മതവും ജാതിയുമല്ല, ജീവിതമാണ് പ്രധാനം

അസഹിഷ്ണുതയാണ് ഇന്ത്യന്‍ നേരിടുന്ന ഏറ്റവും വലിയ അപകടം. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ ഫാസിസത്തിന്റെ വക്താക്കളാവുന്നു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ്പന്‍സാരെ, കല്‍ബുര്‍ഗി, മുഹമ്മദ് അഖ്‌ലക്, രോഹിത് വേമുല തുടങ്ങിയവരെല്ലാം സവര്‍ണ ഹിന്ദുത്വം നടപ്പാക്കുന്ന ഫാസിസത്തിന്റെ ഇരകളാണ്. ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി - ജെഎന്‍യു പ്രശ്‌നവും കനയ്യകുമാറും ജാഥയിലുടനീളം ചര്‍ച്ചയാവുന്നുണ്ട്. 'എന്റെ ജന്മം തന്നെ അത്യാഹിതമായിരുന്നു' എന്ന് പറയേണ്ടി വരുന്ന അവസ്ഥ ഓരോ ദളിതരും അനുഭവിക്കുന്നതാണ്.
''മനുഷ്യരാണ് നമ്മളേവരും മനുഷ്യരക്തമാണ്
സിരകളില്‍... മതവിമുക്ത രമ്യ കേരളം'' എന്നു പാടിയാണ് ഞങ്ങള്‍ പോകുന്നത്.

സാംസ്‌കാരിക കേരളത്തിന്റെ സ്‌നേഹം പങ്കുവെച്ചാണ് കുരീപ്പുഴ ശ്രീകുമാര്‍ മതാതീത സാംസ്‌കാരിക യാത്ര പൂര്‍ത്തിയാക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹ്യ മണ്ഡലങ്ങളില്‍ പുത്തനുണര്‍വ് തീര്‍ത്ത് നവോത്ഥാനത്തിന്റെ പതാക വാഹകാരയി പത്ത് പേരാണ് യാത്രയിലുള്ളത്. അന്ധവിശ്വാസവും അനാചാരവും കൊടികുത്തിവാണ കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റുന്നതിന് ചരിത്രസക്ഷ്യമായ ഓരോ ഭൂമികയും തൊട്ടും തലോടിയുമാണ് യാത്ര ഇന്ന് (മാര്‍ച്ച് നാലിന്) അരുവിപ്പുറത്ത് (നെയ്യാറ്റിന്‍കര)യില്‍ സമാപിക്കുക. ജാഥയൊടൊപ്പം സഞ്ചരിക്കുന്ന മലയാളത്തിന്റെ ചാര്‍വാകന്‍ കുരീപ്പുഴ ശ്രീകുമാര്‍ സജു കോച്ചേരിയോട് സംസാരിക്കുന്നു.

സജു കോച്ചേരി : ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ കാസര്‍കോട് നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ഇത്തരത്തിലൊരു ജാഥയുടെ പ്രസക്തിയെന്താണ്?

കുരീപ്പുഴ ശ്രീകുമാര്‍ : രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകളുമായി ഈ ജാഥയ്ക്ക് ബന്ധമൊന്നുമില്ല. എന്നാല്‍ വര്‍ഗീയതയ്ക്ക് നേതൃത്വം കൊടുക്കുന്ന ചില സംഘടനകള്‍ ജാഥ നടത്തുന്നുണ്ട്. അവര്‍ പറയാതെ പറയുന്ന വര്‍ഗീയതയെ കാണാതിരുന്നു കൂടാ. മതസംഘടനകളുടെ ഒത്താശയോടെ ജാഥ നടത്തുന്നു. ജാതി സംഘടനകള്‍ ജാഥ സംഘടിപ്പിക്കുന്നു. കേരളത്തിലും വര്‍ഗീയത ശക്തി പ്രാപിച്ചുവരികയാണ്. സംഘപരിവാര്‍ കേരളത്തില്‍ പണ്ടില്ലാത്ത വിധം ശക്തിപ്രപിക്കുകയാണ്. കേരളത്തിന്റെ പൊതുഇടങ്ങള്‍ മുഴുവന്‍ മതവും ജാതിയും കയ്യേറുകയാണ്. സാംസ്‌കാരിക - സാഹിത്യ - കല മേഖലകളും അവര്‍ കയ്യടക്കുന്നു. വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ മതത്തിന്റെയോ ജാതിയുടെയോ മേല്‍നോട്ടത്തിലായി മാറുകയാണ്. ഇത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാനാവില്ല.

കാസര്‍കോട് ജില്ലയില്‍ എട്ട് വയസുള്ള മുഹമ്മദ് ഫഹദ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പോലീസ് അന്വേഷിച്ച് പിടി കൂടിയ കൊലപാതകിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന സിഡികളുമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്റെ കൈവെട്ടിയത് കേരളത്തിലാണ്. മതപരിവര്‍ത്തനം വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്നവിധത്തില്‍ ശക്തി പ്രാപിക്കുന്നു. ദൈവശുശ്രൂഷയുമായി വിശ്വാസികളെ വഞ്ചിക്കുന്നവര്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് പണം തട്ടുന്നു. എന്നാല്‍, യഥാര്‍ത്ഥ പരിഹാരം ഉണ്ടാവുന്നുമില്ല. ജാതീയത വിവാഹപരസ്യങ്ങളില്‍ മാത്രമല്ല, പൊതുഇടങ്ങളിലെല്ലാം നിറഞ്ഞു. അന്ധവിശ്വാസം മുമ്പുള്ളതിനെക്കാള്‍ പ്രചരിക്കുകയാണ്. ജ്യോതിഷം, വാസ്തുവിദ്യ, ആള്‍ദൈവം തുടങ്ങിയവയെല്ലാം നിയന്ത്രണമില്ലാതെ പ്രചരിക്കുകയാണ്. ഒരാള്‍ക്ക് രോഗം വന്നാല്‍ ജ്യോത്സ്യനെ കാണുന്നവര്‍ ഇന്നും ഉണ്ട്. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഉടനെ വാസ്തുവിദ്യ നോക്കി വീട് സ്ഥാനം മാറ്റി കടക്കാരാവുന്നവര്‍ ഒടുക്കം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഇതെല്ലാം നമ്മുടെ നവോത്ഥാന സംസ്‌കാരത്തെ പുറകോട്ടടിപ്പിക്കുന്നു. രോഗാതുരമാക്കുന്നു. പുതിയ തലമുറയിലെ കൊച്ചുകുട്ടികളുടെ പേരിനൊടൊപ്പം ജാതി വാല് മുളപ്പിക്കുന്നത് മുതിര്‍ന്നവരാണ്. എത്ര പ്രാകൃതമാണ് ഈ ജാതിബോധം. നാം പുറകോട്ടല്ലെ നടക്കുന്നത്?

'മതവും ജാതിയുമല്ല, ജീവിതമാണ് പ്രധാനം' എന്നതാണ് ജാഥ മുന്നോട്ട് വെയ്ക്കുന്ന ആശയം. ഇത് ജനങ്ങളിലെത്തിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, വി ടി ഭട്ടതിരിപ്പാട്, പൊയ്കയില്‍ അപ്പച്ചന്‍, അയ്യങ്കാളി, ബ്രഹ്മാനന്ദ ശിവയോഗി, അയ്യാവൈകുണ്ഠസ്വാമികള്‍, കുമാരനാശാന്‍, ചട്ടമ്പിസ്വാമി, എം സി ജോസഫ്, പൊന്‍കുന്നം വര്‍ക്കി, അബു എബ്രഹാം, കല്ലന്‍ പൊക്കൂടന്‍, അയമുട്ടി, കെ ടി മുഹമ്മദ്, തോപ്പില്‍ ഭാസി, അയ്യനേത്ത്, കുറ്റിപ്പുഴ കൃഷ്ണപിള്ള, അലോഷ്യസ് ഫര്‍ണാണ്ടസ് തുടങ്ങി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ പ്രശസ്തരുടെ ദര്‍ശനമാണ് ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഞങ്ങള്‍ പുതുതായി ഒന്നും പറയുന്നില്ല ഇവരെല്ലാം പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു എന്ന് മാത്രം. കല്ലന്‍ പൊക്കുടനെ പ്രത്യേകം എടുത്ത് പറയണം. 'ഒരു നുകം മാറ്റി മറ്റൊരു നുകം വെയ്ക്കുന്നത് പോലെയാണ് മതപരിവര്‍ത്തനം' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അയമൂട്ടിയാണ് 'ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്' എന്ന നാടകം എഴുതിയത്. അതുപോലെ പൊന്‍കുന്നം വര്‍ക്കി മതപൗരോഹിത്യത്തെ നിര്‍ഭയം വെല്ലുവിളിക്കാന്‍ തയ്യാറായ വ്യക്തിയാണ്.

ശ്രീനാരായണഗുരു ബഹുഭാഷ പണ്ഡിതനാണ്. തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിലെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. 'ഒര് ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് പ്രചരിപ്പിച്ചത് ഗുരുവാണ് അതേ ഗുരു പക്വമായ കാലത്ത് ക്ഷേത്രം സ്ഥാപിച്ചത് തെറ്റായി പോയി എന്നും പറയുന്നുണ്ട്.

ചോദ്യം : ജാഥയോടുള്ള ജനങ്ങളുടെ സമീപനം എങ്ങനെയായിരുന്നു?

ഉത്തരം : പ്രത്യേകിച്ച് ഏതെങ്കിലും ഒരു സംഘടനയല്ല ജാഥ നടത്തുന്നത്. എന്നിട്ടും ജാഥയ്ക്ക് ജനങ്ങളുടെ നല്ല സഹകരണമുണ്ട്. അതത് പ്രദേശത്തെ പുരോഗമന ആശയക്കാരാണ് സ്വീകരണം ഏര്‍പ്പാട് ചെയ്യുന്നത്. നവമാധ്യമം വഴി സൗഹൃദം പങ്കുവെയ്ക്കുന്നവരാണ് ഈ ഒരാശയം മുന്നോട്ട് വെയ്ക്കുന്നത്. സാംസ്‌കാരിക പ്രവര്‍ത്തരും കവികളും യുക്തിവാദികളുമാണ് പലഭാഗത്തും ഇതിന്റെ പ്രചരണം ഏറ്റെടുത്തത്. കൂടാതെ സിപിഐ എം, സിപിഐ, സിപിഐ എംഎല്ലിന്റെ വിവിധ ഗ്രൂപ്പുകള്‍, എസ്‌യുസിഐ എന്നീ രാഷ്ട്രീയ സംഘടകളുടെയും യുക്തിവാദി സംഘങ്ങള്‍, ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമനകലാസാഹിത്യസംഘം, യുവകലാസാഹിതി തുടങ്ങിയ സംഘടനകളുടെയും സഫ്ദര്‍ ഹഷ്മി നാട്യസംഘം പോലുള്ള കൂട്ടായ്മകളുടെയും പ്രാദേശിക ഘടകങ്ങളാണ് ഓരോ ഇടത്തും സ്വീകരണം സംഘടിപ്പിക്കുന്നത്. ഇവയെല്ലാം പ്രാദേശികമായി മാത്രം സംഘടിപ്പിച്ചതാണ്.

ചോദ്യം : ഇടത് പൊതുമണ്ഡലം ശക്തിപ്പെടുത്താനും ഒരുമിപ്പിക്കാനും ഈ ജാഥയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാമോ?

ഉത്തരം : ഇടതുപക്ഷത്തിന്റെ വിശാലമായ ഒരിടത്തെ പ്രതീക്ഷിക്കുന്ന ഹൃദയപക്ഷം. ആ ഹൃദയപക്ഷത്തിന്റെ ഒത്തുചേരലാണ്, കൂട്ടായ്മയാണ് ഇതുവഴി സാധ്യമാവുക. ഹൃദയപക്ഷമാവുമ്പോള്‍ സാഹിത്യഭംഗി മാത്രമല്ല, കുറേക്കൂടി വിശാലമായ ഒരിടം അത് തുറന്നുതരുന്നു എന്നു തോന്നുന്നു.

ചോദ്യം : ഏതെല്ലാം വിഷയമാണ് ജനങ്ങളോട് പങ്ക് വെയ്ക്കുന്നത്?

ഉത്തരം : നവേത്ഥാന കേരളത്തിന്റെ മാറിയ മുഖച്ഛായ ജനങ്ങളോട് പങ്കുവെയ്ക്കുന്നു എന്ന് മാത്രം. പുതുതായി ഒന്നും പറയുന്നില്ല. വിദ്യാര്‍ത്ഥികളെ മതരഹതരായി സ്‌കൂളില്‍ ചേരാനാവശ്യമായ ഫോറവും, മരണാനന്തര ശരീരദാന സമ്മതപത്രവും ജാഥയില്‍ പ്രചരിപ്പിച്ചു. മതരഹിതമായ ജീവിതം സാധ്യമാണ് എന്ന് കാണിച്ചുകൊടുക്കുന്നു.

അസഹിഷ്ണുതയാണ് ഇന്ത്യന്‍ നേരിടുന്ന ഏറ്റവും വലിയ അപകടം. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ ഫാസിസത്തിന്റെ വക്താക്കളാവുന്നു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ്പന്‍സാരെ, കല്‍ബുര്‍ഗി, മുഹമ്മദ് അഖ്‌ലക്, രോഹിത് വേമുല തുടങ്ങിയവരെല്ലാം സവര്‍ണ ഹിന്ദുത്വം നടപ്പാക്കുന്ന ഫാസിസത്തിന്റെ ഇരകളാണ്. ഹൈദ്രബാദ് യൂണിവേഴ്‌സിറ്റി - ജെഎന്‍യു പ്രശ്‌നവും കനയ്യകുമാറും ജാഥയിലുടനീളം ചര്‍ച്ചയാവുന്നുണ്ട്. 'എന്റെ ജന്മം തന്നെ അത്യാഹിതമായിരുന്നു' എന്ന് പറയേണ്ടി വരുന്ന അവസ്ഥ ഓരോ ദളിതരും അനുഭവിക്കുന്നതാണ്.
''മനുഷ്യരാണ് നമ്മളേവരും മനുഷ്യരക്തമാണ്
സിരകളില്‍... മതവിമുക്ത രമ്യ കേരളം'' എന്നു പാടിയാണ് ഞങ്ങള്‍ പോകുന്നത്.
ചാര്‍വാകന്‍, കീഴാളന്‍, ഉപ്പ, പുയ്യാപ്ല, നഗ്നകവിതകളും ജാഥയിലുടനീളം ചൊല്ലുന്നു.

ചോദ്യം : എതെങ്കിലും ജനപ്രതിനിധികളുടെ സാന്നിദ്ധ്യം ലഭിച്ചോ?

ഉത്തരം : തീര്‍ച്ചയായും. എംഎല്‍എമാരായ ടി വി രാജേഷ്, സി കൃഷ്ണന്‍, ജോസ് തെറ്റയില്‍, ഗീതാ ഗോപി, ചിറ്റയം ഗോപകുമാര്‍ എന്നിവരും മുന്‍ എംഎല്‍എമാരായ നാരായണന്‍, മീനാക്ഷി തമ്പാന്‍ തുടങ്ങിയവരും പലയിടത്തായി സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

ചോദ്യം : മറ്റുള്ള ജാഥകളില്‍ നിന്ന് ഇതെങ്ങനെ വ്യത്യസ്ഥമാവുന്നു?

ഉത്തരം : ഞങ്ങളുടെ ജാഥയ്ക്ക് ക്യാപ്റ്റനില്ല. ജാഥയൊടൊപ്പം എല്ലാവരും സഞ്ചരിക്കുന്നു. അങ്ങനെ അതൊരു ജാഥയാവുന്നു. ഞങ്ങള്‍ ആരെയും നയിക്കുന്നില്ല. എല്ലാവരും സഹയാത്രികര്‍. വോട്ട് ബാങ്കില്ല. നോട്ട് മാലയില്ല. പത്ത് പേര്‍ ഞങ്ങളുടെ യാത്രയില്‍ സ്ഥിരം അംഗങ്ങള്‍ ഉണ്ട്.

ഉദ്ഘാടനം ബഹുഭാഷ കവിയായ ഗോവിന്ദപൈയുടെ വീട്ട് മുറ്റത്തായിരുന്നു. എഴുത്തുകാരനായ നാരായണന്‍ പേരിയയും കൊച്ചുകവയിത്രി ഫാസില സലീമും ചേര്‍ന്ന് പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. അരുവിപ്പുറം ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠമാത്രമല്ല, ''ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'' എന്ന പ്രശസ്തമായ ഗീതം കൊത്തിവെച്ചതും ഇവിടെയാണ്. അരുവിപ്പുറത്ത് ചെന്ന ശേഷം നെയ്യാറ്റിന്‍കരയില്‍ സമാപിക്കും.

ചോദ്യം : ജാഥയിലെ മറക്കാനാവാത്ത എന്തെങ്കിലും ഓര്‍മ്മ?

ഉത്തരം : ജാഥ വയനാട് കല്‍പ്പറ്റ മുണ്ടിയേരിയില്‍ എത്തിയപ്പോള്‍ മതാതീതരായി വിവാഹിതരായ ദമ്പതിമാര്‍ ദിനേശനും റജീനയും ടൗവ്വലില്‍ പൊതിഞ്ഞ കൈക്കുഞ്ഞുമായി വന്ന് കുഞ്ഞിന് പേരിടാന്‍ പറഞ്ഞു. 'ദൃശ്യ' എന്ന പേരിട്ടു. അത് വലിയ സന്തോഷത്തോടെ മനസില്‍ നില്‍ക്കുന്നു.

കൊയിലാണ്ടിയില്‍ വലിയ ജനസഞ്ചയമാണ് ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നത്. പയ്യോളി മുതല്‍ നാട്ടുകാര്‍ നാടകം കളിച്ചും നാടന്‍ പാട്ടുകള്‍ പാടിയും ഞങ്ങളോടൊപ്പം സഞ്ചരിച്ചു. കാലടി സര്‍വ്വകലാശാല ജെഎന്‍യു വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചു. കുട്ടികള്‍ ഞങ്ങളെ വിളിച്ച് വരാന്‍ പറ്റുമോ എന്ന് തിരക്കി. ഞങ്ങള്‍ ചെന്നു. അവര്‍ക്ക് വലിയ ആവേശമായി. ഞങ്ങള്‍ക്കും.
കാഞ്ചനമാല, രാവുണ്ണി, അശോകന്‍ ചരുവില്‍ എന്നിവരെ പോലുള്ളവരുടെ സാന്നിദ്ധ്യവും ആവേശം ഉണ്ടാക്കി. കട്ടപ്പനയില്‍ ചിത്രകാരന്മാര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. ചിലയിടത്ത് ബീവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരോടും ഞങ്ങള്‍ സംവദിച്ചു.

04-Mar-2016