സന്തോഷ്‌ മാധവനും യു ഡി എഫും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെയും നേരിട്ടും എത്രയെത്ര പരാതികള്‍, നിവേദനങ്ങള്‍ ലഭിച്ചിരിക്കുന്നു. നികുതി ഇളവ് ചെയ്ത് കൊടുക്കാനുള്ള ദരിദ്രനാരായണന്‍മാരുടെ അപേക്ഷകള്‍ നൂറുകണക്കിനുണ്ട്. കടക്കുരുക്കില്‍ നിന്നും മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള അപേക്ഷകള്‍ ആയിരക്കണക്കിനുണ്ട്. ഒരു തുണ്ട് ഭൂമിക്കായുള്ള ആദിവാസികളടക്കമുള്ള പാവങ്ങളുടെ പതിനായിരക്കണക്കിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവയൊന്നും മന്ത്രിസഭാ യോഗത്തിലേക്കെത്തിയില്ല. അവിടെ എത്തിയതെല്ലാം വന്‍കിടക്കാരുടെയും കുത്തകകളുടെയുംസന്തോഷ്‌ മാധവനെ പോലുള്ള പിമ്പ് സ്വാമിമാരുടെയും അപേക്ഷകളാണ്. അവയിലാണ് തീരുമാനമെടുത്തിട്ടുള്ളത്. കോടികള്‍ കോഴ വാങ്ങിയുള്ള തീരുമാനങ്ങള്‍. ഈ തീരുമാനങ്ങളെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാല്‍ റദ്ദ് ചെയ്യുമെന്ന് സിപിഐ എം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് മുന്നിലുള്ള ഏക പ്രതീക്ഷ.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിനും അവരെ ഉപയോഗിച്ച് തന്റെ അരാജകബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തിയതിനുമായിരുന്നു അമൃത ചൈതന്യയെന്ന പേരില്‍ അറിയപ്പെട്ട സന്തോഷ് മാധവനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അന്ന് ഇടതുസര്‍ക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. ഭരണകൂടത്തെ സ്വാധീനിക്കാനുള്ള സന്തോഷ് മാധവന്റെയും കൂട്ടരുടെയും ശ്രമങ്ങളൊന്നും എല്‍ ഡി എഫ് സര്‍ക്കാരിന്റെ മുന്നില്‍ വിലപോയില്ല. പക്ഷെ, യു ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ സ്ഥിതി മാറി. അമൃതചൈതന്യയെന്ന സന്തോഷ് മാധവന്‍ വി ഡി സതീശനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം മുതലെടുത്ത് ജയിലഴികള്‍ക്കുള്ളില്‍ നിന്നും കളി തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭാ യോഗത്തില്‍ സന്തോഷ് മാധവന് വേണ്ടി ഉത്തരവിറക്കാന്‍ തയ്യാറായി. മാഫിയകളുടെയും ലൈംഗീക അരാജകത്വക്കാരുടെയും പിമ്പുകളുടെയും കള്ളന്‍മാരുടെയും സ്വന്തക്കാരാണ് ഈ സര്‍ക്കാരെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കയാണ്.

സന്തോഷ് മാധവന്റെ വളര്‍ച്ചയ്ക്ക് തുണയായിനിന്നത് യുഡിഎഫ് നേതാക്കളാണ്. അയാള്‍ അമൃത ചൈതന്യയായി ആത്മീയ-ലൈംഗീക ബിസിനസ് നടത്തുമ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് എം എല്‍ എമാരും അയാളുടെ നിത്യ സന്ദര്‍ശകരായിരുന്നു. ആശ്രമത്തില്‍ അനുഗ്രഹം വാങ്ങാനായി പോയവര്‍ കുടിച്ചുകൂത്താടി അമൃത ചൈതന്യയുടെ ബിസിനസില്‍ വരെ പങ്കാളികളായി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ബിനാമികളെ വെച്ച് കൂടെ നിന്നു. അക്കൂട്ടര്‍ തന്നെയാണ് ഇപ്പോള്‍ പരസ്പരം പഴിക്കുന്നത്. മുഖ്യമന്ത്രിയും യുഡിഎഫിലെ ചില നേതാക്കളും ഇപ്പോള്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ്. സന്തോഷ് മാധവന്റെ ആശ്രമത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളൊന്നും അത്ഭുതം പകരുന്നില്ല. യു ഡി എഫുകാരുമായി പിമ്പ് സ്വാമിക്കുള്ള ബന്ധം അവര്‍ക്കൊക്കെ നന്നായി അറിയാവുന്നതാണ്. ആ ബന്ധമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത 128 ഏക്കര്‍ തണ്ണീര്‍ത്തടം പതിച്ചുനല്‍കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. സന്തോഷ് മാധവന്റെ നിഴലായിനിന്ന പാലാക്കാരന്‍ തമ്പിച്ചനായിരുന്നു ആദ്യകാലത്ത് യുഡിഎഫുമായുള്ള പാലം പണിതിരുന്നത്. വൈകാതെ കെ എസ് യുവിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും നേതാവായിരുന്ന ഇയാള്‍ പിന്നീട് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതാവായിമാറി. തമ്പിച്ചനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ നല്ല ബന്ധമാണ്.

തമ്പിച്ചനെ ആശ്രയിക്കാതെ സന്തോഷ് മാധവന്‍ നേരിട്ട് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ ഏറെ താമസമുണ്ടായില്ല. വി ഡി സതീശന്‍ എം എല്‍ എയുടെ മണ്ഡലമായ വടക്കാന്‍ പറവൂരില്‍ ഭൂമി വാങ്ങുന്ന സമയത്ത് വി ഡി സതീശനെ സന്തോഷ് മാധവന്‍ നേരിട്ട് വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ആ സമയത്തുള്ള ഫോണ്‍കാള്‍ റിക്കാര്‍ഡ്‌സുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവുമെന്ന് പറവൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സന്തോഷ് മാധവനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പിമ്പ് സ്വാമിയുടെ ആശ്രമത്തില്‍ തിരുവഞ്ചൂര്‍ 'കരിക്ക് കുടിക്കാന്‍' വന്നിട്ടുണ്ട് എന്ന് ആശ്രമത്തിന്റെ പരിസരത്തുള്ളവര്‍ പറയുന്നു. തിരുവഞ്ചൂര്‍ ആശ്രമത്തില്‍ വരുന്ന സമയത്ത് സ്വാമിയുടെ ഭക്തരായ ചില സിനിമാ നടിമാരും ആശ്രമത്തില്‍ വന്നിരുന്നു. സ്വാമിയുടെ കൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും അദ്ദേഹത്തിന്റെ മകനുമെതിരെ വ്യാജ പരാതിയുമായി സന്തോഷ് മാധവന്‍ രംഗത്തുവന്നിരുന്നു. അന്ന് ആ വിഷയത്തില്‍ പ്രതികരിക്കാന്‍ വിഡി സതീശനൊക്കെ വാര്‍ത്താ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് വന്നു. വി എസിനെതിരെ ആരോപണം ഉന്നയിച്ചതിനുള്ള പ്രതിഫലമാണ് ഭൂമിദാനമെന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. ആ സമയത്ത് വി എസിനെതിരെ സംസാരിച്ച വി ഡി സതീശന്‍ ഇപ്പോള്‍ ഒന്നും അറിയില്ല എന്ന് പറഞ്ഞ്, വ്യവസായ വകുപ്പിനെ പഴിചാരി കുഞ്ഞാലിക്കുട്ടിയുടെ പഴയ ലൈംഗികവേട്ടയുമായി അമൃത ചൈതന്യയെ ബന്ധപ്പെടുത്തുകയാണ്. എന്നാല്‍, സന്തോഷ് മാധവനുമായി വ്യക്തിപരമായി പരിചയമില്ലാത്ത ടി എന്‍ പ്രതാപന്‍ എം എല്‍ എ, ഉദ്യോഗസ്ഥരെ മാത്രം പഴിചാരാതെ അതിനിടയാക്കിയ സാഹചര്യംകൂടി അന്വേഷിക്കണമെന്ന് പറയുന്നത് സന്തോഷ് മാധവനുമായി ബന്ധമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചു തന്നെയാണ്.

വഞ്ചനയ്ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ചന്ദനമുട്ടിയും കടുവത്തോലും അനധികൃതമായി കൈവശംവച്ചതിനും 2008 മെയ് 13ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സന്തോഷ് മാധവനെ അറസ്റ്റ്‌ചെയ്തത്. ഹോട്ടല്‍വ്യവസായം തുടങ്ങാമെന്നു പറഞ്ഞ് ദുബായിയിലുള്ള സെറാഫിന്‍ എഡ്വിനില്‍നിന്ന് 50 ലക്ഷത്തോളം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. മറ്റു കുറ്റങ്ങള്‍ അന്വേഷണത്തിലാണ് തെളിഞ്ഞത്. സമ്മര്‍ദങ്ങളുണ്ടായിട്ടും കേസില്‍ അണുവിട വെള്ളംചേര്‍ക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. കേസ് നടത്തി എട്ടുവര്‍ഷത്തെ കഠിനതടവും വാങ്ങിക്കൊടുത്തു. അഗതികളായ പെണ്‍കുട്ടികളെ പാര്‍പ്പിക്കാന്‍ ശരണാലയം തുടങ്ങി. അവിടെ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡിപ്പിക്കുക മാത്രമല്ല, അവ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയുംചെയ്തു. എട്ടു കുട്ടികളെ ഇങ്ങനെ പീഡിപ്പിച്ചതായാണ് അന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. നാലു പെണ്‍കുട്ടികള്‍ പരാതിനല്‍കി. കേസില്‍ കോടതി എട്ടുവര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയുംചെയ്ത കുറ്റവാളിയെയാണ് യുഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചത്.

അമൃത ചൈതന്യയെന്ന പേരിലായിരുന്നു ആത്മീയചൂഷണം. മരടിലെയും കടവന്ത്രയിലെയും ക്ഷേത്രങ്ങളിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തുന്ന ശാന്തിയായാണ് സന്തോഷിന്റെ തുടക്കം. ക്ഷേത്രത്തിലെ ഒരു ഭക്തയുടെ വീട്ടില്‍ സന്ദര്‍ശനം പതിവാക്കിയതോടെ മരടിലെ ക്ഷേത്രത്തില്‍നിന്ന് ഒഴിവാക്കി. പ്രമാണിമാരില്‍ പലരെയും പരിചയപ്പെട്ടു. സിനിമാക്കാരും കോണ്‍ഗ്രസുകാരും വ്യവസായികളുമൊക്കെയായിരുന്നു ഭാഗ്യാന്വേഷികളില്‍ അധികവും. ഡിവൈഎസ്പിയായിരുന്ന സാം ക്രിസ്റ്റി ഡാനിയേല്‍, പാലാക്കാരന്‍ തമ്പിച്ചന്‍, സംസ്ഥാനത്തെ മുഴുവന്‍ ക്വട്ടേഷന്‍സംഘങ്ങളെയും നിയന്ത്രിക്കുന്ന മട്ടാഞ്ചേരിക്കാരന്‍, ചില പ്രമുഖ യുഡിഎഫ് നേതാക്കള്‍ എന്നിവരും സന്തോഷ് മാധവന്റെ വളര്‍ച്ചയ്ക്ക് സഹായമേകി. നീലച്ചിത്രനിര്‍മാണവും മറ്റ് ആഭിചാരങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഭൂമിയിടപാടു തന്നെയായിരുന്നു സ്വാമിയുടെയും സംഘത്തിന്റെയും പ്രധാന പണി. മോഹവിലയ്ക്ക് ഭൂമി കരാറെഴുതി നിശ്ചിതസമയത്തിനുള്ളില്‍ മൂന്നാമതൊരാള്‍ക്ക് മറിച്ചുവില്‍ക്കലായിരുന്നു പരിപാടി. അതില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ ബിനാമികളും ഇടപെട്ടു. കോടികളുടെ ലാഭമുണ്ടാക്കി. വടക്കാന്‍പറവൂരിലെ ഭൂമിയിലേക്ക് സന്തോഷ് മാധവന്റെ ടീം എത്തുന്നതും ഈ യു ഡി എഫ് ബന്ധത്തിലാണ്.

സന്തോഷ് മാധവന്റെ നിര്‍ദേശാനുസരണം ആര്‍എംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനി പുത്തന്‍വേലിക്കര, മഠത്തുംപടി വില്ലേജുകളിലെ ഭൂമി കൈക്കലാക്കുന്നതിന് പലതരത്തിലുള്ള തന്ത്രങ്ങള്‍ പയറ്റി. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം വീണ്ടും കൈക്കലാക്കുന്നതിന് പല രൂപത്തിലും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ആദ്യഘട്ടത്തില്‍ അവര്‍ ആദര്‍ശ് െ്രെപം പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ ഹൈബ്രീഡ് വിത്തുല്‍പ്പാദനത്തിനും ഗവേഷണത്തിനുമുള്ള സ്ഥാപനം ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് സമര്‍പ്പിച്ചത്. സാമൂഹ്യപ്രസക്തിയുള്ള പദ്ധതിയല്ലെന്നുകണ്ട് 2008ല്‍ അപേക്ഷ തള്ളി. പിന്നീട് 2013ല്‍ വീണ്ടും അഗ്രോ പാര്‍ക്കിനുള്ള അപേക്ഷയുമായി ആര്‍എംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പേരില്‍ സര്‍ക്കാരിനെ സമീപിച്ചു. ഈ പദ്ധതിയും സാമൂഹ്യപ്രസക്തിയുള്ളതല്ലെന്നും അതിനാല്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഐടി പദ്ധതിയുമായി രംഗത്തെത്തുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളാണ് ആദര്‍ശ് പ്രൈം പ്രോജക്ട് ലിമിറ്റഡും ആര്‍എംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും. ഇവര്‍ക്ക് ഐടി പദ്ധതി നടപ്പിലാക്കിയുള്ള ഒരു മുന്‍പരിചയമില്ല. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നതിനുള്ള നീക്കം മാത്രമായിരുന്നു ഇത്. ഈ നീക്കത്തിന് പിന്നില്‍ യു ഡി എഫ് നേതാക്കള്‍ തന്നെയാണ് ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെയും നേരിട്ടും എത്രയെത്ര പരാതികള്‍, നിവേദനങ്ങള്‍ ലഭിച്ചിരിക്കുന്നു. നികുതി ഇളവ് ചെയ്ത് കൊടുക്കാനുള്ള ദരിദ്രനാരായണന്‍മാരുടെ അപേക്ഷകള്‍ നൂറുകണക്കിനുണ്ട്. കടക്കുരുക്കില്‍ നിന്നും മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള അപേക്ഷകള്‍ ആയിരക്കണക്കിനുണ്ട്. ഒരു തുണ്ട് ഭൂമിക്കായുള്ള ആദിവാസികളടക്കമുള്ള പാവങ്ങളുടെ പതിനായിരക്കണക്കിന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവയൊന്നും മന്ത്രിസഭാ യോഗത്തിലേക്കെത്തിയില്ല. അവിടെ എത്തിയതെല്ലാം വന്‍കിടക്കാരുടെയും കുത്തകകളുടെയുംസന്തോഷ്‌ മാധവനെ പോലുള്ള പിമ്പ് സ്വാമിമാരുടെയും അപേക്ഷകളാണ്. അവയിലാണ് തീരുമാനമെടുത്തിട്ടുള്ളത്. കോടികള്‍ കോഴ വാങ്ങിയുള്ള തീരുമാനങ്ങള്‍. ഈ തീരുമാനങ്ങളെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാല്‍ റദ്ദ് ചെയ്യുമെന്ന് സിപിഐ എം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് മുന്നിലുള്ള ഏക പ്രതീക്ഷ.

24-Mar-2016