ഫേക്കു റോക്സിന്റെ യാഥാര്‍ത്ഥ്യം
അജിത് മേടെചിറയില്
അധികാരത്തിലേറിയ മോഡിയുടെ വികസന നായകന് ഇമേജ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന കാഴ്ച നമ്മള് കണ്ടതാണ്. വാഗ്ദാന പെരുമഴകളെല്ലാം വെറും വീണ്‍വാക്കുകള്‍ മാത്രമായിരുന്നു എന്നും വികസനകഥകള്‍ പി ആര് ഓ വര്‍ക്ക് മാത്രമായിരുന്നു എന്നും പൊതുജനം തിരിച്ചറിയാന്‍ തുടങ്ങി. കോര്‍പ്പറേറ്റുകള്‍ ചലിപ്പിക്കുന്നതിനനുസരിച്ച് ചലിക്കുന്ന ഒരു പാവ മാത്രമാണ് മോഡി എന്ന സത്യം വെളിപ്പെട്ടു തുടങ്ങി. ഭരണ പരാജയവും, സ്വന്തം കക്ഷിയിലെ ചില തീവ്ര വര്‍ഗീയ വാദികളായ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള സംഘിക്കൂട്ടം തൊടുത്തുവിടുന്ന തീവ്രവര്‍ഗീയ പ്രഖ്യാപനങ്ങളും മോഡിയെ തികച്ചും പ്രതിരോധത്തിലാക്കി. പഴയ വര്‍ഗീയവാദി, വംശഹത്യാ ഇമേജിലേക്ക് മോഡി തിരികെയെത്തും എന്ന അവസ്ഥ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ കോമാളി പരിവേഷം. മോഡിയുടെ ശക്തരായ വിമര്‍ശര്‍ പോലും മോഡി എന്ന് പറഞ്ഞ് ചിരിക്കുന്നു. ആ ചിരി പഴയ കാലത്തെ നിസാരവത്കരിക്കുന്ന മാനസികാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ മരംപെയ്ത്ത് ജീവിതകാലം മുഴുവന്‍ തുടരുന്നതിനേക്കാള്‍ നല്ലതാണല്ലൊ എല്ലാവരിലും ചിരിയുണര്‍ത്തുന്ന ഫേക്കു കോമാളി പരിവേഷം. |
രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു കോമാളിയാണോ? സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയം ആണിത്. അതിനുതക്കതായ ഫോട്ടോകളും കഥകളും ആണ് സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തമാശ കഥകള്‍ പ്രചരിക്കുന്നത്. ലോകനേതാക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പോലും സ്കൂള്‍ കുട്ടിയുടെ കൗതുകത്തോടെ ക്യാമറയില്‍ നോക്കുന്ന മോഡി, കൃത്രിമമായ പെരുമാറ്റങ്ങളും ബോഡി ലാംഗ്വേജും. പ്രസംഗങ്ങളില്‍ 'മനപൂര്‍വം' വരുത്തുന്ന 'മോഹന്‍ലാല്‍ ഗാന്ധി' പോലുള്ള ചില തെറ്റുകള്‍, ശ്രീലങ്കയില്‍ പോയപ്പോള്‍ മിസ്സിസ് എന്നത് 'എം ആര് എസ്' എന്ന് ടെലി പ്രോമ്പ്റ്റെര് നോക്കി വായിച്ചത്... മോഡി വിമര്‍ശനങ്ങള്‍ക്കൊപ്പം പരിഹാസത്തിനും പാത്രമാവുകയാണ്. വന്നുവന്ന് ഇപ്പോള്‍ കോമാളി കഥകള്‍ക്കുള്ള ഒരു കഥാതന്തുവാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി.
ഇങ്ങനെ ഇറങ്ങുന്ന കോമാളി കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റുകളായി മാറികൊണ്ടിരിക്കുന്നു. സി സി ടി വി ക്യാമറയ്ക്ക് പോലും പോസ് ചെയ്യുന്ന മോഡി എന്നത് സോഷ്യല്‍ മീഡിയയില്‍ സ്ഥിരം കേള്‍ക്കുന്ന തമാശയാണ്. ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ മോഡി നിറഞ്ഞു നില്‍ക്കുകയാണ്. ഒരുതരം കോമാളി പരിവേഷവുമായി. മലയാളികള്‍ സന്തോഷ് പണ്ഡിറ്റിനെ ആഘോഷിച്ചത് പോലെ ഇപ്പോള്‍ ആഘോഷിക്കുന്നത് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വിദൂഷകവേഷത്തിന്റെ കഥകളാണ്.
ഇവിടെ മോഡിയും അദ്ദേഹത്തിന്റെ ഹിന്ദുപരിവാരങ്ങളും യഥാര്‍ത്ഥത്തില്‍ ഈ കുപ്രസിദ്ധി ആഘോഷങ്ങളില്‍ അഭിരമിക്കുകയാണ്. ഇതില്‍ കുറെയൊക്കെ മോഡി സ്വയം സൃഷ്ടിക്കുന്ന കോമാളി കഥകളാണ്. ബാക്കി മാത്രമേ മറ്റുള്ളവര്‍ ചേര്‍ന്ന് ചാര്‍ത്തി കൊടുക്കുന്നുള്ളു. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ മോഡി എന്നത് ഒരു മുഴുനീള ഹാസ്യതാരമാണ്. ഇവിടെയാണ് ചിന്തിക്കെണ്ടിയിരിക്കുന്നത്. എങ്ങനെ/എന്തിനുവേണ്ടിയാണ് അതിബുദ്ധിമാനായ (ക്രിമിനല്ബുദ്ധിയുള്ള) ഒരാള്‍ ഇത്തരത്തില്‍ വേഷം കെട്ടുന്നത്? ഇമേജ് നിര്‍മിക്കുന്നത്? ആരാണ് ഇതിന്റെയൊക്കെ പിന്നില്‍?
നരേന്ദ്ര മോഡി എന്ന വ്യക്തി ആരായിരുന്നു, എന്തായിരുന്നു മോഡിക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന ഇമേജ്? എന്നതിന്റെ ഉത്തരം തേടുമ്പോള്‍ കുറച്ചുകൂടി വ്യക്തത കൈവരും. സംഘപരിവാര്‍ ഭീകരതയുടെ, വര്‍ഗീയ ഭ്രാന്തിന്റെ, വംശഹത്യയുടെ ക്രൂരവും പൈശാചികവുമായ ഒരു ഭൂതകാലം എക്കാലവും വേട്ടയാടികൊണ്ടിരിക്കുന്ന ഒരു നേതാവാണ് നരേന്ദ്രമോഡി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചൂണ്ടുവിരലുകള്‍ മോഡിക്ക് നേരെയായിരുന്നു. അതുമാത്രം മതി മോഡി മുന്നോട്ടുവെക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ, മോഡി എന്ന രാഷ്ട്രീയ നേതാവിന്റെ ഇരുണ്ട മുഖം വെളിവാക്കുവാന്‍.
ആര് എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന ഉന്മൂലന വര്‍ഗീയ സിന്ധാന്തം. അത് തരക്കേടില്ലാതെ ഗുജറാത്തില്‍ പ്രയോഗവത്കരിച്ചപ്പോഴാണ് നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രി പദം കരഗതമായത്. ഗുജറാത്ത് വംശഹത്യ നരേന്ദ്രമോഡിയുടെ തലയിലെ പൊന്‍തൂവല്‍ ആയി ഇന്നും നിലകൊള്ളുന്നു.
വര്‍ഗീയത മുഖമുദ്രയാക്കിയ നരേന്ദ്രമോഡിയുടെ 'നരാധമ'ഇമേജ് പ്രധാനമന്ത്രി സ്ഥാനത്തിന് യോജിച്ചതല്ല എന്നത് സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുവാന്‍ പി ആര് ഒ പണിയും ഫോട്ടോഷോപ്പ് പണിയും ഏകോപിപ്പിച്ച കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും അറിയാം. ആ ഇമേജിനെ പൊളിച്ചെഴുതാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍.
ഭൂതകാലത്തിന്റെ ഭീകരമായ മുഖം മറയ്ക്കുക എന്ന സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടെ ചിന്തയെ പ്രയോഗവത്കരിക്കുന്നതിന് തനതായ സംഘിശൈലി സഹായകമാവില്ല എന്ന തിരിച്ചറിവില്‍ അവര്‍ ആശ്രയിച്ചത്, ഗുജറാത്ത് മോഡല്‍ എന്ന നുണക്കൊട്ടാരെ കെട്ടിപ്പൊക്കിയ കോര്‍പ്പറേറ്റ് പി ആര് കമ്പനിയെ തന്നെയാവണം. ലോകസഭാ ഇലക്ഷന് കാലത്ത് സംഘപരിവാറിന് ജനതയുടെ മുന്നില്‍ നിര്‍ത്തുവാന്‍ ഒരു ബിംബം വേണമായിരുന്നു. മോഡിക്ക് ഒരു 'വികസന നായകന്' ഇമേജ് വ്യാജമായി ഉണ്ടാക്കിയെടുത്താണ് അവര്‍ മുന്നേറിയത്. ആരാണ് ഇതൊക്കെ ചെയ്തത്? ഐ ടി ലെജന്റുകള്‍ ഉള്‍പ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ വിംഗ് നെ തയാറാക്കി എടുക്കുക എന്നതാണ് ആദ്യം ചെയ്തത്. ആര് എസ് എസിന്റെ കീഴിലുള്ള ഐ ടി മിലന് മാത്രമായിരുന്നില്ല ആ ജോലിയില്‍ വ്യാപൃതരായത്. കോര്‍പ്പറേറ്റുകളുടെ സഹായവും ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ട്, മോഡിയുടെ 'വികസന' കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പാടി പുകഴ്ത്തി. കെട്ടുകഥകള്‍ യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ അവതരിപ്പിച്ചു. ജനങ്ങളെ കൊണ്ട് വിശ്വസിപ്പിച്ചു.
അങ്ങനെയാണ് മോഡിയും ബി ജെ പിയും തെരഞ്ഞെടുപ്പില്‍ പാസാവുന്നത്. പക്ഷെ, തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയ മോഡിയുടെ വികസന നായകന് ഇമേജ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് പിന്നെ നമ്മള് കണ്ടത്. വാഗ്ദാന പെരുമഴകളെല്ലാം വെറും വീണ്‍വാക്കുകള്‍ മാത്രമായിരുന്നു എന്നും വികസനകഥകള്‍ പി ആര് ഓ വര്‍ക്ക് മാത്രമായിരുന്നു എന്നും പൊതുജനം തിരിച്ചറിയാന്‍ തുടങ്ങി. കോര്‍പ്പറേറ്റുകള്‍ ചലിപ്പിക്കുന്നതിനനുസരിച്ച് ചലിക്കുന്ന ഒരു പാവ മാത്രമാണ് മോഡി എന്ന സത്യം വെളിപ്പെട്ടു തുടങ്ങി. ഭരണ പരാജയവും, സ്വന്തം കക്ഷിയിലെ ചില തീവ്ര വര്‍ഗീയ വാദികളായ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള സംഘിക്കൂട്ടം തൊടുത്തുവിടുന്ന തീവ്രവര്‍ഗീയ പ്രഖ്യാപനങ്ങളും മോഡിയെ തികച്ചും പ്രതിരോധത്തിലാക്കി. പഴയ വര്‍ഗീയവാദി, വംശഹത്യാ ഇമേജിലേക്ക് മോഡി തിരികെയെത്തും എന്ന അവസ്ഥ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ കോമാളി പരിവേഷം. മോഡിയുടെ ശക്തരായ വിമര്‍ശര്‍ പോലും മോഡി എന്ന് പറഞ്ഞ് ചിരിക്കുന്നു. ആ ചിരി പഴയ കാലത്തെ നിസാരവത്കരിക്കുന്ന മാനസികാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ മരംപെയ്ത്ത് ജീവിതകാലം മുഴുവന്‍ തുടരുന്നതിനേക്കാള്‍ നല്ലതാണല്ലൊ എല്ലാവരിലും ചിരിയുണര്‍ത്തുന്ന ഫേക്കു കോമാളി പരിവേഷം എന്ന് സംഘികളുടെ അന്തപുരത്തില്‍ ചിന്തിച്ചതിന്റെ പരിണിതഫലമാണ് നാം ഇന്ന് കാണുന്ന ഈ കഥകള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുറെ കഥകളും അബന്ധങ്ങളും കോര്‍പ്പറേറ്റ് പി ആര് ഓ ടീമുകള്‍ സൃഷ്ടിച്ചു കൊടുക്കും. ബാക്കിയുള്ളത് എതിരാളികള്‍ക്ക് സൃഷ്ടിക്കാന്‍ പാകത്തില്‍ ചെയ്തുവെക്കും. അങ്ങനെ പതിയെപതിയെ നരേന്ദ്രമോഡി ഒരു ലോലനും സരസനും ആയ രാഷ്ട്രീയക്കാരന്റെ റോളില്‍ എത്തും പഴയതെല്ലാം പൊതുജനം മറക്കും. ഈ കണക്കുകൂട്ടലുകളാണ് ഇതിന്റെയൊക്കെ പിന്നിലുള്ളത്. മോഡിയുടെ ചൈനാ സന്ദര്‍ശനത്തെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ ഉദാഹരണമാണ്. 'ഭീമന് രഘുവിനും മോഡി സാറിനും ഒരുസാമ്യമുണ്ട്., രണ്ടുപേരും വില്ലന്മാരായാണ് വന്നത്. അവസാനം കൊമേഡിയന്മാരായി' ഇത്തരത്തിലുള്ള താരതമ്യങ്ങള്‍ രസകരമായി അവതരിപ്പിക്കുമ്പോള്‍ തന്നെയും യാഥാര്‍ത്ഥ്യം നിലനില്ക്കുകതന്നെയാണ്. ഒരുനാള്‍ ഉരുക്കി ചേര്‍ത്ത ചെമ്പ് തെളിയുമെന്നതില്‍ സംശയം വേണ്ട. 'വികസന നായകന്' ഇമേജിന് സംഭവിച്ചതുപോലെയുള്ള ഒരന്ത്യം. കോര്‍പ്പറേറ്റ്-സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ അതോര്‍ക്കുന്നത് നല്ലതാണ്. കുറെ പേരെ കുറച്ചു കാലം പറ്റിക്കാം, കുറച്ചു പേരെ കുറെ കാലം പറ്റിക്കാം, എന്നാല്‍ എല്ലാപേരെയും എല്ലാകാലവും പറ്റിക്കാന്‍ കഴിയില്ല എന്നത് സംഘികളും കോര്‍പ്പറേറ്റ് പി ആര് ഒ സ്ഥാപനങ്ങളും മനസിലാക്കുന്നില്ല.
15-May-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി