ആകാശത്തുനിന്ന് പൊട്ടിമുളച്ചതാണെന്ന് വിശ്വസിപ്പിക്കലാണ് ഭംഗി
കുഴൂര്‍ വിത്സണ് / വിഷ്ണു പ്രസാദ്
ജില്ലയിലെ ആര് എസ് എസിന്റെ ആദ്യത്തെ പ്രചാരകനായാണ് അച്ഛന് വയനാട്ടില്‍ എത്തുന്നത്. അവിടെവെച്ചാണ് അമ്മയെ കാണുന്നത്. അവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. അച്ഛന് പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പലചരക്കു കച്ചവടം, നഴ്സറിയില്‍ നിന്ന് തൈകളും വളവും ഓര്‍ഡറെടുത്ത് എത്തിച്ചുകൊടുക്കല്‍, സായാഹ്നപത്രം നടത്തല്‍, പ്രസ്സ്, കൃഷി, രാഷ്ട്രീയത്തില്‍ സി.പി.എം, ആര്.എസ്.എസ്, കോണ്‍ഗ്രസ്സ് തുടങ്ങി കേരളകോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഹിന്ദു ഐക്യവേദിയില്‍ പ്രവര്‍ത്തിക്കുന്നു. ചെക്ക് കേസില്‍ പെട്ട് കുറച്ചുകാലം ജയിലില്‍ കഴിഞ്ഞു. അതിന് ശേഷം ജ്യോതിഷവും മന്ത്രവാദവുമായി കഴിയുന്നു. അദ്ദേഹത്തെ തിരുത്താന്‍ എന്നെക്കൊണ്ടാവില്ല. വിയോജിപ്പുകളേയുള്ളൂ. അതുകൊണ്ട് ഞാന്‍ എന്റെ പാടുനോക്കി കഴിയുന്നു. |
കുഴൂര്‍ വില്‍സണ്‍ : 2006 സെപ്തംബറിലാണു നിങ്ങള്‍ പ്രതിഭാഷ എന്ന ബ്ലോഗ് ആരംഭിക്കുന്നത്. 2007ല്‍ നിങ്ങളുടെ വര്‍ഗ്ഗീസ് പുണ്യവാളന് എന്ന കവിത നെറ്റില്‍ കറങ്ങിനടക്കുന്നത് കണ്ടിട്ടാണു ഞാനൊക്കെ നിങ്ങളുടെ അടുത്ത് കൂടുന്നത്. കഴിഞ്ഞ 20 വര്‍ഷമായി മലയാള കവിതയെ അടുത്തും അകന്നും എനിക്ക് പരിചയമുണ്ട്. അത് കൊണ്ട് ചോദിക്കുകയാണ്. 2006 വരെ, പ്രതിഭാഷയില്‍ എത്തും വരെ, നിങ്ങളും നിങ്ങളുടെ കവിതയും എന്തെടുക്കുകയായിരുന്നു
വിഷ്ണുപ്രസാദ് : ഇത് സംബന്ധിച്ച് ഞാന്‍ വിശദമായി എന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.പ്രതിഭാഷ എന്ന ബ്ലോഗ് തുടങ്ങും മുന്‍പ് ഞാന്‍ ഏതാണ്ട് നൂറ്റന്പതോളം കവിതകള്‍ എഴുതി.എന്റെ അഞ്ചു കവിതകള്‍ ഒരു സമാഹാരത്തില്‍ വന്നു. ചില കവിതകള്‍ കവിതാസംഗമത്തില്‍ വന്നു. കവിതാസംഗമമായിരുന്നു എനിക്ക് ആകെ കിട്ടിയ ഇടം. അതു നിലനിന്നാല്‍ ഇനിയും എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് മരിച്ചു. അതോടെ കവിത പ്രസിദ്ധീകരിക്കാമെന്നുള്ള എന്റെ മോഹവും നിലച്ചു. മറ്റെന്തെങ്കിലും ചെയ്യാമെന്ന് കരുതി ഒരു വീഡിയോക്യാമറ വാങ്ങി തോന്നിയതെല്ലാം പിടിക്കാന്‍ തുടങ്ങി. പൂമ്പാറ്റകളോട് താത്പര്യം തോന്നി. പൂമ്പാറ്റകളെക്കുറിച്ച് ഞാന്‍ എടുത്ത ചിത്രങ്ങളും വീഡിയോയും അപ്ലോഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇന്റര്‍നെറ്റില്‍ കയറി. ബ്ലോഗ് തുടങ്ങി. മലയാളം ബ്ലോഗുകള്‍ കണ്ട് അന്തം വിട്ടു. അങ്ങനെയാണ് പ്രതിഭാഷ എന്ന കവിതാബ്ലോഗ് തുടങ്ങുന്നത്.
രണ്ട്
കുഴൂര്‍ വില്‍സണ്‍ : കാണുന്നവരോടൊക്കെ പ്രേമം തോന്നുന്ന ഒരു തരം രോഗം നിങ്ങള്‍ക്ക് ഉണ്ടെന്നാണ് കണ്ടിട്ടുള്ളത്. പ്രേമത്തിന്റെ പേരില്‍ നാണം കെടുന്ന ഒരു മനുഷ്യജീവി വിഷ്ണുപ്രസാദ് എന്ന കവിയിലുണ്ട്. നിങ്ങള്‍ക്ക് നാണമില്ലേ മനുഷ്യാ?... എന്ന ചോദ്യത്താല്‍ വിഷ്ണുപ്രസാദ് പലതവണ നട്ടം തിരിയുന്നത് സ്വപ്നത്തിലും അല്ലാതെയും ഞാന്‍ കണ്ടിട്ടുണ്ട്. പ്രണയം നിങ്ങള്‍ക്ക് ഒരു രോഗമാണോ? അതല്ലെങ്കില്‍ ഈ തോന്നല്‍ എന്റെ രോഗമാണോ? സത്യം പറ, നിങ്ങള്‍ ഇതുവരെ എത്ര പേരെ ഉമ്മ വച്ചിട്ടുണ്ട്? വിഷ്ണുപ്രസാദ് എന്ന കവിയുടെ ഭാര്യ നിങ്ങളെ എങ്ങനെ സഹിക്കുന്നു ?
വിഷ്ണുപ്രസാദ് : പ്രേമം കവിതയുടെ ഇന്ധനമാണെന്ന ഒരു ധാരണ എനിക്കുണ്ട്. പ്രേമം എന്നെ പുതുക്കിയേക്കും എന്ന പ്രതീക്ഷ എനിക്ക് എക്കാലത്തുമുണ്ട്. കുളിക്കാതെ നടക്കുന്ന ഒരു തെണ്ടിക്ക് ജലാശയം കാണുമ്പോള്‍ ഒന്ന് വൃത്തിയായി നടന്നേക്കാം എന്നൊരു തോന്നലുണ്ടാവുമെങ്കില് അതിനു തുല്യമാണ് എന്റെ പ്രേമിക്കാനുള്ള ആശയും. തെണ്ടികളില്‍ നിന്ന് വൃത്തിയായി പരിപാലിക്കപ്പെടുന്ന ജലാശയങ്ങള്‍ അകന്നു നില്ക്കുന്നതുപോലെ ഞാന്‍ പ്രണയാഭ്യര്‍ഥനയുമായി ചെന്നിട്ടുള്ള ഭൂരിഭാഗം സ്ത്രീകളും എന്നില്‍ നിന്ന് അകന്നു നിന്നു. എങ്കിലും ഞാന്‍ പ്രണയം അതിന്റെ എല്ലാ അര്‍ഥത്തിലും അനുഭവിച്ചിട്ടുണ്ട്. അമ്മയോ പെങ്ങളോ മകളോ അല്ലാതെ ഞാന്‍ ചുംബിച്ച സ്ത്രീകളുടെ എണ്ണം എന്തായാലും രണ്ടു കൈകളിലേയും വിരലുകളുടെ എണ്ണത്തേക്കാള്‍ കൂടുതലില്ല... :)
പാത്തുമ്മക്കുട്ടി എന്നെ എങ്ങനെ സഹിക്കുന്നുവെന്ന് അവളോട് തന്നെ ചോദിക്കണം.
മൂന്ന്
കുഴൂര്‍ വില്‍സണ്‍ : വിഷ്ണുപ്രസാദ് എന്ന കവിയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണം എന്ന് എത്ര തവണ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്? ശരിക്കും എത്ര മാത്രം വിഷ്ണുപ്രസാദിന്റെ കവിതകളെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്? പതിനാറാം നമ്പര്‍ ബസിലെ വിഷ്ണുപ്രസാദ് എന്ന കവിയെ പലതവണ നിങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ക്ക് അയാളെപ്പറ്റിയും അയാളുടെ കവിതകളെപ്പറ്റിയും വല്ലതും പിടികിട്ടിയിട്ടുണ്ടോ?
വിഷ്ണുപ്രസാദ് : ഒരു പുതിയ സ്ഥലത്തേക്കുള്ള യാത്രയില്‍ വന്നുപെടൂന്ന അനുഭവങ്ങള്‍ പോലെ തികച്ചും പുതിയതാണ് വിഷ്ണുപ്രസാദിനും അയാളുടെ കവിതകള്‍. വായനക്കാരനില്‍ നിന്ന് അയാളും ഒട്ടും വ്യത്യസ്തനല്ല. അയാള്‍ ഇനിയെന്ത് എഴുതും? എത്രത്തോളം എഴുതും? ഈ കാര്യങ്ങളിലൊന്നും ഒരു പിടിയുമില്ല. എന്തായാലും അയാളുടെ പിടി വിടാനാണ് എനിക്കിഷ്ടം :)
നാല്
കുഴൂര്‍ വില്‍സണ്‍ : ഒരു കവിതയില്‍ തന്നെ പലതവണ വിളിച്ച് കൂവുന്ന ഒരു ഭ്രാന്തനാണ് പലപ്പോഴും എനിക്ക് വിഷ്ണുപ്രസാദ്. നിങ്ങള്‍ക്ക് ഒരു വാക്കുകളെയും വിശ്വാസമില്ലാത്തത് പോലെയാണ് പലപ്പോഴും കവിതകളില്‍ നിങ്ങളുടെ പെരുമാറ്റം. ഒരു വെരുകിനെ കൂട്ടിലടച്ചത് പോലെ. അല്ലെങ്കില്‍ ഒരു കടലിനെ കുപ്പിയിലടച്ചത് പോലെ. ഓരോ കവിതകളിലും എന്തൊരു വിമ്മിട്ടമാണ് നിങ്ങളുടെ വാക്കുകള്‍ക്ക്. വാക്കുകളെ അടച്ചിട്ടിരിക്കുന്ന എടിഎം കൗണ്ടറുകളാണ് കവിതകള്‍ എന്ന് നിങ്ങള്‍ വിചാരപ്പെടുന്നത് പോലെ തോന്നും ഓരോ കവിതയും വായിക്കുമ്പോള്‍. കയറുപൊട്ടിച്ചോടുന്ന ഒരു പശുവിന് ഓരോ കവിതയിലും നിങ്ങള്‍ പുല്ലുകൊടുക്കുന്നുണ്ട്. ഇല്ലേ?
വിഷ്ണുപ്രസാദ് : വാക്കുകളെക്കുറിച്ച് വേവലാതിയില്ല. ആശയാവിഷകരണമാണ് ലക്ഷ്യം. കയ്യില്‍ പരിമിതമായ വാക്കുകളേയുള്ളൂ. ഒരു തവള അതിന്റെ പേക്രോം കൊണ്ട് എല്ലാ ജീവിതപ്രശ്നങ്ങളെയും ആവിഷ്കരിക്കുന്നു. വാക്കുകള്‍ പോരെന്ന് അതിനു തോന്നുന്നില്ല.
അഞ്ച്
കുഴൂര്‍ വില്‍സണ്‍ : സത്യത്തില്‍ വിഷ്ണുപ്രസാദ് എന്ന ഭ്രാന്തനെ നിങ്ങള്‍ കവിതയില്‍ അടക്കുകയാണോ? കവിതയിലേക്ക് തുറന്നിടുകയാണോ?
വിഷ്ണുപ്രസാദ് : ജീവിതത്തില്‍ അത്രവലിയ ഭ്രാന്ത് എനിക്ക് ഉണ്ടെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു! കവിതയെഴുതുന്നയാളാണെന്ന് പോലും ജീവിക്കുന്ന ചുറ്റുവട്ടത്ത് അറിയിക്കാറില്ല. തൊഴിലിടത്തിലോ നാട്ടിലോ കവിയല്ല. വയനാട്ടില്‍ അറിയപ്പെടുന്ന കവികളില്‍ എന്റെ പേരില്ല. അത്രയ്ക്ക് അകത്തേക്ക് തിരിഞ്ഞിരിക്കുന്ന ഒരാളാണ്! ഭാവനയെ ഭ്രാന്ത് എന്ന് വിളിക്കാമെങ്കില്‍ ആ ഭ്രാന്ത് കവിതയിലേക്ക് തുറന്നിട്ടിട്ടുണ്ട്.
ആറ്
കുഴൂര്‍ വില്‍സണ്‍ : 2007ലാണ് വിഷ്ണുപ്രസാദ്, ലിംഗരാജ് എന്ന കവിതയെഴുതുന്നത്. ഇന്ദീവരാക്ഷി കവലയില്‍ എല്ലാവരും ലിംഗങ്ങളാണെന്നാണ് ലിംഗരാജ് പറയുന്നത്. 2013'ല്‍ ലിംഗവിശപ്പ് എന്ന ഒരു കവിത നിങ്ങള്‍ എഴുതുകയുണ്ടായി. മുതിര്‍ന്ന കവി ചെമ്മനം ചാക്കോ ഉള്‍പ്പടെ കുറെപ്പേര് അത് വായിക്കുകയുമുണ്ടായി. 2007'ല്‍ നിന്ന് 2013 ആയപ്പോഴേക്കും എല്ലാവരും ലിംഗങ്ങളാണ് എന്ന നിലയില്‍ നിന്ന് നിങ്ങള്‍ തന്നെ ഒരു ലിംഗമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ശരിക്കും എന്താണ് ലിംഗവും നിങ്ങളുടെ കവിതയും തമ്മിലുള്ള ഇടപാട്?
വിഷ്ണുപ്രസാദ് : ലിംഗരാജില് ഒരു സ്ത്രീ പുരുഷാധിപത്യസമൂഹത്തില്‍ നേരിടുന്ന ഭയങ്ങളാണ് വിഷയമെങ്കില്‍ ലിംഗവിശപ്പില്‍ ഇതിനു കാരണക്കാരന്‍ എന്ന് നാം വിശ്വസിക്കുന്ന പുരുഷപക്ഷത്താണ് കവിത. ഇവിടെ വേട്ടക്കാരനും ഒരു ഇരയാണ്. സ്ത്രീയാണ് ഇര എന്നാണ് നാം ഇന്നേവരെ കണ്ടിരുന്നത്. ശരിക്കും ലൈംഗികക്കുറ്റവാളിയായ പുരുഷനും ഒരു ഇരയാണ്. അത് കവിതയായി വെളിപ്പെടാന്‍ ഇത്രവര്‍ഷം വേണ്ടിവന്നു എന്നു മാത്രം. ലൈംഗിക അടിച്ചമര്‍ത്തലിന് വിധേയനായ ഈ പുരുഷനും ദയ അര്‍ഹിക്കുന്നുണ്ട്. സ്നേഹം അര്‍ഹിക്കുന്നുണ്ട്. അയാളെ കുറ്റവാളി അല്ലാതാക്കാന്‍ സമൂഹത്തിന് കഴിയും. ലൈംഗികതിയില്‍ കുറച്ചുകൂടി തുറന്ന ഇടപെടലുകള്‍ക്ക് സ്വാതന്ത്ര്യം നല്കാന് സമൂഹത്തിന് കഴിയണം. ലൈംഗികത എന്റെ മാത്രം വിഷയമല്ല. മലയാളിയുടെ ഒരു പൊതുവിഷയമാണ്.
ഏഴ്
കുഴൂര്‍ വില്‍സണ്‍ : വിശ്വാസികള്‍ക്ക് വിഷ്ണുവെന്ന പോലെ ഒരുപാട് പേര് നിങ്ങളുടെ കവിതകളെ നെഞ്ചോടും കണ്ണോടും മനസ്സോടും ചേര്‍ക്കുന്നത് കണ്ടിട്ട് എനിക്ക് അസൂയ ഉണ്ടായിട്ടുണ്ട്. ഇതെന്താ നമ്മളും എഴുതുന്നത് കവിതയല്ലേ എന്ന ചോദ്യവും കൂട്ടിയുള്ള അസൂയ. ഇതുപോലെ നാശം പിടിച്ച ഒരു കവിയേയും കവിതകളേയും ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നാട്ടുന്നവരെ കണ്ട് ഉള്ളാലെ ചെറുതായി സന്തോഷിച്ചിട്ടുമുണ്ട്. നിങ്ങളെ കിട്ടിയാല്‍ ആ കവിത മുഴുവന്‍ ഊറ്റിക്കുടിക്കുമെന്ന് ഒരു പെണ്ണ് എന്നോട് പറഞ്ഞിട്ടുണ്ട്. ഓ നിങ്ങളുണ്ടോ, അവിടേക്ക് ഞാനില്ല. വെറുപ്പാണയാളെയെന്ന് മറ്റൊരു പെണ്‍കുട്ടിയും. രണ്ടു പേരുടെയും പേരുകള്‍ ഞാന്‍ പറയില്ല. എത്ര ചോദിച്ചാലും. നിങ്ങളുടെ കവിതകളെ കെട്ടിപ്പിടിക്കുന്നവരെക്കുറിച്ചും, നിങ്ങളെയും, നിങ്ങളുടെ കവിതകളേയും ആട്ടുന്നവരെക്കുറിച്ചും എന്താണഭിപ്രായം?
വിഷ്ണുപ്രസാദ് : സംഗതി രസമുണ്ട്. എന്റെ കവിത വായിച്ച് ഇന്നേവരെ ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. പ്രേമിക്കുന്നതായി അഭിനയിച്ചിട്ടുണ്ട്. ശത്രുക്കളും വെറുപ്പുള്ളവരുമാണ് കൂടുതല്‍. എന്റെ പെരുമാറ്റ വൈകല്യങ്ങള്‍, എഴുതുവാനുള്ള അസഹ്യമായ താത്പര്യങ്ങള്‍... തുടങ്ങിയവയെല്ലാം കൂടുതല്‍ക്കൂടുതല്‍ മനുഷ്യരെ എന്നില്‍ നിന്ന് അകറ്റിയിട്ടുണ്ട്. ആരാധകരെ എനിക്ക് ഇഷ്ടമല്ല. ആരാധകരെക്കൊണ്ട് ഞാന്‍ ശരിക്കും പൊറുതിമുട്ടിയിട്ടുണ്ട്. ഒരു ആരാധകന് നമ്മുടെ അടുത്ത് ഇരിക്കുമ്പോള്‍ നമുക്ക് നോര്‍മലായി ഇരിക്കാന്‍ പോലും കഴിയില്ല. അയാള്‍ എപ്പോഴും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഒരു കാര്യവുമില്ലാതെ പുകഴ്ത്തിക്കൊണ്ടിരിക്കും. എനിക്കത് സഹിക്കാന്‍ പറ്റില്ല. പക്ഷേ, സ്നേഹമൊട്ട് നിഷേധിക്കാനും പറ്റില്ല. എന്റെ കവിതകളെ ആരെങ്കിലും ആട്ടുന്നുണ്ടെങ്കില് ആ കവിത അത്ര മോശമാവില്ല എന്ന് ഞാന്‍ ഉറപ്പിക്കും. ശല്യപ്പെടുത്തുന്ന രചനകളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. നിങ്ങളുടെ ഒരു നേരത്തെ ഊണോ ഉറക്കമോ രതിയോ തടയണം. അത്രയൊക്കെ മതി ഒരു കവിതയ്ക്ക്.
എട്ട്
കുഴൂര്‍ വില്‍സണ്‍ : ശരിക്കും ഈ വിഷ്ണുപ്രസാദ് ഉള്ളതാണോ? ആരെഴുതിയതാണ് നിങ്ങളെ? നിങ്ങളെ ആരെഴുതണമെന്നാണ് ശരിക്കും വിഷ്ണുപ്രസാദ് ആഗ്രഹിച്ചത്?
വിഷ്ണുപ്രസാദ് : ഉള്ളതാണോ എന്ന് സംശയിക്കാന്‍ പാകത്തില്‍ ഇപ്പോള്‍ത്തന്നെ രണ്ടു വിഷ്ണുപ്രസാദുമാര് ഉണ്ട്. ഫാന്റത്തെ പോലെ ഇതൊരു സീരീസ് ആക്കാന്‍ പറ്റുമെങ്കില്‍ നന്നായിരുന്നു. ദിവസവും അമ്പുകുത്തിമല(എടക്കല്‍ ഗുഹയുള്ള മല)കയറുന്ന ഒരു ചങ്ങാതിയുണ്ട് വയനാട്ടില്‍. അയാളുടെ മാത്രം സങ്കല്‍പ്പത്തില്‍ ഒരു കഥയുണ്ട്. ആ ഗുഹ കാലാകാലങ്ങളായി സംരക്ഷിച്ചുവന്നിരുന്ന ഗുഹാമനുഷ്യരുണ്ട്. ആ ഗുഹാമനുഷ്യരിലെ എട്ടാം തലമുറ പ്രതിനിധിയാണ് അയാളെന്ന് അയാള്‍ വിശ്വസിക്കുന്നു. ഒന്നാമത്തെ കേവ്മാന്റെ കാലത്ത്...എന്നൊക്കെ പറഞ്ഞ് അയാള്‍ ഒരു കഥ പറയും. നമ്മള് വിശ്വസിച്ചുപോവും. പാവം, എട്ടാമത്തെ കേവ്മാന്‍...
ഒമ്പത്
കുഴൂര്‍ വില്‍സണ്‍ : ആകാശത്ത് നിന്നും പൊട്ടിമുളച്ച ഒരു കവിയേപ്പോലെയാണ് നിങ്ങള്‍. നിങ്ങളുടെ അച്ഛന്, അമ്മ, നിങ്ങളുടെ സ്കൂള്‍, കുഞ്ഞുനാളിലെ കൂട്ടുകാര്‍... ഒന്നും ഞാന്‍ ഇതു വരെ നിങ്ങളുടെ കവിതകളില്‍ കണ്ടിട്ടില്ല. നിങ്ങളൊരു കോളേജില്‍ പഠിച്ചിട്ടുണ്ടെന്ന് എത്ര ആണയിട്ട് പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. ശരിക്കും എന്താണ് വാസ്തവം?
വിഷ്ണുപ്രസാദ് : ജില്ലയിലെ ആര് എസ് എസിന്റെ ആദ്യത്തെ പ്രചാരകനായാണ് അച്ഛന് വയനാട്ടില്‍ എത്തുന്നത്. അവിടെവെച്ചാണ് അമ്മയെ കാണുന്നത്. അവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. അച്ഛന് പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പലചരക്കു കച്ചവടം, നഴ്സറിയില്‍ നിന്ന് തൈകളും വളവും ഓര്‍ഡറെടുത്ത് എത്തിച്ചുകൊടുക്കല്‍, സായാഹ്നപത്രം നടത്തല്‍, പ്രസ്സ്, കൃഷി, രാഷ്ട്രീയത്തില്‍ സി.പി.എം, ആര്.എസ്.എസ്, കോണ്‍ഗ്രസ്സ് തുടങ്ങി കേരളകോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഹിന്ദു ഐക്യവേദിയില്‍ പ്രവര്‍ത്തിക്കുന്നു. ചെക്ക് കേസില്‍ പെട്ട് കുറച്ചുകാലം ജയിലില്‍ കഴിഞ്ഞു. അതിന് ശേഷം ജ്യോതിഷവും മന്ത്രവാദവുമായി കഴിയുന്നു. അദ്ദേഹത്തെ തിരുത്താന്‍ എന്നെക്കൊണ്ടാവില്ല. വിയോജിപ്പുകളേയുള്ളൂ. അതുകൊണ്ട് ഞാന്‍ എന്റെ പാടുനോക്കി കഴിയുന്നു.
അമ്മ അച്ഛനെ സ്നേഹിച്ചും പരിപാലിച്ചും കഴിയുന്നു. ഓരോന്നും ഓരോ മനുഷ്യര്‍. ഓരോ ജീവിതം. അതില്‍ നിന്നാണ് ഇത് പൊട്ടിയത് എന്നതിനുപോലും വലിയ അര്‍ഥമില്ല. രണ്ട് സഹോദരിമാരുണ്ട്. അവര്ക്കിഷ്ടമുള്ളവരോടൊപ്പം അവര്‍ വിവാഹജീവിതം നയിക്കുന്നു. എന്റെ വീട്ടില്‍ ഒരു കല്യാണ ചടങ്ങെങ്കിലും നടത്തണമെന്ന് അച്ഛനുമമ്മയും ആഗ്രഹിച്ചിരുന്നു. ഒറ്റവിവാഹവും പന്തലില്‍ നടന്നില്ല.
ആകാശത്തുനിന്ന് പൊട്ടിമുളച്ചതാണെന്ന് വിശ്വസിപ്പിക്കലാണ് ഭംഗി. ഓര്‍മകളിലല്ല, മറവിയിലും ഭാവനയിലുമാണ് ഞാന്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തുറന്ന സ്നേഹപ്രകടനങ്ങള്‍ പോലും എനിക്ക് വലിയ ബുദ്ധിമുട്ടാണ്.
പത്ത്
കുഴൂര്‍ വില്‍സണ്‍ : ബ്ലോഗിലൂടെയാണ് നാം പരസ്പ്പരം കണ്ടത്. 2006'ല്‍. മാസത്തിന്റെ വ്യത്യാസത്തിലാണ് നമ്മുടെ ബ്ലോഗുകള്‍ പിറന്നത്. ബ്ലോഗിന്റെ കൂട്ടായ്മയിലും കരുത്തിലും വിഷ്ണുപ്രസാദിന്റെ ആദ്യത്തെ കവിതാ സമാഹാരം കുളം+പ്രാന്തത്തി പിറന്നു. ബ്ലോഗില്‍ നിന്നും പുസ്തകമായ ആദ്യത്തെ കവിതാ സമാഹാരമായിരുന്നു അത്. പട്ടാമ്പിയില്‍ നടന്ന അതിന്റെ പ്രകാശനത്തിന് ഉന്മാദത്തോടെ വന്ന എന്നെ ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അന്നാദ്യമായി കാണുകയായിരുന്നു വിഷ്ണു എന്ന കവിയെ. പിന്നെ ചിറകുള്ള ബസ്സ് എന്ന പുസ്തകം. ഇതാ ഇപ്പോള്‍ മൂന്നാമത്തേത്. ഒന്നില്‍ തുടങ്ങി മൂന്നിലെത്തിയിരിക്കുന്നു കവിതാ പുസ്തകങ്ങള്‍. ഒരു കവിയെന്ന നിലയില്‍ ഈ പുസ്തകങ്ങളെ നിങ്ങള്‍ വായിക്കുന്നതെങ്ങനെ?
വിഷ്ണുപ്രസാദ് : ആദ്യത്തെ പുസ്തകം എനിക്ക് പ്രിയപ്പെട്ടതാണ്. അതിലെ മിക്കവാറും കവിതകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ പുസ്തകം ചെയ്തത്. ഫലത്തില്‍ ഒരേ പുസ്തകം തന്നെ.
പുതിയ പുസ്തകത്തില്‍ കവിതകള്‍ കൊണ്ട് ആദ്യത്തെ പുസ്തകത്തില്‍ നിന്ന് വളരെയധികം മുന്നേറാന്‍ എനിക്ക് കഴിഞ്ഞെന്നാണ് വിശ്വാസം. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. എങ്കിലും ഒരു കവി എന്ന നിലയില്‍ എന്റെ പരിശ്രമങ്ങളുടെ പുസ്തകമാണ് ഇപ്പോഴത്തേത്. പഴയ പുസ്തകത്തിലേത് പോലെ പിന്നീട് എഴുതാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതില്‍ വിജയിച്ചുവെന്നുതന്നെയാണ് കരുതുന്നത്.
പതിനൊന്ന്
കുഴൂര്‍ വില്‍സണ്‍ : വയനാട്ടിലാണ് ജനിച്ചത്. പൂമ്പാറ്റകളെ ഒരു പാടിഷ്ടമാണ്. കുറ്റിപ്പുറത്ത് കുറച്ച് കാലം പഠിപ്പിച്ചിരുന്നു. പാത്തുമ്മയെ കെട്ടി. മൂന്ന് കുഞ്ഞുങ്ങളുണ്ട്. ഈയടുത്ത് ഒരു വീട് തട്ടിക്കൂട്ടി. സ്കൂളില്‍ പഠിപ്പിക്കുന്നു. കവിത കൊണ്ട് എങ്ങനെ ജീവിക്കുന്നു?
വിഷ്ണുപ്രസാദ് : കവിതയില്‍ നിറഞ്ഞു ജീവിക്കുന്നു. പലപ്പോഴും അതിനേക്കാള്‍ വൃത്തികെട്ട് കവികളുമായി മാത്രം സംസര്‍ഗമുള്ള ഒരു ജന്തുവായിക്കഴിയുന്നു. ഇതോര്‍ത്ത് ചിലപ്പോഴൊക്കെ ആത്മനിന്ദ തോന്നാറുണ്ട്. കവിതയെഴുതിയാല്‍ മതി. കവികളില്‍ നിന്ന് രക്ഷപ്പെട്ടേ മതിയാവൂ.
പന്ത്രണ്ട്
കുഴൂര്‍ വില്‍സണ്‍ : മലയാളത്തില്‍ നിങ്ങള്‍ ഏറ്റവുമധികം വായിച്ച കവിയാരാണ്? (കാര്‍ന്നോമ്മാരില്‍ )? പുതിയ കുട്ടികളെ നിങ്ങള്‍ അതിസൂക്ഷ്മം വായിക്കുന്നത് കാണാം അവരുടെ കവിതകളെക്കുറിച്ച് എന്താണഭിപ്രായം? നിങ്ങളുടെ കൂടെ എഴുതുന്നവരില്‍ ആരോടാണു കൂടുതല്‍ പ്രിയം?
വിഷ്ണുപ്രസാദ് : അതൊരു തമാശയാണ്. ഏറ്റവുമധികം വായിച്ചത് ഒ.എന്‍.വി കുറുപ്പിനെയും സുഗതകുമാരിയെയും ആവാം. എന്റെ കവിത, മലയാളത്തിലെ കവിതകള്‍ വായിച്ച് ഉണ്ടായതല്ല. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന് വിജയനാണ്. ഖസാക്കിന്റെ ഇതിഹാസം കവിതയല്ലേ? കടല്‍ത്തീരത്ത് കവിതയല്ലേ?
ഏറ്റവും പുതിയ കവികളില്‍ അരുണിനെയും പത്മയെയും അനൂപിനെയുമൊക്കെ എനിക്ക് ഇഷ്ടമാണ്. എന്റെ ഇഷ്ടങ്ങള്‍ മാറിമറിയുന്നുണ്ട്. എപ്പോഴും ഒരു കവിയേയോ അയാളുടെ കവിതകളേയോ ഇഷ്ടപ്പെടാന്‍ എനിക്ക് കഴിയുന്നില്ല. കൂടെയെഴുതുന്നവരില് ഏറ്റവും പ്രിയം ഒരുകാലത്ത് ഉമ്പാച്ചിയോടും ടി.പി അനില്കുമാറിനോടുമായിരുന്നു. പിന്നീടത് ലതീഷ് മോഹനോടായി. എങ്കിലും സ്വകാര്യമായി ഞാന്‍ സ്നേഹിക്കുന്നത് കലേഷിന്റെ കവിതകളെയാണ്. പേരു പറഞ്ഞില്ലെങ്കിലും എന്റെ സുഹൃത്തുക്കളുടെയും അല്ലാത്തവരുടെയുമായ എല്ലാ നല്ല കവിതകളുടെയും ആരാധകനാണ് ഞാന്‍.
01-Jan-2014
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി