കോഴിക്കോട് കലക്ടറും എം കെ രാഘവന്‍ എം പിയും

കലക്ടര്‍ എന്ന പദവിയിലിരിക്കുമ്പോള്‍ ഒരു ജനപ്രതിനിധിയെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എം കെ രാഘവന്‍ കലക്ടര്‍ പരസ്യമായി മാപ്പ് പറയണമെന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടി ആവശ്യപ്പെടുമ്പോള്‍, കുന്നംകുളത്തിന്റെ മാപ്പ് പ്രസിദ്ധീകരിച്ച് ട്രോള്‍ ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവും പ്രസക്തമാണ്. എന്തുകൊണ്ട് അദ്ദേഹം എം കെ രാഘവനെന്ന എം പിക്ക് മാത്രം ഇത്തരത്തില്‍ മറുപടി നല്‍കുന്നു എന്നതാണ് അതിനുള്ള ഉത്തരം. കോഴിക്കോട് ജില്ലയില്‍ ഫണ്ട് വിനിയോഗിക്കുന്ന ലോകസഭാ, രാജ്യസഭാ എം പിമാരായ മുല്ലപ്പള്ളിയോടോ, ഷാനവാസിനോടോ, സി പി നാരായണനോടോ, പി കെ ശ്രീമതിയോടോ കോഴിക്കോടുള്ള എം എല്‍ എമാരോടോ ഇത്തരത്തില്‍ പ്രതികരണം നടത്താന്‍, മൊത്തത്തില്‍ ജനാധിപത്യ വ്യവസ്ഥയെ തള്ളിപ്പറയാന്‍ പ്രശാന്ത് തുനിഞ്ഞിട്ടില്ല. ഈ ജനപ്രതിനിധികള്‍ക്കൊന്നും പ്രശാന്തിനെ കുറിച്ച് പരാതിയുമില്ല. എം കെ രാഘവന്‍ അധികാര ധാര്‍ഷ്ട്യത്തിന്റെ, ജനാധിപത്യത്തെ അപനിര്‍മിക്കുന്ന ഫാഷിസ്റ്റ് പ്രയോഗങ്ങളുടെ, ജീര്‍ണമായ കോണ്‍ഗ്രസ് രീതിശാസ്ത്രത്തിന്റെ പ്രയോക്താവാണ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പറ്റിയ ഒരു വോട്ടബദ്ധം. ആ അബദ്ധത്തെ ജനാധിപത്യത്തിന്റെ കാവലാള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നവര്‍ കാര്യങ്ങള്‍ വേണ്ടത്ര മനിസിലാക്കിയിട്ടില്ല എന്ന് കരുതേണ്ടിവരും.

എം കെ രാഘവന്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ജനാധിപത്യം പരിഹസിക്കപ്പെടുന്നു എന്ന് കരുതുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഒരു ജനപ്രതിനിധി എങ്ങിനെയാവരുത് എന്നതിന്റെ ഉദാഹരണമാണ് ആ കോണ്‍ഗ്രസ് നേതാവ്. കോഴിക്കോട് ജില്ലയിലെ ഏക ജനപ്രതിനിധിയല്ല എം കെ രാഘവന്‍ എം പി. ജില്ലയിലെ എം എല്‍ എമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും കോഴിക്കോട് ജില്ലയില്‍ എം പി ഫണ്ട് വിനിയോഗിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള മറ്റ് എം പിമാരുമൊക്കെ കോഴിക്കോട് കലക്ടര്‍ ശ്രീ. പ്രശാന്തുമായി ബന്ധപ്പെടുന്നുണ്ട്. ഇവര്‍ക്കാര്‍ക്കുമില്ലാത്ത പരാതിയും പരിഭവവും എന്തുകൊണ്ട് എം കെ രാഘവനെന്ന കോണ്‍ഗ്രസ് നേതാവിന് ഉണ്ടാവുന്നു?

രാഘവനെ വളര്‍ത്തിവലുതാക്കുന്നത് കെ കരുണാകരനാണ്. ആന തിടമ്പേറ്റുന്നത് കണ്ട് കുഴിയാന തിടമ്പേറ്റരുതെന്ന് പലപ്പോഴും കെ കരുണാകരന്റെ മകന്‍ മുരളീധരന്‍ പറയാറുണ്ട്. അത് എം കെ രാഘവനെ ഉദ്ദേശിച്ചാണോ എന്നറിയില്ല. ജനപ്രതിനിധികള്‍ക്ക് എന്തും കല്‍പ്പിക്കാനും അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന ഭൃത്യരാക്കാനുമുള്ള സംവിധാനമല്ല ഉദ്യോഗസ്ഥ സംവിധാനം. തിരുവനന്തപുരത്ത് വെച്ച് എം കെ രാഘവന്റെ സഹപ്രവര്‍ത്തകനായ എന്‍ ശക്തന്‍ ഒരു കീഴുദ്യോഗസ്ഥനെ കൊണ്ട് ചെരിപ്പ് ഇടീപ്പിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ആ ശക്തനെ കാട്ടാക്കടയിലെ ജനങ്ങള്‍ അശക്തനാക്കി. ഇവരുടെ ശൈലി ജനപക്ഷ രാഷ്ട്രീയത്തിന്റേതല്ല. അത് വൃത്തികെട്ട രാഷ്ട്രീയ സംസ്‌കാരത്തിന്റേതാണ്. കോണ്‍ഗ്രസ് നേതാവായ എം കെ രാഘവന്‍ ആ ദുഷിച്ച സംസ്‌കാരത്തിന്റെ വക്താവാണ്.

പ്രശാന്ത് ഐ എ എസ് ഇന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയാണ്. മികച്ച പെര്‍ഫോമന്‍സ് നടത്തുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്തെന്ന് രമേശ് ചെന്നിത്തല സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പക്ഷെ, എം കെ രാഘവന് പ്രശാന്ത് മികച്ച ഉദ്യോഗസ്ഥനല്ല. നേരത്തെ കോഴിക്കോട് കലക്ടറായിരുന്ന സി എ ലത ഐ എ എസ്, എം കെ രാഘവന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥയായിരുന്നു. രാഘവന്‍ പറയുന്നതെല്ലാം കണ്ണുംപൂട്ടി അനുസരിക്കുന്ന ഉദ്യോഗസ്ഥ. ആ കാലത്ത് ജില്ലാ ഭരണകൂടവും കലക്ട്രേറ്റും എം കെ രാഘവന്റെയും അദ്ദേഹത്തിന്റെ പി എ ശ്രീകാന്തിന്റെയും ചൊല്‍പ്പടിയിലായിരുന്നു. ഇപ്പോള്‍ അത് നടപ്പില്ല.

കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുരേഷ്, എം കെ രാഘവന്റെ നോമിനിയാണ്. രാഘവന്‍ പറയുന്നതിനപ്പുറം അദ്ദേഹത്തിന് ചിന്തകളില്ല. രാഘവന്‍ ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പിടും. ഫയലുകളെഴുതും. ഇത്തരത്തിലുണ്ടാവുന്ന ഫയലുകളിലും നടപടിക്രമങ്ങളിലും സൂപ്പര്‍ചെക്ക് ചെയ്യാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥനാണ് കലക്ടര്‍. പത്ത് ശതമാനമെങ്കിലും സൂപ്പര്‍ചെക്ക് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുശാസിക്കുന്നുമുണ്ട്. പക്ഷെ, എം കെ രാഘവന്‍ പറയുന്നത് അത്തരം പരിശോധനകള്‍ പാടില്ല എന്നാണ്. രാഘവന്‍ പറയുന്നതെല്ലാം കേട്ട് തലകുലുക്കുന്ന, അംഗീകരിക്കുന്ന ആളാവണം രാഘവന്റെ കലക്ടര്‍. പക്ഷെ, പ്രശാന്ത് അതിന് തയ്യാറാവുന്നില്ല. അദ്ദേഹം രാഘവന്റെ വഴിവിട്ട നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്നു, സംശയങ്ങള്‍ ചോദിക്കുന്നു, അഴിമതി അനുവദിക്കുന്നില്ല... ഇങ്ങനെയുള്ള മനോഭാവം ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന്, എറാന്‍മൂളിയായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കലക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് എം കെ രാഘവനെന്ന കോണ്‍ഗ്രസ് എം പി വച്ചുപൊറിപ്പിക്കില്ല. അങ്ങനെ ചെയ്താല്‍ രാഘവന്‍ പത്രസമ്മേളനം വിളിച്ച് നാറ്റിക്കാന്‍, ഒറ്റപ്പെടുത്താന്‍ ശ്രമിക്കും. അതാണവിടെ നടന്നത്.

വാര്‍ത്താ ചാനലുകളില്‍ വന്നിരുന്ന് പച്ചപ്പാവത്തനായി അഭിനയിച്ച എം കെ രാഘവന്‍, ഉദ്യോഗസ്ഥരുടെ മീറ്റിംഗുകള്‍ വിളിച്ചാല്‍ അവരെ കടിച്ചുകുടയും. ഭയപ്പെടുത്തും. ഈ പെരുമാറ്റ രീതിയെ കലക്ടര്‍ പ്രശാന്ത് വിമര്‍ശിച്ചിരുന്നു. അത് രാഘവന് ഇഷ്ടമായില്ല. തന്നെ ചോദ്യം ചെയ്യുന്നവരെ വെച്ചുപൊറുപ്പിക്കില്ല എന്നതാണ് ആ കോണ്‍ഗ്രസുകാരന്റെ രീതി. അതിന് എത്ര പത്രസമ്മേളനം വേണമെങ്കിലും വിളിക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. കലക്ടറേറ്റിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാക്കിയപ്പോള്‍ തടഞ്ഞതും രാഘവനെ ചൊടിപ്പിച്ചിരുന്നു.

എം കെ രാഘവന്‍ ഒരു ജനപ്രതിനിധി ആയതുകൊണ്ട് അദ്ദേഹം പറയുന്നതെല്ലാം ഉദ്യോഗസ്ഥര്‍ അനുസരിക്കണം എന്ന് പറയുന്നത് ഒരിക്കലും ശരിയായ ഒരു വാദമല്ല. ഉദ്യോഗസ്ഥരുടെമേല്‍ ഫാസിസ്റ്റ് പ്രയോഗങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യം ജനപ്രതിനിധികള്‍ക്ക് നല്‍കുന്നില്ല. കലക്ടറായതുകൊണ്ട് പ്രശാന്തിന് പൗരനെന്ന പദവി ഇല്ലാതാവുന്നില്ല. അദ്ദേഹത്തിനും ജനാധിപത്യാവകാശങ്ങളുണ്ട്. പക്ഷെ, കലക്ടര്‍ എന്ന പദവിയിലിരിക്കുമ്പോള്‍ ഒരു ജനപ്രതിനിധിയെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എം കെ രാഘവന്‍ കലക്ടര്‍ പരസ്യമായി മാപ്പ് പറയണമെന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടി ആവശ്യപ്പെടുമ്പോള്‍, കുന്നംകുളത്തിന്റെ മാപ്പ് പ്രസിദ്ധീകരിച്ച് ട്രോള്‍ ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവും പ്രസക്തമാണ്. എന്തുകൊണ്ട് അദ്ദേഹം എം കെ രാഘവനെന്ന എം പിക്ക് മാത്രം ഇത്തരത്തില്‍ മറുപടി നല്‍കുന്നു എന്നതാണ് അതിനുള്ള ഉത്തരം.

കോഴിക്കോട് ജില്ലയില്‍ ഫണ്ട് വിനിയോഗിക്കുന്ന ലോകസഭാ, രാജ്യസഭാ എം പിമാരായ മുല്ലപ്പള്ളിയോടോ, ഷാനവാസിനോടോ, സി പി നാരായണനോടോ,കെ കെ രാഗേഷിനോടോ കോഴിക്കോടുള്ള എം എല്‍ എമാരോടോ ഇത്തരത്തില്‍ പ്രതികരണം നടത്താന്‍, മൊത്തത്തില്‍ ജനാധിപത്യ വ്യവസ്ഥയെ തള്ളിപ്പറയാന്‍ പ്രശാന്ത് തുനിഞ്ഞിട്ടില്ല. ഈ ജനപ്രതിനിധികള്‍ക്കൊന്നും പ്രശാന്തിനെ കുറിച്ച് പരാതിയുമില്ല. എം കെ രാഘവന്‍ അധികാര ധാര്‍ഷ്ട്യത്തിന്റെ, ജനാധിപത്യത്തെ അപനിര്‍മിക്കുന്ന ഫാഷിസ്റ്റ് പ്രയോഗങ്ങളുടെ, ജീര്‍ണമായ കോണ്‍ഗ്രസ് രീതിശാസ്ത്രത്തിന്റെ പ്രയോക്താവാണ്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പറ്റിയ ഒരു വോട്ടബദ്ധം. ആ അബദ്ധത്തെ ജനാധിപത്യത്തിന്റെ കാവലാള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നവര്‍ കാര്യങ്ങള്‍ വേണ്ടത്ര മനിസിലാക്കിയിട്ടില്ല എന്ന് കരുതേണ്ടിവരും.

അധികാരം കൊണ്ട് സ്ഥലജലവിഭ്രമം വന്ന എം കെ രാഘവനെ ചോദ്യം ചെയ്യുമ്പോള്‍, അയാളെ പരിഹസിക്കുമ്പോള്‍ ജനാധിപത്യത്തിന് തളര്‍ച്ചപറ്റുന്നു എന്ന വാദമാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നത്. കോഴിക്കോട് ജനങ്ങള്‍ തെരഞ്ഞെടുത്ത മറ്റൊരു ജനപ്രതിനിധിക്കും ഇല്ലാത്തൊരു കുറവ് എം കെ രാഘവനുണ്ട്. അത് പരിഹരിക്കാന്‍ ഇടപെടേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ജനാധിപത്യത്തെ മാനിക്കുന്ന, ഉദ്യോഗസ്ഥരോട് മാന്യമായി ഇടപഴകുന്ന, ഫയലുകളും മറ്റും യഥാവിധി നടപ്പിലാക്കാന്‍ അനുവദിക്കുന്ന, അഴിമതിക്ക് കുടപിടിക്കാത്ത ഒരു ജനപ്രതിനിധിയാവാന്‍ എം കെ രാഘവന് സാധിക്കുമോ എന്നതാണ് വിഷയം. അദ്ദേഹത്തെ അങ്ങിനെയാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുമോ എന്നതാണ് ചോദ്യം. അതാണ് ഇപ്പോള്‍ വേണ്ടത്.

02-Jul-2016