നിശബ്ദത ആരെയും രക്ഷിക്കാന്‍ പോകുന്നില്ല

അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന കാലം ഒരു സ്വപ്നമാണ്. അങ്ങനെയല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നു പറയുമ്പോള്‍ വാക്കുകളുടെ പരിധി നിശ്ചയിക്കുന്ന അധികാരവും അതിനു കാരണമായ വര്‍ഗസ്വഭാവവും തന്നെയാണ് പ്രസക്തമാകുന്നത്. നീതികേടുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും അത് ചൂണ്ടിക്കാട്ടുന്നത് കുറ്റകൃത്യമാവുകയും ചെയ്യുന്ന സമകാലികാവസ്ഥയില്‍ നിന്ന് അനീതിയുടെ പ്രഹരമേറ്റ് നിലവിളിക്കുന്നത് പോലും കുറ്റകൃത്യമാകുന്ന അവസ്ഥയിലേക്ക് അധികദൂരമില്ല എന്ന് അറിയാനുള്ള സമയമാണിത്. നിശബ്ദത ആരെയും രക്ഷിക്കാന്‍ പോകുന്നില്ല. കുറ്റകരമാണെന്ന് വിധിയുണ്ടാകാമെങ്കിലും ശിക്ഷകള്‍ പ്രഖ്യാപിക്കപ്പെടാമെങ്കിലും നമുക്ക് സംസാരിച്ചു കൊണ്ടിരിക്കാം. എഴുതിക്കൊണ്ടിരിക്കാം. വരച്ചുകൊണ്ടിരിക്കാം. കാരണം നാം ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ അത് ഒഴിച്ചുകൂടാത്തതാണ്.

'കഠിനകാലം കടിക്കാതെ വാക്കുകള്‍ വെച്ച പല്ലുകളായി. വാക്കുകള്‍ വായച്ചന്തത്തിനായി.' എന്ന് കെ ജി ശങ്കരപ്പിള്ളയുടെ കവിത. കഠിനകാലം കടിക്കുന്ന വാക്കുകള്‍ ഉച്ചരിക്കപ്പെടുന്നത് ജീവിതത്തിന്റെ പല വിതാനങ്ങളില്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതിന് ഒട്ടേറെ സമകാലിക അനുഭവങ്ങളുണ്ട്. ഇത്തരം അസ്വാസ്ഥ്യങ്ങള്‍ വ്യവസ്ഥാനുസാരിയാണെന്നും ഭരണകൂടപിന്തുണ ഈ അസ്വാസ്ഥ്യങ്ങള്‍ക്കാണുള്ളതെന്നും ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുന്നു എന്നതാണ് എം വി ജയരാജന്‍ കേസില്‍ സുപ്രീം കോടതി വിധിയുടെ പ്രാധാന്യം. എന്തുകൊണ്ടാണ് ചില വാക്കുകളും നിലപാടുകളും അധീശത്വത്തെ ഇത്രമാത്രം അലോസരപ്പെടുത്തുന്നത് എന്നതാണ് നാം ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ടത്.

എല്ലാ വാക്കുകളും അര്‍ത്ഥം വിനിമയം ചെയ്യുന്നത് അത് പ്രയോഗിക്കപ്പെടുന്ന സമയത്തിനും സന്ദര്‍ഭത്തിനും വികാരത്തിനും മറ്റു പല ഘടകങ്ങള്‍ക്കും വിധേയമായാണ്. ആരാണ് പറയുന്നത് എന്നതും ആരോടാണ് പറയുന്നത് എന്നതും പ്രധാനമാണ്. ചില വാക്കുകളുടെ അര്‍ത്ഥം ഒഴുകേണ്ടത് 'മുകളില്‍' നിന്ന് 'താഴേക്ക്' മാത്രമാണ് എന്ന് അധികാരവ്യവസ്ഥയാല്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. 'സ്ഥിതിസമത്വം'എന്നത് ഭരണഘടനയില്‍ ആവശ്യമില്ലാത്ത പദമാണെന്ന് വാദമുയര്‍ന്ന ഈ കാലത്ത് 'മേല്‍ കീഴ് ബന്ധങ്ങ'ളെ സംബന്ധിച്ച ധാരണകള്‍ തീര്‍ച്ചയായും പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ന്യായാധിപന്‍ എന്ന അധികാരസ്ഥാനത്തിരുന്നുകൊണ്ട് പ്രയോഗിക്കുന്ന ശകാരസ്വഭാവമുള്ള പദം അനുചിതമെന്ന് വിശേഷിപ്പിക്കപ്പെടുക മാത്രം ചെയ്യുകയും തെരുവോരത്ത് പ്രാസംഗികന്‍ സദസ്സിനോട് വിനിമയം ചെയ്യുന്ന പ്രതിഷേധസ്വഭാവമുള്ള പദം കുറ്റകരമാവുകയും ചെയ്യുന്നത് ഈ അധികാരഘടനയുടെ പിന്‍ബലത്തിലാണ്. ഇത്തരമൊരു നീതിബോധം ജനാധിപത്യപരമല്ല എന്ന് തിരിച്ചറിയാന്‍ നാം വിസമ്മതിക്കുന്നു എന്നതാണ് യഥാര്‍ത്ഥ ദുരന്തം. പെരുമാള്‍ മുരുഗനും ജയരാജനും നേരിടുന്ന, വ്യത്യസ്ഥനിലകളിലെങ്കിലും അടിസ്ഥാനപരമായി ഒരേ ഭാവമുള്ള ജനാധിപത്യവിരുദ്ധ നീതിയുടെ പ്രഭവകേന്ദ്രം അറിയുമ്പോള്‍ മാത്രമേ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ സാര്‍ത്ഥകമാവൂ.

വര്‍ഗാധിപത്യത്തിന്റെ അധികാരഘടനയുമായി ബന്ധപ്പെട്ടാണ് നീതിനിര്‍വഹണത്തിന്റെ സാമാന്യതത്വങ്ങള്‍ ഇന്ന് പ്രയോഗിക്കപ്പെടുന്നത്. പെരുമാള്‍ മുരുഗന്‍ തന്റെ നോവലില്‍ പരാമര്‍ശിക്കുന്ന ചരിത്രം ഇന്ന് അധീശവര്‍ഗത്തെ പ്രകോപിപ്പിക്കുമ്പോള്‍ അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും നിരുപാധികമായ മാപ്പ് ആവശ്യപ്പെടേണ്ടുന്നത്രയും കുറ്റകരമാണെന്നും വിധിയെഴുതിയ പ്രാദേശികഭരണസംവിധാനവും ജയരാജന്റെ പ്രസംഗത്തിലെ പരാമര്‍ശം മാപ്പ് ചോദിക്കേണ്ടുന്ന കുറ്റകൃത്യമാണെന്ന് വിധിയെഴുതിയ പരമോന്നത നീതിപീഠവും ഇത് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ജനാധിപത്യവ്യവസ്ഥയില്‍ പ്രതീക്ഷിക്കുന്ന തുല്യനീതി ഏട്ടിലെ പശുവായി മാറുന്നു.

മധുരപലഹാരങ്ങളുടെ പേരുകള്‍ ശകാരപദങ്ങളായി ഉപയോഗിച്ചിരുന്ന ഒരാളെക്കുറിച്ചുള്ള തമാശക്കഥയുണ്ട്. ഇത് ഭാഷയുടെ ഒരു സാധ്യതയാണ് വെളിപ്പെടുത്തുന്നത്. പദങ്ങള്‍ക്ക് കേവലമായി നിര്‍ണയിക്കപ്പെട്ട അര്‍ത്ഥമല്ല മറിച്ച് അത് പ്രയോഗിക്കപ്പെടുന്ന പരിസരവും സന്ദര്‍ഭവുമാണ് ശരിയായ അര്‍ത്ഥവിനിമയം സാധ്യമാക്കുന്നത്. അങ്ങനെ വിനിമയം ചെയ്യുന്നതിലൂടെ ഒരു മനുഷ്യന്റെ വികാരവിചാരങ്ങള്‍ അപരനു ബോധ്യപ്പെടുക എന്നത് ഭാഷയുടെ പ്രാഥമികധര്‍മവുമാണ്. എന്നാല്‍, ചില കാര്യങ്ങളില്‍ രൂപപ്പെടുന്ന വിചാര വികാരങ്ങള്‍ അതേ ശക്തിയില്‍ വിനിമയം ചെയ്യപ്പെടുന്നത് അധീശത്വത്തെ ചോദ്യം ചെയ്യാനിടയാക്കുന്നു എന്നതാണ് അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നത്.

ജനങ്ങളെ കൊള്ള ചെയ്യുന്ന നേതാക്കള്‍ വ്യവസ്ഥാനുസാരിയായ പെരുമാറ്റമുള്ളവരാകയാല്‍ മാന്യരും സ്വീകാര്യരും ആവുകയും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നേതാക്കള്‍ കുറ്റവാളികള്‍ ആവുകയും ചെയ്യുന്ന സമകാലികപൊതുബോധത്തെ അഴിച്ചുപണിയാന്‍ നമുക്ക് കഴിയുന്നില്ല എങ്കില്‍ ഭാഷയുടെ ചതിക്കുഴികളില്‍ പിടഞ്ഞ് ജീവിതത്തിന്റെ ആസുരാനുഭവങ്ങള്‍ തുടര്‍ച്ചയായി ഏറ്റ് വാങ്ങേണ്ടി വരും എന്നതുറപ്പാണ്.

01-Feb-2015