നടുതല്ലി വീണ മാണി
ഷാജി തലമുണ്ട
![]() |
കേരള കോണ്‍ഗ്രസ്സ് ക്ഷയിക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. പഴയ പ്രതാപമൊന്നും പാര്‍ട്ടിക്കില്ല. വിദ്യാര്‍ത്ഥിയുവജന സംഘടനകള്‍ പേരിനുപോലും എങ്ങുമില്ല. കേരളരാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ പ്രസക്തി കുറയുകയാണ്. നേതാക്കളുടെ പേരില്‍ നേതാക്കളെ ചുറ്റിപ്പറ്റി നില്ക്കുന്ന പാര്‍ട്ടികളായി കേരള കോണ്‍ഗ്രസ്സ് വിഭാഗങ്ങള്‍ മാറിയിരിക്കുന്നു. ഒരു പാര്‍ട്ടിക്ക് ഒരു നേതാവ്, ഒരു എം.എല്‍.എ., ഒരു മന്ത്രി എന്നതായിരിക്കുന്നു പുതിയ സിദ്ധാന്തം. ഏറിയാല്‍ മകന്, അതിനപ്പുറമൊന്നുമില്ലത്ത സ്ഥിതി. ഒരു നേതാവില്‍ തുടങ്ങി ആ നേതാവില്‍ അവസാനിക്കുന്ന പാര്‍ട്ടികളുടെ ഗണത്തിലേക്ക് നീങ്ങുകയാണ് കേരള കോണ്‍ഗ്രസ്സുകള്‍. 'കെ.എം.മാണി സിന്ദാബാദ്, കേരള കോണ്‍ഗ്രസ്സ് സിന്ദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ കാലം എന്നേ കടന്നുപോയിരിക്കുന്നു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിപദം വരെ സ്വപ്നം കണ്ട കെ.എം.മാണി താഴേക്ക് പതിച്ചിരിക്കുന്നു. ഒരു കേരള കോണ്ഗ്രസ്സുകാരന് എത്താവുന്ന ഏറ്റവും വലിയ ഉയരത്തില്‍നിന്നാണ് വീഴ്ച. നടുതല്ലി വീണ മാണി ഇനി എഴുനേറ്റ് നടക്കില്ല. പാലയിലെ വടയക്ഷനെ അവസാനം ആണിയില്‍ തറച്ചിരിക്കുന്നു. |
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ എം മാണിയുടെ പെട്ടിയില്‍ നിന്നും കാറല്‍മാര്‍ക്സിന്റെ 'മൂലധനം' കണ്ടെത്തിയൊരു കഥയുണ്ട്. അത് മാണി 'സാര്‍' തന്നെ ഇറക്കിയ തള്ളാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും കെ എം മാണി ലോകത്തിന് വേണ്ടി 'അധ്വാവര്‍ഗ സിദ്ധാന്തം' എഴുതിയിട്ടുണ്ട്. ആ ഗ്രന്ഥത്തെ പിന്‍പറ്റിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണോ ഇന്നദ്ദേഹം കുനിഞ്ഞ ശിരസുമായി പടിയിറങ്ങിയത് എന്ന ചോദ്യത്തിന് വര്‍ത്തമാനത്തില്‍ പ്രസക്തിയില്ല. മാര്‍ഗമല്ല ലക്ഷ്യമായിരുന്നു കെ എം മാണിക്ക് എന്നും പഥ്യം. ബിരുദമെടുത്ത ശേഷം നിയമം പഠിച്ച് വക്കീലായ മാണി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി. കോണ്‍ഗ്രസ്സിന്റെ കരുത്താനായ നേതാവ് പി.ടി.ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ യോഗംചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് രൂപീകരിക്കുമ്പോള്‍ കെ.എം.മാണി കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. 1964 ഒക്ടോബര്‍ എട്ടിനായിരുന്നു കേരള കോണ്‍ഗ്രസ്സിന് ജന്മംനല്കിയ ആ സമ്മേളനം. കെ.എം.ജോര്‍ജ്ജ്, വയലാ ഇടിക്കുള, മാത്തച്ചന് കുരുവിനാക്കുന്നേല്‍, ഇ.ജോണ്‍ ജേക്കബ്ബ്, ആര്. ബാലകൃഷ്ണപിള്ള, ടി.കൃഷ്ണന്, എം.എം.ജോസഫ്, സി.എ.മാത്യു, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കെ.എം.ജോര്‍ജ്ജ് ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ്സ് രൂപംകൊണ്ടു. മാത്തച്ചന് കുരുവിനാക്കുന്നേല്‍ ജനറല്‍ സെക്രട്ടറിയുമായി. ധനാഠ്യനായിരുന്നു മാത്തച്ചന് കുരുവിനാക്കുന്നേല്‍. കോട്ടയത്ത് പാര്‍ട്ടി ഓഫീസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീപ്പിന്റെ നിയന്ത്രണം ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കായിരുന്നു.
1965 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലാ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ തിരക്കി നടന്ന നേതാക്കള്‍ കെ.എം.മാണി എന്ന പാലക്കാരനെ ശ്രദ്ധിച്ചു. ചെറുപ്പക്കാരന്, മിടുക്കന്, നന്നായി പ്രസംഗിക്കും. അന്ന് കോട്ടയത്തെ പ്രമുഖ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ആര്.വി.തോമസ്സിന്റെ ഭാര്യയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി. 'ആര്.വി. ചേടത്തി' എന്ന പേരില്‍ പ്രസിദ്ധയായിരുന്നു അവര്‍. കേരള കോണ്‍ഗ്രസ്സ് നേതാവ് മോഹന്‍ കുളത്തുങ്കല്‍ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന് ചെലവാക്കാന്‍ കൈയ്യില്‍ പണമില്ല. അതുകൊടുക്കാമെന്ന് കുളത്തിങ്കല്‍ ഏറ്റു. 35,000 രൂപ അദ്ദേഹം മാണിയെ ഏല്‍പ്പിച്ചു. പാലായില്‍ കെ.എം.മാണി സ്ഥാനാര്‍ത്ഥിയായി.
1965 മാര്‍ച്ച് 4ന് നടന്ന തിരഞ്ഞെടുപ്പില്‍ 26 സീറ്റ് കിട്ടിയ കേരള കോണ്‍ഗ്രസ്സ് കേരളരാഷ്ട്രീയത്തിലേക്ക് ഉറച്ച കാല്‍വെയ്പ്പോടെ കടന്നു വരികയായിരുന്നു. അന്ന് കോണ്‍ഗ്രസ്സിന് കിട്ടിയത് 40 സീറ്റ്. സി.പി.എമ്മിന് 36 സീറ്റും. ആര്‍ക്കും ഭൂരിപക്ഷമില്ലിതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. എം.എല്‍.എ. ആയി കഴിഞ്ഞപ്പോള്‍ മാണി കോട്ടയത്തും ഓഫീസിലും അതിനെ ചുറ്റിപ്പറ്റിയുള്ള അധികാരപ്രഭയിലും ആകൃഷ്ടനായി. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കാണ് ജീപ്പിന്മേലുള്ള അവകാശം. മാണി പാര്‍ട്ടി ചെയര്മാന് കെ.എം.ജോര്‍ജ്ജിന് മുന്പില് ഒരു നിര്‍ദ്ദേശം വെച്ചു തന്നെ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയാല്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പെടുക്കാം. ജോര്‍ജ്ജ് ഇക്കാര്യം മാത്തച്ചന് കുരുവിനാക്കുന്നേലുമായി സംസാരിച്ചു. സ്ഥാപക ജനറല്‍ സെക്രട്ടറി ആര്.ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചു. ഇരുവരും അതിനോട് യോജിച്ചില്ല. മാണിയെ ആ ചുമതല ഏല്‍പ്പിച്ചാല്‍ കെ.എം.ജോര്‍ജ്ജ് ദുഖിക്കേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്കി. പക്ഷെ, ജോര്‍ജ്ജ് കെ.എം.മാണിയുടെ ആവശ്യത്തിന് വഴങ്ങി. 1971ലും 1972ലും കേരള കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായി കെ.എം.മാണി. ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയം കരിങ്ങോഴയ്ക്കല്‍ മാണി മാണി സ്വന്തം ഉള്ളം കൈയ്യിലേക്ക് ചുരുട്ടിക്കൂട്ടാന്‍ തുടങ്ങുകയായിരുന്നു. ജോര്‍ജ്ജിന്റെ പ്രവൃത്തി, 'വിനാശകാലേ വിപരീതബുദ്ധി' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി എന്ന് പിന്നീട് കാലം തെളിയിച്ചു.
പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോണ്‍ഗ്രസ്സ്. ഇ.എം.എസ്., എ.കെ.ജി., എം.പി.മന്മഥന്, ഒ.രാജഗോപാല്‍, കെ.ശങ്കരനാരായണന്, സി.ബി.സി. വാര്യര്‍ എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം കെ.എം.ജോര്‍ജ്ജിനെയും ആര്.ബാലകൃഷ്ണ പിള്ളയേയും പോലീസ് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. 1975 ജൂലായിലായിരുന്നു അത്. കെ.എം.മാണി രഹസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഒളിവില്‍ പോയി. അന്നത്തെ അച്ച്യുതമേനോന്‍ സര്‍ക്കാരില്‍ ചേരാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം കേരള കോണ്‍ഗ്രസ്സിനെ ക്ഷണിച്ചു. ഡിസംബറില്‍ ജോര്‍ജ്ജിനെയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചു. 'തിരികെ ജയിലിലേക്കു പോകണോ, അതോ മന്ത്രിയാകണോ' എന്നതായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോര്‍ജ്ജിനോടും പിള്ളയോടും ചോദിച്ചത്. ജോര്‍ജ്ജും അന്ന് ലോകസഭാംഗമായ ബാലകൃഷ്ണപിള്ളയും മന്ത്രിസഭയില്‍ ചേരുക എന്ന തീരുമാനമെടുത്ത് ഇന്ദിരാഗാന്ധിയുടെ ആശിര്‍വാദത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി. 1975 ഡിസംബര്‍ 25ാം തിയ്യതി കോട്ടയത്ത് ചില കത്തോലിക്ക പുരോഹിതന്മാര് യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഒരാളായിരിക്കാന്‍ പാടില്ല എന്ന സിദ്ധാന്തം അപ്പോഴേക്കും കെ.എം.മാണി മുന്നോട്ട് വെച്ചിരുന്നു. അച്ചന്മാരുടെ പാതിരായോഗം ഈ നിലപാടിനെ പിന്തുണച്ചു. ജോര്‍ജ്ജ് പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞാല്‍ കെ.എം.മാണി പാര്‍ട്ടി ചെയര്‍മാനാകും. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈയ്യിലാകും. ജോര്‍ജ്ജ് ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ മാണി മന്ത്രിയാവും. ഡിസംബര്‍ 26ന് കെ.എം.മാണി സത്യപ്രതിജ്ഞചെയ്ത് മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവെച്ചു. ആ സ്ഥാനത്ത് കെ.എം.ജോര്‍ജ്ജ് മന്ത്രിയായി; 1976 ജൂണ്‍ 26ന്. 1976 ഡിസംബര്‍ 11ന് കെ.എം.ജോര്‍ജ്ജ് മരണമടഞ്ഞു. തന്നെ പിന്നില്‍നിന്ന് കെ.എം.മാണി കുത്തിവീഴ്ത്തിയതില്‍ മനംനൊന്ത് ഹൃദയംപൊട്ടിയാണ് ജോര്‍ജ്ജ് മരിച്ചതെന്ന് അന്ന് തന്നെ ബാലകൃഷ്ണപിള്ള പരസ്യമായി ആരോപിച്ചു.
ഇരട്ടപദവി വേണ്ട എന്ന വാദമൊന്നും ഇന്ന് കേരളാ കോണ്‍ഗ്രസ്സില്‍ ഇല്ല. കെ.എം.മാണിതന്നെ പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മന്ത്രിയുമെല്ലാം. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ കെ.എം.മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോണ്‍ഗ്രസ്സിന്റെ ചെയര്‍മാനുമായി. അടിയന്തരാവസ്ഥകാലത്തെ രാജന് കേസിന്റെ പേരില്‍ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെ ആഭ്യന്തരമന്ത്രി. പാലായിലെ തിരഞ്ഞെടുപ്പുകേസിനെത്തുടര്‍ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നു; 1977 ഡിസംബര്‍ 21ന്. പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ സപ്തംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ പാര്‍ട്ടി ചെയര്മാന് സ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ മാണിയും ജോസഫും അകന്നു. ഈ അകല്‍ച്ചയാണ് പില്ക്കാലത്ത് കേരള കോണ്‍ഗ്രസ്സിനുണ്ടായ എല്ലാ പിളര്‍പ്പുകള്‍ക്കും തുടക്കം കുറിച്ചത്. ചെയര്മാന് സ്ഥാനത്തേക്കുള്ള മത്സരം വന്നപ്പോള്‍ മാണി പി.ജി. സെബാസ്റ്റ്യനെയാണ് പിന്തുണച്ചത്. കടുത്ത മത്സരത്തില്‍ പി.ജെ.ജോസഫ് പരാജയപ്പെട്ടു.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന് 20 സീറ്റാണ് കിട്ടിയത്. ഈ നേട്ടം കേരള രാഷ്ട്രീയത്തില്‍ കെ.എം.മാണിയെ കരുത്തനാക്കി. അന്ന് ഇടത്തുപക്ഷത്തേക്കുപോയ ബാലകൃഷ്ണപിള്ള ശോഷിക്കുകയും ചെയ്തു. 1980ല്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോള്‍ കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സും ഒപ്പം കൂടി. 1980ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാരില്‍ കെ.എം.മാണിയും അംഗമായി. പക്ഷേ 1982ല്‍ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞട്ടിച്ച് കെ.എം.മാണി രാജിവെച്ച് യു.ഡി.എഫിലേക്ക് മടങ്ങി.
ധനകാര്യമായിരുന്നു കെ.എം.മാണിക്ക് എപ്പോഴും ഇഷ്ടപ്പെട്ട വകുപ്പ്. ധനകാര്യത്തിലൂന്നി പുതിയ സിദ്ധാന്തങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം തയ്യാറായി. 1986-87ലെ സംസ്ഥാന ബജറ്റ് മാണി വലിയൊരു അഭ്യാസമാക്കി. മിച്ച ബജറ്റാണ് അന്ന് അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചത്. പക്ഷേ അത് കമ്മി ബജറ്റ് തന്നെയാണെന്ന കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.പി.കെ.ഗോപാലകൃഷ്ണനും അത് കമ്മിബജറ്റാണെന്ന് പറഞ്ഞു. മുഖ്യമന്ത്രി കെ.കരുണാകരനാകട്ടെ, ബജറ്റ് ഒരേ സമയം കമ്മിയുംമിച്ചവുമാണെന്ന് അഭിപ്രായപ്പെട്ടു. ധനകാര്യ വിദഗ്ധനായ ഡോ.കെ.എം.രാജ് ആ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജനാര്ദ്ദനന് പൂജാരി ലോകസഭയില്‍ കെ.എം.മാണിയുടെ മിച്ചകണക്ക് പിച്ചിചീന്തി. കോണ്ഗ്രസ്സുകാര് തന്നെ കെ.എം.മാണിയുടെ മിച്ചസിദ്ധാന്തത്തെ തകര്‍ക്കുകയായിരുന്നു.
1986 മാര്‍ച്ച് 26ാം തിയ്യതി കേരള നിയമസഭയില്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ കെ.എം.മാണി ഇങ്ങനെ പറഞ്ഞു: 'പുതുക്കിയ അടങ്കലുകളനുസരിച്ച് നമുക്ക് 1985-86 സാമ്പത്തിക വര്‍ഷത്തില്‍ കമ്മി ഒട്ടുമുണ്ടാവില്ലെന്ന് മാത്രമല്ല, 86.13 കോടി രൂപ മിച്ചമുണ്ടാവുകയും ചെയ്യുമെന്ന് കൃതാര്‍ത്ഥതയോടെ, അഭിമാനത്തോടെ ഞാന്‍ ബഹുമാനപ്പെട്ട സഭാംഗങ്ങളെ അറിയിക്കട്ടെ. 48 കോടി രൂപ കമ്മി ഉണ്ടാകുമായിരുന്ന സാഹചര്യത്തിലാണ് ഇത്ര മിച്ചം നാം ഉണ്ടാക്കുക. കഴിഞ്ഞ ഒക്ടോബര്‍ 17ാം തിയ്യതി നമ്മുടെ മിച്ചം 97 കോടി രൂപയായിരുന്നു. നവംബര്‍ 13ാം തിയ്യതി 113 കോടി രൂപയും ഡിസംബര്‍ 16ാം തിയ്യതി 121 കോടി രൂപയും മിച്ചമുണ്ടായിരുന്നു....' മാണി ബജറ്റ് അവതരിപ്പിച്ചതിന്റെ പിറ്റേന്ന് മിക്ക മാധ്യമങ്ങളും ഇത് കള്ളബജറ്റാണെന്ന് ചൂണ്ടിക്കാട്ടി. ''ഇത് ചെയ്യരുതെന്ന് ഞങ്ങള്‍ ധനകാര്യ മന്ത്രിയെ പലതവണ ഉപദേശിച്ചതാണ്. ഇറ്റ് ഈസ് എ ഫ്രോഡ് ഓണ്‍ ബജറ്റ്'' എന്നാണ് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് അന്ന് പ്രതികരിച്ചത്.
കഴിഞ്ഞ തവണ കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ 13ാമത് ബജറ്റായിരുന്നു. ബാര്‍ കോഴകേസില്‍ സമരം ചെയ്യുകയായിരുന്ന പ്രതിപക്ഷം നിയമസഭയില്‍ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയതോടെ ബജറ്റവതരണം തന്നെ അലങ്കോലപ്പെട്ടു. പേരിനുമാത്രം മാണി മുറിക്കുള്ളിലിരുന്ന് ടി.വി.കാമറകള്ക്കുമുന്പില് വായിച്ചുവെന്നു വരുത്തി. ഇന്നിപ്പോള്‍ ബാര്‍ക്കോഴയുടെ പേരില്‍ പേരുംപെരുമയും പ്രതാപവും നഷ്ടപ്പെട്ട കെ.എം.മാണി ഒറ്റപ്പെട്ടിരിക്കുന്നു. അഴിമതിയുടെ ദുര്‍ഭൂതമെന്ന് നാടും നഗരവും അദ്ദേഹത്തെ വിലയിരുത്തുന്നു. ഒരിക്കലും തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തില്‍ കെ എം മാണി അപ്രസക്തനായിരിക്കുന്നു. കേരള കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന് പിന്തുണ നല്കാന് കരുത്തുറ്റ നേതാക്കന്മാരാരും കൂടെയില്ല. അതായിരുന്നു എപ്പോഴും കെ.എം.മാണിയുടെ രാഷ്ട്രീയവും. മിടുക്കന്മാരെന്ന് തോന്നുന്നവരെ അദ്ദേഹം അകറ്റി നിര്‍ത്തി. പ്രഗത്ഭരെ രാഷ്ട്രീയത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായില്ല; സ്വന്തം മണ്ഡലമായ പാലായില്നിന്നുപോലും. പാലാ സ്വദേശിയായ ഡിജോ കാപ്പനാണ് ഏറ്റവും നല്ല ഉദാഹരണം. കെ.എസ്.സി.യിലൂടെയും യൂത്ത് ഫ്രണ്ടിലൂടെയും വളര്‍ന്നുവന്ന് ഡിജോ കാപ്പന് ഉള്‍പ്പെടെ ധാരാളം പേര് വളര്‍ച്ച മുരടിച്ച് മാണിയില്‍നിന്ന് അകന്നു.
1987ല്‍ പി.ജെ.ജോസഫും കൂട്ടരും മാണിയെ വിട്ട് കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പുണ്ടാക്കി. അന്ന് കോഴഞ്ചേരിക്കടുത്ത് ചരല്‍കുന്നില്‍ നടന്ന കേരള കോണ്‍ഗ്രസ്സ് നേതൃസമ്മേളനത്തില്‍ ''സത്യത്തിന് ഒരടിക്കുറിപ്പ്'' എന്ന ലഘുലേഖ അവതരിപ്പിച്ചാണ് പി.ജെ.ജോസഫ് മാണിക്കെതിരെ അംങ്കം കുറിച്ചത്. മുന്‍വര്‍ഷങ്ങളില്‍ മാണി പാര്‍ട്ടിയില്‍ വിവിധ നേതാക്കളെ തകര്‍ത്തതും സ്വന്തം കാര്യസാധ്യത്തിനായി പാര്‍ട്ടിക്കെതിരായി പ്രവര്ത്തിച്ചതുമൊക്കെയായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം.
1989ല്‍ പി.ജെ.ജോസഫും കൂട്ടരും ഇടതുമുന്നണിയിലേക്ക് ചേക്കേറി. പിന്നീട് പി.ജെ.ജോസഫ് ഇടതുപക്ഷത്തിന് പ്രിയപ്പെട്ട കേരള കോണ്‍ഗ്രസ്സുകാരനായി. അദ്ദേഹത്തിന്റെ ഇടതുവശത്ത് പി.സി.ജോര്‍ജ്ജും വലതുവശത്ത് ഡോ.കെ.സി.ജോസഫും നിലയുറപ്പിച്ചു. 2003ല്‍ വി.എസ്.അച്യുതാനന്ദന്റെ മതികെട്ടാന്‍ മലകയറ്റത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പി.ജെ.ജോസഫില്‍ നിന്ന് അകന്നു. പിന്നെ ജോര്‍ജ്ജ് യു.ഡി.എഫിലേക്ക് നീങ്ങിയതും പിന്നാലെ ജോസഫ് ഗ്രൂപ്പ് ഇടത് മുന്നണി വിട്ടതും മാണി ഗ്രൂപ്പില്‍ ലയിച്ചതും പി.സി.ജോര്‍ജ്ജ് പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാനായതും പാര്‍ട്ടിയിലും മുന്നണിയിലും ജോര്‍ജ്ജ് പൊല്ലാപ്പുകള്‍ ഉണ്ടാക്കിയതും അവസാനം ജോര്‍ജ്ജ് അയോഗ്യതയിലേക്ക് നീങ്ങിയതും ഒടുവില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതുമൊക്കെ കേരള കോണ്‍ഗ്രസ്സിന്റെ ഏറ്റവുമൊടുവിലത്തെ അധ്യായങ്ങളാണ്. ഇതിനിടയ്ക്ക് എത്രയെത്ര പിളര്‍പ്പുകള്‍. എത്രയെത്ര കൂടിച്ചേരലുകള്‍. ഇതിനു മാണിതന്നെ കുറേക്കാലം മുന്‍പ് ഒരു സിദ്ധാന്തം മെനഞ്ഞവതരിപ്പിച്ചിരുന്നു: ''പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ്''.
പക്ഷേ കേരള കോണ്‍ഗ്രസ്സ് ക്ഷയിക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. പഴയ പ്രതാപമൊന്നും പാര്‍ട്ടിക്കില്ല. വിദ്യാര്‍ത്ഥിയുവജന സംഘടനകള്‍ പേരിനുപോലും എങ്ങുമില്ല. കേരളരാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ പ്രസക്തി കുറയുകയാണ്. നേതാക്കളുടെ പേരില്‍ നേതാക്കളെ ചുറ്റിപ്പറ്റി നില്ക്കുന്ന പാര്‍ട്ടികളായി കേരള കോണ്‍ഗ്രസ്സ് വിഭാഗങ്ങള്‍ മാറിയിരിക്കുന്നു. ഒരു പാര്‍ട്ടിക്ക് ഒരു നേതാവ്, ഒരു എം.എല്‍.എ., ഒരു മന്ത്രി എന്നതായിരിക്കുന്നു പുതിയ സിദ്ധാന്തം. ഏറിയാല്‍ മകന്, അതിനപ്പുറമൊന്നുമില്ലത്ത സ്ഥിതി. ഒരു നേതാവില്‍ തുടങ്ങി ആ നേതാവില്‍ അവസാനിക്കുന്ന പാര്‍ട്ടികളുടെ ഗണത്തിലേക്ക് നീങ്ങുകയാണ് കേരള കോണ്‍ഗ്രസ്സുകള്‍. 'കെ.എം.മാണി സിന്ദാബാദ്, കേരള കോണ്‍ഗ്രസ്സ് സിന്ദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ കാലം എന്നേ കടന്നുപോയിരിക്കുന്നു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിപദം വരെ സ്വപ്നം കണ്ട കെ.എം.മാണി താഴേക്ക് പതിച്ചിരിക്കുന്നു. ഒരു കേരള കോണ്ഗ്രസ്സുകാരന് എത്താവുന്ന ഏറ്റവും വലിയ ഉയരത്തില്‍നിന്നാണ് വീഴ്ച. നടുതല്ലി വീണ മാണി ഇനി എഴുനേറ്റ് നടക്കില്ല. പാലയിലെ വടയക്ഷനെ അവസാനം ആണിയില്‍ തറച്ചിരിക്കുന്നു.
ബാര്‍ കോഴക്കേസിന്റെ നാള്‍വഴി :
ഒക്ടോബര്‍ 31,2014- പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍നിന്ന് മന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
നവംബര്‍ ഒന്ന്,2014- ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിജിലന്‍സിന് വിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
നവംബര്‍ രണ്ട്, 2014- ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നതിന് നിയമോപദേശം തേടാനും അത് അംഗങ്ങളുമായി ചര്‍ച്ച ചെയ്യാനും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് തീരുമാനം.
നവംബര്‍ നാല്, 2014- മാണിക്കെതിരായ ആരോപണം ഉയര്‍ന്നതിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാനും ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനം. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് ക്വിക് വെരിഫിക്കേഷന് ആരംഭിച്ചു.
നവംബര്‍ അഞ്ച്, 2014- കൊച്ചിയില്‍ ബാറുടമകളുടെ യോഗം. നാലു വര്‍ഷത്തിനിടെ പല നേതാക്കള്‍ക്കുമായി 20 കോടി രൂപ നല്‍കിയെന്ന കാര്യം ഒളികാമറയിലൂടെ വെളിപ്പെടുന്നു.
നവംബര്‍ ആറ്, 2014- ആരോപണം നിഷേധിച്ച് ബാറുടമകള്‍. കോഴ നല്കിയെന്നു പറഞ്ഞത് മദ്യ ലഹരിയിലെന്ന് ബാറുടമ മനോഹരന്. പണം നല്‍കിയത് ബാറുകള്‍ പൂട്ടുന്നതിന് മുമ്പെന്ന് ബിജു രമേശ്. എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറുമെന്ന് ബാറുടമകള്‍. കൊച്ചിയില്‍ ചേര്‍ന്ന യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എല്ലാ പേരുകളും പുറത്തുവിടും. മുഴുവന്‍ തെളിവുകളും ശേഖരിക്കാന്‍ അഞ്ചംഗ സമിതി രൂപവത്കരിച്ചു.
നവംബര്‍ ഏഴ്, 2014- ക്വിക് വെരിഫിക്കേഷന് നടത്തുന്ന വിജിലന്‍സ് സംഘത്തിന് മുന്നില്‍ (തിരുവനന്തപുരം റെയ്ഞ്ച് എസ്.പി എം. രാജ്മോഹന്‍, ഡിവൈ.എസ്.പി എസ്. സുരേഷ് കുമാര്‍) ബിജു രമേശ് മൊഴി നല്കി. ബാറുകള്‍ പൂട്ടുന്നതിന് മുമ്പാണ് പണം നല്‍കിയതെന്ന് മൊഴി.അടച്ച ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ മുന്‍കൂറായി നല്‍കിയെന്നുമായിരുന്നു ബിജു ആദ്യം വെളിപ്പെടുത്തിയത്.
നവംബര്‍ എട്ട്, 2014- അന്വേഷണം അട്ടിമറിക്കുകയാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ്. തെളിവുകള്‍ ശേഖരിച്ച ശേഷം കോഴ വാങ്ങിയ ബാക്കിയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴയില്‍ ഒത്തുതീര്‍പ്പെന്ന് സി.പി.എമ്മും ബി.ജെ.പിയും. ഒത്തുതീര്‍പ്പില്ലെന്ന് ചെന്നിത്തല. ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഉന്നയിച്ച ആരോപണങ്ങളുടെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ് എം.എല്‍.എ കണ്‍വീനറായി ഏഴംഗസമിതി രൂപവത്കരിച്ചു.
നവംബര്‍ ഒമ്പത്, 2014- ബിജുവിന്റെ ഡ്രൈവര്‍ അമ്പിളി , ഹോട്ടല്‍ മാനേജര്‍ ശ്യാം മോഹന്‍ എന്നിവരുടെ മൊഴിയെടുത്തു.
നവംബര്‍ 10, 2014- കോഴക്കേസിന്റെ അന്വേഷണപുരോഗതി അറിയിക്കാന്‍ ഹൈകോടതി നിര്‍ദേശം.
നവംബര്‍ 11, 2014- ബിജു രമേശിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രി മാണി വക്കീല്‍ നോട്ടീസ് അയച്ചു. 10 കോടി രൂപ നല്‍കണം, മാപ്പുപറയണം എന്നാവശ്യം.
നവംബര്‍ 22, 2014-ബാര്‍ കോഴക്കേസില്‍ മാണിക്ക് യു.ഡി.എഫ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
നവംബര്‍ 25, 2014- മാണിയുടെ മൊഴിയെടുത്തു. ബാറുടമകളെ കാണുകയോ അവരില്‍നിന്ന് പണമോ പാരിതോഷികമോ കൈപ്പറ്റുകയോ ചെയ്തിട്ടില്ളെന്നും മാണി മൊഴി നല്കി.
നവംബര്‍ 30,2014- കോഴ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും മാണി രാജിവെക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉടമകളുമായി പ്രതിപക്ഷം ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നതെന്ന് കെ.എം. മാണി തിരിച്ചടിച്ചു.
ഡിസംബര്‍ ഒന്ന്, 2014-കോഴക്കേസില്‍ നിയമസഭ സ്തംഭിച്ചു. വി. ശിവന്‍കുട്ടിയെ സഭ പിരിയുംവരെ സസ്പെന്‍ഡ് ചെയ്തു. നാല് എം.എല്‍.എമാര്‍ക്ക് താക്കീത് നല്കി.
ഡിസംബര്‍ രണ്ട്, 2014-വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈകോടതി. കേസെടുക്കണോ എന്ന് വിജിലന്‍സ് തീരുമാനിക്കണം.
ഡിസംബര്‍ അഞ്ച്, 2014-ബാറുടമകളില്‍നിന്ന് ചെന്നിത്തലയും കെ. ബാബുവും കോഴ വാങ്ങിയെന്ന് വി.എസ് ആരോപിച്ചു.
ഡിസംബര്‍ 10, 2014- ബാര്‍ കോഴയില്‍ കെ.എം. മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ എസ്.പി ആര്. സുകേശന് അന്വേഷണച്ചുമതല കൈമാറി.
ഡിസംബര്‍ 16, 2014-മാണിയെ കാണാന്‍ പോയത് സഹായം അഭ്യര്‍ഥിച്ചാണെന്നും പണം നല്കാനല്ലെന്നും ബാര്‍ ഉടമകള്‍ വിജിലന്‍സിന് മൊഴി നല്കി.
ഡിസംബര്‍ 17, 2014- കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബിജു. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയതിനൊപ്പം പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനും മാണി രണ്ടുകോടി വാങ്ങിയെന്ന് ബിജു രമേശ്.
ഡിസംബര്‍ 18, 2014- കെ.എം. മാണിക്കു പുറമെ നാല് ഉന്നതര്‍ക്കുകൂടി പണം നല്‍കിയതായി ബിജു രമേശ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ മാണിയെ കണ്ടതെന്നും ബിജു രമേശ് വിജിലന്‍സിന് മൊഴി നല്കി.
ജനുവരി 20,2015- ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഭാരവാഹി അനിമോന് കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്.
ജനുവരി 25,2015- ബിജു രമേശുമായുള്ള പി.സി. ജോര്‍ജിന്റെയും ആര്. ബാലകൃഷ്ണപിള്ളയുടെയും ഫോണ്‍ സംഭാഷണം പുറത്ത്. മാണി കോഴ വാങ്ങിയത് തനിക്കറിയാമെന്ന് ബാലകൃഷ്ണപിള്ള വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്.
ജനുവരി 28,2015- നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയെന്ന് ബിജുവിന്റെ വെളിപ്പെടുത്തല്‍. അസോസിയേഷന് യോഗത്തില്‍ രാജ്കുമാറിന്റെ ശബ്ദരേഖ ബിജു പുറത്ത് വിട്ടു. ബാര്‍ കേസില്‍ വിധി അനുകൂലമാകുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന് ശബ്ദരേഖ.
ജനുവരി 28,2015- മന്ത്രി മാണിക്ക് പണം നല്‍കിയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട് വിജിലന്‍സിന് മൊഴി നല്കി.
ജനുവരി 30,2015- ബാര്‍ കോഴ ഇടപാടില്‍ കേന്ദ്ര ഏജന്‍സിയായ ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. ബിജുവിന്റെ മൊഴിയെടുത്തു.
മാര്‍ച്ച് 30, 2015- ബിജു രമേശിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്താതിരിക്കാന്‍ മന്ത്രി കെ. ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍. വി.എസ്. ശിവകുമാറിനെതിരെ തെളിവുണ്ടെന്നും പരാമര്‍ശം.
മാര്‍ച്ച് 31, 2015- പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ബിജു രമേശിന്റെ ശ്രമമെന്ന് കെ. ബാബു. 2014 ഡിസംമ്പര്‍ 15ന് ബിജുവും ചില പ്രതിപക്ഷ നേതാക്കളും തിരുവനന്തപുരത്തെ ഒരു സി.പി.എം എം.എല്‍.എയുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നെന്നും ബാബു. ബാര്‍ തുറക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബാബുവിനെ കണ്ടിട്ടില്ലെന്ന് ബിജു രമേശ്. ബിജുവിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് വി.എസ്.സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്.
ഏപ്രില്‍ 21,2015- ബാബുവിനെതിരെ കേസെടുക്കാത്തത് തെളിവില്ലാത്തതിനാലാണെന്ന് ചെന്നിത്തല.
ഏപ്രില്‍ 22, 2015- എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. ബിജു രമേശിന്റെ 30 പേജുള്ള രഹസ്യമൊഴി പുറത്ത്.
ഏപ്രില്‍ 28,2015- ബാബുവിനെതിരെ പ്രത്യേക കേസ് വേണ്ട. അന്വേഷണമാകാമെന്ന് നിയമോപദേശം.
ഏപ്രില്‍ 29,2015- മന്ത്രി കെ. ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന് നടത്താന്‍ വിജിലന്‍സ് തീരുമാനം.
മേയ് എട്ട്, 2015- മാണിയെ ചോദ്യം ചെയ്തു.
മേയ് 11,2015- അമ്പിളിക്ക് നുണപരിശോധന നടത്താന്‍ അനുമതി.
മേയ് 12,2015- മാണിയുടെ ടൂര്‍ ഡയറി പരിശോധിച്ചു.
മേയ് 14, 2015- പി.സി. ജോര്‍ജിന്റെ മൊഴിയെടുത്തു.
മേയ് 18, 2015- ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കി.
മേയ് 24, 2015- നുണപരിശോധന ഫലം പുറത്ത്. അമ്പിളിയുടെ മൊഴി വിശ്വസനീയമെന്ന് തെളിഞ്ഞു.
മേയ് 25, 2015- നുണ പരിശോധനക്ക് തയാറല്ളെന്ന് ബാറുടമകളായ ഡി. രാജ്കുമാര്, പി.എം. കൃഷ്ണദാസ്, എം.ഡി. ധനേഷ്, ജോണ്‍ കല്ലാട്ട് എന്നിവര്‍ കോടതിയെ അറിയിച്ചു.
മേയ് 26, 2015- നുണപരിശോധനഫലത്തിന്റെ പകര്‍പ്പ് പുറത്ത്. 15 ചോദ്യങ്ങളില്‍ 13 എണ്ണത്തിനും അമ്പിളി പറഞ്ഞ ഉത്തരം സത്യമെന്ന് തെളിഞ്ഞു.
മെയ് 27, 2015- അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതാ വിവര റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. ലീഗല്‍ അട്വൈസര് അഡ്വ. സി.സി. അഗസ്റ്റിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മേയ് 29,2015- അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് എസ്.പി കോടതിയെ അറിയിച്ചു.
ജൂണ്‍ ആറ്, 2015- മാണിക്കെതിരെ കേസ് നിലനില്‍ക്കില്ലെന്ന് സി.സി. അഗസ്റ്റിന് നിയമോപദേശം നല്കി. തുടര്‍ന്ന് എസ്.പി അന്തിമറിപ്പോര്‍ട്ട് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കൈമാറി.
ജൂണ്‍ 12, 2015- കേസെടുക്കാന്‍ തെളിവില്ളെന്ന് ഷെയ്ഖ് ദര്‍വേശ് സാഹിബ്. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വിദഗ്ധ നിയമോപദേശം തേടാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുന്നു.
ജൂണ്‍ 27, 2015- വിജിലന്‍സ് ഡയറക്ടര്‍ വസ്തുതാവിവര റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറുന്നു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം.
ജൂലൈ ഏഴ്, 2015- എസ്.പി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഒമ്പത് ഹരജികളും അനുകൂലിച്ച് ഒരു ഹരജിക്കാരനും കോടതിയിലത്തെി. 10 പേരാണ് കേസില്‍ കക്ഷിചേര്‍ന്നത്.
ജൂലൈ ഒമ്പത്, 2015- കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം നല്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ളെന്നും തുടരന്വേഷണം വേണമെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍, വസ്തുതാ റിപ്പോര്‍ട്ട് അന്തിമറിപ്പോര്‍ട്ടായി പരിഗണിച്ച് തുടര്‍ നടപടിവേണണെന്നായിരുന്നു ബിജു രമേശിന്റെ ആവശ്യം.
വിജിലന്‍സിന്റെ വാദങ്ങള്‍ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായപ്പോള്‍ വിജിലന്‍സ് നിയമോപദേശകന് പകരം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വി. ശശീന്ദ്രന് കോടതിയില്‍ ഹാജരാകുന്ന സാഹചര്യമുണ്ടായി.
ഒക്ടോബര്‍ 29, 2015- കേസില്‍ തുടന്വഷണത്തിന് ഉത്തരവായി.
നവംബര്‍ ആറ്, 2015- കോടതി ഉത്തരവിനെതിരെ വിജിലന്‍സ് ഹൈകോടതിയില്‍ നല്കിയ അപ്പീല്‍ പരിഗണിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് രൂക്ഷ വിമര്‍ശം. കേസ് നവംബര്‍ ഒമ്പതിലേക്ക് മാറ്റി
നവംബര്‍ ഒമ്പത്, 2015- മാണിക്കെതിരെ രൂക്ഷവിമര്‍ശങ്ങളുമായി തുടരന്വേഷണത്തിന് അനുമതി, വിജിലന്‍സ് ഡയറക്ടര്‍ക്കും വിമര്‍ശം. മാണിയുടെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നു.
നവംബര്‍ 10, 2015- മാണിയുടെ രാജി.
പക്ഷെ, സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണം എന്ന ഹൈക്കോടതി പരാമര്‍ശം നിലനില്ക്കുമ്പോള്, കെ എം മാണി രാജിവെച്ച് പുറത്തുപോയി. പക്ഷെ, സീസറും സംശയത്തിന് അതീതന്‍ ആവെണ്ടേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എല്ലാ തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കും പിറകില്‍ നില്ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ നില്ക്കുമ്പോള്, മാണിയുടെ രാജി പൂര്‍ണതയുള്ള ഒന്നാവുന്നില്ല. കേരളം ഇനി ഉമ്മന്‍ചാണ്ടിയെ തൂത്തെറിയണം. അപ്പോള്‍ മാത്രമേ പ്രബുദ്ധ കേരളം എന്ന പേര് അന്വര്‍ത്ഥമാവുകയുള്ളൂ.
11-Nov-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി