പരാജയമെന്ന് സ്ഥാപിക്കുന്നത് ആര്‍ക്കുവേണ്ടി?

സമരങ്ങള്‍ക്ക് മാര്‍ക്കിടുകയും അതിന്റെ മുദ്രാവാക്യത്തിന്റെ പ്രസക്തി ഇല്ലാതാക്കും വിധത്തില്‍ ആ സമരം പരാജയമാണ് എന്ന് സ്ഥാപിക്കാന്‍ ഊര്‍ജ്ജം ചെലവഴിക്കുന്നവര്‍ കേരളത്തിലെ ദുഷിച്ചു നാറിയ ഭരണകൂടത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനും ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും തൂത്തെറിയാനും വേണ്ടി ഇത്തിരി സമയം ചെലവഴിക്കുകയാണെങ്കില്‍ അത് നാടിന് ഗുണപ്രദമാകും. അതിനുള്ള ബോധ നിലവാരം വളര്‍ത്തിയെടുക്കാന്‍ ഇനിയും വൈകിക്കൂട.

സമരങ്ങളെപ്പറ്റിയുള്ള വീക്ഷണം, പരിപൂര്‍ണ്ണമായും അക്ഷരാര്‍ത്ഥത്തില്‍ വിജയിക്കുക എന്നതാണോ? സമരങ്ങളില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതല്ലേ ഏറ്റവും പ്രധാനം? ഇപ്പോഴത്തെ ചില വിശകലന വിദഗ്ദ്ധരുടെ അഭിപ്രായം വച്ചു നോക്കിയാല്‍ കയ്യൂര്‍സമരവും പുന്നപ്ര-വയലാര്‍ സമരവുമെല്ലാം പരാജയപ്പെട്ടവയാണ്. തോക്കും ലാത്തിയും തൂക്കുമരങ്ങളും ഉയര്‍ത്തി അവയെ പരാജയപ്പെടുത്തി. എന്നാല്‍ ആ സമരങ്ങള്‍ ഒന്നും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പരാജയപ്പെട്ടില്ല എന്ന് മാത്രമല്ല അതിവിദൂരമല്ലാത്ത കാലത്ത് തന്നെ സമൂഹത്തെ മാറ്റി മറിയ്ക്കുക തന്നെ ചെയ്തു എന്നത് ചരിത്രമാണ്.

ജനാധിപത്യം നിലനില്‍ക്കുന്ന കാലത്ത് ഒരു സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ഉള്ള സമരങ്ങളുടേയും ആത്യന്തിക വിജയം എന്നത് ഇങ്ങനെ തന്നെയല്ലേ?

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സമരങ്ങള്‍ പരാജയമെന്ന് സ്ഥാപിക്കേണ്ടത് ജനവിരുദ്ധരുടെ ആവശ്യമാണ്. ഓരോ സമരവും പരാജയപ്പെടുന്നു അതുകൊണ്ട് ഇനി വരുന്ന സമരങ്ങളും പരാ ജയപ്പെടും എന്ന് ഇക്കൂട്ടര്‍ മുന്‍കൂട്ടി പ്രചരിപ്പിക്കുന്നു. സമരങ്ങള്‍ക്ക് തീവ്രത പോര എന്നാണ് ഒരു പരാതി. പുതിയ സമര രീതികള്‍ വേണം എന്ന് മറ്റൊരു നിര്‍ദേശം. ഇതിലെല്ലാം അടങ്ങിയിരിക്കുന്ന ഒരു ലക്ഷ്യം എന്നത് സമരസജ്ജരായി വരുന്നവരെ നിഷ്‌ക്രിയരാക്കാന്‍ സാധിക്കുമോ എന്ന അന്വേഷണമാണ്. അതുവഴി നിലവിലുള്ള ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനരോഷത്തെ തണുപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്.

രസകരമായി തോന്നുന്നത് നവമാധ്യമങ്ങളിലെ അതിവിപ്ലവകാരികളായി സ്വയം പ്രതിഷ്ഠിച്ചിരിക്കുന്ന പലരുടെയും പ്രകടനമാണ്. അവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇക്കൂട്ടര്‍ ആത്യന്തികമായി സഹായിക്കുന്നത് ഭരണകൂടങ്ങളെ തന്നെയാണ്. ഇടതുപക്ഷം എല്ലായിടത്തും പരാജയപ്പെടുന്നു എന്ന പ്രചാരണത്തിന് ഇടതുവിരുദ്ധരേക്കാള്‍ കൂടുതല്‍ മുന്നിട്ടിറങ്ങുന്നവര്‍ ഇവര്‍ തന്നെയാണ്.

കേരളത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രമെടുത്താല്‍ ഏതെങ്കിലും സമരം കൊണ്ട് മാത്രം ഒരു സര്‍ക്കാരും രാജിവച്ച് പുറത്ത് പോയിട്ടില്ല എന്ന് കാണാം. എന്നാല്‍, ജനായത്ത ക്രമത്തില്‍ പാലിക്കപ്പെടുന്ന ചില 'മിനിമം' ജാനാധിപത്യമ ര്യാദകളുണ്ട്. അത്തരം മര്യാദകളെല്ലാം കാറ്റില്‍ പറത്തിയ ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. 'ഏത് അപമാനം സഹിച്ചും ഭരണത്തില്‍ തുടരും' എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രിയും അതിനു പറ്റിയ പരിവാരങ്ങളുമാണ് ഭരണത്തിന് നേതൃത്വ കൊടുക്കുന്നത്.

ഇടതുപക്ഷ സമരങ്ങള്‍ പരാജയമെന്ന് പറയുന്നത് എന്ത് അടിയ്ഥാനത്തിലാണ്? അടിയന്തിരാവസ്ഥ എന്ന ക്രൂരമായ ജനാധിപത്യഹത്യയ്‌ക്കെതിരെ സമരം ചെയ്തവരാണ് ഇടതുപക്ഷം. എന്നാല്‍, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് ചരിത്രമാണ്. അതുകൊണ്ട് അടിയന്തരാവസ്ഥയയ്‌ക്കെതിരായ പോരാട്ടം പരാജയമായിരുന്നുവോ?

1982 മുതല്‍ 87 വരെ കേരളത്തില്‍ അധികാരത്തിലിരുന്ന കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് നിരന്തരസമരങ്ങള്‍ ഉണ്ടായിരുന്നു. തങ്കമണി സംഭവം മുതല്‍ കീഴ്മാട് അന്ധവിദ്യാലയത്തിലെ പോലീസ് നടപടി വരെ. സ്വകാര്യ പോളി മുതല്‍ പ്രീഡിഗ്രി ബോര്‍ഡ് വരെ. എന്നും ,സമരകലുഷിതമായിരുന്ന കാലം. ചിലവ വിജയിച്ചു, ചിലത് പരാജയപ്പെട്ടു. ആ നിരന്തര പോരാട്ടങ്ങള്‍ 87 ല്‍ ലീഗും കേരളകോണ്‍ഗ്രസും ഇല്ലാത്ത ഒരു സര്‍ക്കാര്‍ ഉണ്ടാവുന്നതില്‍ ചെന്നെത്തിച്ചു.

മുത്തങ്ങാ സമരവും വെടിവെപ്പും നടന്ന വര്‍ഷം ബഡ്ജറ്റ് അവതരണം സഭയില്‍ നടന്നതേയില്ല. പ്രതിപക്ഷബഹളം കാരണം. അന്നത്തെ ധനമന്ത്രി ശങ്കരനാരായണന്‍ ബഡ്ജറ്റ് സഭയുടെ മേശപ്പുറത്ത് വച്ച് മടങ്ങുകയാണുണ്ടായത്. അതിന് കാരണമായ മുദ്രാവാക്യങ്ങള്‍ അപ്രസക്തമായോ?

ഇന്നത്തെ സര്‍ക്കാരില്‍ അഴിമതി ചെയ്യാത്ത അല്ലെങ്കില്‍ അതില്‍ ഭാഗഭാക്കാകാത്ത ഏതെങ്കിലും മന്ത്രിമാരുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അത്രമേല്‍ പുഴുത്തു നാറിയ ഭരണമാണ് ഇവിടെ നടക്കുന്നത്. എല്ലാവരും പരസ്പരം പഴിചാരിയും അതേസമയം തന്നെ പരസ്പരം താങ്ങിക്കൊടുത്തും കഴിയുന്ന വിചിത്രമായ ഒരു അവസ്ഥയാണ് കാണാന്‍ സാധിക്കുക. ആര്‍ക്കെങ്കിലും ഒരാള്‍ക്കെതിരെ എന്തെങ്കിലും നടപടി എടുക്കാന്‍ ഇന്നത്തെ സര്‍ക്കാരിന് സാധിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ അയാള്‍ മറ്റേയാളിന്റെ അഴിമതിക്കഥകള്‍ മുഴുവന്‍ വിളിച്ചുപറയും. ചുരുക്കി പറഞ്ഞാല്‍ യു ഡി എഫ് ഭരണം സമാനതകളില്ലാത്ത 'പങ്കു കച്ചവട'മാണ്.

അതുകൊണ്ടുന്നെയാണ് കെ എം മാണിയെ സംരക്ഷിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറാവുന്നത്. അത് സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ പ്രശ്്‌നമാണ്. മാണിക്കെതിരെ നടപടിയെടുക്കാന്‍ മാത്രം യോഗ്തയുള്ള ആരുണ്ട് എന്നതാണ് ഈ മന്ത്രിസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിസര്‍ക്കാര്‍, പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളോട്, മുദ്രാവാക്യങ്ങളോട് ജനാധിപത്യ രീതിയില്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഭരണത്തില്‍ തുടരാന്‍ ഏത് മാര്‍ഗവും അവര്‍ സ്വീകരിക്കും. അതിന്റെ ഭാഗമായുണ്ടാക്കുന്ന ചില കുടില തന്ത്രങ്ങളിലൂടെ കെ എം മാണി നാളെ നിയമസഭയില്‍ ചിലപ്പോള്‍ ബജറ്റ് അവതരിപ്പിച്ചേക്കാം. ഇന്ന് നിയമസഭയില്‍ തന്നെ കിടന്നുറങ്ങിയേക്കാം. ഇവിടെ ബജറ്റ് വിറ്റ് കൈക്കൂലി വാങ്ങുന്ന ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കരുത് എന്ന മുദ്രാവാക്യം വിജയിച്ചു കഴിഞ്ഞു. മാണിക്ക് ഇന്ന് വീട്ടില്‍ പോകാതിരുന്നാലോ എന്ന് തോന്നിക്കാന്‍ മുദ്രാവാക്യത്തിന് സാധിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രതിരോധത്തിലായത് ഈ മുദ്രാവാക്യത്തിന്റെ ഭാഗമായാണ്. പോലീസുകാരെ വേഷം മാറ്റി വാച്ച് ആന്റ് വാര്‍ഡുകളാക്കി കുത്തി നിറക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചത് ഈ മുദ്രാവാക്യമാണ്. മുതലാളിത്ത മാധ്യമങ്ങളെ ഉപയോഗിച്ച് സമരത്തെ ഇകഴ്ത്തികാട്ടാന്‍ ഭരണപക്ഷത്തിന് വിടുവേല ചെയ്യേണ്ടി വരുന്നത് ഈ മുദ്രാവാക്യം പ്രസക്തമായത് കൊണ്ടാണ്. അതൊക്കെ സമരം വിജയമാണെന്നതിന്റെ തെളിവാണ്. മുദ്രാവാക്യത്തോട്‌ കേരള ജനത ഒറ്റമനസായി യോജിക്കുന്നുണ്ട്. നാട്ടിലെ സാധാരണക്കാരായ കോണ്‍ഗ്രസുകാര്‍ പോലും മാണിയെ പേറേണ്ടി വരുന്നതില്‍ ഖിന്നരാണ്.

സമരങ്ങള്‍ക്ക് മാര്‍ക്കിടുകയും അതിന്റെ മുദ്രാവാക്യത്തിന്റെ പ്രസക്തി ഇല്ലാതാക്കും വിധത്തില്‍ ആ സമരം പരാജയമാണ് എന്ന് സ്ഥാപിക്കാന്‍ ഊര്‍ജ്ജം ചെലവഴിക്കുന്നവര്‍ കേരളത്തിലെ ദുഷിച്ചു നാറിയ ഭരണകൂടത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനും ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും തൂത്തെറിയാനും വേണ്ടി ഇത്തിരി സമയം ചെലവഴിക്കുകയാണെങ്കില്‍ അത് നാടിന് ഗുണപ്രദമാകും. അതിനുള്ള ബോധ നിലവാരം വളര്‍ത്തിയെടുക്കാന്‍ ഇനിയും വൈകിക്കൂട.

12-Mar-2015