്യന് അന്തിക്കാട്, തന്റെ സിനിമയുടെ ഷോ കണ്ട് തീര്‍ന്നിട്ടും ജനം എഴുനേറ്റ് തിയറ്റര്‍ വിട്ടുപോകാന്‍ മടിക്കുന്നു എന്നാണ് സ്വന്തം സിനിമയെ പറ്റി അഭിപ്രായപ്പെടുന്നത് എങ്കില്‍ അദ്ദേഹത്തിന്റെ തല പരിശോധിക്കെണ്ടിവരും.
സിനിമ റിവ്യുകള്‍ എല്ലാം നിലവാരമുള്ളതാണ് എന്നുള്ള അഭിപ്രായമില്ല. പക്ഷെ, അതിനെ അടച്ചാക്ഷേപിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നതും ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെയാണ് 'ബുദ്ധിജീവിയുടെ ആണ്ടുനേര്‍ച്ച' എന്നുള്ള തരത്തിലുള്ള എഴുത്തുകള്‍ എഴുതേണ്ടിവരുന്നതും സത്യന്റെ സിനിമകള്‍ക്ക് നിലവാരതകര്‍ച്ച ഉണ്ടാവുന്നതും.
ഞാന്‍ മാത്രമാണ്,എന്റേത് മാത്രമാണ് നല്ലത്, അത് രണ്ട്കൈയ്യും നീട്ടി സ്വീകരിക്കണം അതിനെ കുറിച്ച് ഒന്നും മിണ്ടരുത് എന്നൊക്കെയുള്ള ആജ്ഞ പുറപ്പെടുവിച്ച് ഈ നിലവാരത്തില്‍ സിനിമയെടുത്താല്‍ സ്വന്തം വീട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും നല്ലത്, എന്നാലും കുടുംബത്തില്‍ ഉള്ളവര്‍ പോയി അനോണി ഐ ഡിയില്‍ റിവ്യു എഴുതിപ്പോകും. ആ തരത്തിലുള്ള സിനിമകളാണ് വന്നുകൊണ്ടിരിക്കുന്നത് .
'അടൂര്‍ ഗോപാലകൃഷ്ണനെയും മണിരത്നത്തിനെയും ശ്രീനിവാസനെയുമൊക്കെ ആര്‍ക്കും തെറിവിളിക്കാമെന്നായി.' എന്ന് സത്യന് അന്തിക്കാട് പറയുന്നു. അവരെ മാത്രമല്ല 'അകിരാ കുറൊസോവയെയും കിംക്കി ഡുക്കി'നെയും വരെ തെറി വിളിക്കും സിനിമ ഇഷ്ടമായില്ലെങ്കില്‍. പ്രേക്ഷകന് സിനിമ കാണാന്‍ പോകുന്നത് നിങ്ങള്‍ സ്ക്രീനില്‍ കാണിച്ചു വച്ച പൊറാട്ട് നാടകം കണ്ട് അപ്ലാസ് അടിക്കാനല്ല. തന്റെ നിലവാരം അനുസരിച്ച് പ്രേക്ഷകന് പ്രതികരിക്കുകതന്നെ ചെയ്യും. അത് ഉള്‍ക്കൊള്ളാനുള്ള കഴിവും സംവിധായകന് ഉണ്ടാവണം. അത് മാര്‍ക്കറ്റില്‍ നിന്ന് കിട്ടില്ല. സ്വയം ആര്‍ജ്ജിക്കണം. സിനിമ കണ്ട് ഇഷ്ടമായില്ലെങ്കില്‍ സംവിധായകനെ തെറിവിളിക്കണം എന്നല്ല അതിനര്‍ത്ഥം.
'വിവരമില്ലായ്മ ഒരു കുറ്റമല്ല. ലോകത്ത് ഇന്നുവരെ വിഡ്ഢിയായി എന്നതിന്റെ പേരില്‍ ഒരാളെയും തൂക്കിക്കൊന്നിട്ടില്ല' ശരി സത്യന് അന്തിക്കാടിന്റെ ആ നിരീക്ഷണം സമ്മതിച്ചു. പക്ഷെ, താങ്കളുടെ സിനിമയുടെ നിലവാരത്തെ കുറിച്ച്, കലാ മൂല്യത്തെ കുറിച്ച് ആളുകള്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍, ഫേസ്ബുക്ക്/ഗുഗിള്‍ പ്ലസ്/ മറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ വഴി താങ്കളുടെ അതേ നിരീക്ഷണ പാടവത്തോടെ സിനിമയെ പ്രേക്ഷകര്‍ വിലിയിരുത്തുമ്പോള്‍ തീര്‍ച്ചയായും സത്യന് ചിന്തിക്കണം. അതാണ് നല്ലത്. കട്ട് പറയാന്‍ താങ്കള്‍ മറന്നു എന്നൊക്കെ അടിച്ചുവിടുന്നത് കേട്ട്, നമുക്കും അതൊന്ന് കണ്ട് കോരിത്തരിക്കാമെന്ന് വിചാരിച്ച് തിയറ്ററില്‍ എത്തുമ്പോള്‍, കോരിത്തരിപ്പിന് പകരം കാറിതുപ്പാന്‍ തോന്നുമ്പോള്‍ ആരും പ്രതികരിച്ചുപോകും സര്. താങ്കള്‍ ഇനിയും 'കട്ട്' പറയാന്‍ കഴിയാത്ത മൂഹുര്ത്തങ്ങളുുള്ള സിനിമകളുമായി അതിലൊക്കെ ഓരോ ലോഡ് ഉപദേശവുമായി ഇതുവഴി വരണം. ഞങ്ങള്‍ കാത്തിരിക്കും.
ലോകക്ലാസിക് സിനിമകളെ വരെ മലയാളി ഇഴകീറി പരിശോധിച്ച് നിരൂപണം ചെയ്യുന്നു. അപ്പോഴാണ് ഇദ്ദേഹത്തിന്റെ 'എന്നും എപ്പോഴും'. വിമര്‍ശിക്കുന്നവര്‍ എന്റെ സിനിമകള്‍ കാണേണ്ടതില്ല എന്ന് പറയാന്‍ കട്ട് പറയാന്‍ മറന്ന് പോയ സംവിധായകന് സത്യന് അന്തിക്കാടിന് ആര്‍ജ്ജവമുണ്ടോ?
27-Apr-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി