സഹകരണ ലായങ്ങള്‍!

കോണ്‍ഗ്രസിന്റെ സകല മൂല്യങ്ങളും ഇല്ലാതായിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അരാജകത്വത്തില്‍ മുങ്ങിപ്പോവുന്നതിന് കേരളം സാക്ഷിയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് റൂമില്‍ വെച്ച് സോളാര്‍തട്ടിപ്പുകാരി സരിത എസ് നായര്‍, മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായിരുന്ന പി എ, ജോന് ഗാഢചുംബനം നടത്തിയെന്ന് തുറന്ന് പറഞ്ഞതാണ്. തന്റെ സിംഹാസനത്തിന് ജോപ്പന്‍ പാരയായി മാറുമെന്ന് കണ്ടപ്പോള്‍ അവസാന നിമിഷമാണ് ജോപ്പനെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. പക്ഷെ, ജോപ്പനെ കടത്തിവെട്ടുന്ന പയറ്റുകളാണ് സര്‍ക്കാരിന്റെ പല സംവിധാനങ്ങളുമുപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവ് ഇ കെ ദിവാകരന്‍ വൈസ് ചെയര്‍മാനുമായുള്ള കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നടക്കുന്നത് അഴിമതിക്കും അപ്പുറത്തുള്ള കാര്യങ്ങളാണ്. ഒരു സര്‍ക്കാര്‍ ഓഫീസ് വ്യഭിചാരശാല ആവുന്ന അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 

തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍കോവില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡ് ഓഫീസിന്റെ രണ്ടാംനില വൈസ് ചെയര്‍മാന്‍ കൈയടക്കിയിരിക്കുന്നു. ഓഫീസ് സൗകര്യത്തോടൊപ്പം എയര്‍കണ്ടീഷണറും കിടക്കയും മറ്റ് ആഡംബരസൗകര്യങ്ങളുമുള്ള ഒരു ശയനമുറി അവിടെ ഒരുക്കിയിട്ടുണ്ട്. ക്ഷേമനിധിബോര്‍ഡിന്റെ വൈസ് ചെയര്‍മാന്റെ ക്രീഡാമുറിയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഉദ്യോഗസ്ഥരോ, അനുദ്യോഗസ്ഥരോ ഓഫീസില്‍ താമസിക്കരുത് എന്ന സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നുകൊണ്ട് ഈ ക്ഷേമനിധി ഓഫീസില്‍ ആരുടെ ക്ഷേമമാണ് പരിരക്ഷിക്കപ്പെടുന്നത്? കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.

കേരള സഹകരണ വികസന ക്ഷേമനിധിബോര്‍ഡ് ബോര്‍ഡ് നിലവില്‍ വന്നത് നഷ്ടത്തിലായ സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനും, സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത്, മരണപ്പെട്ടവരുടെ വായ്പ തിരികെയടച്ച് സഹായിക്കുന്നതിനുമായാണ്. വായ്പയെടുക്കുന്നവര്‍ കുറഞ്ഞത് 50 രൂപയും പരമാവധി 375 രൂപയും അതായത് 25 ശതമാനം വിഹിതമായി ബോര്‍ഡിലേക്ക് അടക്കും സര്‍ക്കാരില്‍ നിന്ന് രണ്ട് കോടി രൂപ ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനായി നീക്കിവെക്കുന്നുണ്ട്. കൂടെതെ സഹകാരികളുടെ കൈയ്യില്‍ നിന്ന് റിസ്‌ക്ഫണ്ട് ഇനത്തില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനവും ക്ഷേമനിധി ബോര്‍ഡിനുണ്ട്. തട്ടുംമുട്ടുമില്ലാതെ നല്ല നിലയില്‍ മുന്നോട്ടുപോയിരുന്ന ഈ സ്ഥാപനത്തെ തകര്‍ക്കുകയാണ് കോണ്‍ഗ3സ് നേതാവ് ഇ കെ ദിവാകരന്‍. അഴിമതിയും കെടുകാര്യസ്ഥതയും അരാജകത്വവും നിമിത്തം ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാവുകയാണ്. അവിടെ സുഗമമായി നടക്കുന്നത് ലൈംഗീക അരാജകത്വം മാത്രമാണ്.

വഴിവിട്ട നിയമനവും സംരക്ഷണവും

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സി എം പി നേതാവ് എം വി രാഘവന്‍ സഹകരണ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍, വകുപ്പില്‍ നിരവധി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി. സഹകരണ ക്ഷേമനിധി ബോര്‍ഡിലും അത്തരം നിയമനങ്ങള്‍ നടന്നു. ആ കാലത്ത് പണംവാങ്ങി ജോലി നല്‍കിയ പലരും വ്യാജസര്‍ട്ടിഫിക്കററുകളാണ് ഹാജരാക്കിയത്. ക്ഷേമനിധി ബോര്‍ഡില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ച രശ്മിയും വ്യാജസര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സര്‍ക്കാര്‍ ശമ്പളത്തിന് അര്‍ഹയായത്. സ്വാഭാവികമായും രശ്മിക്കെതിരെ പരാതികള്‍ ഉയര്‍ന്നു. അവരുടെ നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്തി. സഹകരണ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡി ലാല്‍, ഈ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2013 മാര്‍ച്ച് മാസം 08-ാം തിയ്യതി ഉത്തരവിറക്കി. നടപടി സ്വീകരിച്ച ശേഷം നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ടാക്കി സമര്‍പ്പിക്കണമെന്നും അണ്ടര്‍സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷെ, രശ്മി പ്രമോഷന്‍ നേടുകയാണ് ഉണ്ടായത്. വ്യാജസര്‍ട്ടിഫിക്കറ്റിനെതിരെ ഹൈക്കോടതിയിലും ലോകായുക്തയിലും കേസ് നിലനില്‍ക്കുമ്പോള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അസിസ്റ്റന്റ് മാനേജരായി. സരിതമാര്‍ വാഴുന്ന കാലത്ത് സര്‍ക്കാര്‍ സംവിധാനത്തില്‍ എന്തും നടക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ സ്ഥാനക്കയറ്റം.

അഴിമതി പൊടിപൊടിക്കുന്നു

ബോര്‍ഡിന്റെ ഹെഡ് ഓഫീസ് പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചതാണ്. 20-10-2010ലെ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സില്‍ ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഴിമതി നടത്തുന്നതിന് വേണ്ടി വീണ്ടും കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കുകയാണ്. കോട്ടയത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തെയാണ് ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രമുഖനായ ഒരു സി എം പി നേതാവാണ് ഈ കമ്പനിക്ക് പിറകിലുള്ള വമ്പന്‍ സ്രാവ്.

പിന്‍വാതില്‍ നിയമനം

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം താത്ക്കാലിക ജീവനക്കാരായി പത്തുപേരെ പുതുതായി നിയമിച്ചു. ഇതില്‍ രണ്ടുപേര്‍ സഹകരണ വകുപ്പ് മന്ത്രിയുടെ ബന്ധുക്കളാണ്. ബാക്കിയുള്ളവര്‍ വൈസ് ചെയര്‍മാന്‍ ഇ കെ ദിവാകരനുമായി അടുപ്പമുള്ളവരാണ്. അദ്ദേഹത്തിന്റെ വീടിനടുത്തുള്ളവരാണ്.

ബോര്‍ഡില്‍ സ്ഥിരനിയമനം നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും നേരത്തെ അനുമതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 19-07-2013ലെ വീക്ഷണം, കേരളകൗമുദി പത്രങ്ങളില്‍ ഒഴിവുകളിലേക്ക് നിയമനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കുകയുണ്ടായി. ഏതാണ്ട് തൊള്ളായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ 200 രൂപ ഡിഡിയോടൊപ്പം നിയമനത്തിനുവേണ്ടി അപേക്ഷ നല്‍കി. ഈ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ചോദ്യപേപ്പര്‍ തയ്യാറാക്കിയതും പരീക്ഷ നടത്തിയതുമൊക്കെ ലോകത്തെവിടെയും ഇല്ലാത്ത രീതിയിലാണ്. സര്‍ക്കാര്‍ ഏജന്‍സിയോ, അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സിയോ അല്ല എഴുത്തുപരീക്ഷ നടത്തിയത്. വൈസ് ചെയര്‍മാന്റെ വീടിന്റെ അയല്‍പ്പക്കത്ത് താമസിക്കുന്ന റിട്ടയേഡ് അസിസ്റ്റന്റ് രജിസ്റ്റാര്‍, സി ഡി ചന്ദ്രികയും വൈസ് ചെയര്‍മാനും കൂടിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. പരീക്ഷ നടത്തിയതാവട്ടെ കുടുംബശ്രീ ആണ്. പരീക്ഷയില്‍ ജയിച്ച് നിയമന യോഗ്യത നേടിയത് നേരത്തെ താല്‍ക്കാലികക്കാരായി പിന്‍വാതില്‍ നിയമനം നല്‍കിയ പത്തുപേര്‍ തന്നെയായിരുന്നു. അവര്‍ക്ക് ചോദ്യപേപ്പര്‍ നേരത്തെ നല്‍കിയിരുന്നു, അവരില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയിരുന്നു എന്നീ ആരോപണങ്ങള്‍ നിഷേധിക്കപ്പെടാതെ ഇപ്പോഴും നിലനില്‍ക്കുന്നു. ബോര്‍ഡിലേക്ക് വീണ്ടും നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ വീണ്ടും അനുവാദം നല്‍കിയിട്ടുണ്ട്. നേരത്തെയുള്ള നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. പുതിയ ആളുകളെ നിയമിക്കുന്നതിന് പഴയ റാങ്ക്‌ലിസ്റ്റ് ഉപയോഗിക്കരുത് എന്ന് കോടതി നിര്‍ദേശിക്കുകയും ആ റാങ്ക് ലിസ്റ്റ് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷെ, നിയമനം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും ലക്ഷങ്ങള്‍ കോഴവാങ്ങിയതായി ഇപ്പോഴും ആരോപണം ഉയരുന്നു.

അഴിമതിക്ക് കൂട്ടുനിന്നില്ലെങ്കില്‍ തഥൈവ!

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ ഇതുവരെയായി ഓഡിറ്റ് നടന്നിട്ടില്ല. ഡപ്യൂട്ടേഷനില്‍ ഓഡിറ്റ് നടത്താനായി വരുന്ന ഉദ്യോഗസ്ഥരെ വൈസ് ചെയര്‍മാന്‍ സ്ഥലം മാറ്റും. ബോര്‍ഡിന്റെ പല സെക്രട്ടറിമാരും വൈസ് ചെയര്‍മാന്റെ നടപടികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ലതാബാബു എന്ന സെക്രട്ടറിയെ കൊണ്ട് പല ഫയലുകളിലും ഒപ്പീടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ സാധിക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് വൈസ് ചെയര്‍മാന്റെ നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ, ഇ കെ ദിവാകരനെന്ന കോണ്‍ഗ്രസ് നേതാവ് യു ഡി എഫ് ഭരണത്തില്‍ സുരക്ഷിതനായി തന്നെ ഇരിക്കുന്നു.

നിരവധി കര്‍ഷകര്‍ വായ്പ തിരിച്ചടിക്കാന്‍ സാധിക്കാതെ പെടാപ്പാട് പെടുമ്പോള്‍, പലരും ആത്മഹത്യയിലേക്ക് നടക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ അവര്‍ക്ക് സഹായകമാവുന്ന നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാമെങ്കിലും ചെയര്‍മാനും, വൈസ് ചെയര്‍മാനും ചിന്തിക്കുന്നത് അഴിമതിയെ കുറിച്ചും അരാജകത്വത്തെ കുറിച്ചുമാണ്. കേരള സമൂഹം ഇതൊക്കെ കാണുന്നുണ്ട്. സി എന്‍ ബാലകൃഷ്ണനെ പോലുള്ള മന്ത്രിമാരും ഇ കെ ദിവാകരനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും ചെയര്‍മാനും വൈസ്‌ചെയര്‍മാനുമാവുമ്പോള്‍, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ അമര്‍ന്നിരിക്കുകയാണ്. നിലനില്‍പ്പിന് വേണ്ടി എന്ത് അരാജകത്വവും സമ്മതിച്ചുകൊടുക്കുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ ഒരു സര്‍ക്കാര്‍ സംവിധാനം വ്യഭിചാര ശാലയാവുന്നതില്‍ അത്ഭുതം കൂറാനാവില്ല.

 

22-Oct-2014