വിമര്‍ശകര്‍ മുഖംമൂടി മാറ്റണം

ക്യാമ്പസിലെ ഒരു മരത്തിന്, ഒരു സഖാവിനോട് തോന്നുന്ന പ്രണയമാണ് കവിതയുടെ ഇതിവൃത്തം. ജയിലില്‍ കിടക്കുന്ന സഖാവിനെ കാത്തിരിക്കുന്ന ക്യാമ്പസിലെ ഒരു പൂമരമാണ് കവിതയിലെ ഒരു കഥാ പാത്രം. ഈ കവിതയുടെ ഉള്ളടക്കം ഇഷ്ടമായ നിരവധി ആളുകള്‍ ഉണ്ട്. എന്നാല്‍, കവിതയെ പ്രശ്‌നാധിഷ്ടിതമായി വിമര്‍ശിക്കുന്നവരും ഉണ്ട്. ആസ്വാദനം എന്നത് ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കാം. ഓരോരുത്തരുടെ അഭിരുചിയാണ് അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് ഗുണപരമായ മാറ്റത്തിന് നല്ലതുമാണ്. കവിതയുടെ കാമ്പിനെ വിമര്‍ശിക്കുന്നതിന് പകരം കവിത എഴുതിയ വ്യക്തിയും അത് ആലപിച്ച വ്യക്തിയും പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം പിരിച്ചുവിടണം എന്നൊക്കെയുള്ള വിവേക ശൂന്യമായ വാദം ഉയര്‍ത്തുന്ന ചിലരെയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കാണുന്നത്. ഈ കൂട്ടരെ ഒന്ന് എടുത്തു പരിശോധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രധാന സാമ്യമെന്നത് ഇവരൊക്കെ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരാണ് എന്നുള്ളതാണ്. കോഴിക്കോട് കടപ്പുറത്ത് അമാനവ സംഗമം നടത്തിയ ആളുകളും അതിനെ അനുകൂലിക്കുന്ന ചിലരുമാണ് എസ് എഫ് ഐക്കാര്‍ കവിത എഴുതിയതും ആലപിച്ചതും അവരുടെ ആസ്വാദന നിലവാരത്തിന് ചേരാത്തതായതുകൊണ്ട് എസ് എഫ് ഐ എന്ന പ്രസ്ഥാനം പിരിച്ചുവിടണമെന്നൊക്കെ ഫേസ്ബുക്കിലൂടെ പടച്ചു വിടുന്നത്. എന്താണ് ഈ വാദത്തിന് പിന്നിലുള്ളത്? 

ക്യാമ്പസുകള്‍ എന്നും സര്‍ഗാത്മനതയുടെ വിത്തുകള്‍ പാകുന്ന ഇടമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും ഒ വി വിജയനെയുമൊക്കെ ഏറെ ആഘോഷിച്ചത് കലായലയങ്ങള്‍ തന്നെയാണ്. പ്രണയവും രാഷ്ട്രീയവും കവിതയുമൊക്കെ കൂടി തീര്‍ക്കുന്ന ഊഷ്മളമായ, പ്രതീക്ഷാനിര്‍ഭരമായ അന്തരീക്ഷമായിരുന്നു എന്നും ക്യാമ്പസുകള്‍.

അതിനര്‍ത്ഥം ഇപ്പോള്‍ ഇതൊന്നുമില്ല എന്ന 'ഗതകാല അയവിറക്കല്‍' അല്ല. കാലത്തിനനുസരിച്ചുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളും കാമ്പസുകളെയും ഏറെ കുറെ മാറ്റിയിട്ടുണ്ട്. കഥയും കവിതയും കോളേജ് മാഗസിനുകളില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണ് പുതിയ സാഹചര്യങ്ങള്‍. എന്നാലും കുതറിമാറലുകള്‍ ഉണ്ട്. ഉശിരന്‍ കവിതകളും നിലപാടുകളും വിളിച്ചുപറയുന്ന ക്യാമ്പസുകള്‍ ഉണ്ട്. സര്‍ഗശേഷിയുടെ വിളനിലമായി തന്നെ നില്‍ക്കുകയാണ് കലാലയ അന്തരീക്ഷം. ക്യാമ്പസുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന കവിതകളും കഥകളും മറ്റ് സൃഷ്ടികളും പുലര്‍ത്തേണ്ട നിലവാരം എന്താവണം എന്ന നിഷ്‌കര്‍ഷ, അഭിരുചിയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന ചിലരാണ് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്. ക്യാമ്പസിലെ സൃഷ്ടികള്‍ അത്യന്താധുനീകം ആകാം പൈങ്കിളി ആകാം. അതില്‍ പ്രണയം ഉണ്ടാകാം. രാഷ്ട്രീയം ഉണ്ടാകാം. അതിനൊക്കെയപ്പുറത്ത് മനുഷ്യമനസിലെ ഏത് ചെറുസ്പന്ദനത്തിന്റെയും അനുരണനം ആകാം. അവയുടെ അര്‍ത്ഥതലങ്ങള്‍ ചികയേണ്ടത് പാബ്ലോ നെരൂദയുടെ വരികളോടൊപ്പം വെച്ചല്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'സഖാവ്' എന്നൊരുകവിത ഫേസ്ബുക്കില്‍ പലരും ഷെയര്‍ ചെയ്തു കണ്ടു. സാം മാത്യു എന്ന എസ് എഫ് ഐ പ്രവര്‍ത്തകന്‍ ആര്യാ ദയാല്‍ എന്ന എസ് എഫ് ഐ പ്രവര്‍ത്തക ആലപിക്കുകയും ചെയ്ത കവിതയാണത്. ഒരു വീഡിയോ. നിരവധി ആളുകള്‍ ആ കവിത കണ്ടു. ഷെയര്‍ ചെയ്തു. പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ അതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നു. ഇമ്പമാര്‍ന്ന ഈണം കൊണ്ടും അവതരണ ശൈലി കൊണ്ടും അത് മികച്ചു നില്‍ക്കുന്നു. ആ കവിത പൈങ്കിളി ആണെന്ന് പറയുന്നവര്‍ ഉണ്ടാകാം. അങ്ങനെയൊരഭിപ്രായം ഇല്ലാത്തവരും ഉണ്ട്. അല്ലെങ്കിലും പലര്‍ക്കും പ്രണയം എന്നത് എല്ലാ കാലത്തും പൈങ്കിളി തന്നെയാണല്ലൊ.

ക്യാമ്പസിലെ ഒരു മരത്തിന്, ഒരു സഖാവിനോട് തോന്നുന്ന പ്രണയമാണ് കവിതയുടെ ഇതിവൃത്തം. ജയിലില്‍ കിടക്കുന്ന സഖാവിനെ കാത്തിരിക്കുന്ന ക്യാമ്പസിലെ ഒരു പൂമരമാണ് കവിതയിലെ ഒരു കഥാ പാത്രം. ഈ കവിതയുടെ ഉള്ളടക്കം ഇഷ്ടമായ നിരവധി ആളുകള്‍ ഉണ്ട്. എന്നാല്‍, കവിതയെ പ്രശ്‌നാധിഷ്ടിതമായി വിമര്‍ശിക്കുന്നവരും ഉണ്ട്. ആസ്വാദനം എന്നത് ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കാം. ഓരോരുത്തരുടെ അഭിരുചിയാണ് അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് ഗുണപരമായ മാറ്റത്തിന് നല്ലതുമാണ്. കവിതയുടെ കാമ്പിനെ വിമര്‍ശിക്കുന്നതിന് പകരം കവിത എഴുതിയ വ്യക്തിയും അത് ആലപിച്ച വ്യക്തിയും പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം പിരിച്ചുവിടണം എന്നൊക്കെയുള്ള വിവേക ശൂന്യമായ വാദം ഉയര്‍ത്തുന്ന ചിലരെയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കാണുന്നത്.

ഈ കൂട്ടരെ ഒന്ന് എടുത്തു പരിശോധിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രധാന സാമ്യമെന്നത് ഇവരൊക്കെ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരാണ് എന്നുള്ളതാണ്. കോഴിക്കോട് കടപ്പുറത്ത് അമാനവ സംഗമം നടത്തിയ ആളുകളും അതിനെ അനുകൂലിക്കുന്ന ചിലരുമാണ് എസ് എഫ് ഐക്കാര്‍ കവിത എഴുതിയതും ആലപിച്ചതും അവരുടെ ആസ്വാദന നിലവാരത്തിന് ചേരാത്തതായതുകൊണ്ട് എസ് എഫ് ഐ എന്ന പ്രസ്ഥാനം പിരിച്ചുവിടണമെന്നൊക്കെ ഫേസ്ബുക്കിലൂടെ പടച്ചു വിടുന്നത്. എന്താണ് ഈ വാദത്തിന് പിന്നിലുള്ളത്? തീര്‍ത്തും അരാഷ്ട്രീയത മാത്രം. ഒരു അരാഷ്ട്രീയ കൂട്ടം ഫേസ്ബുക്കിനകത്ത് വളര്‍ന്നു വരുന്നുണ്ട്. എന്തിനെയും എതിര്‍ക്കുക. അങ്ങനെ പബ്ലിസിറ്റി ഉണ്ടാക്കുക. ഫേസ്ബുക്ക് ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുക. തുടങ്ങിയ ഉദ്ദോശങ്ങളാണ് അവര്‍ക്കുള്ളത്. ഒരു കവിതയെ കവിതയായി കണ്ട് വിമര്‍ശിക്കണം എങ്കില്‍ ഒരു നല്ല ഹൃദയം വേണം. അതില്ലായെങ്കില്‍ വരട്ടുവാദം ഉയര്‍ത്തി സ്വയം അവഹേളനം ഏറ്റുവാങ്ങാം എന്നത് മാത്രമേ സാധിക്കുകയുള്ളൂ.

ഇനി ഇതിന്റെ മറ്റൊരു വശം കൂടിയുണ്ട്. എങ്ങനെയും പ്രശസ്തി ഉണ്ടാക്കുക എന്നത് ഇതില്‍ ചില വിമര്‍ശകരുടെ ലക്ഷ്യമാണ്. ഇടതുപക്ഷത്തിനെ പ്രത്യേകിച്ച് സിപിഐ എംനെ എതിര്‍ക്കുകയോ, ചിലപ്പോള്‍ ഇതുപോലെയുള്ള വരട്ടുവാദങ്ങള്‍ ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ ചുരുക്കം ചില 'വികാരജീവികള്‍' ആയ പ്രൊഫൈലുകള്‍ വിമര്‍ശനം എന്നപേരില്‍ ചീത്തവിളി തുടങ്ങും. എന്നാല്‍, നിരവധി ഇടതനുഭാവികള്‍ ഈ വരട്ടുവാദങ്ങളെ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കുന്നതോ, എതിരഭിപ്രായം പറയുന്നതോ ഒന്നും ഇങ്ങനെയുള്ളവര്‍ കാണില്ല. അവര്‍ എപ്പോളും കേന്ദ്രീകരിക്കുന്നത് ചുരുക്കം ചില ആളുകള്‍ നടത്തിയ ചീത്ത വിളികളില്‍ ആയിരിക്കും. തങ്ങള്‍ പറഞ്ഞത് പൊതുവില്‍ വിമര്‍ശിക്കപ്പെട്ടു, സ്വീകാര്യത കിട്ടിയില്ല എന്നൊക്കെ മനസിലാക്കിയാല്‍ പിന്നെ അടുത്തപടിയായി 'ഇരവാദം' വിളമ്പി രംഗം കൊഴുപ്പിക്കലാണ്. ഇതാ, ഫേസ്ബുക്കിലെ സൈബര്‍ഗുണ്ടകള്‍ എന്നെ ചീത്തവിളിച്ചു, 'എന്നെ' രക്ഷിക്കൂ.... തുടങ്ങിയ സ്ഥിരം പരിപാടികള്‍ തുടങ്ങുകയായി. അപ്പോള്‍ അവിടെ രക്ഷകരായി എത്തുന്നതോ, 'ഇടതു' മേലങ്കിയണിഞ്ഞ ചിലരാവും. സ്ഥിരം രക്ഷകരാണ് ഇക്കൂട്ടര്‍. ഈ 'ചില' പ്രൊഫൈലുകള്‍ നടത്തിയ ചീത്തവിളികളെ കുറിച്ച് ഘോരഘോരം പോസ്റ്റിടും. അവസാനം ഒരു ഹാഷ്ടാഗും കാണും. തുടര്‍ന്ന് വിഷയത്തെ ആകെമൊത്തം പൊതുവല്‍ക്കരണം നടത്തും. പിന്നെ അടുത്ത ഘട്ടമാണ്. മാന്യമായി വിമര്‍ശിച്ചവരുള്‍പ്പെടെ ഉള്ളവരെ 'ഭക്തര്‍' എന്നും 'പാര്‍ട്ടിഅടിമകള്‍' എന്നും അഭിസംഭോധന ചെയ്തുകൊണ്ടുള്ള 'ഇടതു'മേലങ്കിക്കാരുടെ രണ്ടാംനിര പോസ്റ്റുകള്‍ ആണ് അത്. അങ്ങനെ ഏതെങ്കിലും ചുവന്നകൊടി വച്ച പ്രൊഫൈലുകളുടെ സഹായത്തോടെ ഇരവാദം പറഞ്ഞ് തടിതപ്പാന്‍ സാധിക്കുന്നു എന്നതാണ് ഇത്തരം വരട്ടുവാദക്കാര്‍ക്ക് കിട്ടുന്ന മറ്റൊരു ഗുണം.

ഇങ്ങനെയുള്ള കൂട്ടര്‍ ഫേസ്ബുക്കില്‍ മാത്രമല്ല, കലാലയങ്ങളിലും ഉണ്ട്. ക്യാമ്പസുകളില്‍ അരാഷ്ട്രീയത വളര്‍ന്നുവരുന്നത് ഇത്തരം കാരണങ്ങള്‍ക്കൊണ്ടുകൂടിയാണ്. അരാഷ്ട്രീയ ക്യാമ്പസുകളില്‍ സര്‍ഗവാസനയും കുറവാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയില്‍ മതിലുകള്‍ തീര്‍ക്കുന്ന ക്യാമ്പസുകള്‍ ആണ് അവയില്‍ ഭൂരിഭാഗവും. അവിടങ്ങളില്‍ നിന്ന് വളര്‍ന്നു വരുന്നത് എപ്പോഴും രാഷ്ട്രീയവിരുദ്ധ കൂട്ടായ്മകള്‍ ആയിരിക്കും. എഴുത്തിനും പ്രണയത്തിനും വായനയ്ക്കുമൊക്കെ വിലക്കേര്‍പ്പെടുത്തിയ അത്തരം ക്യാമ്പസുകളെ താലോലിക്കുന്ന ആളുകള്‍ക്ക് ഇപ്പോഴും രാഷ്ട്രീയം നിറഞ്ഞാടുന്ന, സര്‍ഗശേഷി നുരഞ്ഞു പൊങ്ങുന്ന ക്യാമ്പസുകളോടും അവിടങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന സാഹിത്യത്തോടും ആഭിമുഖ്യം കാണില്ല. അതിനെ അംഗീകരിക്കാനോ, അല്ലെങ്കില്‍ ആരോഗ്യപരമായി വിമര്‍ശിക്കാനോ സാധിക്കില്ല. അവര്‍ക്ക് ആകെ പറ്റുന്നത് ഇടതു മേലങ്കിയണിഞ്ഞ ചിലരുടെ കൂടെ കൂടി ഇടതുപക്ഷത്തിനുമേല്‍ കുതിര കയറുക എന്നതാണ്. അല്ലെങ്കില്‍ 'താന്‍' വ്യത്യസ്തനാണ് എന്ന് വിളിച്ചുപറഞ്ഞ് മറ്റുള്ളവരുടെ ശ്രദ്ധനേടുക എന്നതാണ്.

സഖാവ് എന്ന കവിത എഴുതിയതിന്റെ പേരില്‍, ആലപിച്ചതിന്റെ പേരില്‍ പിരിച്ചുവിടേണ്ട ഒന്നല്ല എസ് എഫ് ഐ എന്ന ഏറ്റവും മിനിമം ധാരണ ഇല്ലാത്തവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനല്ല ഈ കുറിപ്പ്. മറിച്ച, ഇവരെ മനസിലാക്കുവാനും ഇക്കൂട്ടര്‍ ഇടതുപക്ഷത്തിനും പുരോഗമനാഭിമുഖ്യത്തിനും ഉണ്ടാക്കുന്ന പരിക്ക് ഇല്ലാതാക്കാനുമുള്ള ശ്രദ്ധ നമുക്കോരോരുത്തര്‍ക്കും ഉണ്ടാവണം എന്ന് ചൂണ്ടിക്കാട്ടാനാണ്.

04-Aug-2016