കാത്തോളണേ, കുത്തകകളുടെ തമ്പുരാനേ

കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ മൂല്യമുള്ളതാക്കിയെടുക്കാനായി അവനവന്റെ അദ്ധ്വാനസമയങ്ങള്‍ മെനക്കെടുത്തി ബാങ്കിന്റെ മുന്‍പില്‍ കുടികിടപ്പുകാരനാകുന്നവനും ചെറിയ സംഖ്യകള്‍ ആളുകള്‍ സൂക്ഷിച്ചു വെയ്ക്കുന്നതിന്റെ പേരില്‍ വരുമാനമില്ലാതാകുന്നവനും ഒരേ വിഭാഗത്തില്‍ നിന്ന് തന്നെയാണ്. അവരാണ് എണ്ണത്തില്‍ കൂടുതല്‍. പക്ഷേ ഈ ഭൂരിഭാഗത്തിന്റെ അധ്വാനഫലത്തിനു വില നിര്‍ണ്ണയിക്കുന്നവര്‍ അവരല്ല താനും. ചോറിനു പകരം കേയ്ക്ക് കഴിച്ചൂടെ എന്ന ചോദ്യത്തേക്കാള്‍ പണത്തിനു പകരം കാര്‍ഡ് ഉപയോഗിച്ച് കൂടെ എന്ന ചോദ്യം അപഹാസ്യമാകുന്നത് അങ്ങനെയാണ്.

ഉണ്ടിരുന്നപ്പോള്‍ ഒരു വിളി തോന്നിയെന്നപോലെ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക വിനിമയത്തിന്റെ പ്രധാനഭാഗവും ഒരു അര്‍ദ്ധരാത്രിയില്‍ അസാധുവാക്കപ്പെട്ടതിന്റെ എത്രാമത്തെയോ നാള്‍. ഒരു ദിവസം, മൂന്നു ദിവസം, പത്ത് ദിവസം... ദിപ്പോ ശരിയാക്കിത്തരാം എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ വെറും വാക്കുകള്‍ മാത്രമായി അവശേഷിക്കുന്ന ഇന്നും തുടങ്ങാത്ത ആ അമ്പതിന്റെ ആദ്യത്തെ നാള്‍. നാളെയും പറയും ഇനിയും അമ്പതു ദിവസം കൂടി മാത്രമെന്ന്. എക്കണോമിക്‌സിന്റെ പോളിടെക്‌നിക്കുകളിലൊന്നും പഠിക്കാതിരുന്നത് കൊണ്ടായിരിക്കണം ഇപ്പോള്‍ സംജാതമായിരിക്കുന്ന അവസ്ഥയില്‍ ഒട്ടുമേ അതിശയം തോന്നാതിരിക്കുന്നത്. സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും അങ്ങനെ തന്നെയാവും അനുഭവപ്പെടുക.

സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ മറ്റുള്ളവരോടൊപ്പം എത്തിക്കാനാണ് പല മേഖലകളിലും സംവരണം എന്ന മാര്‍ഗ്ഗം നമ്മള്‍ പിന്തുടരുന്നത്. ആ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികം ആവണം എന്ന വാദവും കലശലായി ഉയരാറുമുണ്ട്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ മുഴുവനായി ബാധിക്കുന്ന അതിപ്രധാനമായ തീരുമാനമെടുത്തപ്പോള്‍, ഈ പറയുന്ന സാമ്പത്തിക സംവരണത്തിന് അര്‍ഹരായ ജീവിതങ്ങളെ കേന്ദ്ര ഭരണാധികാരികള്‍ പാടേ മറന്നു പോയി. പ്രത്യേക സംരക്ഷണം കൊടുത്തില്ലെങ്കിലും അങ്ങനെയൊരു വിഭാഗം നിലനില്‍ക്കുന്നു എന്ന വാസ്തവമെങ്കിലും ഓര്‍ക്കേണ്ടിയിരുന്നില്ലേ? ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് ഓര്‍മ്മിപ്പിച്ച മഹാന്റെ ഘാതകര്‍ ഇപ്പോള്‍ ഉന്നം വെച്ചത് അതേ ഗ്രാമങ്ങളെ തന്നെയെന്നത് എത്ര വേദനാജനകമാണ്.

കറന്‍സി നിരോധനത്തിന്റെ ആദ്യനാളുകളില്‍ ഇതത്ര വലിയ പ്രശ്‌നമാണോ എന്നൊരതിശയഭാവത്തില്‍, കണ്ണും പൂട്ടി ഈ നടപടിയെ സ്വാഗതം ചെയ്തവര്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് പണത്തിന്റെ ഉപഭോക്താക്കളായിരുന്നു. പേടൈം പോലെയുള്ള മണി വാലറ്റുകളോ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളോ ഒക്കെ ഉപയോഗിച്ച് സാധനങ്ങള്‍/സേവനങ്ങള്‍ സ്വന്തമാക്കുന്നവര്‍. മാളുകളിലോ സൂപ്പര്‍ മാര്‍ക്കറ്റുകളിലോ ഷോപ്പിങ്ങിനിറങ്ങുന്നവര്‍ക്ക് പേപ്പര്‍ കറന്‍സിയെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യവുമില്ല. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് തന്നെ പറയണം രാജ്യത്തെ ജനതയുടെ ഭൂരിഭാഗവും ഇപ്പോഴും കാര്‍ഡ് വാണിഭങ്ങളില്‍നിന്നും എത്രയോ അകലെയാണ്. പെട്ടെന്നൊന്നും അത് തിട്ടപ്പെടുത്താന്‍ സാധിക്കില്ല. ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന കര്‍ഷക തൊഴിലാളിയും കൂലിപ്പണിക്കാരും രാവിരുളും വരെ ചായഗ്ലാസ്സ് കഴുകുന്ന സാദാ ഹോട്ടല്‍ തൊഴിലാളിയും നാട്ടിന്‍പുറങ്ങളിലെ പച്ചക്കറി / പലചരക്ക് കച്ചവടക്കാരും ഓട്ടോ / ടാക്‌സി തൊഴിലാളികളും വൈകുന്നേരം കയ്യിലെത്തുന്ന പൈസ കൊണ്ട് കുടുംബം നടത്തുന്നവരാണ്. കറന്‍സി നിരോധനമെന്ന ഇരുട്ടടി ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇക്കൂട്ടരെയൊക്കെയാണ്.

ഗ്രാമ,നഗര ഭേദമില്ലാതെ ചെറുകിട സംരംഭങ്ങള്‍ മിക്കതും അടച്ചു പൂട്ടലിന്റെ വക്കിലാണ്. സ്വന്തം കൃഷിവിഭവങ്ങളില്‍ നിന്നൊരംശം നിത്യേന വിറ്റ് കറന്‍സിയാക്കി വീട്ടുചെലവുകള്‍ നടത്തിക്കൊണ്ടിരുന്ന ചെറുകിട കര്‍ഷകനും അയാളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ചു കച്ചവടം നടത്തിയിരുന്ന ചെറുകിട കച്ചവടക്കാരനും ദിവസവും വിറ്റുപോയിരുന്ന നാല്‍പ്പത്, അമ്പത് ഊണുകള്‍ പത്തിലും താഴെയായിപ്പോയ ചെറുകിട ഹോട്ടല്‍ നടത്തിപ്പുകാരനും എല്ലാം തന്നെ ഈ 'സര്‍ജിക്കല്‍ സ്‌െ്രെടക്കില്‍' രക്തം വാര്‍ന്ന് മരണത്തെകാത്തുകിടപ്പാണ്. കയ്യിലെത്തുന്ന പൈസ ചെലവഴിക്കാന്‍ ആളുകള്‍ മടിക്കുന്നതും ചെറിയ നോട്ടുകളുടെ ദൗര്‍ലഭ്യവും എല്ലാം ചേരുമ്പോള്‍ അധ്വാനിച്ചു ജീവിച്ചിരുന്ന വിഭാഗം പട്ടിണിയുടെ രുചിയറിഞ്ഞു തുടങ്ങിയിരിക്കുന്നു.

കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ മൂല്യമുള്ളതാക്കിയെടുക്കാനായി അവനവന്റെ അദ്ധ്വാനസമയങ്ങള്‍ മെനക്കെടുത്തി ബാങ്കിന്റെ മുന്‍പില്‍ കുടികിടപ്പുകാരനാകുന്നവനും ചെറിയ സംഖ്യകള്‍ ആളുകള്‍ സൂക്ഷിച്ചു വെയ്ക്കുന്നതിന്റെ പേരില്‍ വരുമാനമില്ലാതാകുന്നവനും ഒരേ വിഭാഗത്തില്‍ നിന്ന് തന്നെയാണ്. അവരാണ് എണ്ണത്തില്‍ കൂടുതല്‍. പക്ഷേ ഈ ഭൂരിഭാഗത്തിന്റെ അധ്വാനഫലത്തിനു വില നിര്‍ണ്ണയിക്കുന്നവര്‍ അവരല്ല താനും. ചോറിനു പകരം കേയ്ക്ക് കഴിച്ചൂടെ എന്ന ചോദ്യത്തേക്കാള്‍ പണത്തിനു പകരം കാര്‍ഡ് ഉപയോഗിച്ച് കൂടെ എന്ന ചോദ്യം അപഹാസ്യമാകുന്നത് അങ്ങനെയാണ്.

ഇന്നിപ്പോള്‍ ഒരു മാസത്തിന്റെ അധ്വാനഫലം ബാങ്കുകളില്‍ വെറും അക്കങ്ങളായി നിലനില്‍ക്കേ ദൈനംദിനാവശ്യങ്ങള്‍ക്കായി, കഴിഞ്ഞ മാസത്തെ പറ്റുകള്‍ തീര്‍ക്കേണ്ടതിനായി എന്തുചെയ്യുമെന്ന അങ്കലാപ്പില്‍ നട്ടം തിരിയുകയാണ് സാധാരണജനം. പെന്‍ഷന് വേണ്ടി വയസ്സായ ആളുകള്‍ നിറഞ്ഞ കണ്ണുകളുമായി തളര്‍ന്നിരിക്കുന്ന കാഴ്ച സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് വേണ്ടപ്പെട്ടവര്‍ അലറുമ്പോഴും അതങ്ങനെയല്ലെന്ന് അനുഭവത്തില്‍ നിന്നും അറിഞ്ഞവര്‍ അമിതമായ ഭീതിയിലാവുന്നു. ഓരോ ദിവസവും മാറിവന്നു കൊണ്ടിരിക്കുന്ന നിയമങ്ങള്‍ അവരെ അങ്ങനെയാക്കി മാറ്റിയിരിക്കുന്നു.

ആദ്യം പണം, പിന്നെ സ്വര്‍ണ്ണം ഇനിയിപ്പോള്‍ ഭൂമിയിലാവും കണ്ണെന്ന് ഭീതിപ്പെടുന്നവരെ എങ്ങനെ ആശ്വസിപ്പിക്കാനാകും?

നാളെയൊരിക്കല്‍ പുലരാന്‍ പോകുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള സുന്ദരസ്വപ്നങ്ങള്‍ പങ്കുവെയ്ക്കുന്നവരാണ് ഇപ്പോഴും കറന്‍സി നിരോധനത്തെ അനുകൂലിക്കുന്നവര്‍. പണം മാറ്റിയെടുക്കലുകളുമായി ബന്ധപ്പെട്ട് മരണത്തിന്റെ സ്‌കോര്‍ സെഞ്ച്വറി കടക്കുമ്പോള്‍ പ്രാര്‍ത്ഥന ഇത് മാത്രമാണ്. അത്തരമൊരു സ്വര്‍ഗ്ഗം വരും വരെ ആയുസ്സോടെ ഞങ്ങളെ കാത്തോളണേ, കുത്തകകളുടെ തമ്പുരാനേ...

07-Dec-2016