ഹിന്ദുമഹാസഭയുടെ പ്രണയവിരോധം
മായ ലീല
വിപണയിയേയും വര്‍ഗീയതയേയും ഒരുപോലെ തള്ളിക്കളഞ്ഞു കൊണ്ട് പ്രണയം ആഘോഷിക്കാനുള്ള ഒരവസരമാണ് 'ഒരു പ്രണയലേഖനം എഴുതുന്നോ' എന്ന കാമ്പെയിനിലൂടെ സോഷ്യല്‍ മീഡിയയില്‍ ഒരുക്കിയിരിക്കുന്നത്. പ്രണയിക്കരുത് എന്ന് പറയുന്ന ഫാഷിസത്തിനുള്ള ഏറ്റവും അനുയോജ്യമായ എതിര്‍പ്പാണ് പ്രണയിച്ചു കാണിക്കുക എന്നത്. സോഷ്യല്‍ മീഡിയ അന്ന് പ്രണയലേഖനങ്ങള്‍ കൊണ്ട് നിറയട്ടെ. മനസ്സ് തുറന്നു പരസ്പര സമ്മതത്തോടെ സകല മനുഷ്യരും പ്രണയിക്കട്ടെ. കാരണം ഞാന്‍ ആരെ എങ്ങനെ പ്രണയിക്കണം എന്നത് എന്റെയും എന്റെ പങ്കാളിയുടെയും തീരുമാനമാണ്, അതില്‍ മറ്റാര്‍ക്കും യാതൊരു പങ്കുമില്ല. നിങ്ങളുടെ ജാതിയോ മതമോ പണമോ പദവിയോ നിലനിര്‍ത്താനുള്ള ഉപകരണമല്ല എന്റെ പ്രണയവും ജീവിതവും. ഭാരതം ഇന്നും ജനാധിപത്യത്തില്‍ അധിഷ്ടിതം തന്നെയാണ് |
മറ്റെല്ലാ പക്ഷങ്ങളിലും ഉള്ളവര്‍ അവരുടെ ആശയങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കുമ്പോള്‍, അങ്ങേയറ്റം വര്‍ഗീയവും സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതുമായ ഹിന്ദു മഹാസഭയുടെ, അല്ലെങ്കില്‍ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ഭ്രാന്തമായ നിലപാടുകള്‍ കണ്ടാല്‍, ഹിന്ദു മഹാസഭ ശരിയായ വഴിയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്ന്, അവരെ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ഇവരുടെ പ്രവര്‍ത്തനങ്ങളെ പലരും അഭിനന്ദിക്കുന്നുണ്ട്. എന്താണ് ഹിന്ദു മഹാസഭ അടുത്ത കാലത്ത് നടത്തിയ പ്രധാന പ്രവര്‍ത്തങ്ങള്‍? അതിനുമുമ്പ് ആരാണ് ഹിന്ദു സഭ എന്നാണെങ്കില്‍, അത് ചോദിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. രാഷ്ട്രീയ ഹിന്ദുവെന്നോ, ഹനുമാനെന്നോ, ഭാരതീയമെന്നോ വാലുമുളപ്പിച്ച് വരുന്ന എന്തിനെയും നിങ്ങള്‍ക്ക് ആ ഗണത്തില്‍ കൂട്ടാം. എന്താണ് അവര്‍ ചെയ്തത്?
അടുത്ത കാലത്ത് നടന്ന അവരുടെ ഒരു പ്രധാന കര്‍മ്മ പരിപാടി, കോഴിക്കോട്ടെ ഒരു ഹോട്ടല്‍ തല്ലിപ്പൊളിക്കലായിരുന്നു. സാമാന്യം നന്നായി അവരത് നിര്‍വഹിച്ചു. കാരണം ആ കര്‍മ്മത്തില്‍ അവര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ അനുഭവ പരിചയമുണ്ടല്ലൊ. മംഗലാപുരത്തും മറ്റും ഒരീച്ചയ്ക്ക് പോലും ദോഷം വരാത്ത രീതിയില്‍ തങ്ങളുടെ ജീവിതം അവര്‍ക്ക് വേണ്ടുന്ന രീതിയില്‍ ആഘോഷിച്ച യുവതീയുവാക്കളെ തല്ലിച്ചതച്ച് ആക്രമണം അഴിച്ചുവിട്ടുകൊണ്ട് പ്രാഗത്ഭ്യം തെളിയിച്ച പാരമ്പര്യമുള്ളവരാണ്. ഇതൊക്കെ ചെയ്യുന്നത് സദാചാര ലംഘനം ആരോപിച്ചാണ്. 'ഹോട്ടല്സദാചാര'ത്തെ കുറിച്ച് വിചാരപ്പെടുന്ന, വിചാരം വിഭൃംജിച്ച് ആക്രമം അഴിച്ചുവിടുന്ന മനുവാദികള്‍ ആണ് സംഘികള്‍. കോഴിക്കോടും അതാണ് അവര്‍ ആക്രമിച്ചത്. അവനവന്റെയും കൂടി സ്വാതന്ത്ര്യത്തിനെതിരെയാണ് തങ്ങളുടെ ആക്രമണം എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിവളര്‍ച്ച അവര്‍ക്ക് ഇല്ലാതെപോയി.
മറ്റൊരുവനിലേക്ക് നീട്ടുന്ന ഇരുമ്പ് മുഷ്ടികള്‍ പിന്നീടൊരിക്കല്‍ അവനവന്റെ സ്വാതന്ത്ര്യങ്ങളെയും തേടി വരും എന്നവര്‍ക്ക് അറിയാതെ പോയി. ഞാനങ്ങയുടെ അടിമയാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന അനുഭാവികള്‍ തന്നെയുള്ളപ്പോള്‍ പ്രവര്‍ത്തകര്‍ എത്രമാത്രം ബുദ്ധിയും സ്വാതന്ത്ര്യവും അവര്‍ക്ക് അടിയറവ് വച്ചിരിക്കാം എന്നൂഹിക്കാവുന്നതെ ഉള്ളൂ.
എന്താണ് സദാചാരം എന്നൊന്നും സംഘികളോട് ചോദിക്കരുത്. അതൊന്നും അവര്‍ക്കറിഞ്ഞുകൂട. അറിവില്ലായ്മ ഒരു അപരാധമാണെന്ന് ഒരു ന്യായശാസ്ത്രത്തിലും പറയാത്തതുകൊണ്ട് അതിന് അവരെ കുറ്റം പറയാനും പറ്റില്ല. മാത്രമല്ല, വായിക്കുകയോ പഠിക്കുകയോ വേദം കേള്‍ക്കുകയോ അരുതെന്ന് അവരോട് അനുശാസിച്ചിട്ടുമുണ്ട്. അവര്‍ അതെ ചെയ്തിട്ടുള്ളൂ. ചുരുക്കത്തില്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അവരുടെ വിശകലനത്തില്‍ ശരിയാണ് എന്നര്‍ത്ഥം. ഇനിയും ചില ശരികള്‍ കൂടി പരിശോധിക്കാനുണ്ട്.
തല്ലി ജയിക്കുന്നതാണ് ജയം എന്ന് സംഘികള്‍ പല തവണ കേരള ജനതയ്ക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്. പ്രകടനം മുറിച്ചു കടന്നതിന്റെ പേരില്‍ ഒരു സ്ത്രീയെ ചവിട്ടി വീഴ്ത്തിയത് കേരള ജനത കണ്ട് സ്തംഭിച്ചുപോയതാണ്. അതുപോലെ തുറന്ന അവസരം പിന്നീട് കിട്ടിയത് ചുംബന സമര കാലത്താണ്. കേരളത്തിന്റെ വഴിപിഴച്ച, ആര്‍ഷഭാരത സംസ്കൃതിയെ പുല്ലിന് വിലകല്‍പ്പിക്കാത്ത നവചേതനയെ അവര്‍ വഴിനീളെ തല്ലിയും തൊഴിച്ചും ശരിപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ, പിള്ളാര് ചൊവ്വായില്ല. ഇപ്പോള്‍ വീണ്ടും അവരെ നന്നാക്കാനുള്ള അവസരം വന്നിരിക്കുകയാണ്.
വാലന്റൈന്‍സ് ഡേ എന്നത് ആര്‍ഷ പാഠം പഠിപ്പിക്കാനുള്ള നല്ല ദിവസമാണ്. ബിയര്‍ പാര്‍ലറുകളിലും ഡാന്‍സിംഗ് ക്ലബ്ബുകളിലുമിട്ട് യുവതി, യുവാക്കളെ തല്ലുകയാണ് പതിവ്. പെമ്പിള്ളാരെ തല്ലാനാണ് സുഖം. തല്ലും കൊണ്ട് അവര്‍ വീട്ടില്‍ പോവുകയാണെങ്കില്‍ പിന്നെ എല്ലാ പ്രശ്നവും അവിടെ അവസാനിച്ചു. അവളുമാര് വീട്ടീന്ന് ഇറങ്ങിയതാണല്ലോ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ശരിക്കും ഘര്‍ വാപ്പസി നടപ്പിലാക്കേണ്ടത് അവിടെയാണ്. ഫെബ്രുവരി പതിനാലിന് മാത്രമല്ലാതെ സ്വൈര്യമായി വര്‍ഷം മുഴുവന്‍ ബിയര്‍ പാര്‍ലറുകളും ബാറുകളും ഡിസ്കോകളും ഉണ്ട്. അവിടെയെല്ലാം വര്‍ഗത്തില്‍ ഉയര്‍ന്ന പുരുഷന്മാരും ഇണകളും പോവുകയും ചെയ്യുന്നുണ്ട്. അതിനെയൊന്നും ഇവര്‍ എതിര്‍ക്കുന്നില്ല. ചില നേരങ്ങളില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം അല്ലേ ശരിക്കും ഇവരുടെ പ്രശ്നം എന്ന് സംശയം തോന്നും ചില നേരങ്ങളില്‍ വാലന്റൈന്‍ ദിവസത്തെ വിപണിയെ സഹായിക്കുകയാണോ എന്നും തോന്നാം, കാരണം ഇവരുടെ എതിര്‍പ്പുകള്‍ മൂലം ഇത് പബ്ലിക്കായി ആഘോഷിക്കാന്‍ പുറപ്പെടുന്ന ജനങ്ങളുടെ എണ്ണവും കുറവല്ല.
വാലന്റൈന്‍സ് ഡേയെ കുറിച്ച് കേള്ക്കാത്തവരിലേയ്ക്ക് അതെത്തിച്ച് കൊടുക്കുകയും എന്താണത് എന്ന് ചികയാന്‍ ഔത്സുക്യം വളര്‍ത്തുകയും ചെയ്യാന്‍ ഹൈന്ദവ രാഷ്ട്രീയത്തിന്റെ എതിര്‍പ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഡാവിഞ്ചി കോഡ് എന്ന പുസ്തകം ക്രൈസ്തവ മതത്തെ അവഹേളിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ അന്നത്തെ പോപ് പറഞ്ഞത്, ആ പുസ്തകം കാരണം ഒരുപാട് ആളുകള്‍ ബൈബിള്‍ വായിക്കാനും മതത്തിലേയ്ക്ക് അടുക്കാനും ഇടയായി എന്നാണ്. ഒരുതരം വിപരീത പ്രചരണം. മുതലാളിത്തമെന്ന അമ്മപ്പക്ഷിയുടെ ചിറകിനടിയില്‍ തന്നെയാണല്ലൊ ദേശീയത എന്ന വര്‍ഗീയ രാഷ്ട്രീയം.
ഇത്തവണത്തെ എതിര്‍പ്പിന് ചെറിയ ഒരു ചേയ്ഞ്ച് ഉണ്ട്. അവരുടെ വളണ്ടിയര്‍മാര്‍ പ്രണയദിനത്തില്‍ ഇണകളായി നടക്കുന്നവരെ കണ്ടുപിടിച്ച് അവര്‍ക്ക് പ്രഭാഷണങ്ങളും വിശദീകരണങ്ങളും നല്‍കും, പ്രണയം പറ്റി സീരിയസ് ആയവര്‍ക്ക് വിവാഹിതരാകാന്‍ ഹിന്ദുസഭ അവസരം ഒരുക്കും, ഇതര മതസ്ഥര്‍ തമ്മിലാണ് പ്രണയമെങ്കില്‍ അന്യമതസ്ഥനെ ഹിന്ദുവാക്കി മാറ്റി വിവാഹം നടത്താന്‍ പ്രേരിപ്പിക്കും, മതം മാറ്റം നടത്തിയില്ല എങ്കില്‍ അത് ലവ് ജിഹാദായി പരിഗണിച്ച് തക്ക ശിക്ഷ നല്‍കും, ഇതൊന്നും അല്ലെങ്കില്‍ വെറുതേ പ്രണയിക്കുന്നവരുടെ അച്ഛനമ്മമാരെ അറിയിച്ച് ഉത്തരവാദിത്തം നിര്‍വഹിക്കും. ഇതൊക്കെയാണ് കര്‍മ്മപദ്ധതികള്‍.
ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഹിന്ദു മഹാസഭ നിര്‍ണയിക്കുന്ന പാതയില്‍ ആര്‍ക്കും പ്രണയിക്കാം, വിവാഹം കഴിക്കാം. സ്വജാതി സ്വമതം ഒക്കെ നോക്കി പ്രണയിക്കണം, പ്രണയം തോന്നിയാല്‍ അപ്പോള്‍ തന്നെ വിവാഹവും കഴിക്കണം. ഇതാണ് കാമാസൂത്രയും ഗീതാഗോവിന്ദവും ആഘോഷിച്ച ഭാരത സംസ്കാരം എന്ന് നവ ഹൈന്ദവ രാഷ്ട്രീയവാദി പറഞ്ഞു വയ്ക്കുന്നു. ഇനിയും വ്യക്തമാക്കിയാല്‍ അവരുടെ നോട്ടം വ്യക്തി സ്വാതന്ത്ര്യത്തെ കടയോടെ പിഴുതെറിയുക എന്നതാണ്. അതിനെ എങ്ങനെ ഇല്ലാതാക്കാം എന്നതാണ് അന്വേഷണം.
സമൂഹത്തില്‍ സംഘടനകളുടെ ആവശ്യമുള്ള തുറകള്‍ ധാരാളമുള്ള ഒരു രാജ്യമാണ് ഇന്ത്യ, അവിടെയൊക്കെ ഹിന്ദു മഹാസഭ എന്തിടപാടുകള് നടത്തി എന്ന് ചോദിക്കരുത്. കാരണം പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, പകര്‍ച്ച വ്യാധികള്‍, കിടപ്പാടം നശിച്ചവര്‍ ഇവരെയൊന്നും കൊണ്ട് ഹിന്ദു മഹാസഭയ്ക്ക് ഉപയോഗം ഒന്നുമില്ല. കൃത്യമായി മദ്ധ്യവര്‍ഗ ബൂര്‍ഷ്വാ ബോധത്തിന്റെ ദേശസ്നേഹം സംസ്കാര അഭിനിവേശം എന്നിവ കത്തിച്ചു നിര്‍ത്തിയാല്‍ മാത്രം മതി അവര്‍ക്ക്. അവരുടെ കണ്ണില്‍ പൊടിയിട്ട് കൊണ്ട് വമ്പന്‍ മുതലാളിമാര്‍ക്ക് കുടപിടിച്ചു കൊടുക്കാന്‍ അവരുടെ സര്‍ക്കാരിന് അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട് അഭിനവ ദേശ സ്നേഹികള്‍. ഇതേ ദേശസ്നേഹം ഭരണഘടന ഉറപ്പു തരുന്ന വ്യക്തി സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെ ഉപയോഗിക്കാന്‍ പ്രകടിപ്പിക്കുമോ എന്ന് ചോദിച്ചാല്‍, ഇല്ല. കാരണം അതവരുടെ അജണ്ട അല്ല. വിഭജിച്ചു നിര്‍ത്താന്‍ ഭഗവാന്റെ ശരീരഭാഗങ്ങളെ വരെ ഉപയോഗിച്ച ബ്രാഹമണ മതത്തിലും സംഹിതകളിലും ഊന്നിയവര്ക്ക് എന്ത് ഭരണഘടന! എന്ത് ജനാധിപത്യം!!
പ്രണയം രണ്ടു പേരുടെ സ്വകാര്യതയാണ്, അവരുടെ തീരുമാനമാണ്. ഒരു പെണ്‍കുട്ടി അവളുടെ ഇണയെ തീരുമാനിക്കുന്ന 'സമൂഹ വിരുദ്ധത'യാണ് പ്രണയത്തില്‍ നടക്കുന്നത്. തീരുമാനം എടുക്കാനുള്ള അവകാശം പെണ്‍കുട്ടികള്‍ക്കില്ല. ഇല്ലാത്ത അവകാശം വിനിയോഗിക്കുന്നു. അവള്‍ക്ക് അരുതാത്ത സ്വാതന്ത്ര്യം അവള് അവകാശപ്പെടുന്നു. ഈ രണ്ടു മഹാ പാപങ്ങള്‍ ഹിന്ദു മഹാസഭയെ പോലെ ഉത്തര വാദിത്തമുള്ള ഒരു സംഘടനയ്ക്ക് പൊറുക്കാനാവില്ല. അതുകൊണ്ട് സമൂഹത്തിന് സ്ത്രീകള്‍ക്ക് മേലുള്ള അവകാശം തിരിച്ചു പിടിക്കുന്ന മഹത്തായ യജ്ഞമാണ് വാലന്റൈന്‍സ് ഡേയില്‍ നടക്കാന്‍ പോകുന്നത്. പുരുഷുമാര്‍ എല്ലാവരും സഹകരിക്കണം.
അങ്ങനെയല്ലാത്ത ചിലര്‍ക്കെങ്കിലും വിപണയിയേയും വര്‍ഗീയതയേയും ഒരുപോലെ തള്ളിക്കളഞ്ഞു കൊണ്ട് പ്രണയം ആഘോഷിക്കാനുള്ള ഒരവസരമാണ് 'ഒരു പ്രണയലേഖനം എഴുതുന്നോ' എന്ന കാമ്പെയിനിലൂടെ സോഷ്യല്‍ മീഡിയയില്‍ ഒരുക്കിയിരിക്കുന്നത്. പ്രണയിക്കരുത് എന്ന് പറയുന്ന ഫാഷിസത്തിനുള്ള ഏറ്റവും അനുയോജ്യമായ എതിര്‍പ്പാണ് പ്രണയിച്ചു കാണിക്കുക എന്നത്. സോഷ്യല്‍ മീഡിയ അന്ന് പ്രണയലേഖനങ്ങള്‍ കൊണ്ട് നിറയട്ടെ. മനസ്സ് തുറന്നു പരസ്പര സമ്മതത്തോടെ സകല മനുഷ്യരും പ്രണയിക്കട്ടെ. കാരണം ഞാന്‍ ആരെ എങ്ങനെ പ്രണയിക്കണം എന്നത് എന്റെയും എന്റെ പങ്കാളിയുടെയും തീരുമാനമാണ്, അതില്‍ മറ്റാര്‍ക്കും യാതൊരു പങ്കുമില്ല. നിങ്ങളുടെ ജാതിയോ മതമോ പണമോ പദവിയോ നിലനിര്‍ത്താനുള്ള ഉപകരണമല്ല എന്റെ പ്രണയവും ജീവിതവും. ഭാരതം ഇന്നും ജനാധിപത്യത്തില്‍ അധിഷ്ടിതം തന്നെയാണ്.
10-Feb-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി