സ്ത്രീ സ്വത്വത്തെ ദളിത് മതില് കെട്ടി തിരിക്കുന്നവര്‍
സീതപുലയി
സ്ത്രീസ്വത്വം പൊതുവില്‍ സമൂഹത്തില്‍ നിലവിലുള്ള ആണ്‍കോയ്മാ വ്യവസ്ഥയില്‍ നിരന്തരമായുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാവുകയാണ്. ആ വ്യവസ്ഥിതിയ്ക്കെതിരെ സ്ത്രീകള്‍ മുന്നേറുമ്പോള്‍, അവരില്‍ സവര്‍ണ-അവര്‍ണ ഭിന്നിപ്പുണ്ടാക്കുന്നത് വഴി ആര്‍ക്കാണ് നേട്ടം? സ്ത്രീ സമരശേഷിയെ പല തരത്തിലുള്ള മതിലുകള്‍ കെട്ടി ദുര്‍ബലപ്പെടുത്തുമ്പോള്‍ ആര്‍ക്കാണ് ഗുണമുണ്ടാവുക? തൊഴിലാളി വര്‍ഗത്തിന്റെ സമരശേഷിയേയും പ്രഹര ശേഷിയേയും സ്വത്വരാഷ്ട്രീയത്തെ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്താന്‍ നോക്കുന്ന ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ സ്ത്രീ സ്വത്വത്തെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും അത് മുതലാളിത്തത്തിന്റെ ചൂണ്ട തന്നെയാണ്. അത് മൗദൂദിസ്റ്റുകളിലൂടെയും മറ്റും കുറേ നാളുകളായി കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സാമ്രാജ്യത്വ ശക്തികളുടെ തന്ത്രപരമായ അടവുകൂടിയാണ്. |
അമാനവ ദളിത് ആക്റ്റിവിസ്റ്റുകളായ രണ്ട് 'ബുദ്ധിജീവി' ചെറുപ്പക്കാരുടെ ലൈംഗീകവേട്ടകള് സോഷ്യല്‍മീഡിയയില്‍ പരസ്യപ്പെടുത്തിയ സ്ത്രീകളെ ദളിത്, സവര്‍ണ എന്ന് ഇനം തിരിക്കുന്ന തിരക്കിലാണ് ചില ദളിത് ആക്റ്റിവിസ്റ്റ് സ്തീകള്‍. മാത്രമല്ല, ഈ വിഷയം സംബന്ധിച്ച ഫീച്ചര്‍ പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുന്ന സ്ത്രീകളുടെ ജാതി തിരഞ്ഞുപോയി, അവരെ സവര്‍ണസ്ത്രീകള്‍ എന്ന് ചാപ്പകുത്താനും ദളിത് ആക്റ്റിവിസ്റ്റുകളായ ഈ സ്ത്രീകള്‍ പരിശ്രമിക്കുന്നു.
സ്വത്വ രാഷ്ട്രീയം ലക്ഷ്യമിടുന്ന ഭിന്നിപ്പിക്കലാണ് ഇവിടെയും ഇവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീസ്വത്വം പൊതുവില്‍ സമൂഹത്തില്‍ നിലവിലുള്ള ആണ്‍കോയ്മാ വ്യവസ്ഥയില്‍ നിരന്തരമായുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാവുകയാണ്. ആ വ്യവസ്ഥിതിയ്ക്കെതിരെ സ്ത്രീകള്‍ മുന്നേറുമ്പോള്‍, അവരില്‍ സവര്‍ണ-അവര്‍ണ ഭിന്നിപ്പുണ്ടാക്കുന്നത് വഴി ആര്‍ക്കാണ് നേട്ടം? സ്ത്രീ സമരശേഷിയെ പല തരത്തിലുള്ള മതിലുകള്‍ കെട്ടി ദുര്‍ബലപ്പെടുത്തുമ്പോള്‍ ആര്‍ക്കാണ് ഗുണമുണ്ടാവുക? തൊഴിലാളി വര്‍ഗത്തിന്റെ സമരശേഷിയേയും പ്രഹര ശേഷിയേയും സ്വത്വരാഷ്ട്രീയത്തെ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്താന്‍ നോക്കുന്ന ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ സ്ത്രീ സ്വത്വത്തെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്.
തീര്‍ച്ചയായും അത് മുതലാളിത്തത്തിന്റെ ചൂണ്ട തന്നെയാണ്. അത് മൗദൂദിസ്റ്റുകളിലൂടെയും മറ്റും കുറേ നാളുകളായി കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സാമ്രാജ്യത്വ ശക്തികളുടെ തന്ത്രപരമായ അടവുകൂടിയാണ്. തീര്‍ച്ചയായും അടുത്ത ലക്കം മാധ്യമം ആഴ്ചപ്പതിപ്പിലും മാധ്യമം പത്രത്തില്‍ ഫീ്ച്ചറായും മൗദൂദിവണ് ചാനലില്‍ അഭിമുഖമായും ദളിത് ആക്റ്റിവിസ്റ്റുകളുടെ ഈ വരട്ടുവാദങ്ങള്‍ അവരുടെ കളര്ഫോട്ടോകളോടുകൂടി പ്രകാശിക്കപ്പെടുമെന്നതില് സംശയം വേണ്ട.
കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ പന്ഥാവുകളിലെവിടെയും ജാതിയും മതവും നോക്കിയല്ല സ്ത്രീകള്‍, സ്ത്രീകളെ കൈപിടിച്ചുയര്‍ത്തിയത്, പെണ്ണകങ്ങള്‍ പോരാട്ടഭൂവായ് മാറിയത്. വൃന്ദാകാരാട്ടിന്റെയോ, മേധാപട്കരുടെയോ ജാതി എന്താണെന്ന് ഞാനിതുവരെ അന്വേഷിച്ചിട്ടില്ല. ആ അന്വേഷണം എന്റെ സ്ത്രീ സ്വത്വത്തിന് പുതിയതായി ഒന്നും സംഭാവന ചെയ്യുന്നുമില്ല. ആക്റ്റിവിസ്റ്റായി, രാഷ്ട്രീയ നേതൃത്വമായി സ്ത്രീകളെ അംഗീകരിക്കുന്ന ഒരു സമൂഹമല്ല ഇവിടെയുള്ളത്. സവര്ണയായാലും അവര്ണയായാലും അവളെ വെറും ശരീരം മാത്രമായി കണ്ട് വേട്ടയാടാന്‍ ശ്രമിക്കുന്ന പാട്രിയാര്‍ക്കി വ്യവസ്ഥ ഇവിടെ ഇല്ലാതായിട്ടൊന്നുമില്ല.
രൂപേഷ് കുമാര്‍ എന്ന ദളിതനും രജീഷ് പോളെന്ന സവര്‍ണനും സ്ത്രീയെ കണ്ടത് ലൈംഗീക ചൂഷണത്തിനുള്ള ചരക്കായിട്ടാണ്. ആണ്‍കോയ്മയുടെ വക്താക്കളായിരുന്നു ആ ആക്റ്റിവിസ്റ്റുകള്‍. അവരുടെ കൂടെ ആക്റ്റിവിസത്തില്‍ ഏര്‍പ്പെടുമ്പോഴും പലവക പോരാട്ടങ്ങളില്‍ ഐക്യദാര്ഡ്യപ്പെടുമ്പോഴും അവരെ തിരുത്താനുള്ള, അവരിലെ പാട്രിയാര്‍ക്കി ബോധത്തെ തുടച്ചുമാറ്റാനുള്ള ഒരു ശ്രമം പോലും ഈ ആക്റ്റിവിസ്റ്റുകളായ സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. രൂപേഷ്, രജീഷ് എന്നീ വേട്ടക്കാര്‍ക്ക് (വേറെ ചിലരുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്) ദളിത് സ്ത്രീ, സവര്‍ണ സ്ത്രീ എന്ന വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. വിപ്ലവഭാഷണങ്ങളിലൂടെ തങ്ങള്‍ക്ക് ചൂഷണം ചെയ്യാനുള്ള സ്ത്രീശരീരങ്ങള്‍ കണ്ടെത്തുകയായിരുന്നു അവര്‍.
ആക്റ്റിവിസ്റ്റുകളിലെ ആണ്‍കോയ്മാ ബോധത്തിന്റെ പുതിയ വേട്ടമുഖമാണ് ഇവിടെ തുറക്കപ്പെട്ടിരിക്കുന്നത്. അവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ മിടുക്കികളായ ചില പെണ്‍കുട്ടികള്‍ മുന്നോട്ടുവന്നു. അവരുടെ ചങ്കുറപ്പിന്റെ പിന്നില്‍ ഞാനായിരുന്നു എന്ന വീമ്പിന് വലിയ പ്രസക്തിയൊന്നുമില്ല. ഈ വേട്ടക്കാരൊക്കെ തൊട്ടുകാണിക്കാന്‍ പാകത്തില്‍ മുന്നിലുണ്ടായിരുന്ന നിമിഷങ്ങളില്‍ അവന്റെ കൂടെ സെല്‍ഫിയെടുത്തിട്ട കാലം അത്ര പിന്നിലൊന്നുമല്ല. ആ സെല്‍ഫിക്ക് വേണ്ടി ചിരിക്കുമ്പോള്‍ അവനിലെ വേട്ടക്കാരനെ അറിയില്ലായിരുന്നു എന്ന ന്യായീകരണം വെള്ളംതൊടാതെ വിഴുങ്ങി ലൗ സൈനിടുന്ന ആക്റ്റിവിസ്റ്റ് അണികള്‍ കാണുമായിരിക്കും. പക്ഷെ, പൊതുസമൂഹം അവരെ പോലെ ആജ്ഞാനുവര്‍ത്തികളല്ല തിരിച്ചറിവ് ഉള്ളവരാണ് എന്നത് മറക്കാതിരിക്കുക. ആക്റ്റിവിസ്റ്റ് പീഡകന്മാരെ കുറിച്ച് വെളിപ്പെടുത്തിയ പെണ്‍കുട്ടികള്‍ക്ക് ഞാനാണ് ആദ്യം പിന്തുണകൊടുത്തത്. ഞാനൊരു ദളിത് ആക്റ്റിവിസ്റ്റാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ ദളിതര്‍ മാത്രം പ്രതികരിച്ചാല്മതി എന്നൊക്കെ ഉറഞ്ഞുതുള്ളുന്ന ദളിത് സ്ത്രീ അക്റ്റിവിസ്റ്റുകള്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണ്. ഇവര്‍ കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ വക്താക്കള്‍ അല്ലതാനും. സ്വയം കെട്ടുന്ന വിഡ്ഢി വേഷങ്ങള്‍ സ്വയം അഴിച്ചുമാറ്റിയാല്‍ മതിയാവും.
സ്ത്രീ സ്വത്വത്തെ ഭിന്നിപ്പിക്കാനുള്ള ഈ ശ്രമത്തെ പുരോഗമന സ്ത്രീപക്ഷം ഒറ്റക്കെട്ടായി നേരിടണം. ഈ കൂട്ടത്തെ ഒറ്റപ്പെടുത്തപകയല്ല ശക്തമായ സംവാദങ്ങളിലൂടെ അവരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്. അവരെ സ്ത്രീസ്വത്വമെന്ന വിശാലമായ കൂട്ടുകെട്ടിലെ കണ്ണികളാക്കി മാറ്റണം. ദളിത് സ്ത്രീ, സവര്‍ണ സ്ത്രീ എന്നുള്ള വേര്‍തിരിവിലൂടെ മുഖം തിരിക്കലുകളല്ല, നമ്മളൊക്കെ ഇപ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളാണ് എന്ന ഐക്യപ്പെടലാണ് ആവശ്യം. അതിന് വിരുദ്ധമായി മതിലുകെട്ടിത്തിരിക്കുന്ന സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ ബന്ധുക്കളല്ല. ഇവര്‍ തങ്ങളുടെ ഫോട്ടോ പത്രങ്ങളില്‍ അച്ചടിച്ച് വരണമെന്നും ചാനലുകളില്‍ തങ്ങളുടെ അഭിമുഖം വരണമെന്നും ആഗ്രഹിക്കുന്നവരാണ്. ഏത് വിധേനയും ഏതൊക്കെയോ മൂവ്മെന്റുകളുടെ ചെങ്കോലുപിടിക്കുന്നവരാവണം എന്നാഗ്രഹിക്കുന്ന അത്യാഗ്രഹികളും സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന വേഷംകെട്ടുകാരും മാത്രമാണ് ഈ കൂട്ടര്.
04-Aug-2018
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി