ലെസ്ബോസില്‍ നിന്നുള്ള ചോദ്യങ്ങള്‍

ഇതൊരു ജനാധിപത്യ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയാണെന്ന് പറയണമെങ്കില്‍ ലൈംഗികന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ, സാംസ്‌ക്കാരിക പൊതു മണ്ഡലത്തില്‍, ഭരണാധികാരവേദികളില്‍ അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടാവാനുള്ള അവസരങ്ങളും അവകാശങ്ങളുമുണ്ടായിരിക്കണം. തെരഞ്ഞെടുപ്പുകളിലും ഭരണസമിതികളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലുമെല്ലാം, ഗേ, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികള്‍ക്ക് അവകാശപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ എന്തിനു മടിക്കണം? കാരണം, ഇതൊരു യാഥാര്‍ത്ഥ്യമാണ്. സ്വവര്‍ഗ്ഗാനുരാഗത്തെ നിങ്ങള്‍ക്ക് കോടതി ഉത്തരവു കൊണ്ടോ ശാരീരികമായ മര്‍ദ്ദനമുറകള്‍കൊണ്ടോ ഇലക്ട്രിക് ഷോക്ക് കൊണ്ടോ തടുക്കാനാവില്ല. സ്ത്രീപുരുഷപ്രണയത്തെ നമുക്ക് നിയമപരമായി നിരോധിക്കാനാവുമോ? സ്ത്രീപുരുഷ ലൈംഗികതയെ നമുക്ക് തടയാനാവുമോ? പിന്നെന്തിന് അത്ര തന്നെ തീക്ഷ്ണമായ പ്രകൃതി സഹജമായ സ്വവര്‍ഗ്ഗപ്രണയത്തെ തടയുന്നു? ഒന്ന് ഉല്‍കൃഷ്ടവും മറ്റേത് നികൃഷ്ടവുമാകുന്നതെങ്ങനെ? 

ലെസ്ബിയനിസത്തെ ഒരു ജീവിതചര്യ എന്നതിനേക്കാള്‍ ഒരു പ്രമേയം എന്ന നിലയിലാണ് ഈ ചോദ്യാവലി സമീപിക്കുന്നത്. പ്രത്യയശാസ്ത്രത്തിനല്ല, ഭാവനയ്ക്കാണ് ഇവിടെ മുന്‍തൂക്കം. അതുകൊണ്ടാണ് ഒരു ഔട്ട്‌സൈഡറുമായി സംസാരിക്കുന്നത്. പുറമേ നില്ക്കുന്നയൊരാള്‍ സങ്കല്‍പ്പത്തിലൂടെ ഒരു പരകായപ്രവേശം നടത്തുക. അതിനാണ് ഇവിടെ ആവശ്യപ്പെട്ടത്. ലെസ്‌ബോസിലെ ചുംബനങ്ങള്‍ക്ക് സൂര്യനോളം ചൂടും തണ്ണിമത്തനോളം കുളിര്‍മയും ഉണ്ടെന്നാണ് കവി എഴുതിയത്. ഈ ചൂടും കുളിര്‍മയും പങ്കിട്ടറിയാനുള്ള ഒരു ശ്രമമാണ് ഈ ചോദ്യാവലിക്ക് പിന്നിലുള്ളത്.

ശാരദക്കുട്ടി : 'സാമൂഹികാചാരപ്രകാരം നിഷിദ്ധമായ ഒന്നിനെ സ്വീകരിക്കുന്നതും നിയമകല്‍പിതമായ ഒരു ജീവിതരീതിയോടുള്ള പ്രതിഷേധവുമാകുന്നു ഒരേസമയം ലെസ്ബിയനിസം' ഈ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ചന്ദ്രിക : സത്യത്തില്‍ ലെസ്ബിയനുകള്‍ക്ക് അങ്ങനെ മാത്രമേ ജീവിതം തെരഞ്ഞെടുക്കാനാവൂ എന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഇവിടെ നിലനില്‍ക്കുന്ന പ്രബലമായ ലിഖിതവും അലിഖിതവുമായ നിയമ, സദാചാര നിബന്ധനകള്‍ കൊണ്ടാണല്ലോ ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കുമ്പോള്‍ അത് ഈ പറഞ്ഞ തരത്തിലൊക്കെയാണന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നത്. ഈ നിയമ, സദാചാര നിബന്ധനകള്‍, പ്രബലമായ അധീശഭിന്നലൈംഗിക ആണധികാരവ്യവസ്ഥയുടെ നിര്‍മ്മിതിയാണെന്ന് നമുക്കറിയാത്തതല്ലല്ലോ. അതിനാല്‍ ഈ പ്രബല അധികാര സമവാക്യങ്ങളുള്ള സാമൂഹ്യ, കുടുംബവ്യവസ്ഥയില്‍ സ്വവര്‍ഗ്ഗപ്രണയിനികള്‍ക്ക് എല്ലാ ജനാധിപത്യ, മനുഷ്യാവകാശങ്ങളും ആത്മാവിഷ്‌ക്കാരങ്ങളും നിഷേധിക്കപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് സ്വാഭാവികമായി പ്രതിഷേധമായി തോന്നും. അതൊരു ലിംഗരാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് ബോധ്യപ്പെട്ടുകൊണ്ട് തുറന്ന് മുന്നോട്ട് വരുമ്പോള്‍ തീര്‍ച്ചയായും അതൊരു പ്രത്യക്ഷ സമരമാണ്. യഥാര്‍ത്ഥത്തില്‍, എല്ലാ തരം വൈവിദ്ധ്യങ്ങളും സംരക്ഷിക്കണമെന്ന് നമ്മള്‍ വാദിക്കുമ്പോള്‍, പരസ്പരാകര്‍ഷണത്തിലും സ്‌നേഹത്തിലും വേരുകളുള്ള ലൈംഗിക വൈവിധ്യങ്ങളും മനസ്സിലാക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതല്ലേ?

ഇതൊരു ജനാധിപത്യ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയാണെന്ന് പറയണമെങ്കില്‍ ലൈംഗികന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ, സാംസ്‌ക്കാരിക പൊതു മണ്ഡലത്തില്‍, ഭരണാധികാരവേദികളില്‍ അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉണ്ടാവാനുള്ള അവസരങ്ങളും അവകാശങ്ങളുമുണ്ടായിരിക്കണം. തെരഞ്ഞെടുപ്പുകളിലും ഭരണസമിതികളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലുമെല്ലാം, ഗേ, ലെസ്ബിയന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികള്‍ക്ക് അവകാശപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ എന്തിനു മടിക്കണം? കാരണം, ഇതൊരു യാഥാര്‍ത്ഥ്യമാണ്. സ്വവര്‍ഗ്ഗാനുരാഗത്തെ നിങ്ങള്‍ക്ക് കോടതി ഉത്തരവു കൊണ്ടോ ശാരീരികമായ മര്‍ദ്ദനമുറകള്‍കൊണ്ടോ ഇലക്ട്രിക് ഷോക്ക് കൊണ്ടോ തടുക്കാനാവില്ല. സ്ത്രീപുരുഷപ്രണയത്തെ നമുക്ക് നിയമപരമായി നിരോധിക്കാനാവുമോ? സ്ത്രീപുരുഷ ലൈംഗികതയെ നമുക്ക് തടയാനാവുമോ? പിന്നെന്തിന് അത്ര തന്നെ തീക്ഷ്ണമായ പ്രകൃതി സഹജമായ സ്വവര്‍ഗ്ഗപ്രണയത്തെ തടയുന്നു? ഒന്ന് ഉല്‍കൃഷ്ടവും മറ്റേത് നികൃഷ്ടവുമാകുന്നതെങ്ങനെ? ഈ അനീതിയോട്, എഴുത്തുകാര്‍ക്ക് പുറംതിരിഞ്ഞുനില്‍ക്കാനാവുമോ? ഈ അനീതിയോട് ഞാന്‍ കലാപം ചെയ്യുന്നത് എന്റെ സര്‍ഗ്ഗാത്മക എഴുത്തിലൂടെയാണ്. 'കാഞ്ചീപുര'വും 'കനി'യും എഴുതുന്നത് അങ്ങനെയാണ്. ആ രണ്ടു കഥകളും ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. അവ വരുംകാലങ്ങളിലാവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക എന്നെനിക്കറിയാം.

ശാരദക്കുട്ടി : ലെസ്ബിയന്‍ബോധം രതിയുമായി മാത്രമാണോ ബന്ധപ്പെടുന്നത്? അതോ ഓരോരുത്തരുടെയും ഉള്ളിലുള്ള പ്രേമത്തോടുള്ള പരിപൂര്‍ണമായ തിരിച്ചറിവു കൂടിയാണോ അത്? പെണ്ണിന്റെ കൂടെ കിടന്നാലും ഇല്ലെങ്കിലും യഥാര്‍ത്ഥ ഫെമിനിസ്റ്റ് ഒരു ലെസ്ബിയന്‍ ബോധത്തിനകത്തുനിന്നു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓഡ്രെ ലോര്‍ഡ് എഴുതിയിട്ടുണ്ട്. ഈ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ചന്ദ്രിക : ആദ്യത്തെ ചോദ്യത്തിന് ആധികാരികമായി എനിക്ക് മറുപടി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ഇതുവരേയും ഒരു ഹെറ്റെറോസെക്ഷ്വല്‍ ആയി ജീവിച്ചിട്ടുള്ള അനുഭവമേ എനിക്കുള്ളൂ. അങ്ങനെയുള്ള എന്നോട് സ്ത്രീപുരുഷ ബോധം രതിയുമായി മാത്രമാണോ ബന്ധപ്പെടുന്നത് എന്നൊരു ചോദ്യം ചോദിച്ചാല്‍ എനിക്ക് പറയാന്‍ പറ്റുന്ന ഉത്തരങ്ങള്‍ എന്തൊക്കെയായിരിക്കും! അത് ഓരോ വ്യക്തിയേയും ആശ്രയിച്ചിരിക്കും എന്നേ പറയാന്‍ കഴിയൂ. അതുകൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരവും അങ്ങനെയാവാനാണ് സാധ്യത. ശാരീരിക കാമനകളേയും മാനസികമായ കാമനകളേയും ഓരോരുത്തരും എങ്ങനെയാണ് സമീപിക്കുന്നതെന്നും അനുഭവിക്കുന്നതെന്നും പ്രകടിപ്പിക്കുന്നതെന്നും അനുസരിച്ചിരിക്കും ബന്ധങ്ങള്‍. കാരണം ഓരോ മനുഷ്യനും മാനസികമായി മാത്രമല്ല, ശാരീരികമായും വ്യത്യസ്തനാണ്.

പക്ഷേ, ലെസ്ബിയന്‍ രാഷ്ട്രീയ ഉള്ളടക്കത്തില്‍ പീഡനാത്മകവും അധീശപരവുമായ ഭിന്നലൈംഗികബന്ധങ്ങളോടും അതു സൃഷ്ടിക്കുന്ന ലൈംഗിക സദാചാരവ്യവസ്ഥയോടുമുള്ള ബോധപൂര്‍വ്വമായ വെല്ലുവിളിയുണ്ട്. ആ വെല്ലുവിളിയെ സാര്‍ത്ഥകമാക്കുന്നത് പീഡനാത്മകമല്ലാത്ത ലെസ്ബിയന്‍ ബന്ധങ്ങളുടെ കണ്ടെത്തലിലൂടെയാണ്. അറിയാമല്ലോ, ഫെമിനിസങ്ങള്‍ പലതരമുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് പുരുഷാധികാരത്തിന്റെ സൂക്ഷ്മരൂപങ്ങളെ വേഗം തിരിച്ചറിയാനാവും എന്നതാണ് ഏറ്റവും വലിയ ഗുണം. അത് പങ്കുവെയ്ക്കാന്‍, തുറന്നു പറയാന്‍, സമാധാനിക്കാന്‍, സന്തോഷം കണ്ടെത്താന്‍ അവര്‍ സമാനമനസ്‌കരായ സ്ത്രീകളെയാണ് കൂടുതല്‍ പരിഗണിക്കുന്നത്. ഇതെന്തൊക്കെയാണങ്കിലും ഒരു സ്ത്രീയുടെ സെക്ഷ്വാലിറ്റിയില്‍ സ്വവര്‍ഗ്ഗാനുരാഗ ആഭിമുഖ്യമുണ്ടെങ്കില്‍ മാത്രമേ അത് ശാരീരിക തലത്തിലേക്ക് പോകൂ എന്നാണ് എനിക്ക് തോന്നുന്നത്. അത് ഓരോ സ്ത്രീയോടും അവളുടെ ശരീരം തന്നെ പറയും, എന്താണ് അവളുടെ സെക്ഷ്വാലിറ്റിയെന്ന്. പക്ഷേ അവളുടെ മനസ്സ് മത, സദാചാര, അധീശ മൂല്യങ്ങളാല്‍ മെരുക്കപ്പെട്ടതാണെങ്കില്‍ രക്ഷയില്ല. ശരീരം മാത്രമല്ല, സ്വന്തം മനസ്സെന്താണെന്നും തൃഷ്ണകളെന്താണെന്നുപോലും പിന്നെ അറിയാന്‍ സാധ്യതകളുണ്ടാവില്ല. ഭൂരിഭാഗം മനുഷ്യരുടേയും ശാരീരികമാനസികഭാവങ്ങളില്‍ ഏറിയും കുറഞ്ഞും സ്വവര്‍ഗ്ഗത്തില്‍ പെട്ടവരോട് ഇഷ്ടവും ആകര്‍ഷണവും തോന്നിപ്പിക്കുന്ന ആഭിമുഖ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിനെ മെരുക്കിയെടുക്കുന്നതിനുള്ള ശിക്ഷണങ്ങളിലൂടെ പല രീതികളില്‍ നമ്മള്‍ കടന്നു പോവുകയാണ്. നമ്മളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും 'നോര്‍മല്‍' ആയി ജീവിക്കാനാണ്. എന്നാല്‍ 10 ശതമാനത്തോളം വരുന്ന മനുഷ്യര്‍ക്ക് സ്വവര്‍ഗ്ഗത്തോടു മാത്രമേ ആകര്‍ഷണം തോന്നൂ എന്ന ജീവശാസ്ത്രപരമായ സത്യം നിലനില്‍ക്കുകയാണ്. അവരോട് 'നോര്‍മല്‍' ആവാന്‍ പറയുന്നത് അവരുടെ തലച്ചോറ് അധീശഭൂരിപക്ഷത്തിന്റെ രുചിക്കനുസരിച്ച് വേവിച്ച് പാകമാക്കി വെയ്ക്കണം എന്നു പറയുന്നതു പോലെയാണ്. ഇത് അനീതിയാണ്. കൊടുംക്രൂരതയാണ്. എന്തായാലും ഈ നോര്‍മല്‍ / അബ്‌നോര്‍മല്‍ ദ്വന്ദം തകര്‍ക്കപ്പെടേണ്ടതാണ്.

ശാരദക്കുട്ടി : നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു ലെസ്ബിയന്‍ഫാന്റസി തോന്നിയിട്ടുണ്ടോ? “ഈ സാഫിസ്റ്റുകള്‍ പെണ്ണുങ്ങളെയേ സ്‌നേഹിക്കൂ. അവര്‍ക്കിടയില്‍ സൗഹൃദത്തോടൊപ്പം എപ്പോഴും അനുരാഗവുമുണ്ട്'' എന്ന് സ്വവര്‍ഗ്ഗപ്രണയിനികളെ നോക്കിക്കൊണ്ട് വിര്‍ജീനിയ വൂള്‍ഫ് കൊതിച്ചിട്ടുണ്ട്. താന്‍ ലെസ്ബിയന്‍ ആയതിനു കാരണം സ്ത്രീകള്‍ മാത്രമാണ്, കാരണം സ്ത്രീ സുന്ദരിയും ബുദ്ധിമതിയും ശക്തയും ആര്‍ദ്രയും ആയതുകൊണ്ട് ഞാന്‍ സ്ത്രീയെ പ്രണയിക്കുന്നു എന്ന് പണ്ടൊരു ഫെമിനിസ്റ്റ് എഴുത്തുകാരി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികള്‍ അല്ലാത്തവരാണെങ്കിലും ചിലപ്പോഴൊക്കെയെങ്കിലും സുന്ദരിയായ, ബുദ്ധിമതിയായ, ശക്തയായ, ആര്‍ദ്രയായ ഒരു സ്ത്രീയോട് നമുക്കും അനുരാഗം തോന്നിയിട്ടുണ്ടാവില്ലേ? വിര്‍ജീനിയയെ പോലെ നമ്മളും കൊതിപൂണ്ടിട്ടുണ്ടാവില്ലേ? അങ്ങനെയുള്ള ഒരു ലെസ്ബിയന്‍ ഫാന്റസി. അതെക്കുറിച്ച് പറയാമോ?

ചന്ദ്രിക : അതാണ് ഞാന്‍ നേരത്തേ പറഞ്ഞത്, എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞുമുള്ള സ്വവര്‍ഗ്ഗാകര്‍ഷണത്തെക്കുറിച്ച്. അത് നമ്മളില്‍ എത്രയധികമുണ്ടോ, അതനുസരിച്ച് തീര്‍ച്ചയായും ആ ഫാന്റസികള്‍ നമുക്കുമുണ്ടാകും. ആ പ്രണയഭാവനകള്‍, ഫാന്റസികള്‍ നമ്മുടെ തന്നെ മനസ്സിന്റെയും ശരീരത്തിന്റെയും ആഗ്രഹങ്ങളുടെ പരിപൂര്‍ണ്ണതകള്‍ തേടലുകളാണ്. അത്തരം ഒരു ഫാന്റസി 'കാഞ്ചീപുര'ത്തില്‍ ഉണ്ട്. താരയും ദേവിയും.

പരസ്പരമറിയുന്നതിന്റെ ആഴവും ഔന്നത്യവുമുള്ള അനുരാഗം. സത്യത്തില്‍ രണ്ടു തരത്തിലാണ് ഞാന്‍ ആ കഥാപാത്രങ്ങളെ സ്വയം അനുഭവിച്ചത്. ഒന്ന്, ദേവി എന്നിലെ തന്നെ രണ്ട് പ്രണയവ്യക്തിത്വങ്ങളാണെന്ന തിരിച്ചറിവോടെ. രണ്ട്, ദേവി എന്റെ പുരുഷനില്‍ ഞാന്‍ കാണുന്നതും, അനുഭവിക്കുന്നതുമായ പ്രണയം തന്നെയാണെന്ന തോന്നലോടെ. അതായത്, ദേവി പെണ്ണോ ആണോ എന്നതിനേക്കാള്‍ എനിക്ക് ആഭിമുഖ്യമുള്ള പ്രണയം എന്നതാണ് ആ അറിവ്. സത്യത്തില്‍ രണ്ടു സ്ത്രീകള്‍ പ്രണയിക്കുമ്പോള്‍ അത് സ്വവര്‍ഗ്ഗാനുരാഗമെന്ന് പറഞ്ഞ് ഒരു പ്രത്യേക കള്ളിയില്‍ ഒതുക്കേണ്ട കാര്യമില്ല. സ്‌നേഹം, അതിന്റെ വിവിധ ഭാവങ്ങള്‍ ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. പല നേരങ്ങളില്‍ പല തരത്തില്‍ പലതലങ്ങളില്‍ തോന്നാം. സ്ത്രീക്ക് സ്ത്രീയോട് തോന്നാം. സ്ത്രീക്ക് പുരുഷനോട് തോന്നാം. സ്ത്രീക്ക് പുരുഷനോടും സ്ത്രീയോടും ഒരേ സമയം തോന്നാം. ഒരു പുരുഷന്, ഒരു സ്ത്രീക്ക് ഒരേ സമയം തോന്നാം. ഒരു പുരുഷന്, ഒരു സ്ത്രീക്ക് ഒരേ സയമം ഒന്നിലധികം പുരുഷന്‍മാരോടും സ്ത്രീകളോടും തോന്നാം. വേര്‍തിരിച്ച് വിശകലനം ചെയ്യാനോ കൃത്യമായി നിര്‍വ്വചിക്കാനോ എതിര്‍ത്ത് ഇല്ലാതാക്കാനോ പറ്റുന്നതല്ല ഇത്തരം സ്‌നേഹവും പ്രണയവും. ഓരോന്നും ഓരോന്നാണ്. നമ്മുടെ സെക്ഷ്വാലിറ്റി സ്റ്റാറ്റിക് അല്ല. എന്തായാലും, എന്റെ പുരുഷനോട് എനിക്കുള്ള, എന്നെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയം, മനസ്സിലും ശരീരത്തിലും ആത്മാവിലും ഒരുപോലെ പടര്‍ന്ന് ഓരോ നിമിഷവും പിടയ്ക്കുന്ന പ്രണയംപോലെ എന്നെ സര്‍വ്വത്ര ആകര്‍ഷിക്കുകയും ഉന്‍മാദങ്ങളിലേക്കും ആവേഗങ്ങളിലേക്കും കൊണ്ടുപോവുകയും ചെയ്യുന്ന സ്വവര്‍ഗ്ഗാനുരാഗം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്നോട് പ്രേമം തോന്നിയിട്ടുള്ള സ്ത്രീകളോട് എനിക്കങ്ങനെ തീക്ഷ്ണമായി reciprocate ചെയ്യാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് അത്തരം അനുരാഗത്തിന്റെ സ്വാഭാവികമായ അഭിനിവേശങ്ങളും ആനന്ദങ്ങളും വേദനകളും മറ്റനുഭവങ്ങളും എനിക്കറിയില്ല.

സ്വപ്നാത്മകമായ പരിപൂര്‍ണ്ണതയിലേക്കുള്ള പ്രയാണം പോലെയാണ് ഞാന്‍ മനുഷ്യരുടെ പ്രണയഫാന്റസികളെ കാണുന്നത്. ഈ ഫാന്റസികളില്‍ പ്രണയികളുടെ മുഖം, രൂപം മാറുമായിരിക്കും. പക്ഷെ മാറാത്തതതൊന്നേയുള്ളൂ. പ്രണയം മാത്രം.

ശാരദക്കുട്ടി : സ്വവര്‍ഗ്ഗരതിയെ പരമോന്നത നീതിപീഠം കുറ്റകരം എന്ന് വിധിച്ചിരിക്കുന്നു. അതായത് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍, ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് ഇങ്ങനെ തോന്നുന്നത് നിയമവിരുദ്ധമാകുന്നു. വ്യാജ സന്മാര്‍ഗ്ഗികചിന്തകളാണോ പരമോന്നത നീതിപീഠത്തിന്റെ ഈ കണ്ടെത്തലിനു പിന്നിലെ പ്രേരണ? അതോ പുരുഷന് സ്ത്രീയുടെ ലഭ്യതയ്ക്ക് നേരെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ ഒരു കടന്നുകയറ്റം കൂടിയാകുന്നു ഇത് എന്നത് കൊണ്ടാണോ?

ചന്ദ്രിക : മനുഷ്യന്‍ എന്ന സ്പീഷിസിനെ നന്നായി നോക്കിയാലറിയാം, നമ്മളിലെല്ലാം എല്ലാ ഭാവങ്ങളുമുണ്ട്. പക്ഷേ സ്ത്രീക്ക് സ്‌ത്രൈണതയെന്നും സ്ത്രീക്ക് പുരുഷത്വമെന്നും നിര്‍വ്വചനമുണ്ടാക്കി തിരിച്ച് സ്വഭാവങ്ങളും റോളുകളും നിശ്ചയിച്ചുകൊടുത്തിരിക്കുകയാണ്.

ഇതൊക്കെ ഇങ്ങനെ സംഭവിച്ച ചരിത്രഘട്ടങ്ങളെക്കുറിച്ചും ആണ്‍കോയ്മയുടെ രൂപങ്ങളെക്കുറിച്ചും നമുക്കറിയാം. ഈ നിര്‍മ്മിത 'സ്‌ത്രൈണത'യും 'പുരുഷത്വ'വുമല്ലാതെ മറ്റൊന്നിനേയും മനസ്സിലാക്കാനോ അംഗീകരിക്കാനോ ലിംഗാധികാരവ്യവസ്ഥയും അതിന്റെ അധീശസംസ്‌ക്കാരവും സമ്മതിക്കില്ല. നമ്മുടെ നീതിപീഠങ്ങളും അങ്ങനെയാണ്.

സ്ത്രീവിരുദ്ധമായ വിധികളുടെ എത്ര പരമ്പരകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. മുന്‍വിധികളില്ലാതെ, മനുഷ്യാവകാശങ്ങളും ലിംഗനീതിയുമെന്തെന്ന് മനസ്സിലാക്കാനും നിര്‍വ്വചിക്കാനും ബൗദ്ധിക, രാഷ്ട്രീയ ശേഷിയുള്ള അഭിഭാഷകരും ന്യായാധിപ/ന്‍മാരും അപൂര്‍വ്വരില്‍ അപൂര്‍വ്വരാണിവിടെ.

2000 ജനുവരിയിലാണ് കേരളത്തില്‍ ലെസ്ബിയന്‍ ആത്മഹത്യ ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. കേരളത്തില്‍ 1995, 96, 97 വര്‍ഷങ്ങളില്‍ നാല് ലെസ്ബിയന്‍ ബന്ധങ്ങളിലായി 8 പേര്‍ ആത്മഹത്യ ചെയ്യുകയും 1999ല്‍ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ 5 ലെസ്ബിയന്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. 2001 ല്‍ കേരളത്തില്‍ ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുമാത്രം ശ്രദ്ധകൊടുത്തുകൊണ്ട് 'സഹയാത്രിക' പോലുള്ള സംഘം നിശ്ശബ്ദമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് നമ്മള്‍ കണ്ടു. ഇന്ത്യയില്‍ ലൈംഗിക ന്യൂനപക്ഷപ്രവര്‍ത്തകള്‍ക്ക് അല്പമെങ്കിലും തുറന്നു പ്രവര്‍ത്തിക്കാനാവുന്ന അന്തരീക്ഷം ഉണ്ടായത് 2009 ജൂലായ് 2 ന് ഡെല്‍ഹി ഹൈക്കോടതി, ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷ്വല്‍ 377 ന്റെ പുനര്‍വായനയിലൂടെ ഹോമോസെക്ഷ്വാലിറ്റിയെ കുറ്റവിമുക്തമാക്കിയ ഐതിഹാസികമായ, നേരത്തേ പറഞ്ഞ അപൂര്‍വ്വമായ വിധിപ്രസ്താവത്തിനു ശേഷമാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല സംസ്ഥാനങ്ങളിലും ഇവരുടെ പൊതു ദൃശ്യത ഉണ്ടായിവരികയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ക്വീര്‍പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഫ്യൂഡല്‍ പാട്രിയാര്‍ക്കില്‍ ലൈംഗിക സദാചാരത്തെ വെല്ലുവിളിക്കുന്ന നിലയില്‍ ശക്തവും നിരന്തരവുമായി വളര്‍ന്ന് മുഖ്യധാരയില്‍ സജീവതയും ദൃശ്യതയും കൈവരിക്കും എന്ന സന്ദര്‍ഭത്തിലാണ് സ്വവര്‍ഗ്ഗലൈംഗികത കുറ്റകരമാണെന്ന് സുപ്രീംകോടതി വിധിക്കുന്നത്.

എല്ലാ മനുഷ്യരും ഭിന്നലൈംഗികത മാത്രം പുലര്‍ത്തണം എന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്. മതങ്ങളും സദാചാരസംഹിതകളും എപ്പോഴും പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണോ നമ്മള്‍ നീതിപീഠത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്? മനുഷ്യരില്‍ തന്നെയുള്ള വൈവിധ്യങ്ങളെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും അംഗീകരിക്കാനും നീതിന്യായ വ്യവസ്ഥ തയ്യാറാവുമ്പോഴാണ് ഒരു ഭരണവ്യവസ്ഥയില്‍, സമൂഹത്തിലൊട്ടാകെ നിലനില്‍ക്കുന്ന 'വ്യത്യസ്തത'കളെ ഉള്‍ക്കൊള്ളുന്ന നീതിബോധമുള്ള സമ്പന്നമായ സംസ്‌ക്കാരമുണ്ടാകുന്നു എന്ന് പറയാന്‍ പറ്റുക. ലൈംഗികന്യൂനപക്ഷങ്ങളെ അരക്ഷിതരാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തരത്തിലുള്ള സുപ്രീം കോടതി വിധിയും അതിനെ ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്ന 'പൊതു' സമൂഹത്തിന്റെയും അധീശ ഭിന്ന ലൈംഗിക സംസ്‌ക്കാരവും 'സദാചാര'ത്തിന്റെ സര്‍വ്വനിയന്ത്രണവും കയ്യാളുകയാണ്. ഉദ്ദേശം എത്ര വ്യക്തമാണ്! സ്വവര്‍ഗ്ഗപ്രേമം ജീവശാസ്ത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കാന്‍ ഇന്ത്യയില്‍ ഇനിയും എത്ര സ്വവര്‍ഗ്ഗപ്രേമികള്‍ ആത്മഹത്യ ചെയ്യണം? ഈ ആത്മഹത്യകള്‍ വെറും ആത്മഹത്യകളല്ലെന്നും കൊലപാതകങ്ങള്‍ തന്നെയാണെന്നും മനസ്സിലാക്കപ്പെടാതെ പോകുന്നത് കുറ്റകരമാണ്.

ശാരദക്കുട്ടി : നവോത്ഥാനകാലം മുതല്‍ക്കേ കലയില്‍ സ്വവര്‍ഗപ്രണയം ഒരു വിഷയമാണ്. സാഹിത്യത്തില്‍ സാഫോയില്‍ തുടങ്ങുന്ന ഒരു വലിയ പാരമ്പര്യമാണത്. ഇവിടെ മലയാളസാഹിത്യത്തില്‍ വിരലില്‍ എണ്ണാവുന്ന കൃതികളും. എന്തുകൊണ്ടായിരിക്കും നമ്മുടെ മികച്ച സ്ത്രീ എഴുത്തുകാരില്‍നിന്ന് പോലും മികച്ച ഒരു ലെസ്ബിയന്‍ കൃതി ഉണ്ടാകാത്തത്? വ്യവസ്ഥയെ ധിക്കരിക്കുന്നതിലെ കലാത്മകതയും കലാപപരതയും കേരളത്തിലെ എഴുത്തുകാരികളില്‍ കുറവാണോ?

ചന്ദ്രിക : എല്ലാവര്‍ക്കും ഈ തീം എഴുതാന്‍ പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നാമതായി, സ്വതന്ത്രമായ ഒരാത്മാവിനേ നിഷേധിക്കപ്പെട്ട ആനന്ദങ്ങളുടെ മേഖലകളെക്കുറിച്ച് മുന്‍പില്‍ നോക്കാതെ അന്വേഷിക്കാനും എഴുതാനും പറ്റൂ. കലാപപരത എന്നു പറയുന്നത് ഈ ധൈര്യത്തെയാണ്. ഈ ധൈര്യം അറിഞ്ഞുകൊണ്ടും അറിയാതെയും ഒരാള്‍ പ്രകടിപ്പിക്കുന്നതിനെ നമ്മള്‍ ഭ്രാന്തമായി വ്യാഖ്യാനിക്കും. നമ്മുടെ മുന്നില്‍ ഉദാഹരണങ്ങളുണ്ട്. അറിഞ്ഞുകൊണ്ടു ചെയ്യുന്നതിനെ നമ്മള്‍ പലതരം സെന്‍സര്‍ഷിപ്പുകള്‍ കൊണ്ട് നിയന്ത്രിക്കാനും ഇല്ലാതാക്കാനും ശ്രമിക്കും. ഇതൊരു തീവ്രമായ സമരമാണ്. രണ്ടാമതായി, ഇത്തരം പ്രമേയങ്ങള്‍ എഴുതാന്‍ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ അനുഭവങ്ങള്‍ കാണാനും കേള്‍ക്കാനുമുള്ള അവസരങ്ങളെങ്കിലുമുണ്ടാകണം. എങ്കില്‍ തന്നേയും എഴുതാനുള്ള ധൈര്യം വേണ്ടിവരും. കാരണം പെട്ടെന്ന് മുദ്ര കുത്തപ്പെടാം. എല്ലാവരും അതൊഴിവാക്കാനാഗ്രഹിക്കുന്നു. ഇക്കാലത്ത് ഇതിനെയൊക്കെ മറിക്കാനാവുന്നതേയുള്ളൂ. കാരണം, മുമ്പേ കടന്നുപോയ എഴുത്തുകാരികളുടെ ജീവിതസമരങ്ങള്‍ പിറകേ വന്ന എഴുത്തുകാരികള്‍ക്ക് തന്നുപോയിട്ടുള്ള സാംസ്‌ക്കാരിക രാഷ്ട്രീയ മൂലധനം ചെറുതല്ല. പിന്നെന്തുകൊണ്ട് സ്വവര്‍ഗ്ഗപ്രേമം തീം ആകുന്നില്ല എന്നു ചോദിച്ചാല്‍ രണ്ടാമതു പറഞ്ഞ കാരണം കൊണ്ടാകാം. സ്വവര്‍ഗ്ഗപ്രണയത്തെ ആഴത്തില്‍ എഴുതാനാവണം.

വെല്ലുവിളികളെ നേരിട്ടുകൊണ്ടുള്ള സ്വവര്‍ഗ്ഗ പ്രേമജീവിതങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ അതിന്റെ സൗന്ദര്യശാസ്ത്ര വ്യവഹാരങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണ്. എളുപ്പം പാളിപ്പോകാവുന്ന പ്രമേയമാണത്. നമ്മള്‍ കണ്ടിട്ടില്ലേ, ചില എഴുത്തുകാര്‍ (ആണും പെണ്ണും) സ്വവര്‍ഗ്ഗപ്രേമം പ്രമേയമായി എഴുതിയപ്പോള്‍ അത് ലൈംഗികതയുടെ മടുപ്പിക്കുന്ന പ്രകടനാത്മകതയിലേക്ക് കൂപ്പുകുത്തിപ്പോകുന്നത്. വലിയ സൂക്ഷ്മതയോടെയേ ഈ വിഷയം എഴുതാനാവൂ. ആരെങ്കിലുമൊക്കെ അതിശക്തമായും അതിമനോഹരമായും ഈ പ്രമേയം എഴുതാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടായിരിക്കും. നമുക്കു കാത്തിരുന്നു കാണാം.

ശാരദക്കുട്ടി : വിദൂരമായ ഒരു ദ്വീപിലേക്ക് നിങ്ങള്‍ നാടുകടത്തപ്പെട്ടു എന്ന് സങ്കല്‍പ്പിക്കുക. കൂടെ പാര്‍പ്പിക്കാന്‍ ഒരു പ്രശസ്തയായ സ്ത്രീയെ നിങ്ങള്‍ക്ക് കൊണ്ടുപോകാം. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ കൊണ്ടുപോകുന്ന സ്ത്രീ ആരായിരിക്കും?

ചന്ദ്രിക : ഇസഡോറ ഡങ്കനെ തരൂ. താദാത്മ്യപ്പെടാന്‍ കഴിയുന്ന മറ്റൊരു പ്രണയിനിയേയും ഞാന്‍ കിട്ടില്ല. അസമാധാനങ്ങളില്‍ നിന്ന് സമാധാനത്തിലേക്കും വേദനകളില്‍ നിന്ന് ആനന്ദങ്ങളുടെ പരിപൂര്‍ണ്ണതയിലേക്കും എത്താന്‍ അര്‍ഹതയും ശേഷിയുമുള്ള മനസ്സും ശരീരവും ആത്മാവുമുള്ള മറ്റൊരു പ്രണയിനി എവിടെയുണ്ട്?

 

കടപ്പാട് : സഹയാത്രിക 

 

03-May-2014