പി കെ പ്രകാശ്‌ എന്ന കോമാളി

റിപ്പോര്‍ട്ടര്‍ ചാനലിലെ എസി മുറിയില്‍ നിന്നും പി കെ പ്രകാശ് എറണാകുളത്തെ തെരുവില്‍ക്കൂടി ഒന്ന് നടക്കണം. എറണാകുളം ജില്ലാ ആശുപത്രിയിലേക്കും ഒന്ന് പോവണം. ജനപ്രതിനിധി എന്നുള്ള രീതിയില്‍ രാജീവ് നടത്തിയ ഇടപെടലിന്റെ സര്‍ഗാത്മകത ചിലപ്പോള്‍ പ്രകാശന്റെ മനസിലെ വിഷലിപ്തതയെ ഇല്ലാതാക്കിയേക്കും. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്ത രാജീവില്‍ പി കെ പ്രകാശ് കാണുന്ന കുറ്റം പാര്‍ട്ടി കൂറാണ്! അതൊരു തെറ്റ് ആണോ? പി കെ പ്രകാശിന്റെ മനോമണ്ഡലത്തില്‍ വരച്ചുവെച്ചിരിക്കുന്ന പാര്‍ട്ടിയില്‍ കൂറ് പാടില്ല. ചതിയും വഞ്ചനയും മാത്രമോ പാടുള്ളു. ആ പാര്‍ട്ടിയിലെ നേതാക്കള്‍ പ്രകാശനെ പോലുള്ളവരുടെ വിടുവായത്വം കേട്ട് ബുള്‍ഡോസറുമുരുട്ടി നടക്കണമായിരിക്കും.

ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ ആയാണ് മാധ്യമങ്ങള്‍ അറിയപ്പെടുന്നത്. ജനാധിപത്യപരവും ആരോഗ്യകരവുമായ വിമര്‍ശനങ്ങളും കണ്ടെത്തലുകളും ആണ് ഒരു ഉത്തരവാദിത്വമുള്ള മാധ്യമം പൊതുസമൂഹത്തിന് നല്‍കേണ്ടത്. എന്നാല്‍, ആ നാലാംതൂണ് സ്ഥാപിച്ചിരിക്കുന്നത് നിലവാരമില്ലാത്ത അടിത്തറയില്‍ ആണെങ്കിലോ!. നിലവാരമില്ലാത്ത ഒരു മാധ്യമത്തില്‍ നിന്നും/മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും എങ്ങനെ ക്രിയാത്മകമായ വിമര്‍ശനവും വിശകലനവും ഉണ്ടാകും?

സി പി ഐ എം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളുടെ രീതി വച്ച് നോക്കിയാല്‍ മുകളില്‍ പറഞ്ഞത് സാധൂകരിക്കുന്നതിനുള്ള നിരവധി ഉദാഹരണങ്ങള്‍ ലഭിക്കും. സി പി ഐ എം കോഴിക്കോട്, എറണാകുളം ജില്ല സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ പേജില്‍ വന്ന ലേഖനം ശ്രദ്ധിക്കൂ., ചാനലിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ആയ പി കെ പ്രകാശ് എഴുതിയ ആ ലേഖനം തുടങ്ങുന്നത് ഇങ്ങനെ ആണ്. : ''സിപിഐ എം'ല്‍ നേതാവാകുന്നതിനുള്ള മാനദണ്ഡം എന്താണ്? കോഴിക്കോട്, എറണാകുളം ജില്ലാ സമ്മേളനങ്ങള്‍ നല്‍കുന്ന ഉത്തരം രണ്ടാണ്. ഒന്നുകില്‍ കൊലയാളി ആകണം. കഴിയുമെങ്കില്‍ പാട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ തന്നെ. അല്ലെങ്കില്‍ വ്യഭിചാരി ആകണം. കഴിയുമെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ തന്നെ വ്യഭിചരിക്കണം.' വായില്‍ തോന്നിയത് എന്തും എഴുതി വിടുന്നതിനെ ആണോ മാധ്യമ പ്രവര്‍ത്തനം എന്ന് പറയുന്നത്? വാര്‍ത്തകളെ വസ്തുതാപരമായി സമീപിക്കുവാനും മാന്യമായ രീതിയില്‍ വിമര്‍ശിക്കുവാനുമുള്ള പരിപൂര്‍ണമായ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, ഒരു സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജില്ലയിലെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത നേതാക്കന്മാരെ കുറിച്ച് അപവാദ പ്രചരണം ഉത്തരവാദപ്പെട്ടത് എന്നവകാശപ്പെടുന്ന ഒരു ചാനലില്‍ കൂടി നടത്തുക, അതിന് ചാനലിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ തന്നെ നേരിട്ട് ഇറങ്ങുക എന്നത് എന്ത് തരം മാധ്യമ പ്രവര്‍ത്തനമാണ്!!

സിപിഐ എം'ന്റെ നേതൃത്വമേറ്റെടുക്കാന്‍ ഇതൊക്കെയാണ് മാനദണ്ഡം എന്നൊക്കെ പുച്ഛത്തോടെ പറയുന്നതിനെ ആക്ഷേപഹാസ്യം എന്നൊന്നും ഓമന പേരിട്ടു വിളിക്കുവാന്‍ പറ്റില്ല. ശുദ്ധ വിവരക്കേടും എന്തും വിളിച്ചുപറയാമെന്നുള്ള ധാര്‍ഷ്ട്യവുമാണത്.

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ 'പ്രതി ചേര്‍ക്കപ്പെട്ട്' രണ്ടു കൊല്ലത്തോളം ജയിലില്‍ കഴിഞ്ഞ പി മോഹനന്‍ മാസ്റ്റര്‍ കുറ്റവാളിയല്ല എന്ന് കണ്ട് വിചാരണ കോടതി അദ്ദേഹത്തെ വെറുതെ വിട്ടതാണ്. രാഷ്ടീയ വിരോധം തീര്‍ക്കാന്‍ വലതുപക്ഷവും പി കെ പ്രകാശിന്റേതടക്കമുള്ള ചില മാധ്യമങ്ങളും കെട്ടിചമച്ച് ആഘോഷിച്ച കേസിന്റെ പേരില്‍ ഒരു ജനനേതാവിന് മുകളില്‍ കൊലയാളി മുദ്ര ചാര്‍ത്തി കൊടുക്കാനാണ് ശ്രമമെങ്കില്‍ അതിനുവേണ്ടി പേനയുന്തുന്ന എക്‌സിക്യുട്ടീവ് എഡിറ്ററുടെ ബോധനിലവാരം പരിശോധിക്കേണ്ടിയിരിക്കുന്നു.

എറണാകുളത്തെ പൊതുസമൂഹത്തിന് സ്വീകാര്യനായ വ്യതിത്വം, വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ കൂടി പ്രവര്‍ത്തിച്ചും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചും ഉയര്‍ന്നുവന്ന സഖാവാണ് പി രാജീവ്. റിപ്പോര്‍ട്ടര്‍ ചാനലിലെ എസി മുറിയില്‍ നിന്നും പി കെ പ്രകാശ് എറണാകുളത്തെ തെരുവില്‍ക്കൂടി ഒന്ന് നടക്കണം. എറണാകുളം ജില്ലാ ആശുപത്രിയിലേക്കും ഒന്ന് പോവണം. ജനപ്രതിനിധി എന്നുള്ള രീതിയില്‍ രാജീവ് നടത്തിയ ഇടപെടലിന്റെ സര്‍ഗാത്മകത ചിലപ്പോള്‍ പ്രകാശന്റെ മനസിലെ വിഷലിപ്തതയെ ഇല്ലാതാക്കിയേക്കും. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്ത രാജീവില്‍ പി കെ പ്രകാശ് കാണുന്ന കുറ്റം പാര്‍ട്ടി കൂറാണ്! അതൊരു തെറ്റ് ആണോ? പി കെ പ്രകാശിന്റെ മനോമണ്ഡലത്തില്‍ വരച്ചുവെച്ചിരിക്കുന്ന പാര്‍ട്ടിയില്‍ കൂറ് പാടില്ല. ചതിയും വഞ്ചനയും മാത്രമോ പാടുള്ളു. ആ പാര്‍ട്ടിയിലെ നേതാക്കള്‍ പ്രകാശനെ പോലുള്ളവരുടെ വിടുവായത്വം കേട്ട് ബുള്‍ഡോസറുമുരുട്ടി നടക്കണമായിരിക്കും.

ഗോപി കോട്ടമുറിക്കല്‍ വ്യഭിചാരം നടത്തിയെന്നാണ് പി കെ പ്രകാശിന്റെ അടുത്ത ആരോപണം. വ്യഭിചാരത്തെ കുറിച്ചെഴുതാന്‍ പ്രകാശന് അര്‍ഹതയുണ്ട് എന്ന് പറയുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഏറെയുണ്ട്. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെ പ്രകാശ് നോക്കി കാണുന്നതിന്റെ കുഴപ്പം കൂടിയാണ് അത്. ഇവിടെ വ്യഭിചാരത്തിന്റെ അര്‍ത്ഥവും തലവും ഒക്കെ പ്രകാശന്‍ മാറ്റി എഴുതുകയാണ്. പാര്‍ട്ടി ഓഫീസ് ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ്് ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നടപടി കൈക്കൊണ്ടത്. ശിക്ഷാ കാലയളവ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ സമ്മേളന പ്രക്രിയയിലൂടെ തന്നെയാണ് ജില്ലാകമ്മറ്റിയിലേക്ക് തിരികെയെത്തിയത്.

പി കെ പ്രകാശന്‍ കണ്ണടച്ചാല്‍ സ്വയം ഇരുട്ട് തോന്നുമായിരിക്കാം എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ ആകണം എന്നില്ല. സിപിഐ എം വിരുദ്ധത മുഖമുദ്രയാക്കിയ ഒരാളുടെ ജല്‍പ്പനം എന്ന് പറഞ്ഞ് പ്രകാശന്റെ എഴുത്തിനെ തള്ളിക്കളയാം. എന്നാല്‍, ഒരു മാധ്യമ സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ ഒരു ലേഖനം എഴുതി പ്രസിദ്ധീകരിക്കുമ്പോള്‍ മിനിമം നിലവാരം വായനക്കാര്‍ പ്രതീക്ഷിക്കും. അതൊരു തെറ്റല്ല എന്ന് പ്രസ്തുത മാധ്യമത്തിന്റെ മാനേജ്‌മെന്റ് മനസിലാക്കണം.

നാലാം കിട മാസികകളില്‍, ക്രൈം നന്ദകുമാറിനെ തോല്‍പ്പിക്കുന്ന നിലവാരത്തില്‍ എഴുതുന്ന ഒരാളെ തങ്ങളുടെ മാധ്യമ സ്ഥാപനത്തിന്റെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചതുകൊണ്ട് എന്ത് നേട്ടമാണുള്ളതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ആത്മപരിശോധന നടത്തണം. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യമെന്നൊക്കെ പറഞ്ഞ് ന്യായീകരിക്കുവാന്‍ പലതും ഉണ്ടാകും എങ്കിലും ഈ ടൈപ്പ് വിവരക്കേടുകളും പുലഭ്യങ്ങളും എഴുതുന്ന, സ്വയം അപഹാസ്യനായി മാറിക്കൊണ്ടേയിരിക്കുന്ന പി കെ പ്രകാശിന് വായനക്കാരും കാഴ്ചക്കാരും നല്‍കുന്ന ഒരു സ്ഥാനം ഉണ്ട്. അത് ചവറ്റുകുട്ടയിലേക്കെറിയുന്ന കോമാളിയുടെ സ്ഥാനമാണ്.

16-Jan-2015