ദളിതരില്ലാത്ത ഹിന്ദുരാഷ്ട്രം

ഹിന്ദുരാജ്യമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ആര്‍ എസ് എസ് സംഘപരിവാരത്തിന് ആവശ്യം വെറും ഹിന്ദുരാജ്യമല്ല സവര്‍ണ്ണ ബ്രാഹ്മണര്‍ നിയന്ത്രിക്കുന്ന ദളിതുകള്‍ തീണ്ടാപ്പാടകലത്തില്‍ മാറിനില്‍ക്കുന്ന ഹിന്ദു രാജ്യമാണ്. ശ്രേഷ്ഠഹിന്ദുക്കളുടെ ഹിന്ദുരാജ്യം. അവിടെ നികൃഷ്ട ഹിന്ദുവായ ദളിതന് ചവിട്ടാന്‍ മണ്ണില്ല. ഗുജറാത്ത് ആ സത്യം വിളിച്ചുപറയുന്നു.

നിങ്ങളുടെ അമ്മയുടെ ശവം നിങ്ങള്‍ തന്നെ മറവു ചെയ്യുക. ഗുജറാത്തിലെ ദളിതര്‍ ഗോ രക്ഷക് പ്രവര്‍ത്തകര്‍ക്ക് വിധിച്ച വിധിയാണിത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത, ഗുജറാത്തിലെ ദളിത് പ്രക്ഷോഭം ഇപ്പോഴും ശക്തമായി തുടരുകയാണ്. പത്തുപതിനാറ് ദിവസമായി തെരുവില്‍ ചത്ത് കിടക്കുന്ന മൃഗങ്ങളുടെ ശവം മാറ്റാന്‍ അവര്‍ തയ്യാറാകുന്നില്ല. ഗുജറാത്ത് ഗവണ്‍മെന്റ് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. ഗുജറാത്തിലെ ഉന എന്ന ഒരു ചെറിയ ഗ്രാമത്തിന് വേണ്ടി മുഴുവന്‍ ഗുജറാത്തും ഒന്നിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. എഴുത്തുകാര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ സമ്മാനത്തുകയടക്കം തിരിച്ചു നല്‍കുന്നു. ദളിതുകള്‍ മനുഷ്യരാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്നു.

കൗ ഷെല്‍ട്ടേഴ്‌സില്‍ ചത്തുവീഴുന്ന പശുക്കളെ മാറ്റാന്‍ പോലും ആ ജോലി ചെയ്തുവരുന്ന ദളിത് വിഭാഗത്തിലുള്ളവര്‍ തയ്യാറാവുന്നില്ല. മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുമില്ല. ഗോമാതാക്കളുടെ രക്ഷകരായ ഒരൊറ്റ മക്കളും പുറത്തിറങ്ങുന്നില്ല. ദളിതര്‍ ചത്ത പശുക്കളെ മാറ്റിയില്ലെങ്കില്‍ ഞങ്ങള്‍ മാറ്റുമെന്ന് പറയാനുള്ള ഇച്ഛാശക്തി ആ വര്‍ഗീയ വാദികള്‍ക്കില്ല. മോദിയെയും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ആനന്ദി ബെന്‍ സര്‍ക്കാരിനെയും അവരുടെ വര്‍ഗീയ അജണ്ടകളെയും ജനങ്ങള്‍ തള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍ തുടങ്ങി, ഗുജറാത്തില്‍ അവസാനിക്കുന്ന മോദിയുടെ രാഷ്ട്രീയ ജീവിതമെന്ന് സോഷ്യല്‍ മീഡിയ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതില്‍ മുന്നിലുള്ളത് മോദിയുടെ സ്വന്തം ഗുജറാത്തികള്‍ തന്നെയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, പ്രതിഷേധങ്ങള്‍ ആളിപ്പടരുമ്പോഴും ദളിതര്‍ക്കെതിരായ ആക്രമങ്ങള്‍ക്ക് ശമനം വന്നിട്ടില്ല. പുതിയ സംഭവവികാസങ്ങള്‍ അത് ചൂണ്ടികാണിക്കുന്നു. പ്രതിഷേധ സൂചകമായി ചത്ത പശുവിനെ മാറ്റാന്‍ വിസമ്മതിച്ചയാളെ സവര്‍ണഹിന്ദു ജാതിയിലുള്ളവര്‍ ചേര്‍ന്ന് ആക്രമിക്കുകയുണ്ടായി. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ പോലീസും നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതെല്ലം വിരല്‍ ചൂണ്ടുന്നത് ഇപ്പോഴും ബിജെ പി സര്‍ക്കാര്‍ ദളിതര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും എതിരായി തന്നെ നിലകൊള്ളുന്നുവെന്നാണ്.

ഹിന്ദുത്വ അജണ്ടയെ കൂട്ടുപിടിച്ചുകൊണ്ട് അതുമാത്രമാണ് രാജ്യസ്‌നേഹത്തിന്റെ അളവുകോലെന്ന് വരുത്തിത്തീര്‍ത്ത്, സവര്‍ണ്ണ ഹിന്ദുബോധത്തെ എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രകുത്തി, അവരെ പെരുവഴിയില്‍ പോലും ആക്രമിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാനും അവരെ സംരക്ഷിക്കാനുമുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ ആര്‍ എസ് എസും അവരുടെ പരിവാര്‍ സംഘടനായ ബി ജെപിയും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഹിന്ദു സംഘടനകള്‍ എന്ന പേരില്‍ ന്യനപക്ഷ, ദളിത് സമൂഹത്തിനെതിരായി നിരത്തിലിറങ്ങുന്നവരെല്ലാം ആര്‍ എസ് എസ് - ബിജെപി സംഘപരിവാരം ഊട്ടിവളര്‍ത്തുന്നവരാണ്.

കാര്യങ്ങള്‍ ഈ വിധത്തിലാണെങ്കിലും രാജ്യം മുഴുവന്‍ ആളിപ്പടരേണ്ട പ്രതിഷേധം ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിപ്പോയി എന്നത് ദൗര്‍ഭാഗ്യകരമാണ്. മഹാരാഷ്ട്രയിലൊഴികെ മറ്റെങ്ങും കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്ന വിധത്തില്‍ ദളിത് സംഘടനകള്‍ പോലും ഈ പ്രക്ഷോഭത്തെ ഏറ്റെടുത്തില്ല. രാജ്യത്താകമാനം പ്രതിഷേധത്തിന്റെ തീജ്വാലകള്‍ ഉയരുന്നില്ല. ഇത് നിരാശാജനകമായ കാര്യമാണ്.

തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാത്ത ഒരു ജനതയാണ് ഗുജറാത്തിലുള്ളത്. എങ്കിലും രണ്ടായിരത്തി പതിനേഴിലെ ഗുജറാത്ത് ഇലക്ഷനെയാണ് ഏവരും ഉറ്റുനോക്കുന്നത്. പട്ടേല്‍ പ്രശ്‌നം, കര്‍ഷകരുടെ അതൃപ്തി, തൊഴിലില്ലായ്മ, ബി ജെ പിക്കുള്ളില്‍ത്തന്നെയുള്ള അമിത് ഷാ-ആനന്ദി ബെന്‍ പക്ഷങ്ങളുടെ തമ്മിലടി, ഗുജറാത്തിലെ ഒരു വലിയ വിഭാഗമായ ദളിത്, ന്യുനപക്ഷങ്ങളുടെ അതൃപ്തി ഇവയൊക്കെ ബി ജെ പി അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ്. അതിനാല്‍ വളരെയധികം പ്രതിരോധത്തിലാണ് ബി ജെ പിയുള്ളത്. ആ എരിതീയിലേക്ക് എണ്ണയൊഴിക്കും വിധത്തിലാണ് തീവ്ര ഹിന്ദുത്വവാദികളും ഗോ സംരക്ഷകരും കുടി കാര്യങ്ങള്‍ വഷളാക്കുന്നത്.

ഇപ്പോഴും ദളിതരെ കണ്ടാല്‍ ഒരടി അകലത്തില്‍ മാറ്റിനിര്‍ത്തുന്ന പട്ടേലുമാര്‍ അവരെ കൂടെ നിര്‍ത്തുമോ? ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടി ഒരു ദളിതനെ വിവാഹം കഴിച്ചാല്‍ രണ്ടുപേരെയും കൊന്നുകളയുന്ന രീതി പിന്തുടരുന്നവര്‍ ഹിന്ദുരാജ്യം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗത്തില്‍ നിന്ന് ദളിതരെ ഒഴിവാക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ നിന്ന് ഇതാണ് മനസിലാവുന്നത്. ഹിന്ദുരാജ്യമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ആര്‍ എസ് എസ് സംഘപരിവാരത്തിന് ആവശ്യം വെറും ഹിന്ദുരാജ്യമല്ല സവര്‍ണ്ണ ബ്രാഹ്മണര്‍ നിയന്ത്രിക്കുന്ന ദളിതുകള്‍ തീണ്ടാപ്പാടകലത്തില്‍ മാറിനില്‍ക്കുന്ന ഹിന്ദു രാജ്യമാണ്. ശ്രേഷ്ഠഹിന്ദുക്കളുടെ ഹിന്ദുരാജ്യം. അവിടെ നികൃഷ്ട ഹിന്ദുവായ ദളിതന് ചവിട്ടാന്‍ മണ്ണില്ല. ഗുജറാത്ത് ആ സത്യം വിളിച്ചുപറയുന്നു.

31-Jul-2016