ശശികലയുടെ വിഷനാവ് പിഴുതെറിയേണ്ട കാലം

റെഡ് സ്ട്രീറ്റ് നിരോധിച്ചാല്‍, വഴിയിലിറങ്ങി മറ്റേപ്പണി ചെയ്യുമോ എന്ന ആകുലത, ഹിന്ദുക്കളുടെ 'ജിഹ്വ 'എന്ന കടമ സ്വയം ഏറ്റെടുത്ത് നാട് നീളെ വര്‍ഗീയതയുടെ കൊടും വിഷം പ്രചരിപ്പിക്കുന്ന, വിശ്വഹിന്ദു പരിഷദ് നേതാവ് ശശികലയുടേത് ആണ്. ഈ സ്ത്രീക്ക് മുന്നില്‍, ജീവിച്ചിരുന്നുവെങ്കില്‍ ഗീബല്‍സ് ശിഷ്യപ്പെട്ടേനെ. അത്രയ്ക്ക് മിടുക്കിയാണ്. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്ന ശശികലയുടെ വിഷനാവില്‍ നിന്ന് ഇതിലും വലിയതൊക്കെ വരാനിരിക്കുന്നതേയുള്ളു. മുംബെയില്‍ ഇറച്ചി നിരോധനം ലംഘിച്ചുകൊണ്ട് പരസ്യമായി ഇറച്ചി വിതരണം ചെയ്ത ശിവസേനയുടെ കാര്യം ശശികല സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞിട്ടുണ്ട്. ശിവസേനയെപറ്റി പറയുമ്പോള്‍ ഞാന്‍ 'മറ്റേപ്പണി' എടുക്കുമെന്ന് ശശികലയ്ക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്നത് കൊണ്ടാവാം അവരെ വെറുതെ വിട്ടത്. 

"ബീഫ് നിരോധിച്ചപ്പോള്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ ഡി വൈ എഫ് ഐ; മഹാരാഷ്ട്രയില്‍ ചുവന്നതെരുവ് നിരോധിച്ചാല്‍ എന്താ ചെയ്യുക? ജനാധിപത്യ മഹിളാ അസോസിയേഷന്‍ റോഡിലിറങ്ങി മറ്റേ പണി ചെയ്യേണ്ടി വരുമോ?" ഹിന്ദു ഐക്യവേദി നേതാവ് ശശികല എന്ന സ്ത്രീയുടേതാണ് ഈ വാക്കുകള്‍. ഈ സ്ത്രീക്ക് തന്റെ സ്വത്വബോധത്തെ മറികടന്ന് ഇത്രയും സ്ത്രീവിരുദ്ധമായ വാക്കുകള്‍ പറയാന്‍ സാധിക്കുന്നത് അവര്‍ ഹിന്ദു ഫാസിസ്റ്റുകളുടെ കൈയിലെ ഒരുപകരണമായത് കൊണ്ടാണ്.

റെഡ് സ്ട്രീറ്റ് നിരോധിച്ചാല്‍, വഴിയിലിറങ്ങി മറ്റേപ്പണി ചെയ്യുമോ എന്ന ആകുലത, ഹിന്ദുക്കളുടെ 'ജിഹ്വ 'എന്ന കടമ സ്വയം ഏറ്റെടുത്ത് നാട് നീളെ വര്‍ഗീയതയുടെ കൊടും വിഷം പ്രചരിപ്പിക്കുന്ന, വിശ്വഹിന്ദു പരിഷദ് നേതാവ് ശശികലയുടേത് ആണ്. ഈ സ്ത്രീക്ക് മുന്നില്‍, ജീവിച്ചിരുന്നുവെങ്കില്‍ ഗീബല്‍സ് ശിഷ്യപ്പെട്ടേനെ. അത്രയ്ക്ക് മിടുക്കിയാണ്. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കുന്ന ശശികലയുടെ വിഷനാവില്‍ നിന്ന് ഇതിലും വലിയതൊക്കെ വരാനിരിക്കുന്നതേയുള്ളു. മുംബെയില്‍ ഇറച്ചി നിരോധനം ലംഘിച്ചുകൊണ്ട് പരസ്യമായി ഇറച്ചി വിതരണം ചെയ്ത ശിവസേനയുടെ കാര്യം ശശികല സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞിട്ടുണ്ട്. ശിവസേനയെപറ്റി പറയുമ്പോള്‍ ഞാന്‍ 'മറ്റേപ്പണി' എടുക്കുമെന്ന് ശശികലയ്ക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്നത് കൊണ്ടാവാം അവരെ വെറുതെ വിട്ടത്. കൊച്ചിയില്‍ ആര്‍ എസ് എസ് നിര്‍ദേശത്തില്‍, സംഘ് പരിവാര്‍ സംഘടനകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ ഏതുരീതിയില്‍ ഇടപെടണം എന്നതിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലാണ് ശശികല ഈ 'വലിയ തമാശ' (അവരുടെ തന്നെ ഭാഷയില്‍)പറഞ്ഞത്.

ഇത് മാത്രമല്ല വേറെയും ധാരാളം വ്യാകുലതകള്‍ കേരളത്തെക്കുറിച്ച് സംഘികള്‍ ടീച്ചറെന്ന് വിശേഷിപ്പിക്കുന്ന ഈ സ്ത്രീക്ക് ഉണ്ട്. കല്‍ക്കത്തയില്‍ ഒരു കന്യാസ്ത്രീയെ ആര്‍ എസ് എസുകാര്‍ ബലാത്സംഗം ചെയ്തപ്പോഴും ഒറീസയില്‍ കന്യാസ്ത്രീകള്‍ക്ക് എതിരെ ആക്രമണം നടന്നപ്പോഴുമൊക്കെ കേരളത്തില്‍ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അത് ശശികലയ്ക്ക് സഹിക്കാന്‍ കഴിയുന്ന ഒന്നല്ല. അത്തരം പ്രതിഷേധങ്ങള്‍ കേരളത്തില്‍ പാടില്ല എന്നാണ് ശശികലയുടെ ഒരിത്. കേന്ദ്രത്തില്‍ മോഡിജിയുടെ ഭരണം ആയതുകൊണ്ടുമാത്രമാണ് ഒബാമയുടെ അമേരിക്ക ഇന്ത്യയെ ആക്രമിക്കാത്തത് എന്ന് അവര്‍ ആശ്വാസം കൊള്ളുന്നുമുണ്ട്.

കേരളം ഇപ്പോഴും സംഘ് പരിവാര്‍ സംഘടനകള്‍ക്ക് ബാലികേറാമലയായി നില്‍ക്കുന്നതിന്റെ ഇച്ഛാഭംഗവും നൈരാശ്യവുമെല്ലാം ശശികല തന്റെ പ്രസംഗത്തില്‍ കൂടി പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തെ ഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന വൈദേശിക പ്രത്യയശാസ്ത്രമായ കമ്മ്യൂണിസത്തിനും പ്രബുദ്ധ കേരളത്തിന് രൂപം നല്കിയതും മുന്നോട്ട് നയിക്കുന്നതും തങ്ങളാണ് എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മസ്തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞു എന്നാണ് ശശികലയുടെ തീര്‍പ്പ്.

ഇന്നത്തെ കേരളത്തിന് രൂപം നല്‍കിയത്, ജാതിക്കും മതത്തിനും സമുദായങ്ങള്‍ക്കുമുള്ളിലുള്ള ദുരാചാരങ്ങള്‍ക്കെതിരെ പോരാടി ഉടലെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ ഭാഗമായി, അതിന്റെ തുടര്‍ച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തന്നെയാണ്. അവര്‍ ഇന്നും കേരളത്തില്‍ ജാഗരൂകരായി നില്‍ക്കുന്നത് കൊണ്ടാണ് നിസ്‌കാരതൊപ്പി ധരിച്ചതിന്റെ പേരില്‍ ആരുടേയും തല പോകാത്തത്. ഇവിടെയുള്ള ദളിതര്‍ ബ്രാഹ്മണന്റെ എച്ചിലിലകളുടെ മുകളില്‍ ഉരുളേണ്ടി വരാത്തത്. ജാതീയതയും മതവിധ്വേഷവും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സവര്‍ണ ഫാസിസ്റ്റ് സംഘടനക്ക് വേണ്ടി നാവിട്ടലക്കുന്ന, 'ജനാധിപത്യമഹിളാ അസോസിയേഷന്‍ റോഡിലിറങ്ങി മറ്റേ പണി ചെയ്യേണ്ടി വരുമോ?' എന്ന ചോദ്യത്തിലൂടെ പച്ചക്ക് സ്ത്രീ വിരുദ്ധത പറഞ്ഞ ശശികലക്ക്, ആ കാര്യത്തില്‍ സംശയം തോന്നേണ്ട ആവശ്യമേയില്ല. ഇതേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയാണ് ഇവിടെ സംഘ് പരിവാറര്‍ സംഘടനകളുടെ പ്രവേശനത്തെയും അഴിഞ്ഞാട്ടത്തെയും തടഞ്ഞു നിര്‍ത്തി, കേരളത്തെ ശശികല വിഭാവനം ചെയ്യുന്ന 'ഭാരതത്തിന്റെ ഭാഗം' ആക്കുന്നതിന് തടസം നില്‍ക്കുന്നത് എന്നതൊരു സത്യം തന്നെയാണ്. ഇതൊക്കെ ശശികലയ്ക്കും അവരുടെ പ്രഭൃതികള്‍ക്കും നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും കേരളത്തെയും ഒറ്റ തിരിച്ച് കൂട്ടമായി, തുടര്‍ച്ചയായി അവര്‍ ആക്രമിക്കുന്നത്.

ശശികല പറഞ്ഞ വൈദേശിക പ്രത്യയശാസ്ത്രം യഥാര്‍ത്ഥത്തില്‍ ആരാണ് പിന്‍പറ്റുന്നത് എന്നറിയാന്‍ സംഘ് പരിവാറിന്റെ ആധികാരിക ഗ്രന്ഥങ്ങള്‍ വായിച്ചു നോക്കിയാല്‍ മതി. ഹെഗ്‌ഡേവാറിന്റെ മാര്‍ഗദര്‍ശിയും സുഹൃത്തും ഹിന്ദു ദേശീയവാദിയുമായ ബി എസ് മുന്‍ജെ, ഇറ്റാലിയന്‍ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയെ സന്ദര്‍ശിക്കുകയും അവര്‍ അവിടെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നല്‍കുന്ന പരിശീലനങ്ങള്‍ കണ്ട് ആ രിതികളില്‍ ആകൃഷ്ടനായതിനെ പറ്റി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഇറ്റലിയിലെ മുസോളിനിയുടെ സംഘത്തിന്റെ യൂണിഫോമും പ്രവര്‍ത്തന രീതികളും ഉള്‍്കകൊണ്ടാണ് ആര്‍ എസ് എസിനെ വാര്‍ത്തെടുത്തത്. മനുഷ്യത്വത്തിന്റെ അവസാനകണിക വരെ പിഴിഞ്ഞെടുക്കുന്ന ഫാസിസ്റ്റ് പരിശീലന രീതികളിലൂടെയാണ് ആര്‍ എസ് എസുകാരും കടന്നു പോകുന്നത്.

ഗോള്‍വാള്‍ക്കര്‍ തന്റെ 'We or Our Nationhood defined', എന്ന പുസ്തകത്തില്‍ ഹിറ്റ്‌ലറെ തുറന്നു പ്രശംസിക്കുന്നുണ്ട്. ഹിറ്റ്‌ലറിന്റെ ഫാസിസ്റ്റ് സൈന്യം ദേശീയതയുടെ പേരില്‍ നടത്തിയ ഹോളോകോസ്റ്റിനെ (കൂട്ടക്കൊല)ന്യായീകരിക്കുന്ന ഗോള്‍വാള്‍ക്കര്‍ രാജ്യത്തിന് വേണ്ടത് സ്വാതന്ത്ര്യമല്ല മറിച്ചു cultural nationalism അഥവാ സാംസ്‌കാരിക ദേശീയതയാണ് എന്ന് പറയുന്നു. ഇത് തന്നെയായിരുന്നു നാസി പ്രത്യയശാസ്ത്രത്തിന്റെയും അടിത്തറ. അതുകൊണ്ടുതന്നെ ഫാസിസ്റ്റുകളുടെയും സംഘ് പരിവാര്‍ സംഘടനകളുടെയും പൊതുശത്രുക്കള്‍ കമ്മ്യൂണിസ്റ്റുകാര്‍ ആയത് കേവലം യാദൃശ്ചികമായല്ല. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും മനുഷ്യത്വഹീനവും ലോകത്ത് നാശം വിതച്ചതുമായ വൈദേശിക പ്രത്യയശാസ്ത്രങ്ങളെ പിന്‍പറ്റി സൃഷ്ടിച്ച ഒരു സംഘടനയില്‍ നിന്ന് കൊണ്ടാണ് ശശികല, കമ്മ്യൂണിസത്തെ അധിക്ഷേപിക്കുന്നത്. സവര്‍ക്കര്‍, വാജ്‌പേയ് തുടങ്ങിയ സ്വന്തം നേതാക്കള്‍ സ്വാതന്ത്ര്യ സമരകാലത്ത് വെള്ളക്കാരന് മാപ്പെഴുതിക്കൊടുത്ത്, സമരസേനാനികളെ ഒറ്റിയപ്പോള്‍ 'കേരളത്തെ ഭാരതത്തില്‍ നിന്നും അകറ്റുന്ന' കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ചരിത്രം കൂടി ശശികല അറിയണം. മനസിലാക്കണം.

നേരത്തെ പറഞ്ഞതു പോലെ കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ സംഘ് പരിവാര്‍ സംഘടനകള്‍, ശശികലയെ പോലുള്ള നുണച്ചികളുടെ സഹായത്തോടെയും അല്ലാതെയും ആശയതലത്തില്‍ നുണ പ്രചാരണങ്ങളും ശാരീരികമായ ഉന്‍മൂലനങ്ങളും ആക്രമണങ്ങളും ശക്തമായി തന്നെ അഴിച്ചു വിടുകയാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് പ്രചാരകനായ നരേന്ദ്രമോഡിയാണ് എന്നത് ഒരു ബ്ലാങ്ക് ചെക്കുപോലെ അവരുടെ മുന്നില്‍ കിടക്കുകയാണ്. കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ, ആര്‍ എസ് എസിന്‍ഡറെ ബി ടീമിനെ പോലെയാണ് പെരുമാറുന്നത്. കമ്യൂണഇസ്റ്റുകളെ ഇല്ലാതാക്കാന്‍ ആര്‍ എസ് എസുമായി കൂട്ടുചേരുമ്പോള്‍, കോണ്‍ഗ്രസ് മറക്കുന്നത് ജനാധിപത്യത്തേയും മതനിരപേക്ഷതയേയുമാണ്.

ശശികലയുടേത് ഒരു ഒറ്റപ്പെട്ട ശബ്ദമല്ല എന്നതും അത് കേള്‍ക്കാനും വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ആളുകള്‍ കൂടി വരുന്നു എന്നതും ആശങ്കപ്പെടെണ്ട ഒരു വസ്തുതയാണ്. ഇവിടെ ഇടതുപക്ഷത്തിന്റെ കടമ വളരെ വലുതാണ്. അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട ദിനങ്ങളാണ് മുന്നിലുള്ളത്. ആര്‍ എസ് എസിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍, അവര്‍ക്ക് കാലുകുത്താനുള്ള ഇടം വിട്ടുകൊടുക്കുകയാണെങ്കില്‍ ഇന്നുവരെ നമ്മള്‍ നെഞ്ചോട് ചേര്‍ത്ത് കാത്തുസൂക്ഷിച്ച മതേതര മൂല്യങ്ങളും അത് സൃഷ്ടിച്ചെടുത്ത ഇടങ്ങളുമാവും ഇല്ലാതാവുക. അവസാനത്തെ ചിരി ഒരിക്കലും ശശികലമാരുടേതാകാന്‍ പാടില്ല തന്നെ.

24-Sep-2015