പ്രിയപ്പെട്ട അയ്യപ്പന്,
ഹിമ ശങ്കര്‍
പ്രിയപ്പെട്ട അയ്യപ്പന്,
മകരമാസവും മകരവിളക്കും കഴിഞ്ഞ് കുറച്ച് തിരക്കൊഴിഞ്ഞ സമയമാണ് താങ്കള്‍ക്ക് എന്നറിഞ്ഞോണ്ട് ഒരു കത്തെഴുതാമെന്ന് കരുതി. നിവേദനം 18-ാം പടി കയറിവന്ന് നേരിട്ട്, തിരുസമക്ഷം സമര്‍പ്പിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, എന്നെപ്പോലെയുള്ള ഗര്‍ഭപാത്രം 'വര്‍ക്കിംഗ് കണ്ടീഷനി'ല്‍ ഉള്ള സ്ത്രീകളെ കാണുന്ന മാത്രയില്‍ ബ്രഹ്മചാരിയായ താങ്കളുടെ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചുവെച്ചിരിക്കുന്ന, പെണ്ണുങ്ങളുടെ 'ചാരിത്ര്യം' എന്നൊക്കെ പറയുന്ന പോലെയുള്ള എന്തോ ഒന്ന് താങ്കള്‍ക്ക് നഷ്ടപ്പെട്ട്, താങ്കള്‍ ആകെ സ്ത്രീലമ്പടനായിപോകും എന്നുള്ള രീതിയില്‍ താങ്കളുടെ ഭക്തജനങ്ങള്‍ ഇവിടെ പ്രചരിപ്പിക്കുന്നതുകൊണ്ട് തല്‍ക്കാലം പതിനെട്ടാംപടി ചവിട്ടി നേരിട്ടു കാണുവാന്‍ നിര്‍വ്വാഹമില്ല. അവര്‍ പറയുന്നതുപോലെ താങ്കളത്രയ്ക്ക് ദുര്‍ബലനാണോ അയ്യപ്പാ?
കേരളത്തിലുള്ള ഏത് മതവും ജാതിയുമെടുത്താലും സ്ത്രീകളുടെ നഗ്നത കണ്ടാല്‍ എത്തി നോക്കാനും അശ്ലീലം പറയാനും തന്തക്ക് വിളിക്കാനും മടിക്കാത്ത, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള, പുരുഷവര്‍ഗം ആരാധിക്കുന്ന അങ്ങയുടെ സ്ത്രീകളെക്കുറിച്ചുള്ള അഭിപ്രായം എന്താണ് അയ്യപ്പാ? അല്ലെങ്കില്‍ അങ്ങയുടെ പ്രതിബിംബമാണോ ഇവര്‍? കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഒരിക്കലും അകത്ത് വരാനനുവദിക്കാതെ, മുരട്ടുന്യായം പറഞ്ഞ് പുറത്തിരുത്തിയ മാളികപ്പുറത്തമ്മയോട് താങ്കള്‍ ചെയ്തത് തന്നെയല്ലേ അയ്യപ്പാ, ഇവിടുത്തെ പുരുഷവര്‍ഗം ആറു മുതല്‍ 70 വയസുവരെയുള്ള സ്ത്രീകള്‍ക്ക് നേരെ കാണിക്കുന്നത്? താങ്കള്‍ കുറച്ച് മാന്യനാണെന്ന് വേണമെങ്കില്‍ പറയാം. താങ്കള്‍ കുട്ടികള്‍ക്കും വൃദ്ധകള്‍ക്കും 'അഭയം' കൊടുക്കുന്നുണ്ടല്ലൊ! നൈഷ്ഠിക ബ്രാഹ്മചാരിയായ വെറും 'ശരീരം' അല്ല താങ്കള്‍ എന്ന സങ്കല്‍പ്പമല്ലേ താങ്കളെന്ന ആരാധനാമൂര്‍ത്തിയുടെ പുറത്തെത്തേണ്ടത്. എന്നെങ്കിലും പതിനെട്ടാം പടി കയറിവന്ന് നിവേദനം തരണമെന്നുണ്ട്. പക്ഷേ, നിവൃത്തിയില്ലല്ലോ. കാത്തിരിക്കുക തന്നെ. ചെറുപ്പത്തിലേ വരണമെന്നാഗ്രഹിച്ചു. ആരും കൊണ്ടുപോയില്ല. ഇനി ഭാവിയിലല്ല, വര്‍ത്തമാനത്തില്‍ വരണമെന്നാഗ്രഹിക്കുന്നു.
സ്ത്രീകള്‍, പ്രസവിക്കാനും കുട്ടികളെ വളര്‍ത്താനും മാത്രമായി, കുടുംബത്തിന് കൈമാറ്റം ചെയ്യാനധികാരമുള്ള ജീവിതത്തോട് കൂടി സ്വാതന്ത്ര്യമില്ലാതെ, പ്രണയമില്ലാതെ, ശാരീരിക തൃപ്തിയറിയാതെ പ്രസവിച്ചുമണ്ണടിയേണ്ട വെറും യന്ത്രങ്ങളല്ലല്ലോ അയ്യപ്പാ. ഏറ്റവും മനോഹരമായി മനുഷ്യരെന്ന വര്‍ഗത്തെ സ്‌നേഹത്തിലൂടെ, പാരസ്പര്യത്തിലൂടെ പരസ്പരപൂരകങ്ങളാക്കി നിലനിര്‍ത്തി കൊണ്ടുപോകാന്‍ സൃഷ്ടിച്ച ഒരേ നാണയത്തിന്റെ തന്നെ രണ്ടു വശങ്ങളല്ലേ അയ്യപ്പാ? താങ്കളുടെ ജനനത്തിന് പോലും വിഷ്ണുവിന് മോഹിനിയെന്ന സ്ത്രീരൂപത്തെ സൃഷ്ടിക്കേണ്ടിവന്നു. ഇപ്പോഴാണ് ഓര്‍ത്തത്. അയ്യപ്പാ.., താങ്കളുടെ ജനനത്തെക്കുറിച്ച് രണ്ടുവാക്ക് ചോദിക്കാനുണ്ട്. നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്ന കഥപ്രകാരം വിഷ്ണുവിനോട് മോഹിനീരൂപം ഒരിക്കല്‍കൂടി കൈക്കൊള്ളാന്‍ പറയുന്ന പരമശിവനോട്, വിഷ്ണു അത് ശരിയാവില്ല താങ്കള്‍ ഭ്രമിച്ചുപോകും എന്ന് പറയുകയാണല്ലൊ. അപ്പോള്‍ പരമശിവന്‍ വീണ്ടും വിഷ്ണുവിനെ നിര്‍ബന്ധിക്കുന്നു. അങ്ങനെ വിഷ്ണു മോഹിനിയാവുമ്പോള്‍ പരമശിവന് കാമം സഹിക്ക വയ്യാഞ്ഞ് മോഹിനിയെ പ്രാപിച്ചതില്‍ ഉണ്ടായതാണ് താങ്കള്‍. അതായത് രണ്ട് പുരുഷന്‍മാരുടെ ഉല്‍പ്പന്നം. അവര്‍ ദൈവങ്ങള്‍ ആയതുകൊണ്ട്, അവരുടെ മകനായ താങ്കളും ദൈവമായി. ഇപ്പോഴത്തെ 'മക്കള്‍ രാഷ്ട്രീയം' പോലെ എന്ന് പറയാം. പക്ഷെ, പുനര്‍ജന്‍മ സിദ്ധാന്തപ്രകാരം ഏത് ജന്‍മത്തിലും പുരുഷനോ, സ്ത്രീയോ ആയി മാറാനുള്ള സാധ്യതയുണ്ടല്ലൊ.
തന്ത്ര പറയുന്നത് കൃഷ്ണന്‍ തന്നെയാണ് കാളി എന്നാണ്. അപ്പോള്‍ മനസ് പുരുഷന്‍മാരുടേതായിട്ടുള്ള എത്രയോ സ്ത്രീകളും, സ്ത്രീകളുടെ മനസുള്ള എത്രയോ പുരുഷന്‍മാരും ഉണ്ട്. അങ്ങനെയെങ്കില്‍ ലഭിച്ച ശരീരത്തിന്റെ പേരിലല്ലല്ലോ സംസാരിക്കേണ്ടത്, ശരീരത്തിന്റെ ഉള്ളില്‍ നിവസിക്കുന്ന ആത്മാവിന്റെ പേരിലല്ലേ. 'തത്വമസി' എന്ന് എഴുതിവച്ചിട്ടുള്ള താങ്കളുടെ അമ്പലത്തില്‍ എന്തിനാണപ്പോള്‍ വിവേചന രഹിതനായ ആത്മാവിനെ കാണാതെ, ആത്മാവിന്റെ പുറം ചട്ടയോട് വിവേചനം കാണിക്കുന്നത്? താങ്കളുടെ പിതാവിന്റെ സ്‌നേഹശൂന്യമായ കാമത്തിന്റെ പ്രതിനിധിയാണ് 'താങ്കള്‍' എന്നുള്ളതുകൊണ്ടാണോ? അപ്പോള്‍ താങ്കളെ 'ദൈവ'മാക്കി ആരാധിക്കുന്നതെന്തിനാണ്? ചുറ്റും നോക്കിയാല്‍ താങ്കളെപ്പോലെയുള്ള, കാമത്തിന്റെ സന്തതികള്‍ ഏറെ പിറന്നിരിക്കുന്നതും, അവര്‍ ചെയ്യുന്ന നരകതുല്യമായ പ്രവര്‍ത്തനങ്ങളും താങ്കള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? താങ്കളെ പോലെയുള്ള ദൈവങ്ങളുടെ അസ്തിത്വത്തെവരെ ചോദ്യം ചെയ്യുകയാണല്ലൊ ഇപ്പോള്‍ രാജ്യത്തിനകത്തും ലോകമാകെയും നടക്കുന്ന സംഭവങ്ങള്‍?
അധികാരമുള്ള അമ്പലങ്ങളും, പള്ളികളും എണ്ണത്തില്‍ വര്‍ധിച്ചു വന്നിട്ടും മനുഷ്യവര്‍ഗം ജാതിയുടെ, മതത്തിന്റെ, വര്‍ണ്ണത്തിന്റെ, ലിംഗത്തിന്റെ പേരില്‍ കലഹിച്ച്, എഴുതിവച്ചിട്ടുള്ള ഓരോ വേദപുസ്തകങ്ങളില്‍ നിന്നും മറ്റൊന്നിലേക്ക് ഒരിറ്റു ആശ്വാസത്തിന് വേണ്ടി പരതി നടക്കുന്നതൊന്നും താങ്കളെപ്പോലെ ഉള്ള ദൈവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അല്ലേ അയ്യപ്പാ? പ്രണയവും രതിയും നിഷേധിക്കപ്പെട്ട് യഥാര്‍ത്ഥ സ്‌നേഹം സമര്‍പ്പണമാണെന്നറിയാതെ ഉഴറി നടന്ന് സുഖത്തിനുവേണ്ടി കാമപ്പേക്കൂത്തുകളാടി, ലഹരിയില്‍ അഭയം തേടി, പിഞ്ചുകുഞ്ഞുങ്ങളേയും അമ്മമാരേയും വരെ ബലാല്‍ക്കാരം ചെയ്യുന്ന ആത്മീയാചാര്യന്‍മാരടങ്ങിയ സമൂഹം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് താങ്കളെപോലെയുള്ള ദൈവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അല്ലേ? ഇവിടെ സ്‌നേഹത്തിന്റെ ഗീതങ്ങള്‍ പാടേണ്ട ദൈവരാജ്യമില്ല എന്ന് വിശ്വസിച്ചു തുടങ്ങേണ്ട അവസ്ഥയിലേക്കാണോ, ബന്ധനങ്ങള്‍ കൊണ്ട് കെട്ടിനിര്‍ത്തിയ താങ്കളുടെ അമ്പലത്തിന്റെ കൂടി നിയമങ്ങള്‍ ഞങ്ങളെ എത്തിക്കുന്നത്. അല്ലെങ്കില്‍, താങ്കളെന്ന ദൈവബിംബം കൊടുക്കുന്ന ചിന്തകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ താങ്കള്‍ ഒരു സ്ത്രീ വിരുദ്ധന്റെ മുഖം മുടിയിലേക്ക് മാറിയിരിക്കുന്നതായി തോന്നുന്നത്? ആകസ്മികമല്ല എന്നുതന്നെ വേണം പറയാന്‍. താങ്കളുടെ ശബരിമലയിലെ മാത്രം അമ്പലത്തില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കെല്ലാം വിലക്ക്. ഇതേ ആര്‍ത്തവം തിന്നാണ് ഇവിടെയുള്ള ശരീരികളായ ആണിനും പെണ്ണിനും 'പുരം' എന്നറിയപ്പെടുന്ന ശരീരം ഉണ്ടായത്. ഇതേ ആര്‍ത്തവമില്ലെങ്കില്‍ സ്ത്രീക്ക് കുഞ്ഞിനെ പേറാന്‍ കഴിയില്ല. വിവാഹസമയത്തു ആര്‍ത്തവമെന്ന അശുദ്ധിയില്ലാത്ത പെണ്ണിനെ അങ്ങയുടെ എത്ര ഭക്തന്‍മാര്‍ സ്വീകരിക്കാന്‍ മനസുകാണിക്കുമെന്ന് അങ്ങുതന്നെ ഒന്ന് ചോദിച്ചോളൂക. അശുദ്ധി ശരീരത്തേക്കാള്‍ കൂടുതല്‍ മനസിലല്ലേ അയ്യപ്പാ? ഇതേ ആര്‍ത്തവ രക്തത്തില്‍ കുരുത്ത എല്ലാവരും അശുദ്ധരാകണ്ടേ അയ്യപ്പാ?
കാമത്തിന്റെ സന്തതിയായിപ്പിറന്ന്, സ്ഥിരതയില്ലാത്ത വികാരങ്ങള്‍ക്ക്, സ്ത്രീസാന്നിധ്യം കൊണ്ട് താങ്കള്‍ അടിമപ്പെടുമെന്ന അങ്ങയുടെ ഭക്തജനങ്ങളുടെ യുക്തി അങ്ങയുടെ മേലേല്‍പ്പിക്കുന്ന കളങ്കം എത്രവലുതാണ് എന്ന് അവര്‍ അറിയുന്നുണ്ടോ. അയ്യപ്പാ? താങ്കളെന്ന ദൈവസങ്കല്‍പത്തിന്റെ കടയ്ക്കലല്ലേ ഭക്തിയുടെ പേരില്‍ കത്തിവെയ്ക്കപ്പെടുന്നത്? ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണ് എന്നുള്ളതാണോ അയ്യപ്പാ, വാസ്തവം? എന്തായാലും അതു പരിശോധിക്കാനുള്ള ആദ്യപടിയെന്ന നിലയില്‍ ചരിത്രം ഞാനുമൊന്ന് ചികഞ്ഞു നോക്കി അയ്യപ്പാ. അപ്പോള്‍ തികച്ചും വ്യത്യസ്തമായിരുന്ന ഒന്നിനെ മനുഷ്യവര്‍ഗം തന്നെ വേറൊന്നാക്കിയെടുത്ത പോലെ, ഒരു സ്ത്രീവിരുദ്ധ പുരുഷമുഖവും ബുദ്ധനായിരുന്ന അയ്യപ്പന് ചാര്‍ത്തിതന്നതുപോലെ തോന്നി അയ്യപ്പാ.
പത്താം നൂറ്റാണ്ടുവരെ, കേരളത്തിലെ 85 ശതമാനം ആളുകളും ബുദ്ധമതവിശ്വാസികള്‍ ആയിരുന്നല്ലൊ. പരമാരപരശുരാമന്‍ (970 AD) കേരളം കീഴടക്കിയതിനുശേഷം 10 മുതല്‍ 12-ാം നൂറ്റാണ്ടിനിടയില്‍ ബ്രഹ്മണാധിപത്യമുള്ള, ഉച്ചനീചത്വങ്ങളുള്ള, അസമത്വങ്ങളുള്ള, 'ശരീരമല്ല' പ്രാധാന്യം എന്ന് ഘോഷിക്കുന്ന മതഗ്രന്ഥങ്ങള്‍ ഉള്ളപ്പോഴും മനസുകളെ കീഴടക്കുന്നതിനുവേണ്ടി മനുഷ്യന്റെ ശരീരത്തെ അസമത്വത്തിലാഴ്ത്തി, ജന്മം കൊണ്ട് അവരെ വേര്‍തിരിപ്പിക്കുന്ന ചാതുര്‍വര്‍ണ്യ സമ്പ്രദായം ഘോഷിക്കുന്നവര്‍ ഇവിടം കൈയ്യേറാന്‍ തുടങ്ങി. ഹിന്ദു ധര്‍മ്മങ്ങളില്‍ കാണുന്ന അതേ പരശുരാമനാണ് ബുദ്ധ, ജൈന മതങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം തുടങ്ങിയത്. ബുദ്ധ, ജൈന വിഹാരങ്ങളെ പരശുരാമന്‍ ഹിന്ദുക്ഷേത്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തി. ബുദ്ധവിഹാരങ്ങള്‍ ശിവക്ഷേത്രങ്ങളും ജൈന വിഹാരങ്ങള്‍ വിഷ്ണുക്ഷേത്രങ്ങളും ആയി മാറ്റപ്പെട്ടു. ഭിക്ഷുണികള്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ ദേവീക്ഷേത്രങ്ങളുമായി. ഇന്ന് കാണുന്ന അയ്യപ്പക്ഷേത്രവും പണ്ട് ബുദ്ധ, ജൈനവിഹാരങ്ങളിലൊന്ന് ആയിരുന്നിരിക്കണം. ബുദ്ധ സന്യാനിമാര്‍ തങ്ങളുടെ ആശയങ്ങള്‍ക്കൊത്ത് ജീവിച്ചിരുന്നതും കല, വിദ്യാഭ്യാസം എന്നിവ അഭ്യസിപ്പിച്ചിരുന്നതും ഈ വിഹാരങ്ങളിലായിരുന്നിരിക്കണം. കാലം കഴിഞ്ഞപ്പോള്‍ പന്തളം രാജാവിന്റെ അധീനതയിലായി ശബരിമലയടക്കമുള്ള പ്രദേശങ്ങള്‍. സമീപവാസികളായ മുസ്ലീങ്ങള്‍ അവിടം പിടിച്ചെടുക്കാന്‍ രാജാവിനെ സഹായിച്ചിരുന്നിരിക്കണം. ബാബര്‍ (വാവര്‍) എന്നറിയപ്പെടുന്ന മുസ്ലീം നേതാവാണ് രാജനെ സഹായിച്ചതില്‍ പ്രധാനി.
1600 എ ഡിയിലെ യുദ്ധം കഴിഞ്ഞപ്പോള്‍ അവിടത്തെ ദൈവം ഹിന്ദുദൈവമായി മാറ്റപ്പെട്ടു. ശൈവരും, വൈഷ്ണവരും ഈ ക്ഷേത്രം പിടിച്ചടക്കാന്‍ ശ്രമിക്കുകയും അവരുടെ ഒത്തു തീര്‍പ്പിനുശേഷം 'ഹരിഹര പുത്രന്‍' എന്ന കഥക്ക് പ്രചാരം സിദ്ധിക്കുകയും ചെയ്തു. 18 പടികളുള്ള അമ്പലം നിര്‍മ്മിക്കപ്പെട്ടു. ഈ അടുത്തകാലത്ത് വരെ ബ്രാഹ്മണര്‍ ഇരുമുടിക്കെട്ടേന്തി മലകേറാന്‍ പോകില്ലായിരുന്നു. അവര്‍ താഴ്ന്ന ജാതിക്കാരുടെ ക്ഷേത്രമായാണ് ശബരിമലയെ കണ്ടിരുന്നത്. അയ്യപ്പന്‍മാരുടെ വസ്ത്രധാരണം തന്നെയാണ് ഇതിന്റെ തെളിവ്. കറുത്ത വസ്ത്രം ആദിവാസികളേയും ബ്രാഹ്മണര്‍ താഴ്ന്നവരെന്നു കണക്കാക്കിയിരുന്ന മനുഷ്യരേയുമാണ് കുറിക്കുന്നത്. അയ്യപ്പ വിഗ്രഹത്തിലെ കൈമുദ്ര മൂന്ന് രത്‌നങ്ങളെ ശരണം പ്രാപിക്കാന്‍ പറയുന്നു. ബുദ്ധിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ആയ 'ബുദ്ധം, ധര്‍മ്മം, സംഘം' എന്നിവയാണത്. ബുദ്ധം - ഉണരുക, ധര്‍മ്മം - സത്യം, സംഘം - പാലിക്കുന്ന കൂട്ടമാക്കുക എന്നതാണ് പ്രത്യക്ഷത്തിലെ അര്‍ത്ഥം. ശബരിമലയില്‍ സ്ത്രീകള്‍ക്കല്ലാതെ വേറെയാര്‍ക്കും വസ്ത്രത്തിലോ പദവിയിലോ വിവേചനങ്ങള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. എല്ലാവരും അയ്യപ്പനും മാളികപ്പുറവും ആണ്. ബുദ്ധമതവുമായി ആഴത്തില്‍ ബന്ധപ്പെട്ടുക്കിടക്കുന്നതിനാലാണത്. ശരണമന്ത്രം തന്നെ 'ബുദ്ധം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി' എന്നതിനോട് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. സ്വാമി ശരണത്തിലേക്ക് അത് മാറിയെന്നുള്ള ചെറിയ വ്യത്യാസം മാത്രം. വേറെ ക്ഷേത്രങ്ങളിലൊന്നും ശരണമന്ത്രമില്ലാത്തതും ശ്രദ്ധേയമാണല്ലൊ. ബുദ്ധനായ അയ്യപ്പനെ രൂപം മാറ്റിച്ചതും നമ്മളേ, സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിച്ചതും നമ്മള്‍ തന്നെ. അയ്യപ്പാ.., ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കുന്ന അയ്യപ്പന്‍ വേറൊരാളാണല്ലോ അയ്യപ്പാ!!
കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തന്‍മാര്‍ ഏറ്റവുമധികം അപമാനിക്കപ്പെട്ടത് മകരജ്യോതി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൃത്രിമമായ, മനുഷ്യനിര്‍മ്മിതമായ ജ്യോതിയാണ് എന്ന് വെളിവാക്കപ്പെട്ട ദിവസമാണ്. കോടിക്കണക്കിന് വരുമാനമുള്ള ക്ഷേത്രമായി ശബരിമല മാറിയത് 'മകരജ്യോതി' എന്ന ഇല്ലാത്ത സത്യം അഥവാ കള്ളത്തിന്റെ മറവിലായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ദൈവമായിരിക്കുന്ന താങ്കള്‍ക്ക് ഒട്ടും തന്നെ നാണക്കേട് തോന്നുന്നില്ലേ അയ്യപ്പാ? താങ്കളെന്ന ദൈവസങ്കല്‍പ്പത്തിന്റെ ബിസിനസ് സാധ്യത മനസിലാക്കി ഈ കള്ളത്തിന് ചൂട്ടുപിടിക്കുന്നതോ ഇവിടുത്തെ ഗവണ്‍മെന്റും! ഹിന്ദുമതവിശ്വാസികളുടെ മുഖത്ത് തേച്ച കരിയാണ് അത്. 41 ദിവസത്തെ വ്രതം. രതി, പുകയില, മദ്യം, മാംസാഹാരം എന്നിവ ഒഴിവാക്കിയുള്ള വ്രതം. അത് ബുദ്ധമതത്തിന്റെ മനസിന്റേയും, ശരീരത്തിന്റേയും ശുദ്ധീകരണം എന്ന ജീവിതരീതിയോട് അടുത്തുനില്‍ക്കുന്നു. ശബരിമലയുടെ മതാതീത സ്വഭാവം മാലയിട്ടു കഴിഞ്ഞാല്‍ എല്ലാവരേയും ദൈവമായിട്ടാണ് കാണുന്നത്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന സ്വഭാവമുള്ള സവര്‍ണ്ണതയേക്കാളും ബുദ്ധമതസ്വാധീനമാണ് അതില്‍ കൂടുതല്‍ കാണാന്‍ കഴിയുക. ഇവിടെ സ്ത്രീയുടെ ഇടം എവിടെയാണ് നഷ്ടപ്പെട്ടത് അയ്യപ്പാ?
ശ്രീ പരമേശ്വരനും, വിഷ്ണുവും കൂടി കലിയുഗത്തിലേക്ക് പടച്ചുവിട്ടവന്‍ സ്ത്രീവിരോധിയാണെന്നാണോ ഞങ്ങള്‍ മനസിലാക്കേണ്ടത്? ഓരോരോ ജന്മങ്ങളില്‍ സ്ത്രീയോ, പുരുഷനോ, മൂന്നാംലിംഗമോ, മൃഗമോ, പക്ഷിയോ ആയ ഏതൊക്കെയോ ശരീരങ്ങളുടെ കഥ പറയാനുള്ള നമ്മുടെ ശരീരത്തിന്റെ പേരിലല്ലാതെ ''ആത്മാവിന്റെ പേരില്‍'' എന്നാണ് ശബരിമല എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുക? മുല്ലപ്പെരിയാര്‍ പൊട്ടി വെള്ളം പൊങ്ങി ഒരു കന്നി അയ്യപ്പന്‍ പോലും മല ചവിട്ടാതാവുന്ന ആ പ്രളയദിവസമാണോ അയ്യപ്പാ? താങ്കള്‍ തെറ്റ് സ്വയം തിരുത്തി മാളികപ്പുറത്തമ്മയെ ശബരിമലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അരികിലിരുത്തുക. 'തത്വമസി' എന്ന മഹാവാക്യത്തിന്റെ അര്‍ത്ഥമറിഞ്ഞവരാരും അയ്യപ്പസന്നിധിയില്‍ നിന്നും സ്ത്രീകളെ തള്ളിപ്പറയില്ല. താങ്കളും താങ്കളുടെ ബന്ധനം പൊട്ടിച്ചെറിയുക. അയ്യപ്പാ., പുരുഷന്‍മാര്‍ താങ്കള്‍ക്ക് ചാര്‍ത്തിതന്ന സ്ത്രീവിരുദ്ധതയുടെ മുഖംമൂടി എടുത്തെറിയൂ..
താങ്കളുടെ അടുത്തേക്ക് വരാതിരിക്കുന്നതിനുള്ള ഒരു വാദം അത് ആദ്യം വന്യമൃഗങ്ങള്‍ വിഹരിച്ചിരുന്ന സ്ഥലമായതുകൊണ്ട് സ്ത്രീകളെ കൊണ്ടുപോകാന്‍ എളുപ്പമല്ല എന്നതാണ്. കുട്ടികള്‍ക്കും, അമ്മൂമ്മമാര്‍ക്കും പോകാമെങ്കില്‍ അവരേക്കാള്‍ ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് അത് കഴിയില്ലേ? മാത്രവുമല്ല ശബരിമല ഇപ്പോള്‍ എത്രമാറി. അവിടേക്കു വരുന്നവരെല്ലാം വ്രതമെടുത്താണോ അയ്യപ്പാ വരുന്നത്. അങ്ങയുടെ കണ്ണുതുറന്നു കാണൂ. വ്രതമില്ലാതെ ഇരുമുടിക്കെട്ടേന്താതെ വരുന്ന എത്രയോ പേരുണ്ട്. അവരുടെ കൂട്ടത്തിലുമില്ല സ്ത്രീകള്‍ക്ക് ഇടം. മദ്യപിച്ചും ബോധമില്ലാതെയും വരുന്ന പുരുഷജന്മങ്ങള്‍ക്ക് എന്തുമാവാം എന്ന് അങ്ങ് അനുവദിച്ചു കൊടുത്തിട്ടുള്ളതാണോ? തെക്കേ ഇന്ത്യയിലെ നല്ലൊരു ശതമാനം പുരുഷന്‍മാരുടേയും ഇഷ്ടദേവനായ അങ്ങ് മാതൃക കാണിച്ചുകൊടുത്തിരിക്കുന്നത് ശരിയായിട്ടാണോ, സമൂഹത്തില്‍ ഉണ്ടാവുന്ന വിപരീതഫലങ്ങള്‍ അങ്ങയുടെ ബലഹീനതയെ തന്നെയല്ലേ കുറിക്കുന്നത്?
ഇനി, ഉച്ചനീചത്വങ്ങളെ തുടച്ചുമാറ്റിയ നമ്മുടെ പാരമ്പര്യത്തിലേക്ക് തിരിഞ്ഞുനോക്കാം. ഇന്നത്തെ ദേവസ്വം ബോര്‍ഡിന്റേയും, ഗവണ്‍മെന്റിന്റേയും സ്ഥാനത്ത് അന്ന് സവര്‍ണ്ണരും, രാജാക്കാന്‍മാരും ആയിരുന്നു. സ്ഥാനമാനങ്ങള്‍ മാറി എന്നേയുള്ളൂ. പക്ഷെ, ഉച്ചനീചത്വങ്ങള്‍ ഒന്നു മാറുമ്പോള്‍ മറ്റൊന്നിന്റെ മുഖം കൈക്കൊള്ളുന്നുണ്ട്. അന്ന് പുറത്തു നിന്നവര്‍ അകത്തായപ്പോള്‍, പുറത്ത് നില്‍ക്കുന്നവരെ കാണാനുള്ള കണ്ണ് അടച്ചുകളഞ്ഞു അത്രമാത്രം. അന്ന് അധസ്ഥിതരായി കണക്കാക്കിയിരുന്ന സ്ഥാനങ്ങളില്‍; ശരീരത്തിന്റേ വേര്‍തിരിവുകളിലും, ബന്ധനങ്ങളിലും പെട്ട് പ്രണയത്തിന്റേയും, രതിയുടേയും സാധ്യതകളെ തുറന്നുവിട്ട് ലോകം നിറമുള്ളതാക്കി സൂക്ഷിക്കേണ്ട സ്ത്രീകള്‍, കാമപൂരണത്തിനുള്ള യന്ത്രങ്ങളാക്കി മാറ്റപ്പെട്ട് നട്ടം തിരിയുന്നു. കുടുംബത്തിലെ മാനസികബന്ധങ്ങളില്‍ ശത്രുത കൂടിക്കൂടി വരുന്നു. സ്വയം നഷ്ടപ്പെട്ട മനുഷ്യര്‍ നെട്ടോട്ടമോടിത്തുടങ്ങുന്നു. വേര്‍തിരിവുകള്‍ കൊണ്ട് മനുഷ്യന് സംഭവിക്കുന്നത് നഷ്ടങ്ങള്‍ മാത്രമാണ് എന്ന് ഇവര്‍ തിരിച്ചറിയുന്നു പോലുമില്ല.
നാടോടിക്കഥകളിലെ അയ്യപ്പനാകട്ടെ പന്തളം രാജാവിന്റെ വളര്‍ത്തുപുത്രനായിരുന്നു. വാവര്‍ എന്ന മുസ്ലീം ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചങ്ങാതി. സത്യം എന്തായിരുന്നു എന്നുള്ളതിന്റെ വിശ്വസനീയമായ തെളിവുള്ളത് ഇവിടെയാണ്. ഇസ്ലാംമതം ഉണ്ടായത് എഡി 600 ലും മിക്കവാറും എല്ലാം ഹിന്ദുപുരാണങ്ങളും ഉണ്ടായത് ബിസിയിലുമായിരുന്നു. ഹിന്ദു-മുസ്ലീം ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതിനാലുമാണ് അയ്യപ്പനെന്ന ഇതിഹാസം പ്രബലമായത്. പന്തളം രാജഭരണകാലം പരിശോധിച്ചാല്‍ കാണാന്‍ കഴിയുക (1200-1500എഡി) ഇതുതന്നെയാണ്. അയ്യപ്പന്‍ തിരുപ്പതി ബാലാജിയെ പോലെ തന്നെ ബുദ്ധമതത്തില്‍ വേരുകളുള്ള, ദ്രവീഡിയന്‍ ദൈവസങ്കല്‍പ്പം ആണെന്ന് ഊഹിക്കാന്‍ കഴിയും. കേരളത്തില്‍ ബുദ്ധമതം വേരോടിയിരുന്നതിന്റെ അനവധി തെളിവുകള്‍ ഉണ്ട്. കറുത്ത ഗ്രാനൈറ്റിലുള്ള ബുദ്ധന്റെ പ്രതിമ ആലപ്പുഴയില്‍ നിന്നു കിട്ടിയിട്ടുണ്ട്. 4 അടിപൊക്കമുള്ള പ്രതിമകള്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും കരുനാഗപ്പള്ളി, ഇടപ്പള്ളി, മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹിന്ദുധര്‍മ്മങ്ങളിലെ അയ്യപ്പനും, നാടോടിക്കഥയിലെ അയ്യപ്പനും തമ്മില്‍ എന്തോ ഒരു പൊരുത്തമില്ലായ്മയില്ലേ അയ്യപ്പാ? ഈ പൊരുത്തക്കേടുതന്നെയാണ് സ്ത്രീകളുടെ പ്രവേശനം തടയുന്ന കാര്യത്തിലും കാണുന്നത്. എന്താണ് ശബരിമലയിലെ അയ്യപ്പനുമാത്രം ഇത്ര സ്ത്രീവിരോധം!
ഒരു സ്ത്രീ സ്വതന്ത്രമായി പ്രണയിച്ചാലോ അവളുടെ ഇഷ്ടത്തിനുള്ള വിദ്യാഭ്യാസവും, ജോലിയും സമ്പാദിച്ചാലോ, ഇഷ്ടപുരുഷനുമായി രതിയിലേര്‍പ്പെട്ടാലോ, സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചാലോ എന്തിന് നിരുപദ്രവകരമായി ഒന്നു ചുംബിച്ചാലോ പോലും പ്രശ്‌നത്തിലാവുന്ന ആണ്‍മനസുകള്‍ (എല്ലാവരും എന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. എല്ലാകാലത്തും സജ്ജനങ്ങള്‍ ഉണ്ട്) അവരുടെ തന്തക്ക് വിളിക്കുകയും, അവരെ അഭിസാരികകളും, അഴിഞ്ഞാടി നടക്കുന്നവളുമായി ചിത്രീകരിച്ച്, അവര്‍ക്ക് കാമക്കഴപ്പ് ആണെന്നും അവരെയൊക്കെ ബലാത്സംഗം ചെയ്യണമെന്നും വിചാരിക്കുന്നു, സ്വന്തം തന്തയെ ശരീരം മാത്രമായി കണ്ടതിന്റെ കുഴപ്പമാണെന്ന് പറഞ്ഞുപരത്തുന്നു? ''നിങ്ങള്‍ അയ്യപ്പനെ ഇങ്ങനെ സ്ത്രീവിരുദ്ധനാക്കുന്നതെന്തിനാ? ഒന്നുമില്ലേലും പാവം ഒരു ദൈവമല്ലേ'' എന്ന് ചോദിച്ചതാണ് പ്രകോപനം. സത്യത്തിന്റെ നേരെ കല്ലുകള്‍ തന്നെയാണ് എല്ലാക്കാലത്തും ആദ്യം വര്‍ഷിക്കപ്പെട്ടത് എന്നു മനസ്സിലാക്കി, അവയെ മുന്നോട്ടു പോകാനുള്ള ഇന്ധനമായി കാണുന്നു. ഒരു ചോദ്യം അവരോട് തിരിച്ചു ചോദിക്കട്ടെ അയ്യപ്പാ.., ജനിപ്പിച്ച, 9 മാസം വയറ്റില്‍ കിടന്ന് ആര്‍ത്തവം ഭക്ഷിച്ച് വികസിപ്പിച്ച ശരീരവുമായി പുറത്തെത്തിക്കഴിഞ്ഞ്, ഉണ്ടാക്കിയ ഗര്‍ഭപാത്രത്തേയും ഉണ്ടാക്കാന്‍ കാരണമായ രതിയേയും, വെറും മൃഗവത്കരിച്ച് സ്വന്തം അമ്മയെ തൊട്ട്, കുഞ്ഞിനെ വരെ ശരീരം മാത്രമായി കാണുന്നവര്‍ക്കല്ലേ അയ്യപ്പാ താങ്കള്‍ ഒരു സ്ത്രീയെ കണ്ടാല്‍ ബ്രഹ്മചര്യം വെടിയുമെന്ന് ചിന്തിക്കാന്‍ കഴിയുക? താങ്കള്‍ അത്രക്ക് ദുര്‍ബലനാണോ എന്ന ചോദ്യം പ്രസക്തമാവുന്നത് ഇവിടെയാണ്. അങ്ങനെയുള്ളവര്‍ക്കല്ലേ സ്ത്രീ വന്നാല്‍ മൊത്തം കുഴപ്പമാകുമെന്ന് പ്രവചിക്കാന്‍ കഴിയുകയുള്ളൂ. കാരണം അവര്‍ക്ക് അവരെ തന്നെ വിശ്വാസമില്ല അയ്യപ്പാ. അപ്പോള്‍ താങ്കളുടെ ഭക്തന്മാരില്‍ എവിടെയാണ് കുഴപ്പം എന്ന് ഒരു ദൈവമെന്ന നിലയില്‍ ഭൂമിയുടേയും ജീവജാതികളുടേയും നല്ലതിന് അങ്ങു തന്നെ ചിന്തിച്ചേ പറ്റൂ.
ഞാന്‍ ഭാരതം എന്ന രാജ്യത്തിന്റെ വൈരൂദ്ധ്യത്തേയും, മതങ്ങളേയും, നാനാത്വത്തേയും ബഹുമാനിക്കുന്നു. നമ്മളിവിടെ എത്തിനില്‍ക്കുന്നത് സംഭവിച്ചതെല്ലാം കാരണമാണ്. പക്ഷേ, ചെയ്ത തെറ്റുകള്‍ തിരുത്താന്‍ ഈ സമയം നമ്മുടെ കൈയ്യിലുണ്ട്. വര്‍ത്തമാനകാലത്തിന്റെ നല്ലതിലേക്കാണ് എല്ലാ മതങ്ങളും ദൈവങ്ങളും കൈ ചൂണ്ടേണ്ടത്. അല്ലാതെ ഭിന്നിപ്പിച്ച്, സാമ്പത്തികലാഭം കൊയ്യാന്‍ വേണ്ടി പ്രകൃതിയേയും, സ്‌നേഹത്തേയും, ആഹാരത്തിലെ മായം കൊണ്ട് ശരീരത്തേയും നശിപ്പിക്കുന്ന വന്‍ശക്തികളാല്‍ ചിന്തിക്കാനുള്ള കഴിവുപോലും നഷ്ടപ്പെട്ട്, ആരെയും വിശ്വസിക്കാതെ, സന്തോഷമില്ലാതെ, സ്‌നേഹമില്ലാതെ, ഊര്‍ജ്ജമില്ലാതെ ഉഴറി നടക്കുന്ന മനുഷ്യരാശി സൃഷ്ടിക്കപ്പെടുന്നത് നിങ്ങള്‍ ദൈവങ്ങളുടെ അസ്തിത്വത്തിന് നേര്‍ക്കാണ്, കൈ ചൂണ്ടുന്നത്. നമ്മുടെ മണ്ണില്‍ വിരിഞ്ഞ എല്ലാ സംസ്‌കാരങ്ങളില്‍ നിന്ന് നല്ലത് സ്വീകരിച്ച്, വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്‍പ്പിച്ച്, ഉച്ച നീചത്വങ്ങളില്ലാതെ മനുഷ്യത്വത്തെ, പ്രകൃതിയെ ബഹുമാനിച്ച്, ഈ ഭൂമിയെ ബഹുമാനിച്ച്, പരസ്പരം ബഹുമാനിക്കുന്ന ഒരു തലമുറയല്ലേ ഇവിടെ സൃഷ്ടിക്കപ്പെടേണ്ടത് അയ്യപ്പാ? ഇനി പ്രത്യേകിച്ച് ഹിന്ദുധര്‍മ്മത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ''എവിടെ നാരികള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവകള്‍ സന്തോഷിക്കപ്പെടുന്നു'' എന്ന് പറഞ്ഞിട്ടുള്ള ധര്‍മ്മത്തിന്റെ ആത്മീയാചാര്യന്മാരുടെ മുഖംപോലും സ്ത്രീവിരുദ്ധതയുടെ മുഖംമൂടിയണിയുമ്പോള്‍ ഈ കലിയുഗത്തില്‍ നാശം മുന്നില്‍ കണ്ട് സ്ത്രീകള്‍ സംസാരിച്ച് തുടങ്ങണ്ടേ അയ്യപ്പാ?
ഏറ്റവും പഴക്കമുള്ള സംസ്‌കാരത്തെ മാനിക്കുന്നവര്‍ ആ സംസ്‌കാരം ഉദ്‌ഘോഷിക്കുന്ന മൂല്യങ്ങളെ മാനിക്കാതെ, ഭിന്നതകള്‍മാത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ആരോടാണ് ഞങ്ങള്‍ പരാതി പറയേണ്ടത്? ഇവിടുത്തെ ഓരോ സ്ത്രീയുടേയും, ബലാത്സംഗം ചെയ്യപ്പെട്ട മുഖങ്ങളാണോ ഇവിടെ സൃഷ്ടിക്കപ്പെടേണ്ടത്? ജനിപ്പിച്ച മാതൃത്വത്തിന് സന്തതികളെ നോക്കി, തിരിച്ചറിയപ്പെടാത്തതില്‍ വിലപിക്കേണ്ട അവസ്ഥയല്ലേ ഒരു തലമുറയുടെ ശാപം. താങ്കളും, താങ്കളുടെ അമ്മയെ ശരീരം മാത്രമായിട്ടല്ല കാണുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുധര്‍മ്മത്തെ കുറിച്ച് വാതോരാതെ സംസാരിച്ച് 'മതില്‍ക്കെട്ടുകള്‍' വലുതാക്കാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്നവര്‍ ഇവിടെ സ്ത്രീകളെ ബഹുമാനിച്ചിരുന്നതെങ്ങിനെയാണ്, യോഗിനിമാരുടെ ധര്‍മ്മം എന്തൊക്കെയായിരുന്നു എന്ന് പഠിച്ചിട്ട് ശബരിമലയുടെ വാതില്‍ ഞങ്ങള്‍ക്കുവേണ്ടി തുറന്നിട്ടു തരും എന്ന് ഞാന്‍ വിശ്വസിക്കുന്നു അയ്യപ്പാ.... ''താങ്കള്‍ ഇച്ഛിക്കുന്നത് നടക്കും'' എന്നാണ് ഇത്രയും പേരുടെ ദൈവമെന്ന നിലയില്‍ താങ്കളുടെ അസ്തിത്വത്തെ ബഹുമാനിച്ച് പറയാനുള്ളത്. എന്നെങ്കിലും നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ,
സ്‌നേഹത്തോടെ, സങ്കടത്തോടെ;
ഹിമ ശങ്കര്‍
26/1/2016
തൃശൂര്‍
29-Jan-2016
ആഷ
നിഷ മഞ്ചേഷ്
ദീപ സൈറ
ശാരിക ജി എസ്
ആര് ഷഹിന