ആരുണ്ടിവിടെ തടയാന്‍?

തിരുവാതിര കളിച്ചാല്‍ വിപ്ലവം ചോര്‍ന്നുപോകുമെന്ന സിദ്ധാന്തക്കാര്‍ ഏത് ലോകത്ത് ജീവിക്കുന്നവരാണ്? തിരുവാതിരവിരുദ്ധ സിദ്ധാന്തം ആര്‍ക്ക് വേണ്ടിയാണ് ഇക്കൂട്ടര്‍ പ്രയോഗിക്കുന്നത്? ആര്‍ക്കാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ സര്‍ക്കാസം കൊണ്ട് ഗുണമുണ്ടാവുക? വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുള്ളവര്‍ക്ക് ഇപ്പോഴത്തെ തിരുവാതിരവിരുദ്ധ വായ്ത്താരി വലതുപക്ഷത്തിന് വേണ്ടിയുള്ളതാണ് എന്ന് സംഗ്രഹിക്കാന്‍ സാധിക്കും. കാരണം ആലപ്പുഴയില്‍ തിരുവാതിരക്കളി സംഘടിപ്പിച്ചത് സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ്. സമ്മേളനം വിജയകരമായി ആലപ്പുഴയില്‍ സംഘടിപ്പിക്കുകയും ചെയ്യും. തുരുവാതിര വിവാദമാക്കി അതിലൂടെ സമ്മേളനത്തിന്റെ ശോഭകെടുത്താമെന്ന വ്യാമോഹമാണ് വിമര്‍ശകര്‍ക്കുള്ളത്. 

ഇനി 'ഫ്യൂഡല്‍തിരുവാതിര' കളിച്ച സഖാവ് റെഡ് വളണ്ടിയറാവാന്‍ പാടില്ല എന്ന തിട്ടൂരവും ഇക്കൂട്ടര്‍ ഇറക്കുമോ? റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ കുലുങ്ങുന്ന ശരീരഭാഗങ്ങള്‍ നോക്കാനായും ഇക്കൂട്ടര്‍ പോകുമോ? അതും വിമര്‍ശന വിധേയമാക്കുമോ? ഒരു കലാരൂപം അവതരിപ്പിക്കുമ്പോള്‍ എവിടെ നോക്കണം എന്നത് കാണുന്നവന്റെ സംസ്‌കാരമാണ്. ഫ്യൂഡല്‍ മാടമ്പികള്‍ തിരുവാതിര കാണാനുള്ള അവസരമുണ്ടായപ്പോള്‍ ചിലപ്പോള്‍ നിതംബങ്ങളാണ് ശ്രദ്ധിച്ചിട്ടുണ്ടാവുക. അതവരുടെ സംസ്‌കാരം. പക്ഷെ, ആ സംസ്‌കാരത്തെയും മനോഘടനയേയും തൃപ്തിപ്പെടുത്താനുള്ളതാണ് തിരുവാതിരക്കളി എന്ന് പറഞ്ഞാല്‍ അത് തലതിരിഞ്ഞ ചരിത്ര വായനയാണ്. ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ വക്താക്കളെ പോലെ വിമര്‍ശകരെന്തിനാണ് നിതംബങ്ങളെ ലക്ഷ്യം വെക്കുന്നത്? സ്ത്രീകളെ വെറും ശരീരമായും നിതംബമായും ചുരുക്കി കെട്ടുകയാണോ ഇക്കൂട്ടര്‍?

ലോകത്ത് നടന്നിട്ടുള്ള സാംസ്‌കാരിക പരിണാമങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ്, ഒരു ഫാഷനെന്ന രീതിയില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തി കൊണ്ടുവരുന്നത്. ഇതിന് ഒരു പ്രസക്തിയുമില്ല. കവിതയും നോവലുമടക്കമുള്ള സാഹിത്യ ശാഖകളും ഓട്ടന്‍തുള്ളലും തിരുവാതിരക്കളിയടക്കമുള്ള കലാ രൂപങ്ങളുമൊക്കെ ഒരു കാലത്ത് ഫ്യൂഡല്‍ രാജാക്കന്‍മാരുടെ കൈകളിലായിരുന്നു. തങ്ങള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് എല്ലാ കലാരൂപങ്ങളെയും അവര്‍ ഉപയോഗിച്ചത്. ഇതൊക്കെ പിന്നീട് ജനങ്ങളുടേതായി മാറി. ആ മാറ്റത്തിന് പിറകില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുമൊക്കെയുണ്ട്. ആര്‍ക്കും ആസ്വദിക്കാവുന്ന ആര്‍ക്കും ആവിഷ്‌കരിക്കാവുന്ന കലാരൂപങ്ങളെ 'ഫ്യൂഡല്‍സമ്മന്തം' കഥ പറഞ്ഞ് തിരിച്ചുകൊടുക്കാന്‍ തല്‍ക്കാലം മനസില്ല.

ആസ്ഥാനകവികള്‍ രാജസദസുകളില്‍ ഓച്ഛാനിച്ച് നിന്നായിരുന്നു ഒരു കാലത്ത് കവിത ചൊല്ലിയിരുന്നത്. ഇന്നങ്ങനെയാണോ? കുമാരനാശാന് ഫ്യൂഡല്‍ രാജാവ് പട്ടും വളയും കൊടുത്തു എന്നത് കൊണ്ട് ആശാന്റെ കവിതകളും ആശാന്‍ മുന്നോട്ടുവെച്ച ആശയങ്ങളും മോശമാകുമോ? തിരുവാതിര ഫ്യൂഡല്‍ മാടമ്പികളുടെ ആസ്വാദനത്തിന് വേണ്ടി ഉണ്ടാക്കിയ കലാരൂപമാണെന്ന വാദമൊക്കെ ശുദ്ധ നുണയാണ്. ഞങ്ങളുടെയൊക്കെ നാട്ടിന്‍പുറങ്ങളില്‍ ഓണക്കാലത്ത് സ്ത്രീകളുടെ കൂട്ടായ്മകളിലാണ് തിരുവാതിര അരങ്ങേറിയിരുന്നത്. അവരുടെ ഒരാഘോഷം എന്ന നിലയില്‍. അവര്‍ക്ക് വഴങ്ങുന്ന പാട്ടുകളാണ് അവര്‍ അതിന് ഉപയോഗിച്ചിരുന്നത്. ഇന്ന് ആലപ്പുഴയിലെ സ്ത്രീകള്‍; ഡോക്ടര്‍മാര്‍, കയറ് പിരിക്കുന്ന തൊഴിലാളികള്‍, പൊതുപ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, വക്കീലന്‍മാര്‍, അധ്യാപികമാര്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള സ്ത്രീകള്‍ തിരുവാതിര കളിച്ചു. അവര്‍ക്ക് അനുയോജ്യമായ പാട്ടാണ് അവര്‍ ഉപയോഗിച്ചത്. അവര്‍ കളിച്ചു. ചിരിച്ചു. സന്തോഷിച്ചു. പിരിമുറുക്കങ്ങളെ മാറ്റിവെച്ചു. തങ്ങള്‍ അടുക്കള തൊഴുത്തിലെ അടക്കമുള്ള മാടുകളല്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇവര്‍ വീട്ടില്‍ നിന്ന് പൊതു സമൂഹത്തിലേക്ക് ഇറങ്ങിയത് വിമര്‍ശകര്‍ക്ക് രുചിച്ചുകാണില്ല. ഇത്രയും സ്ത്രീകള്‍ സിപിഐ എം സമ്മേളന വേദിയില്‍ ആഘോഷം തീര്‍ത്തപ്പോള്‍ ഹാലിളകുന്നതും നിതംബ വിമര്‍ശനം നടത്തുന്നതും രോഗം വേറെയായതുകൊണ്ടാണ്.

തിരുവാതിര കളിച്ചവരില്‍ പലരും റെഡ് വളണ്ടിയര്‍മാരാണ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റെഡ് വളണ്ടിയര്‍മാരുടെ വനിതാ പ്ലാറ്റൂണിനെ നയിക്കുന്നത് തിരുവാതിര കളിച്ച വനിതാ സഖാവാണ്. ഇനി 'ഫ്യൂഡല്‍തിരുവാതിര' കളിച്ച സഖാവ് റെഡ് വളണ്ടിയറാവാന്‍ പാടില്ല എന്ന തിട്ടൂരവും ഇക്കൂട്ടര്‍ ഇറക്കുമോ? റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ കുലുങ്ങുന്ന ശരീരഭാഗങ്ങള്‍ നോക്കാനായും ഇക്കൂട്ടര്‍ പോകുമോ? അതും വിമര്‍ശന വിധേയമാക്കുമോ? ഒരു കലാരൂപം അവതരിപ്പിക്കുമ്പോള്‍ എവിടെ നോക്കണം എന്നത് കാണുന്നവന്റെ സംസ്‌കാരമാണ്. ഫ്യൂഡല്‍ മാടമ്പികള്‍ തിരുവാതിര കാണാനുള്ള അവസരമുണ്ടായപ്പോള്‍ ചിലപ്പോള്‍ നിതംബങ്ങളാണ് ശ്രദ്ധിച്ചിട്ടുണ്ടാവുക. അതവരുടെ സംസ്‌കാരം. പക്ഷെ, ആ സംസ്‌കാരത്തെയും മനോഘടനയേയും തൃപ്തിപ്പെടുത്താനുള്ളതാണ് തിരുവാതിരക്കളി എന്ന് പറഞ്ഞാല്‍ അത് തലതിരിഞ്ഞ ചരിത്ര വായനയാണ്. ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ വക്താക്കളെ പോലെ വിമര്‍ശകരെന്തിനാണ് നിതംബങ്ങളെ ലക്ഷ്യം വെക്കുന്നത്? സ്ത്രീകളെ വെറും ശരീരമായും നിതംബമായും ചുരുക്കി കെട്ടുകയാണോ ഇക്കൂട്ടര്‍?

കുറെ കാലമായി ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ചില ബുദ്ധിജീവി സുഹൃത്തുക്കളും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സിപിഐ എം വളരെ മോശപ്പെട്ട ഒരു പ്രസ്ഥാനമാണെന്നാണ്. അവര്‍ പറയുന്നു: സമൂഹത്തിന്റെ വിവിധ ധാരകളിലുള്ള സ്ത്രീകള്‍ സിപിഐ എം എന്ന പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം, ഈ പാര്‍ട്ടി പേടിക്കേണ്ട ഒന്നാണ്, അതിനോട് അടുത്ത് നിന്നാല്‍ നിങ്ങള്‍ക്ക് രക്ഷയില്ല, കണ്ണില്‍ ചോരയില്ലാത്തവരുടെ പാര്‍ട്ടിയാണത് തുടങ്ങി നിരവധി നുണക്കഥകള്‍. ഈ പ്രചരണം നടത്തുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഇരുചെകിടത്തും മാറി മാറി അടിച്ചുകൊണ്ടാണ് ആലപ്പുഴയിലെ സ്ത്രീകള്‍ തിരുവാതിര കളിച്ചത്. ഞങ്ങള്‍ നൃത്തം ചെയ്യും ഞങ്ങള്‍ ചിരിക്കും ഞങ്ങള്‍ താളം ചവിട്ടും, ഈ പാര്‍ട്ടിയുടെ കൂടെ. ഇനിയും തിരുവാതിര കളിക്കും എല്ലാ കലകളും ജനകീയമാക്കും ആരുണ്ടിവിടെ തടയാന്‍ എന്നാണ് ആലപ്പുഴയിലെ, കേരളത്തിലെ സ്ത്രീശക്തി ചോദിക്കുന്നത്.

 

18-Feb-2015