സംഘപരിവാറിനെ, നടേശന്‍ കൂട്ടുപിടിക്കാന്‍ കാരണം

ഈഴവരുടെ താല്‍പ്പര്യത്തിനായാണ് താന്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച് ജനറല്‍ സെക്രട്ടറിയായിരിക്കുന്നതെന്നാണ് നടേശന്‍ പറയുന്നത്. ഇവിടെ ചില ചോദ്യങ്ങള്‍ക്ക് നടേശന്‍ ഉത്തരം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി എസ് എന്‍ ഡി പി യോഗത്തിന്റെയും എസ് എന്‍ ട്രസ്റ്റിന്റെയും മേധാവിയാണ് നടേശന്‍. എസ് എന്‍ ട്രസ്റ്റിനു കീഴില്‍ പതിമൂന്ന് കോളേജുകളും എസ് എന്‍ ഡി പി യോഗത്തിനു കീഴില്‍ രണ്ട് കോളേജുകളുമുണ്ട്. നടേശന്‍ നേതൃത്വത്തില്‍ വിരാജിക്കുന്ന ഈ കാലയളവില്‍ ഈ കോളേജുകളില്‍ രണ്ടായിരത്തി ഇരുന്നൂറിലധികം അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലു വര്‍ഷം മാത്രം മുന്നൂറ്റി രണ്ട് നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഓരോ നിയമനത്തിനും വാങ്ങിക്കൊണ്ടിരിക്കുന്നത്. അതായത്, കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ത്തന്നെ നൂറു കോടി രൂപയെങ്കിലും വാങ്ങിയിട്ടുണ്ട്.

ഇങ്ങനെ വാങ്ങിയ കോഴയ്ക്ക് കണക്കുണ്ടോ? ഇത് യോഗത്തിന്റെയും എസ് എന്‍ ട്രസ്റ്റിന്റെയും വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടോ? അതിന്റെ നികുതി നല്‍കിയിട്ടുണ്ടോ? ഇതൊന്നുമില്ലെങ്കില്‍, ഇങ്ങനെ കൈപ്പറ്റിയിട്ടുള്ള നൂറു കണക്കിനു കോടി രൂപ എന്തു ചെയ്തുവെന്ന് നടേശന്‍ പരസ്യമായി പറയണം. അത് സാധാരണ ശ്രീനാരായണ ഭക്തരെങ്കിലും അറിയണമല്ലോ. ഈ പണമെല്ലാം സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിച്ചിരിക്കുകയാണെന്നുണ്ടോ? അതുകൊണ്ടാണോ, സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്തുകൊണ്ടവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ നടേശന്‍ വല്ലാതെ വിരണ്ടു പോയത്? അതുകൊണ്ടാണോ മോദിയെയും അമിത് ഷായെയും കൂട്ടുപിടിക്കാന്‍ നടേശന്‍ പാടുപെടുന്നത്? 

രാജ്യത്ത് ഒരു വര്‍ഗീയ ഭരണകൂടം നിലവില്‍ വരികയും, അവര്‍ സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യമാണിന്ന്. ഈ വര്‍ഗീയ വൈതാളികന്മാരോട് ചില സാമുദായിക സംഘടനകള്‍ കൂട്ടുകൂടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. അതില്‍ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ് എന്‍ ഡി പി യോഗവും ഉള്‍പ്പെടുന്ന ആശങ്കാകുലമായ സ്ഥിതിവിശേഷമുണ്ട്. എസ് എന്‍ ഡി പി യോഗത്തെ അതിന്റെ വരേണ്യവര്‍ഗ നേതൃത്വം തങ്ങളുടെ സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായി സംഘപരിവാറുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് ശ്രീനാരായണ ദര്‍ശനങ്ങള്‍ സംബന്ധിച്ച് അര്‍ത്ഥപൂര്‍ണമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.

നിരവധി മതങ്ങള്‍, ഓരോ മതത്തിലും നിരവധി ജാതികള്‍, ഓരോ ജാതികളിലും നിരവധി ഉപജാതികള്‍ ഒക്കെ ചേര്‍ന്നതാണ് ഇന്ത്യന്‍ സമൂഹം. വിവിധ മതങ്ങള്‍ക്കും ജാതികള്‍ക്കും ഉപജാതികള്‍ക്കുമൊക്കെ തികച്ചും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളുമാണുള്ളത്. ഭാഷകൊണ്ടും, വസ്ത്രധാരണരീതികൊണ്ടും ഭക്ഷണം കൊണ്ടും വിശ്വാസപ്രമാണങ്ങള്‍ കൊണ്ടുമൊക്കെ അത്യന്തം വൈവിധ്യപൂര്‍ണമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇങ്ങനെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വ്യത്യസ്തരീതികളും വ്യത്യസ്ത സമീപനങ്ങളും വെച്ചുപുലര്‍ത്തുന്ന ഒരു ജനതയെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ സങ്കല്‍പ്പം ഏറ്റവും അനിവാര്യമാണ്. ഏതെങ്കിലുമൊരു മതമോ മതവിഭാഗമോ അവഗണിക്കപ്പെടുകയോ, ഏതെങ്കിലുമൊന്നിന് ആവശ്യത്തിലേറെ പരിഗണന കല്‍പ്പിക്കപ്പെടുകയോ ചെയ്താല്‍ അത് വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും ഏറ്റുമുട്ടലിനും കാരണമായെന്നുവരും. സ്വാതന്ത്ര്യപ്രാപ്തിയോടുകൂടി രാജ്യം രണ്ടായി വിഭജിക്കപ്പെട്ടതിന്റെ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടായതും ഇത്തരത്തിലുള്ള മതസ്പര്‍ധയുടെയും മതവൈര്യത്തിന്റെയുമൊക്കെ ഫലമായിട്ടായിരുന്നല്ലോ. ഈ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാണ് മതനിരപേക്ഷ സങ്കല്‍പ്പത്തിന് നമ്മുടെ ഭരണഘടനയില്‍ പരമപ്രാധാന്യം ലഭിച്ചിട്ടുളളത്.

ഇത്തരത്തിലുള്ള മതനിരപേക്ഷത ഭരണനടപടികളിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും മാത്രമല്ല, നാനാജാതിമതസ്ഥരുടെ ദൈനംദിന ജീവിത ഇടപെടലുകളിലും പ്രതിഫലിക്കേണ്ടത് അത്യാവശ്യമാണ്. ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും എന്ന പ്രയോഗം വളരെ പ്രചാരം നേടിയിട്ടുള്ളതാണ്. മതപരമായ കാര്യങ്ങള്‍ നേടുന്നതിന് രാഷ്ട്രീയത്തെ ഉപയോഗിക്കുന്നതും, രാഷ്ട്രീയത്തെ മതപരമായ കാര്യങ്ങള്‍ക്ക് കരുവാക്കുന്നതും ഒരുപോലെ എതിര്‍ക്കേണ്ടതാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചാല്‍ അത് ഉണങ്ങാത്ത മുറിവുകളും തീരാത്ത വേദനകളുമാണ് മനുഷ്യരാശിക്ക് സമ്മാനിക്കുക. ഇതിന് എത്ര ഉദാഹരണം വേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും.

19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമാണല്ലോ ശ്രീനാരായണഗുരു തന്റെ ജീവിതവും ചിന്തകളും കൊണ്ട് കേരളത്തെ ഉണര്‍ത്തിയത്. ശ്രീനാരായണഗുരു ജീവിച്ച കാലത്ത് കേരളം രൂപത്തിലോ ഭാവത്തിലോ ഇന്നു കാണുന്ന കേരളമായിരുന്നില്ല. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ടുകിടന്ന ഭൂപ്രദേശമായിരുന്നു. ഈ മൂന്ന് പ്രദേശങ്ങളിലും മൂന്നുതരത്തിലുള്ള ജീവിതക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് നിലനിന്നിരുന്നത്. എല്ലാതരത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിതരീതിയായിരുന്നു എന്നു ചുരുക്കം.

ജനാധിപത്യാവകാശങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. രാജഭരണത്തിന്റെയും ദിവാന്‍ഭരണത്തിന്റെയും കെടുതികളില്‍ ജനങ്ങളാകെ വീര്‍പ്പുമുട്ടിക്കഴിയുന്ന കാലമായിരുന്നു. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ ഭരണാധികാരികളുടെ മാത്രമല്ല ജന്മി-ഭൂപ്രഭൂ വര്‍ഗത്തിന്റെയും മുതലാളിമാരുടെയും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടുകഴിഞ്ഞ കാലമായിരുന്നു അത്. സാമൂഹ്യമായി ജാതിമതചിന്തകളും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന കാലമായിരുന്നു. സവര്‍ണ്ണനും അവര്‍ണ്ണനും തമ്മില്‍ മാത്രമായിരുന്നില്ല ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നത്. ഒരേ ജാതിയില്‍ തന്നെ പെട്ട വിവിധ ഉപജാതികള്‍ക്കിടയിലും തൊട്ടുകൂടായ്മയും തീണ്ടിക്കുടായ്മയും ഉണ്ടായിരുന്നു.

സവര്‍ണ്ണരല്ലാത്ത ആളുകള്‍ക്ക് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ വലിയ രൂപങ്ങളാണല്ലോ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും. അവര്‍ണ്ണ ജാതിയില്‍പ്പെട്ടവരുടെ കുട്ടികള്‍ക്ക് അന്ന് വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാധാരണക്കാരും തൊഴിലാളികളുമായ ആളുകള്‍ക്കൊന്നും മേല്‍മീശ വെച്ചു നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് മാറുമറച്ചു നടക്കാനും കഴിയുമായിരുന്നില്ല. ''നരനുനരന്‍ അശുദ്ധവസ്തു'' എന്ന് കവി പാടിയത് ഇത്തരം ദുര്‍നീതികള്‍ കണ്ടാണ്.

ഇത്തരമൊരു ജീര്‍ണ്ണിച്ച കാലത്തില്‍ നിന്ന് അവര്‍ണ്ണ ജനവിഭാഗങ്ങളെയാകെ സമുദ്ധരിക്കാനും അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ശ്രീനാരായണഗുരു തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം നമുക്ക് പകര്‍ന്നു നല്‍കിയ ദര്‍ശനങ്ങളും ആപ്തവാക്യങ്ങളും പുതിയ മനുഷ്യനെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആപ്തവാക്യത്തിലൂടെ, മതങ്ങള്‍ക്കു മുകളില്‍ മനുഷ്യനെ പ്രതിഷ്ഠിക്കുകയാണ് ഗുരു ചെയ്തത്.

ജാതിയോ മതമോ ആചാരാനുഷ്ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നത് എന്ന ഉറച്ച വിശ്വാസത്തില്‍ ഊന്നിയതാണ് ഗുരുദര്‍ശനം. മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതമായ ഇത്തരം പരിമിതികള്‍ക്കപ്പുറത്ത് മാനവികതയുടെ വിശാലമായ ലോകമാണ് ഗുരു കാട്ടിത്തന്നത്. അത്തരമൊരു വിശാലമായ ലോകത്തേക്ക് എല്ലാ മനുഷ്യരും ഒരുമിച്ച് മുന്നേറണമെന്ന സന്ദേശമാണ് ഗുരു പ്രദാനം ചെയ്തത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ ഒരു വേര്‍തിരിവും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗരൂപീകരണത്തില്‍പോലും ഗുരുവിന്റെ ഈ വീക്ഷണമാണ് പ്രതിഫലിച്ചിരുന്നത്. അതില്‍ നിന്ന് വ്യതിചലിച്ചപ്പോഴൊക്കെ അതിനെതിരെ താക്കീതും മുന്നറിയിപ്പും നല്‍കാനും ഗുരു ശ്രദ്ധിച്ചിട്ടുണ്ട്.

ഇതൊക്കെ മറച്ചുപിടിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി നടേശന്‍ പറയുന്നത് ശ്രീനാരായണ ഗുരു ഈഴവ ഗുരു ആണെന്നാണ്. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോള്‍പ്പോലും ഗുരു പറഞ്ഞത് നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്നാണ്. അല്ലാതെ ഈഴവ ശിവനെയെന്നല്ല.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന മഹാകവി കുമാരനാശാന്‍ പാടിയത് ''ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ'' എന്നാണ്. ഇതിനും ഏഴു വര്‍ഷം മുമ്പാണ് സാക്ഷാല്‍ ശ്രീനാരായണ ഗുരു ചരിത്രപ്രസിദ്ധമായ ഒരു വിളംബരം നടത്തിയിട്ടുണ്ട്. 1916ല്‍ ആലുവ അദൈ്വതാശ്രമത്തില്‍ വച്ചു നടത്തിയ ആ വിളംബരത്തിനു നല്‍കിയ തലക്കെട്ടുതന്നെ ''നമുക്ക് ജാതിയില്ല'' എന്നായിരുന്നു. ഇതൊക്കെ വല്ലപ്പോഴും ഒന്നു വായിക്കുന്നതു കൊണ്ട് അപകടമൊന്നും ഉണ്ടാവില്ലെന്ന് ഞാന്‍ കുറച്ചുദിവസം മുമ്പും നടേശനെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ നടേശന്‍ അതൊന്നും വായിക്കാന്‍ കൂട്ടാക്കിയതായി തോന്നുന്നില്ല. വായിച്ചിരുന്നെങ്കില്‍ ഇപ്പോഴും ശ്രീനാരായണ ദര്‍ശനങ്ങളെപ്പറ്റി അബദ്ധപ്പഞ്ചാംഗം വായിക്കുമായിരുന്നില്ല.

''രാമസന്തതികളാണോ അതോ ജാരസന്തതികളാണോ ഡല്‍ഹി ഭരിക്കുന്നത്'' എന്ന വൃത്തികെട്ട ചോദ്യം ചോദിച്ച്, ഒടുവില്‍ മാപ്പിരന്ന് പ്രതിഷേധങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഒരു കേന്ദ്രമന്ത്രിയുണ്ടല്ലോ,സാധ്വി നിരഞ്ജന്‍ ജ്യോതി. അവരെയാണ് അദ്ദേഹം ഇത്തവണ ചതയദിന സന്ദേശം നല്‍കാന്‍ ആനയിച്ചത്. അവര്‍ ഇവിടെ വന്നു പറഞ്ഞതെന്താണെന്ന് ഞാന്‍ നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളീയ സാമൂഹ്യ ജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക് എതിരായാണോ ഗുരു തന്റെ ദര്‍ശനങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും പോരാടിയത്, അത്തരം പ്രവണതകള്‍ക്ക് കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിച്ചുകൂടാ.

ജാത്യാഭിമാനത്തിന്റെയും, ഹിന്ദുത്വ അജണ്ടയുടെയും ഇതര മത സ്പര്‍ധയുടെയും പേരില്‍ അഭിരമിക്കുന്ന സംഘപരിവാര്‍ തത്വസംഹിത, ജാതി-മത ചിന്തകളെ പൊരുതി പരാജയപ്പെടുത്തിയ ഗുരൂവിന്റെ ദര്‍ശനങ്ങളോട് എങ്ങനെയാണ് യോജിക്കുക? ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിലെ ഇരുളടഞ്ഞ വശമായ ചാതുര്‍വര്‍ണ്യത്തെ ഗുരു അതിശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. അപ്പോള്‍പ്പിന്നെ ജാതിവികാരത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതിവ്യവസ്ഥയുടെ ജീര്‍ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദര്‍ശനവും തമ്മില്‍ എങ്ങനെ യോജിക്കും? പരസ്പരം യോജിക്കാത്തതിനെ പിന്നെ യോജിപ്പിക്കാന്‍ നടേശന് എന്താണ് ഇത്ര വ്യഗ്രത? അത് സ്വകാര്യ-സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളല്ലാതെ മറ്റൊന്നുമല്ല.

ഈഴവരുടെ താല്‍പ്പര്യത്തിനായാണ് താന്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച് ജനറല്‍ സെക്രട്ടറിയായിരിക്കുന്നതെന്നാണ് നടേശന്‍ പറയുന്നത്. ഇവിടെ ചില ചോദ്യങ്ങള്‍ക്ക് നടേശന്‍ ഉത്തരം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി എസ് എന്‍ ഡി പി യോഗത്തിന്റെയും എസ് എന്‍ ട്രസ്റ്റിന്റെയും മേധാവിയാണ് നടേശന്‍. എസ് എന്‍ ട്രസ്റ്റിനു കീഴില്‍ പതിമൂന്ന് കോളേജുകളും എസ് എന്‍ ഡി പി യോഗത്തിനു കീഴില്‍ രണ്ട് കോളേജുകളുമുണ്ട്. നടേശന്‍ നേതൃത്വത്തില്‍ വിരാജിക്കുന്ന ഈ കാലയളവില്‍ ഈ കോളേജുകളില്‍ രണ്ടായിരത്തി ഇരുന്നൂറിലധികം അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലു വര്‍ഷം മാത്രം മുന്നൂറ്റി രണ്ട് നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഓരോ നിയമനത്തിനും വാങ്ങിക്കൊണ്ടിരിക്കുന്നത്. അതായത്, കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ത്തന്നെ നൂറു കോടി രൂപയെങ്കിലും വാങ്ങിയിട്ടുണ്ട്.

ഇങ്ങനെ വാങ്ങിയ കോഴയ്ക്ക് കണക്കുണ്ടോ? ഇത് യോഗത്തിന്റെയും എസ് എന്‍ ട്രസ്റ്റിന്റെയും വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടോ? അതിന്റെ നികുതി നല്‍കിയിട്ടുണ്ടോ? ഇതൊന്നുമില്ലെങ്കില്‍, ഇങ്ങനെ കൈപ്പറ്റിയിട്ടുള്ള നൂറു കണക്കിനു കോടി രൂപ എന്തു ചെയ്തുവെന്ന് നടേശന്‍ പരസ്യമായി പറയണം. അത് സാധാരണ ശ്രീനാരായണ ഭക്തരെങ്കിലും അറിയണമല്ലോ. ഈ പണമെല്ലാം സ്വിസ് ബാങ്കിലും മറ്റും നിക്ഷേപിച്ചിരിക്കുകയാണെന്നുണ്ടോ? അതുകൊണ്ടാണോ, സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്തുകൊണ്ടവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ നടേശന്‍ വല്ലാതെ വിരണ്ടു പോയത്? അതുകൊണ്ടാണോ മോദിയെയും അമിത് ഷായെയും കൂട്ടുപിടിക്കാന്‍ നടേശന്‍ പാടുപെടുന്നത്? 

ഇത് കോളേജുകളിലെ നിയമനത്തിന്റെ കാര്യമാണ്. ഇതുപോലെ തന്നെയാണ് എസ് എന്‍ ഡി പി യോഗത്തിന്റെ കീഴിലുള്ള സ്‌കൂളുകളിലെ നിയമനവും കോഴയും. സ്‌കൂളുകളിലും കോളേജുകളിലും മാനേജ്‌മെന്റ് സീറ്റില്‍ നടത്തുന്ന വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴ സുലഭമായി വാങ്ങുന്നുണ്ട്. അത് പതിനായിരങ്ങളുടേതാണെന്നേയുള്ളൂ. ഈഴവര്‍ക്കു വേണ്ടിയാണ് നടേശന്‍ എല്ലാം ചെയ്യുന്നതെന്നാണല്ലോ പറയുന്നത്? ഒരു ചോദ്യത്തിന് നടേശന്‍ മറുപടി പറയണം. ഈഴവരിലെ ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും കോഴ വാങ്ങാതെ നിയമനം നല്‍കിയിട്ടുണ്ടോ? നടേശന്റെ ഈ കച്ചവടം അറിയാത്തവരായി ആരാണുള്ളത്? എത്ര കാലം നടേശന് ശ്രീനാരായണീയരെ പറ്റിക്കാന്‍ കഴിയും?

അതുകൊണ്ട് സ്വന്തം വേലത്തരങ്ങള്‍ക്ക് മറയിടാനായിട്ടാണ് നടേശന്‍, സംഘപരിവാറിനെ കൂട്ടുപിടിക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവരികയാണ്. അല്ലാതെ, ശ്രീനാരായണീയര്‍ക്കു വേണ്ടി സംഘപരിവാറിനോട് കൂട്ടുകൂടാന്‍ കഴിയില്ല. കാരണം, ശ്രീനാരായണ ദര്‍ശനം സംഘപരിവാര്‍ അജണ്ടയ്ക്ക് തീര്‍ത്തും എതിരാണ്. നടക്കാത്ത കാര്യത്തിനു വേണ്ടി ഇനിയും നടേശന്‍ മണ്ടിപ്പാഞ്ഞു നടക്കരുതെന്നാണ് സ്‌നേഹബുദ്ധ്യാ എനിക്ക് ഉപദേശിക്കാനുള്ളത്.

ഏകലോകം വിഭാവന ചെയ്തിരുന്ന ശ്രീനാരായണ ഗുരു, മുഴുവന്‍ കേരളത്തിന്റെയും ഗുരുവാണ്. ഇത് നമ്മുടെ ഏറ്റവും വലിയ അഭിമാനവുമാണ്. അതുകൊണ്ടുതന്നെ ഗുരുവിനെ ചില കള്ളികളില്‍ തളച്ചിടാനുള്ള പ്രതിലോമകരമായ പ്രവൃത്തികളെ നാം നേരിടേണ്ടതുണ്ട്. വ്യവസ്ഥാപിതമായ ഒരു മതത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ക്രാന്തദര്‍ശിയാണ് ഗുരു. മനുഷ്യന്‍ എന്ന ജാതി മാത്രമേ മനുഷ്യര്‍ക്കുള്ളു എന്ന് സംശയത്തിന് ഇട നല്‍കാത്തവിധം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ''മനുഷ്യാണാം മനുഷ്യത്വം ജാതി''എന്നായിരുന്നു ഗുരു പഠിപ്പിച്ചത്. മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നാണ് അദ്ദേഹം ഇതിലൂടെ പറഞ്ഞുവച്ചത്. ഈ നവോത്ഥാന സന്ദേശം ഏറ്റുവാങ്ങി മുന്നേറുകയെന്ന വര്‍ഗീയവിരുദ്ധ സന്ദേശമാണ് വര്‍ത്തമാനകാല കേരളത്തിന്റെ കൊടിയടയാളമാക്കേണ്ടത്.

01-Oct-2015