തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷ നേതാവ്
ടി പി രാമകൃഷ്ണന്
1999നു ശേഷം ആദ്യമായി ബ്രൂവറി ലൈസന്‍സ് അനുവദിച്ചത് 2003 ല്‍ ശ്രീ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണ്. ഇതുസംബന്ധിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് ഒളിച്ചുവെക്കേണ്ട കാര്യം ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റിനില്ല. ഇപ്പോള്‍ തത്വത്തിലുള്ള അനുമതിക്കപ്പുറം മൂന്ന് ബ്രൂവറികള്‍ക്കും എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചതുപോലെ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണം. അതിന് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത് പ്രതിപക്ഷനേതാവിനും അറിയാവുന്നതേയുള്ളൂ. 1998ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കുക മാത്രമാണ് എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്തുണ്ടായ നടപടി എന്നുമുള്ള വാദം പ്രതിപക്ഷനേതാവ് ഉയര്‍ത്തുന്നു. 1999ലെ സര്‍ക്കാര്‍ ഉത്തരവ് നയപരമാണെങ്കില്‍ എന്തുകൊണ്ട് ആ ഉത്തരവ് അടിസ്ഥാനമാക്കി ബ്രൂവറിക്ക് നല്‍കിയ അനുമതി റദ്ദാക്കുകയും ലൈസന്‍സ് നിഷേധിക്കുകയും ചെയ്തില്ലെന്ന് വ്യക്തമാക്കാനുളള ബാധ്യത പ്രതിപക്ഷനേതാവിനുണ്ട്. 1998ല്‍ ലഭിച്ച തത്വത്തിലുള്ള അനുമതി ഉപയോഗിച്ച് ബിയര്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ കഴിയില്ലെന്ന പ്രാഥമിക കാര്യം പോലും പ്രതിപക്ഷ നേതാവ് വിസ്മരിക്കുകയാണ്. ലൈസന്‍സ് കിട്ടിയെങ്കില്‍ മാത്രമേ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയൂ എന്നിരിക്കെ മദ്യനിരോധനം പ്രഖ്യാപിതലക്ഷ്യമെന്നവകാശപ്പെട്ട എ കെ ആന്റണി സര്‍ക്കാര്‍ അത് തടയാത്തതെന്തെന്നെ് പൊതുസമൂഹത്തോട് വിശദീകരിക്കണം. തത്വത്തിലുള്ള അനുമതി റദ്ദാക്കി ലൈസന്‍സ് നിഷേധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാതെ പ്രതിപക്ഷനേതാവ് ഒളിച്ചുകളിക്കുകയാണ്. |
കേരളത്തില്‍ ഈ നൂറ്റാണ്ടിലെ എറ്റവും വലിയ പ്രളയക്കെടുതിയാണ് അനുഭവപ്പെട്ടത്. അത് മറികടക്കുന്നതിന് കേരളത്തിലെ ജനത ഒറ്റക്കെട്ടായി നിന്നു. അതുകൊണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടത്തുന്നതിനും കഴിഞ്ഞത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ ജനപിന്തുണയോടെ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്.
കേരളം നേരിട്ട ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യം അട്ടിമറിക്കുന്നതിനാണ് അന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന വാദമുയര്‍ത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എത്ര നിരര്‍ത്ഥകമായിരുന്നുവെന്ന് വ്യക്തമായി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോഴും ആ നിലപാട് തന്നെയാണോ പ്രതിപക്ഷ നേതാവിനുള്ളത് എന്നറിയാന്‍ കേരളത്തിന് താല്പര്യമുണ്ട്.
കാലവര്‍ഷക്കെടുതിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെയാകമാനം അണിനിരത്തി രക്ഷാ പ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനത്തിലും മുഴുകുമ്പോള്‍ പ്രളയം മനുഷ്യസൃഷ്ടിയാണ് എന്ന് പറഞ്ഞുകൊണ്ട് ഈ യോജിപ്പിനെ രാഷ്ട്രീയ താത്പര്യത്തോടെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ഈ പ്രചരണവും തെറ്റാണ് എന്നത് വ്യക്തമായതാണല്ലോ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തുള്ള എല്ലാ വിഭാഗം ജനങ്ങളും സംഭാവന നല്‍കുന്ന ഘട്ടത്തില്‍ ഓഖി ദുരിതാശ്വാസത്തിന്റെ കള്ളക്കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരണം തകര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
വാര്‍ഷിക പദ്ധതിവിഹിതത്തേക്കാള്‍ വലിയ തുകയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതി സൃഷ്ടിച്ചത്. ഇത് മറികടക്കുന്നതിന് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികള്‍ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുന്നോട്ടുവന്നു. വന്‍ തോതില്‍ ജീവനക്കാര്‍ ഇതിനനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത പ്രതിപക്ഷ നേതാവ് തന്റെ ഓഫീസിലെ ജീവനക്കാര്‍ ഇതില്‍ പങ്കാലികളായോ എന്ന കാര്യം വിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്.
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട ഇത്തരം വാദങ്ങളെല്ലാം ജനങ്ങള്‍ പുച്ഛിച്ച് തള്ളിയപ്പോള്‍ ബ്രൂവറി യൂണിറ്റും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റും അനുവദിച്ചത് അഴിമതിയാണെന്ന് പ്രചരിപ്പിച്ച് പുതിയ കഥകളുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. താന്‍ ഉന്നയിച്ച ആദ്യ ദിവസത്തെ ആരോപണവും ഇപ്പോള്‍ എത്തിനില്‍ക്കുന്ന വാദവും പരിശോധിച്ചാല്‍ പ്രതിപക്ഷ നേതാവിന് സ്ഥലജല വിഭ്രാന്തിയാണ് വന്നുപെട്ടിരിക്കുന്നതെന്ന് വ്യക്തമാകും.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയത്തിന് വിരുദ്ധമായി ഇവ അനുവദിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനുള്ള വ്യാകുലത നല്ലതു തന്നെ. എന്നാല്‍ പ്രകടനപത്രികയില്‍ പറഞ്ഞത് എന്ത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മദ്യ നയത്തെ സംബന്ധിച്ച് വിശദീകരിച്ചിട്ടുള്ളത്, 552-ാമത്തെ ഖണ്ഡികയിലാണ്. അത് ഇങ്ങനെയാണ്- :"മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാന്‍ സഹായകമായ നടപടിയായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും"
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്ന തരത്തിലുള്ള നടപടികളുമായി തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഇപ്പോള്‍ മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെന്റിംഗ്, കോമ്പൗണ്ടിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ക്കുമാണ് പുതുതായി തത്വത്തില്‍ അനുമതി നല്‍കിയത്. ഇതിലൊന്ന് പൊതുമേഖലയിലാണ്. പൊതുമേഖലയിലുള്ള ഒരു യൂണിറ്റിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ 8 ശതമാനവും ബീയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ബീവറേജസ് കോര്‍പ്പറേഷൻ വാങ്ങുന്നത്. പുതുതായി ഇവിടെ ഉത്പാദനം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസമെന്താണ്? പുറത്തുനിന്ന് വരുന്ന 8 ശതമാനത്തിന്റെ സ്ഥാനത്ത് അതിന് കുറവ് വരികയും ഇവിടെ ഉത്പാദിപ്പിക്കുന്നത് അതിന് പകരം സ്ഥാനം പിടിക്കുകയും ചെയ്യും. ഇങ്ങനെ അന്യ സംസ്ഥാനത്തുനിന്നുള്ള മദ്യമൊഴുക്ക് കുറയ്ക്കുന്നതിന് താന്‍ അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുമുണ്ട്. അപ്പോള്‍ സര്‍ക്കാരിന്റെ നിലപാട് എങ്ങനെയാണ് തെറ്റായിത്തീരുന്നത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അന്യസംസ്ഥാന മദ്യലോബിയ്ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രതിപക്ഷനേതാവ് സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
നികുതിവരുമാനത്തിലുണ്ടാകുന്ന നഷ്ടവും തൊഴില്‍നഷ്ടവും സര്‍ക്കാര്‍ പരിഗണിച്ചു. സംസ്ഥാനത്തിനകത്ത് തന്നെ ബിയര്‍ ഉല്‍പ്പാദിപ്പിക്കുവാനും ബോട്‌ലിങ് യൂണിറ്റ് സ്ഥാപിക്കാനും സാധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നേരിട്ടും അല്ലാതെയും നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കും. ഡ്യൂട്ടിയിനത്തില്‍ അധികവരുമാനവും ലഭ്യമാകും. ഈ വസ്തുതകള്‍ പരിഗണിച്ച ശേഷമാണ് ബ്രൂവറികള്‍ക്കും ഒരു ബോട്‌ലിങ് യൂണിറ്റിനും തത്വത്തിലുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനൊപ്പം പൊതുമേഖലയിലുള്ള മദ്യഉല്‍പ്പാദനകേന്ദ്രങ്ങളിലും ഉല്‍പ്പാദനം തുടങ്ങാനും ഉല്‍പ്പാദന അളവ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പാലക്കാട് ചിറ്റൂര്‍ ഷുഗേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി (ചികോപ്‌സ്) ലിമിറ്റഡ് പ്രവര്‍ത്തിച്ച സ്ഥലത്ത് വിദേശമദ്യനിര്‍മ്മാണത്തിന് മലബാര്‍ ഡിസ്റ്റിലറീസ് മാനേജര്‍ സമര്‍പ്പിച്ച അപേക്ഷപ്രകാരം അഞ്ച് ലൈന്‍ ബോട്‌ലിങ് യൂണിറ്റിന് 2018 ആഗസ്ത് 31ന് അനുമതി നല്‍കിയിരുന്നു. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡില്‍ അഡീഷണല്‍ ബോട്‌ലിങ് ലൈന്‍ തുടങ്ങാന്‍ 2018 ജൂലൈ 24ന് അനുമതി നല്‍കിയിട്ടുണ്ട്.
പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള രണ്ടാമത്തെ ഭാഗം മദ്യവര്‍ജ്ജനത്തിനായി ഇന്നുള്ളതിനേക്കാള്‍ ശക്തമായ ഇടപെടല്‍ നടത്തും എന്നാണ്. ഈ ഇടപെടല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ മദ്യവര്‍ജ്ജനബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിക്ക് രൂപം നല്‍കി കഴിഞ്ഞു. എല്ലാ ജില്ലകളിലും ഡീ-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 14 ജില്ലകളില്‍ തെരഞ്ഞെടുത്ത ആശുപത്രുകളില്‍ ഒക്‌ടോബര്‍ മാസം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇതിനാവശ്യമായ തസ്തികകള്‍ അനുവദിച്ചു ഉത്തരവാവുകയും ഭരണച്ചെലവിനാവശ്യമായ തുക വിമുക്തി മിഷന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഡീ-അഡിക്ഷന്‍ വാര്‍ഡുകള്‍ മാതൃകാ ചികിത്സാ കേന്ദ്രമായി മാറ്റുകയാണ്. ഇതിനുപുറമെ സംസ്ഥാനത്ത് ഒരു മാതൃകാ ഡീ-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ കോഴിക്കോട് കിനാലൂരില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. സ്‌കൂളുകളിലും കോളേജുകളിലും ലഹരിവരുദ്ധ ക്ലബ്ബുകള്‍ സ്ഥാപിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം കൂടുതല്‍ തൊഴിലവസരവും നികുതിവരുമാനവും ഉറപ്പുവരുത്തുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് കാണാം. ഇങ്ങനെ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അന്യസംസ്ഥാന ലോബിക്കുവേണ്ടിയാണ് പ്രതിപക്ഷനേതാവ് വാദിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.
സര്‍ക്കാരിനെതിരെ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരസ്പരവിരുദ്ധമായ വാദങ്ങളാണ് ഓരോദിവസവും ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ രഹസ്യഇടപാട് നടത്തിയതായി ആരോപിച്ച് പ്രതിപക്ഷനേതാവ് പുകമറ സൃഷ്ടിക്കുകയാണ്. വസ്തുതകള്‍ മറച്ചുപിടിക്കുകയും മുനതേഞ്ഞ ചോദ്യങ്ങള്‍ ഇടക്കിടെ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാഴ്ശ്രമം നടത്തുകയുമാണദ്ദേഹം.
കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ്)റൂള്‍ 1975ലും ബ്രൂവറി റൂള്‍സ് 1967ലും അബ്കാരിനിയമത്തിലും നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചാണ് സര്‍ക്കാരിന് ലഭിച്ച അപേക്ഷകളില്‍ നിയമാനുസൃതമായ തീരുമാനം കൈക്കൈാണ്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സുതാര്യവും നിയമാനുസൃതവുമാണ്.
സര്‍ക്കാര്‍ നടപടി 1999ലെ 'നയ'ത്തിന് വിരുദ്ധമോ?
ഡിസ്റ്റിലറി-ബ്രൂവറി ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചുകൊണ്ട് 1999 ല്‍ സംസ്ഥാന സര്‍ക്കാര്‍ നയപരമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ബ്രൂവറി-ഡിസ്റ്റിലറി ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിച്ചുകൊണ്ട് 1999ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു എന്ന് പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. 1999 ലെ സര്‍ക്കാര്‍ ഉത്തരവ് അന്ന് സര്‍ക്കാരിനു ലഭിച്ച ഡിസ്റ്റിലറി/കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള അപേക്ഷകള്‍ സംബന്ധിച്ചുമാത്രമായിരുന്നു എന്നതാണ് വസ്തുത. വിവാദങ്ങളുണ്ടാക്കി ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷനേതാവ് സംസ്ഥാനത്ത് നിലവിലുള്ള മൂന്ന് ബ്രൂവറികളും സംസ്ഥാന രൂപീകരണത്തിനു ശേഷം തുടങ്ങിയ 16 ഡിസ്റ്റിലറി/കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകളില്‍ പതിനൊന്നും അദ്ദേഹത്തിന്റെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് അനുവദിച്ചതെന്ന സത്യവും വിസ്മരിക്കുകയാണ്.
1999-ലെ സര്‍ക്കാര്‍ ഉത്തരവ് (ആര്‍ടി നമ്പര്‍ 689/99/നികുതി വകുപ്പ്) പുറപ്പെടുവിച്ചിട്ടുള്ളത് 1999 സപ്തംബര്‍ 24ലെ മന്ത്രിസഭായോഗത്തിലെ തീരുമാനപ്രകാരമാണ്. അന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ഡിസ്റ്റിലറി/കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകള്‍ക്കായുള്ള അപേക്ഷകള്‍ പരിശോധിച്ച് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാപട്ടിക തയ്യാറാക്കുന്നതിന് രൂപീകരിച്ച സ്‌ക്രൂട്ടിനി/സെലക്ഷന്‍ കമ്മറ്റിയുടെ ശുപാര്‍ശകളാണ് 1999 സപ്തംബര്‍ 24ലെ മന്ത്രിസഭായോഗത്തില്‍ അജണ്ടക്കു പുറത്തുള്ള ഇനം രണ്ടിലെ തീരുമാനമെടുക്കേണ്ട കാര്യങ്ങളായി സമര്‍പ്പിക്കപ്പെട്ട വിഷയം. മൂന്ന് കാര്യങ്ങളാണ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി അജണ്ടക്കു പുറത്തുള്ള രണ്ടാമത് ഇനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
1. കമ്മറ്റി ശുപാര്‍ശ ചെയ്തപ്രകാരം സര്‍ക്കാരിന് ലഭിച്ച ഡിസ്റ്റിലറി/കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള എല്ലാ അപേക്ഷയും നിരസിക്കാമോ.
2. മന്നം ഷുഗര്‍മില്ലിന്റെ ഐഎംഎഫ്എല്‍ കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാമോ.
3. നിലവിലുള്ള ഡ്‌സിറ്റിലറികളുടെ ശേഷി അവര്‍ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് വര്‍ധിപ്പിച്ച് നല്‍കാമോ.
മന്ത്രിസഭായോഗം 1,2,3 ശുപാര്‍ശകള്‍ അംഗീകരിച്ചാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 29-9-1999ല്‍ ഉത്തരവ് പുറപ്പെടുവിച്ചതും മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ശുപാര്‍ശകളില്‍ എടുക്കേണ്ടിയിരുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചുമാത്രമാണ്.
സര്‍ക്കാര്‍ ഉത്തരവ് ഇപ്രകാരമാണ്: 1. മുകളില്‍ പറഞ്ഞ കമ്മറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിക്കുകയും പുതിയ ഡിസ്റ്റിലറികളും കോമ്പൗണ്ടിങ് ബ്ലെന്‍ിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു അപേക്ഷയും അംഗീകരിക്കേണ്ടെന്ന് ഉത്തരവിടുകയും ചെയ്യുന്നു.
2. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പുതിയ ഒരു കോമ്പൗണ്ടിങ്, ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന മന്നം ഷുഗര്‍ മില്‍ സമര്‍പ്പിച്ച അപക്ഷ മാത്രം പരിഗണിക്കേണ്ടതാണ്.
3. നിലവിലുള്ള ഡിസ്റ്റലറികള്‍ അവയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതുസംബന്ധിച്ച എല്ലാ ചട്ടങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് അക്കാര്യം പരിഗണിക്കാവുന്നതാണെന്നും സര്‍ക്കാര്‍ ഉത്തരവിടുന്നു.
അന്ന് ലഭിച്ച അപേക്ഷകള്‍ക്കൊന്നും അനുമതി നല്‍കേണ്ടെന്നാണ് 29-9-1999ലെ സര്‍ക്കാര്‍ ഉത്തരവ്(ആര്‍ടി നമ്പര്‍ 689/99/നികുതി വകുപ്പ്)പ്രകാരമുള്ള തീരുമാനം. മറിച്ച് ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും മേലില്‍ ഒരിക്കലും ലൈസന്‍സ് നല്‍കരുതെന്ന പരാമര്‍ശം ഈ ഉത്തരവില്‍ ഒരിടത്തുമില്ല. ബ്രൂവറി ലൈസന്‍സ് സംബന്ധിച്ച് പരിശോധിക്കാന്‍ 3-3-1999ല്‍ നിയോഗിച്ച കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ 29-9-1999ലെ ഉത്തരവില്‍ അതേക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടുമില്ല. 1999-ലെ ഉത്തരവ് പുറപ്പെടുവിച്ചത് അന്ന് നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.
ഇപ്പോള്‍ ബ്രൂവറികള്‍ക്കും കോമ്പൗണ്ടിംഗ്, ബ്ലെന്റിംഗ് ആന്റ് ബോട്ടിലിംഗ് യൂണിറ്റുകള്‍ക്കും അനുമതി നല്‍കിയ ഉത്തരവുകളില്‍ 1999 ലെ ഉത്തരവിനെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. 1999 ലെ ഉത്തരവ് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഉത്തരവ് ഇറക്കിയിട്ടുള്ളത് എന്ന് സൂചിപ്പിക്കാനാണ് ഇപ്രകാരം പരാമര്‍ശം നടത്തിയിട്ടുള്ളത്. ഇക്കാര്യം കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും പ്രതിപക്ഷനേതാവ് വിചിത്രമായ വാദഗതി തുടരുകയാണ്.
1999 നുശേഷം ആദ്യം ലൈസന്‍സ് നല്‍കിയത് എ കെ ആന്റണി യുടെ ഭരണകാലയളവില്‍.
സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഡിസ്റ്റിലറി-ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. പ്രസ്തുത ഉത്തരവിന്റെ കോപ്പി പുറത്തുവിടുമോയെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്. 1999നു ശേഷം ആദ്യമായി ബ്രൂവറി ലൈസന്‍സ് അനുവദിച്ചത് 2003 ല്‍ ശ്രീ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണ്. ഇതുസംബന്ധിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് ഒളിച്ചുവെക്കേണ്ട കാര്യം ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റിനില്ല. ഇപ്പോള്‍ തത്വത്തിലുള്ള അനുമതിക്കപ്പുറം മൂന്ന് ബ്രൂവറികള്‍ക്കും എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചതുപോലെ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഓര്‍ക്കണം. അതിന് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത് പ്രതിപക്ഷനേതാവിനും അറിയാവുന്നതേയുള്ളൂ. 1998ലെ എല്‍ഡിഎഫ് സര്‍ക്കാരാണ് മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കുക മാത്രമാണ് എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്തുണ്ടായ നടപടി എന്നുമുള്ള വാദം പ്രതിപക്ഷനേതാവ് ഉയര്‍ത്തുന്നു. 1999ലെ സര്‍ക്കാര്‍ ഉത്തരവ് നയപരമാണെങ്കില്‍ എന്തുകൊണ്ട് ആ ഉത്തരവ് അടിസ്ഥാനമാക്കി ബ്രൂവറിക്ക് നല്‍കിയ അനുമതി റദ്ദാക്കുകയും ലൈസന്‍സ് നിഷേധിക്കുകയും ചെയ്തില്ലെന്ന് വ്യക്തമാക്കാനുളള ബാധ്യത പ്രതിപക്ഷനേതാവിനുണ്ട്. 1998ല്‍ ലഭിച്ച തത്വത്തിലുള്ള അനുമതി ഉപയോഗിച്ച് ബിയര്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ കഴിയില്ലെന്ന പ്രാഥമിക കാര്യം പോലും പ്രതിപക്ഷ നേതാവ് വിസ്മരിക്കുകയാണ്. ലൈസന്‍സ് കിട്ടിയെങ്കില്‍ മാത്രമേ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയൂ എന്നിരിക്കെ മദ്യനിരോധനം പ്രഖ്യാപിതലക്ഷ്യമെന്നവകാശപ്പെട്ട എ കെ ആന്റണി സര്‍ക്കാര്‍ അത് തടയാത്തതെന്തെന്നെ് പൊതുസമൂഹത്തോട് വിശദീകരിക്കണം. തത്വത്തിലുള്ള അനുമതി റദ്ദാക്കി ലൈസന്‍സ് നിഷേധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാതെ പ്രതിപക്ഷനേതാവ് ഒളിച്ചുകളിക്കുകയാണ്.
ബ്രൂവറി-ഡിസ്റ്റിലറി ലൈസന്‍സ് അനുവദിക്കുന്നതിനെക്കുറിച്ച് അബ്കാരിനയത്തില്‍ പ്രഖ്യാപിക്കേണ്ടതുണ്ടോ?
നാളിതുവരെ സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ള ഒരു അബ്കാരി നയത്തിലും ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്റെയോ എല്‍ഡിഎഫ് സര്‍ക്കാരിന്റെയോ കാലത്ത് അബ്കാരിനയങ്ങളില്‍ പറഞ്ഞിട്ടുമില്ല. ഇത് നയപരമായി പ്രഖ്യാപിക്കേണ്ട വിഷയമല്ല. കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് റൂള്‍ 1975)ചട്ടം മൂന്ന് പ്രകാരവും ബ്രൂവറി റൂള്‍സ് 1967 ചട്ടം രണ്ട് പ്രകാരവുമാണ് കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ അബ്കാരിനയത്തില്‍ ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തേണ്ടതില്ല. നയപരമായ പ്രത്യേക തീരുമാനം ഇക്കാര്യത്തില്‍ എടുക്കേണ്ടതുമില്ല. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ വേണ്ട പരിശോധന നടത്തി തീരുമാനം കൈക്കൊള്ളുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു ഭരണകാലയളവിലും പത്രപരസ്യം നല്‍കിയല്ല ലൈസന്‍സിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് മേല്‍നടപടി സ്വീകരിക്കുന്നതാണ് പതിവ്.
ബ്രൂവറിയും മറ്റും അനുവദിക്കുന്നതിനായി മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നില്ല എന്നാണ് ഉന്നയിക്കപ്പെട്ട മറ്റൊരു ആരോപണം. ഒരു വകുപ്പിന് കീഴില്‍ നിലവിലുള്ള നിയമപ്രകാരം സ്ഥാപനം അനുവദിക്കുമ്പോള്‍ അതിന് മന്ത്രിസഭയുടെ അനുമതി വേണ്ട എന്നതാണ് വസ്തുതയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അബ്കാരി ആക്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റൂള്‍സ് ഓഫ് ബിസിനസ് പരിശോധിച്ചാല്‍ പ്രതിപക്ഷനേതാവിന് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇപ്പോള്‍ നല്‍കിയത് അനുമതി മാത്രം
ബ്രൂവറികളും കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചു എന്നമട്ടിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രചാരവേല. അപേക്ഷ സ്വീകരിക്കുന്നതിന് കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ്)റൂള്‍ 1975ലും ബ്രൂവറി റൂള്‍സ് 1967ലും പ്രത്യേക വ്യവസ്ഥകളൊന്നും നിഷ്‌കര്‍ഷിച്ചിട്ടില്ല. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തത്വത്തിലുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുക. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിശോധിച്ച് പ്രതിപക്ഷനേതാവിന് ഇക്കാര്യം ബോധ്യപ്പെടാവുന്നതേയുള്ളൂ. 1975ലെ കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ്)റൂളിലെ നടപടികക്രമങ്ങള്‍ അബ്കാരി നിയമത്തിന് വിധേയമായാണ് നടപ്പാക്കേണ്ടത്. അബ്കാരി നിയമത്തിലെ 14-ാം വകുപ്പ് പ്രകാരമുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ചട്ടത്തിലെ വ്യവസ്ഥകളായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലൈസന്‍സിനായി കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ബാധകമാകുക.
അനുമതി എന്നതിനര്‍ഥം അനുമതി കിട്ടിയവര്‍ക്ക് ഉല്‍പ്പാദനം തുടങ്ങാം എന്നല്ല. എക്‌സൈസ് കമ്മീഷണറുടെ പരിശോധനകള്‍ക്കു ശേഷം ലൈസന്‍സ് ലഭിച്ചെങ്കില്‍ മാത്രമേ ബ്രൂവറികള്‍ക്കും കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റിനും പ്രവര്‍ത്തിക്കാന്‍ കഴിയൂ. മാത്രമല്ല, ജലലഭ്യത, പാരിസ്ഥിതികാഘാതം, മലിനീകരണം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കൂ എന്നതും ഓര്‍ക്കണം. പരിസ്ഥിതിവകുപ്പ്, ഭൂഗര്‍ഭജലവകുപ്പ്, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ്, മലിനീകരണനിയന്ത്രണബോര്‍ഡ്, തദ്ദേശസ്വയംഭരണവകുപ്പ്, ലീഗല്‍ മെട്രോളജി, ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, ഫയര്‍ ആന്റ് സേഫ്റ്റി, എക്‌സൈസ്, പൊലീസ് തുടങ്ങിയ വകുപ്പുകളുടെയും ക്ലിയറന്‍സ് ലഭിക്കണം. ഇതിലേതെങ്കിലും ഒരു ക്ലിയറന്‍സ് ലഭിക്കാത്തവര്‍ക്ക് ലൈസന്‍സ് ലഭിക്കുകയുമില്ല. അവയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുകയുമില്ല. എല്‍ഡിഎഫ്/യുഡിഎഫ് ഭരണകാലയളവുകളില്‍ ഈ നടപടിക്രമം ഒരുപോലെതന്നെയാണ് പാലിച്ചുവരുന്നത്. വ്യത്യസ്തമായ ഒരു കാര്യം ഇപ്പോള്‍ സംഭവിച്ചു എന്ന ആക്ഷേപം കാടടച്ച് വെടിവെയ്ക്കലാണ്.
അപേക്ഷ ക്ഷണിക്കാത്തതെന്ത്?
സംസ്ഥാനത്ത് ബ്രൂവറികളും കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റും അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചില്ലെന്ന ആരോപണത്തിന് ഒരടിസ്ഥാനവുമില്ല. മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റലിറികളും തുടങ്ങുന്നത്. എക്‌സൈസ് കമ്മീഷണറുടെ പരിഗണനക്ക് സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ തത്വത്തിലുള്ള അനുമതി നല്‍കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കുകയാണ് ചെയ്യുക. യുഡിഎഫ് മുന്ന് ബ്രൂവറികളും പതിനൊന്ന് കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകളും അനുവദിച്ചത് ഏതെങ്കിലും വിധത്തില്‍ അപേക്ഷ ക്ഷണിച്ചിട്ടാണോ? 1998-ല്‍ രണ്ട് കോമ്പൗണ്ടിങ്-ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റ് അനുവദിച്ചതും അപേക്ഷ ക്ഷണിച്ചല്ല.
കേരള ഫോറിന്‍ ലിക്വര്‍(കോമ്പൗണ്ടിങ്,ബ്ലെന്‍ഡിങ് ആന്റ് ബോട്‌ലിങ്)റുള്‍സ് 1975, കേരള ബ്രൂവറി റൂള്‍സ് 1967 എന്നിവ പ്രകാരം എക്‌സൈസ് കമ്മീഷണറാണ് ലൈസന്‍സിങ് അതോറിറ്റി. സര്‍ക്കാര്‍ അനുമതി നല്‍കിയ യൂണിറ്റുകളുടെ കാര്യത്തില്‍ നിയമപരമായ പരിശോധനകളും മറ്റ് നിബന്ധനകളും പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത് കമ്മീഷണറാണ്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചും സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ഇപ്പോള്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. എക്‌സൈസ് കമ്മീഷണര്‍ വ്യക്തമായ ശുപാര്‍ശയോടെ സമര്‍പ്പിച്ച അപേക്ഷയില്‍ ചട്ടപ്രകാരമുള്ള പരിശോധനക്കുശേഷമാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
കിന്‍ഫ്ര ഭൂമിയുടെ പേരിലും അനാവശ്യ വിവാദം
കിന്‍ഫ്ര ഭൂമിയുടെ പേരിലും പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കുകയാണ്. അപേക്ഷകന് ഭൂമി നല്‍കാമെന്ന കിന്‍ഫ്രയുടെ എന്‍ഒസി ബ്രൂവറിക്ക് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 28-092017ന് കിന്‍ഫ്ര / പിആര്‍ജെ/2016 17-ാം നമ്പര്‍ കത്ത് പ്രകാരം കളമശ്ശേരി കിന്‍ഫ്ര ഹൈടെക്ക് പാര്‍ക്കിലെ പത്ത് ഏക്കര്‍ ഭൂമി പവര്‍ ഇന്‍ഫ്രാടെക്ക് ലിമിറ്റഡിന് ബ്രൂവറി പ്രൊജക്ടിനായി അലോട്ട് ചെയ്യാമെന്നും ഭൂമി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സ് ഹാജരാക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ എന്‍ഒസിയുടെയും എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കിന്‍ഫ്രയുടെ ഭൂമിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നതായി പറഞ്ഞ ബ്രൂവറിക്ക് അനുമതി നല്‍കിയത്. അനുവദിക്കാത്ത ഭൂമി വിട്ടുകൊടുത്തെന്ന് ആദ്യം ആക്ഷേപിച്ച പ്രതിപക്ഷനേതാവ് ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് തുടര്‍ന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ലഹരിമുക്തകേരളം എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന വിപുലമായ പ്രചാരണബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും പുരോഗമിക്കുന്നു. കഴിഞ്ഞദിവസം ഇരുനൂറ് കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ എന്ന മയക്കുമരുന്ന് എറണാകുളത്ത് നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് അടക്കമുള്ള ലഹരിമാഫിയകളെ സംസ്ഥാനത്തുനിന്നും ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. എന്‍ഫോഴ്‌സ്‌മെന്റില്‍ സര്‍വകാല റിക്കാര്‍ഡാണ് സംസ്ഥാനം ഇപ്പോള്‍ കൈവരിച്ചിട്ടുള്ളത്. മദ്യശാല തുറക്കാനും അടയ്ക്കാനും മദ്യലോബികളുമായി വിലപേശിയ മുന്‍സര്‍ക്കാരിന്റെ ശൈലിയല്ല എല്‍ഡിഎഫ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. വസ്തുതകളുമായി ഒരുബന്ധവുമില്ലാത്ത ആരോപണങ്ങള്‍ അടിക്കടി ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവ് നടത്തുന്നത്. ഇത് പ്രതിപക്ഷനേതാവിന്റെ ചുമതല കേവലമായ ആരോപണം ഉന്നയിക്കലാണ് എന്ന തെറ്റായ തോന്നലിന്റെയും രാഷ്ട്രീയ താല്‍പര്യങ്ങളുടെയും ഭാഗം മാത്രമാണ്. യുഡിഎഫ് ഭരണകാലത്തെക്കുറിച്ച് നല്ല ബോധ്യമുള്ള കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.
04-Oct-2018
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി