മാവോയിസം പൂക്കുമ്പോള്‍!
രഞ്ജിത്ത് ശ്രീധര്‍
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ (മാവോയിസ്റ്റ്) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ഗണപതി പോലും രൂപേഷിന്റെ 'വിപ്ലവങ്ങള്‍' കേട്ടാല്‍ ശിക്കാരിശംഭുവായിച്ച് ചിരിക്കുന്ന കുട്ടികളെ പോലെ കുലുങ്ങി ചിരിക്കുമെന്നതില്‍ കവിഞ്ഞ് വിശേഷിച്ച് വേറൊന്നും സംഭവിക്കില്ല. രൂപേഷിന്റെ വിപ്ലവ പ്രവര്‍ത്തനത്തില്‍ സ്വന്തം നോവല്‍ ഒഴികെ അടയാളപ്പെടുത്താന്‍ വേറൊന്നും ഉണ്ടായിട്ടുമില്ല. അതിനാല്‍ തന്നെ മാവോയിസ്റ്റ് എന്ന പേരില്‍ രൂപേഷിന്റെ മേല്‍ കേസെടുക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നത് അന്യായമാണ്. അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റ് കോമഡിസ്റ്റാറില്‍ മാവോയിസ്റ്റ് വേഷം കെട്ടി അഭിനയിച്ച കലാകാരന്മാരുടെ പേരിലും കേസെടുക്കേണ്ടി വരും. രൂപേഷും കലാകാരന്മാരും ചിരിപ്പിക്കുന്നതിനപ്പുറത്ത് ഒരു തെറ്റും ചെയ്തിട്ടില്ല. മാവോയിസ്റ്റെന്ന് പറഞ്ഞ് കലാകാരനും സര്‍വോപരി എഴുത്തുകാരനുമായ രൂപേഷിന്റെ ചിറകൊടിക്കരുത്. അദ്ദേഹത്തിന് ഇനിയും കിനാവുകാണാനുള്ളതാണ്. |
മാവോയിസ്റ്റുകളാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ പ്രധാന സംസാര വിഷയം. മാവോയിസ്റ്റ് എന്ന് പറയപ്പെടുന്ന രൂപേഷിനും ഭാര്യ ഷൈമയ്ക്കും വേണ്ടി ശബ്ദിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. 'പ്രമുഖകവി' ഉമേഷ്ബാബുവിന്റെ നുണകേട്ട് അദ്ദേഹത്തിനുവേണ്ടി ഐക്യദാര്‍ഡ്യ പ്രതിജ്ഞയില്‍ ഒപ്പിട്ട സാഹിത്യ-സാംസ്കാരിക നായകന്മാര്ക്ക്, മാവോയിസ്റ്റുകളുടെ മനുഷ്യാവകാശത്തിന് വേണ്ടി അലമുറയിടാനും പ്രസ്താവനയിറക്കാനുമുള്ള ബാധ്യതയുണ്ടെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. അവരില്‍ ചിലര്‍ ചില പ്രഖ്യാപനങ്ങളൊക്കെ ഇറക്കി കഴിഞ്ഞു. പക്ഷെ, രൂപേഷ് യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റ് തന്നെയാണോ എന്നതാണ് ആലോചിക്കേണ്ട വിഷയം.
മാവോയിസത്തിന്റെ മൂലതത്വത്തില്‍ പറയുന്നത് ജനകീയപ്പോരാട്ടത്തെ പറ്റിയാണ്. പാര്‍ട്ടിയുടെ സായുധഘടകവും ജനങ്ങളും വ്യത്യസ്തമായിരിക്കരുത്. ജനങ്ങള്‍ക്കേറ്റവും ആവശ്യമുള്ള കാര്യങ്ങളാവണം വിപ്ലവത്തിന്റെ ലക്ഷ്യമെന്ന് മാവോ വ്യക്തമാക്കുന്നു. പക്ഷെ, കേരളത്തില്‍ കബനീദളം വിരിയുന്നത് കാട്ടില്‍ മാത്രമാണ്. വയനാട്ടിലെ കാട്ടില്‍. പൊന്മുടി കാട് അവര്‍ക്ക് നിഷിദ്ധമാണ് എന്ന് തോന്നുന്നു. കേരളം ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാവുമ്പോള്‍ മാത്രമേ രൂപേഷിന്റെ കബനീദളം വിരിയൂ എന്നൊരു പ്രത്യേകത കൂടിയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ വിപ്ലവകാരികളെ കുറിച്ചുള്ള കഥകള്‍ മെനഞ്ഞ് സമയം കൊല്ലും. മാവോവാദികളും ബൂര്‍ഷാ സര്‍ക്കാരും ഹാപ്പി!
കേരളത്തില്‍ ആദിവാസികള്‍ക്ക് മാത്രമൊന്നുമല്ല പ്രാരാബ്ദങ്ങള്‍ ഉള്ളത്. വനാന്തര്‍ഭാഗങ്ങളില്‍ കഴിയുന്ന ആദിവാസികളെപ്പോലെ തന്നെ വിഷമത അനുഭവിക്കുന്ന ജനങ്ങള്‍ നഗരങ്ങളിലുണ്ട്. ചേരികളില്‍ നുരക്കുന്ന പട്ടിണിപാവങ്ങള്‍. സെക്രട്ടേറിയറ്റിന് കീഴിലുമുണ്ട് അത്തരമൊരു ചേരി. ചെങ്കല്‍ചൂള. ഡ്രയിനേജ് പൊട്ടിയൊഴുകി, വീടിനുള്ളില്‍ മലവും അഴുക്കുവെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ എത്രയോ കാലമായി ജീവിതം പുലര്‍ത്തുന്നവര്‍. അത്തരക്കാരെയൊന്നും അഭിമുഖീകരിക്കാതെ കാട്ടിലൂടെ നടന്നാണ് വിപ്ലവം വരുത്തേണ്ടതെന്ന് മാവോ സൂക്തത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് രൂപേഷോ, അദ്ദേഹത്തിന്റെ ഐക്യദാര്ഡ്യസമിതിക്കാരോ പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
“പിന്നോക്കമെന്നു പറയപ്പെടുന്ന രാജ്യങ്ങളില്‍ സോഷ്യലിസം നടപ്പാക്കുന്നതിനു മുന്‍പ് സാമ്പത്തിക മേഖലയില്‍ പുരോഗതിയുണ്ടാവണം. ഇത് ബൂര്‍ഷ്വാസികളിലൂടെ നടക്കുക അസാദ്ധ്യമാണ്. ബൂര്‍ഷ്വാസികളുടെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ട് അധോഗമന സ്വഭാവത്തിലെത്തിയിരിക്കുന്നതാണ് ഇതിനു കാരണം.” നവ ജനാധിപത്യത്തെ കുറിച്ച് മാവോയിസ്റ്റുകള്‍ ഇങ്ങനെയാണ് പറയുന്നത്. രാജ്യത്ത് സോഷ്യലിസം നടപ്പിലാക്കുന്നതിന് മുന്‍പ് സാമ്പത്തിക മേഖലയില്‍ പുരോഗതിയുണ്ടാവുന്നതിന് വേണ്ടി കേരളത്തില്‍ എന്ത് ഇടപെടലാണ് രൂപേഷും കൂട്ടരും ചെയ്തിട്ടുള്ളത്? ബൂര്‍ഷ്വാസികളിലൂടെ സോഷ്യലിസം നടപ്പിലാകില്ല എന്ന് പറഞ്ഞ്, ബൂര്‍ഷ്വാസിയുമായി ഒരു നീക്കുപോക്കിനുമില്ല എന്ന് പ്രഖ്യാപിച്ച മാവോയിസത്തില്‍ വിശ്വസിക്കുന്നയാളാണ് രൂപേഷ് എങ്കില്‍ ഒരിക്കലും ബൂര്‍ഷ്വാസിയായ ഡി സി രവിയുടെ ഡിസി ബുക്സ് വഴി തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നില്ല. ആ പുസ്തകം വഴി ഡി സി എന്ന ബൂര്‍ഷ്വാസിക്ക് ലാഭം ഉണ്ടാവുകയാണ് ചെയ്യുന്നത്. രൂപേഷും ഡി സി രവിയും തമ്മില്‍ വല്ല 'അന്തര്‍ധാര'യും നിലനില്ക്കുന്നുവെങ്കില് ലാഭവിഹിതം അവര്‍ വീതം വെക്കുന്നുമുണ്ടാവും.
ജനദ്രോഹത്തിലും അഴിമതിയിലും അഭിരമിക്കുന്ന കേരളത്തിലെ ബൂര്‍ഷ്വാ ഭരണകൂടത്തിനെതിരെ ഒരു ചെറുവിരല്‍പോലുമനക്കാന്‍ പച്ചയുടുപ്പുമിട്ട് കാടുകള്‍ തോറും മണ്ടി നടക്കുന്ന രൂപേഷാദി മാവോയിസ്റ്റുകള്‍ക്ക് സാധിച്ചിട്ടില്ല. ബൂര്‍ഷ്വകളുടെ അപോസ്തലനായ കെ എം മാണിയുടെ അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്ക് ഒരു ഓലപ്പടക്കമെങ്കിലും കത്തിച്ചെറിഞ്ഞിരുന്നുവെങ്കില് ഇവരുടെ മാവോയിസത്തില്‍ ഉപ്പുണ്ട് എന്ന് പറയാമായിരുന്നു. ഇത് ആദിവാസികളുടെ കഞ്ഞിക്കലം തണ്ടര്ബോള്ട്ടിനെകൊണ്ട് ഉടപ്പിക്കാനുള്ള ഉഡായിപ്പ് മാവോയിസം മാത്രമാണ്.
മാവോ പറയുന്നുണ്ട്; വൈരുദ്ധ്യങ്ങളാണ് സമൂഹത്തിന്റെ ഏറ്റവും മുഖ്യമായ ലക്ഷണമെന്ന്. സമൂഹത്തിലെ പലതരം വൈരുദ്ധ്യങ്ങളെ നേരിടാന്‍ പലതരം അടവുകള്‍ വേണ്ടിവരുമെന്നും. തൊഴിലും മൂലധനവും തമ്മിലുള്ളതുപോലെയുള്ള പൂര്‍ണ വൈരുദ്ധ്യമുള്ള വിഷയങ്ങളെ ശരിയാക്കിയെടുക്കാന്‍ വിപ്ലവം തന്നെ വേണ്ടിവരുമെന്നും മാവോ പറയുന്നു. വിപ്ലവപ്രസ്ഥാനത്തിനകത്തുള്ള വൈരുദ്ധ്യങ്ങളെ താത്വികമായ ശരിപ്പെടുത്തലുകളിലൂടെ നേരേയാക്കിയെടുത്താലേ അവ പൂര്‍ണ വൈരുദ്ധ്യങ്ങളാവാതിരിക്കുകയുള്ളൂ എന്നും മാവോ സൂക്തം ഉദ്ഘോഷിക്കുന്നു. ഇത്തരത്തിലുള്ള ആശയങ്ങളുയര്ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളൊന്നും കേരളത്തില്‍ നടന്നതായി ആര്‍ക്കും അറിവില്ല. ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്തുമാത്രമാണോ ഇത്തരത്തിലുള്ള ആശയപരിസരം സൃഷ്ടിച്ചെടുക്കേണ്ടത്? മാവോ ഒരിടത്തും ആദിവാസികളിലൂടെ, ദളിതുകളിലൂടെ മാത്രം വിപ്ലവം എന്ന് പറഞ്ഞിട്ടില്ല. പിന്നെ, ആ പാവങ്ങളുടെ കുടിയില്‍ കയറി അരിയും പയറും കാന്താരിയും പിടിച്ചുവാങ്ങി, അവരുടെ പട്ടിണി വര്‍ദ്ധിപ്പിക്കുന്നത് എന്തിനാണ്? മാവോയിസ്റ്റുകളുടെ പേര് പറഞ്ഞ് പോലീസ് കയറി ഇറങ്ങുന്നത് കൊണ്ട് ആദിവാസി കോളനികളില്‍ നിന്ന് യുവാക്കള്‍ നാട് വിടുകയാണ്. ആദിവാസികളെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന രൂപേഷ് വനം എന്ന ക്ലീഷേ കളയുവാനോ, പുതിയകാലത്തിനൊത്ത് ചിന്തിക്കുവാനോ തയ്യാറാവുന്നില്ല. രൂപേഷിനെ പോലുള്ള മുതലുകളില് നിന്ന് വീണ്ടും വസന്തവും ഇടിമുഴക്കവുമൊക്കെ വരുമെന്ന് സ്വപ്നം കാണുന്നവരുടെ തലയില്‍ വെക്കേണ്ടത് നെല്ലിക്കാത്തളമാണ്.
സാംസ്കാരിക വിപ്ലവത്തെ കുറിച്ചും മാവോ പറയുന്നുണ്ട്. വിപ്ലവം ബൂര്‍ഷ്വാ തത്വചിന്തയെ തുടച്ചു നീക്കുകയില്ല എന്നും ഇതിനാല്‍ വര്‍ഗസമരം സോഷ്യലിസ്റ്റ് കാലഘട്ടത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയോ കൂടുതല്‍ ശക്തിപ്രാപിക്കുകയോ ചെയ്യുമെന്നും അതിനാല്‍ ഇത്തരം തത്വചിന്തകള്‍ക്കും സമൂഹത്തിലെ അവയുടെ വേരുകള്‍ക്കും എതിരായ സമരം തുടരേണ്ടതായി വരുമെന്നും യാഥാസ്ഥിതികത്വത്തിനെതിരായ സമരം കൂടിയാണ് സാംസ്കാരിക വിപ്ലവമെന്നും മാവോയിസം പറയുന്നു. രൂപേഷ് കാഴ്ചവെക്കുന്ന കലാവിരുതാണ് വിപ്ലവമെങ്കില്‍ അത് ബൂര്‍ഷ്വാ ചിന്തയെ മാത്രമല്ല, രൂപേഷിനെപോലുള്ള മാവോവാദികളുടെ ബൂര്ഷ്വാധിഷ്ടിതമായ ചിന്തകളെ പോലും തുടച്ചുനീക്കുന്നില്ല. ജനകീയ ജനാധിപത്യ വിപ്ലവം പോലും നടക്കാത്ത ഒരു നാട്ടില്‍ രൂപേഷ് കാണിക്കുന്ന ശിക്കാരിശംഭുക്കളി കൊണ്ട് എന്ത് കുന്തമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്?
രൂപേഷും സംഘവും അവതരിപ്പിക്കുന്ന കോമഡിപ്പരിപാടിയെ മാവോയിസമെന്ന് വിളിക്കുന്ന ഭരണാധികാരികള്‍ മാവോയിസ്റ്റുകളെ പിടിക്കാനെന്ന് പറഞ്ഞ്, കോടികളാണ് ഖജനാവില്‍ നിന്ന് ഊറ്റിയെടുക്കുന്നത്. ഇത് വന്‍ അഴിമതിക്ക് കളമൊരുക്കുന്നുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ മാവോ സൂക്തങ്ങളെ ലഘുലേഖകളിലും നോട്ടീസുകളിലും ഒതുക്കി, മാവോ വ്യാഖ്യാനിച്ച വിപ്ലവ വഴിയില്‍ കയറാന്‍ പോലും കഴിയാതെ ഉഴലുന്ന രൂപേഷ് മാവോയിസ്റ്റാണെന്നൊക്കെ പറഞ്ഞാല്‍ വല്ലാത്ത ഡക്കറേഷനായിപ്പോകും!
കേരളത്തില്‍ രൂപേഷിന്റെ നേതൃത്വത്തില്‍ നടന്ന പ്രധാന മാവോയിസ്റ്റ് പരിപാടികള്‍ എന്തൊക്കെയാണ്? കോളയാട് പഞ്ചായത്ത് ഓഫീസിന്റെ ചുവരില്‍ വ്യാപകമായി പോസ്റ്റര്‍ ഒട്ടിച്ചു, സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കരുതല്‍മേഖലയിലുള്ള വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ് കത്തിച്ചു, അരീക്കോട് പൊലീസ് സ്റ്റേഷനും കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനും ആക്രമിക്കുമെന്ന് ഇ മെയില്‍ സന്ദേശം അയച്ചു, വയനാട്ടില്‍ അഗ്രഹാരം റിസോര്‍ട്ടിന്റെയും തൊട്ടടുത്തുള്ള ടാമരിന്‍ഡ് ഹോട്ടലിന്റെയും ചില്ലെറിഞ്ഞ് പൊട്ടിച്ചു, ബത്തേരിക്കടുത്ത് ആദിവാസി കോളനിയില്‍ 'സാന്നിധ്യ'മുണ്ടാക്കി, മലപ്പുറം കാളികാവ് പുല്ലങ്കോട് റബര്‍ എസ്റ്റേറ്റ് കടിഞ്ചീരി ഡിവിഷനിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ 'മാവോയിസ്റ്റ് അംഗമാവുക' എന്ന് ചുവരെഴുതി, തിരുനെല്ലിയില്‍ വിപ്ലവത്തെ സഹായിക്കണമെന്ന് പറഞ്ഞ് പോസ്റ്റര്‍ എഴുതി, ദേശീയപാത ഓഫീസില്‍ ആക്രമണം നടത്തി, നീറ്റ ജലാറ്റിന്‍ ആക്രമണവും വേണമെങ്കില്‍ ഇവരുടെ അക്കൗണ്ടില്‍ കൊടുക്കാം. വെടിപൊട്ടിയത് വയനാട് മേപ്പാടി മുണ്ടക്കൈ സെഷനില്‍ നിലമ്പൂര്‍ അതിര്‍ത്തിയിലാണ്. മാവോയിസ്റ്റുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്നാണ് പോലീസ് പറയുന്നത്. രൂപേഷ് അത് കേട്ട് തലക്കുലുക്കി. പക്ഷെ, അത് ഒരു ബഷീറിയന്‍ കഥാപാത്രത്തിന്റെ ഗര്ഭോത്തരവാദിത്തം ഏറ്റെടുക്കുന്നത് പോലെയാണെന്ന് വൈകാതെ തെളിഞ്ഞു. വെടിവെച്ചത് കഞ്ചാവ് കൃഷിക്കാരാണെന്ന് പോലീസ് തന്നെ രഹസ്യമായി സമ്മതിച്ചു.
ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ പോസ്റ്ററില്‍ കൂടി വിപ്ലവം വരുത്തുന്ന പരിപാടിയാണ് രൂപേഷും സംഘവും ആസൂത്രണം ചെയ്തത്. കാട്ടിലെ മരങ്ങളുമായി സംവദിക്കും നാട്ടിലിറങ്ങി പോസ്റ്ററൊട്ടിക്കും. മരങ്ങളോട് മാവോ സൂക്തങ്ങള്‍ വിളിച്ചുപറയും നാട്ടിലിറങ്ങി ഒരു ചുവരെഴുതും. വീണ്ടും കാട്ടില്‍ കയറും വിശക്കുമ്പോള്‍ ആദിവാസി കുടിലുകളില്‍ നിന്ന് തോക്കുകാട്ടി അരിയും മുളകും മോട്ടിക്കും... ഇതാണോ വിപ്ലവത്തിനായുള്ള പാകപ്പെടുത്തല്‍?
ലോകത്ത് എവിടെയും ജനങ്ങളുടെ ഇടയില്‍ നിന്ന് മാത്രമേ വിപ്ലവം ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളു. ഗബ്ബാര്സിംഗിന്റെ വേഷവും കെട്ടി, കൊടുംകാട്ടില്ക്കൂടി ആവാഹിച്ച് വരുത്തേണ്ട എന്തോ ഒന്നാണ് മാവോയിസം എന്ന് ധരിച്ചുപോയ രൂപേഷ് എന്ന പാവം ചെറുപ്പക്കാരനും അയാളുടെ കോമാളിത്തരങ്ങളോട് ആശയപരമായി സംവദിക്കാതെ മാവോയിസ്റ്റ് സ്കൂപ്പുകളുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകരും മാവോയിസ്റ്റുകളിലേക്ക് ശ്രദ്ധതിരിച്ചുവിട്ട് കുഭകോണങ്ങളും തമ്മിലടിയും അഴിമതിയും മറച്ചുപിടിക്കുന്ന വലതുപക്ഷ ഭരണകൂടവും കൂടി കേരളത്തിലെ പൊതുസമൂഹത്തെ പമ്പരവിഡ്ഡികളാക്കുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ (മാവോയിസ്റ്റ്) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ഗണപതി പോലും രൂപേഷിന്റെ 'വിപ്ലവങ്ങള്‍' കേട്ടാല്‍ ശിക്കാരിശംഭുവായിച്ച് ചിരിക്കുന്ന കുട്ടികളെ പോലെ കുലുങ്ങി ചിരിക്കുമെന്നതില്‍ കവിഞ്ഞ് വിശേഷിച്ച് വേറൊന്നും സംഭവിക്കില്ല. രൂപേഷിന്റെ വിപ്ലവ പ്രവര്‍ത്തനത്തില്‍ സ്വന്തം നോവല്‍ ഒഴികെ അടയാളപ്പെടുത്താന്‍ വേറൊന്നും ഉണ്ടായിട്ടുമില്ല. അതിനാല്‍ തന്നെ മാവോയിസ്റ്റ് എന്ന പേരില്‍ രൂപേഷിന്റെ മേല്‍ കേസെടുക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നത് അന്യായമാണ്. അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റ് കോമഡിസ്റ്റാറില്‍ മാവോയിസ്റ്റ് വേഷം കെട്ടി അഭിനയിച്ച കലാകാരന്മാരുടെ പേരിലും കേസെടുക്കേണ്ടി വരും. രൂപേഷും കലാകാരന്മാരും ചിരിപ്പിക്കുന്നതിനപ്പുറത്ത് ഒരു തെറ്റും ചെയ്തിട്ടില്ല. മാവോയിസ്റ്റെന്ന് പറഞ്ഞ് കലാകാരനും സര്‍വോപരി എഴുത്തുകാരനുമായ രൂപേഷിന്റെ ചിറകൊടിക്കരുത്. അദ്ദേഹത്തിന് ഇനിയും കിനാവുകാണാനുള്ളതാണ്.
10-May-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി