കേവല ഫെമിനിസം ആപത്താണ്
റീന ഫിലിപ്പ്
കേവല ഫെമിനിസം, കേവല ദളിതിസം, കേവല യുക്തിവാദം തുടങ്ങിയവയ്ക്കൊക്കെ പൊതുവിലുള്ള ഘടകം കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. അത് അങ്ങിനെ ആയേ തീരൂ താനും. കാരണം അതു തന്നെയാണ് അതിനു പിന്നിലുള്ള അജണ്ട. കാര്യങ്ങളെ വര്‍ഗപരമായി സമീപിയ്ക്കുകയാണ് ചെയ്യേണ്ടത്. ലിംഗ, ജാതി, മത വ്യത്യാസമില്ലാതെ. സമരങ്ങളെ സ്വത്വരാഷ്ട്രീയം കൊണ്ട് നേരിട്ട് വര്‍ഗസമരങ്ങളെ പരാജയപെടുത്തുകയും തൊഴിലെടുക്കുന്നവന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ തന്ത്രം. സോവിയറ്റ് യൂണിയനും കമ്മ്യൂണിസത്തിനും ഏറ്റ താല്ക്കാലികമായ തിരിച്ചടി സൃഷ്ടിച്ച കാലാവസ്ഥയിലാണ് ഉത്തരാധുനികത ശക്തി പ്രാപിക്കുന്നത്. ഇനി കമ്യൂണിസത്തിന് ഭാവിയില്ല എന്ന് ഫ്രാന്‍സിസ് ഫൂക്കുയാമയും സാമുവേല്‍ ഹന്റിംഗ്ടനും ആധികാരികമായി പ്രസ്താവിച്ചു. മാര്്ക്സിന്റെ ഹോളിസ്റ്റിക്ക് അപ്രോച്ചിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അതിന്റെ സ്ഥാനത്താണ് കേവല ഫെമിനിസം, ദളിതിസം തുടങ്ങിയ സ്വത്വവാദങ്ങളെ പകരം വെക്കുന്നത്. അവരവരുടെ പ്രശ്നം അവര്‍ തന്നെ പരിഹരിച്ചോളും എന്ന് പറയുന്നതു വഴി അവരെ വിഭജിക്കുകയും ഓരോ കമ്പാര്‍ട്ടുമെന്റില്‍ ആക്കുകയുമാണ്. അങ്ങിനെയാകുമ്പോള്‍ ഓരോ വിഭാഗത്തെയായി ഒറ്റവെടിക്ക് അവസാനിപ്പിക്കാമല്ലൊ. |
കുറച്ച് ദിവസങ്ങള്‍ മുന്‍പ് പ്രീത ജി നായരെന്ന സാമൂഹ്യപ്രവര്‍ത്തക, മുന്‍മന്ത്രി ജി സുധാകരന്റെ നടികളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള പരാമര്‍ശത്തെ വിമര്‍ശിക്കുകയുണ്ടായി. അതിനെ പലരും എതിര്‍ത്തും അനുകൂലിച്ചും സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വാഗ്വാദങ്ങള്‍ക്ക് ഇടയില്‍ ഡേവിസ് തെക്കേക്കര എന്ന പേരിലുള്ള ഒരു പ്രൊഫൈലിന്റെ പോസ്റ്റിന് കീഴില്‍ ഏതോ ഒരു ഫേക്ക് ഐ ഡി പ്രീതയെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ പച്ചതെറി വിളിച്ചു. അത് കുറെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഏറ്റെടുത്തു വന്‍ വിവാദമാക്കി മാറ്റുകയും ചെയ്തു. തെറി വിളിച്ചത് ഏതോ ഫേക്ക്ഐഡി ആണെങ്കിലും അത് സിപിഐ എംന്റെ അക്കൗണ്ടിലേക്കാണ് വീണത്. അത്തരത്തിലൊരു പരിസമാപ്തി ഉണ്ടായത് സിപിഐ എം വിരുദ്ധതയില്‍ നിന്നാണ്. വേണമെന്നുണ്ടായിരുന്നെങ്കില് ഡേവിസിന് തെറി വിളിച്ച ഐ ഡിയെ ബ്ലോക്ക് ചെയ്യുകയോ, ആ കമന്റ് ഡിലിറ്റ് ചെയ്യുകയോ ആവാമായിരുന്നു. പക്ഷെ, അത് ചെയ്ത് കണ്ടില്ല. അതിനെ അദ്ദേഹം അവഗണിച്ചതായിരിക്കാം.
സ്ത്രീകള്‍ക്ക് സ്വന്തമായ ഒരു ഐഡന്റിറ്റി ഉണ്ടാകുമ്പോള്‍, അവര്‍ അവരുടെ നിലപാട് വെട്ടിതുറന്നു പറയുമ്പോള്‍ എതിരാളികള്‍ ആദ്യം പ്രതികരിക്കുന്നത് തെറിയും ലൈംഗിക ചുവയുള്ള ആഭാസ വര്‍ത്തമാനത്തിലൂടെയും ആണ്. അത് തന്നെയാണ് ഇവിടെയും നടന്നത്. കമ്പോളവല്ക്കരണത്തിന് കീഴില്‍ എങ്ങിനെയാണ് മുതലാളിത്തം സ്ത്രീശരീരം വഴി ലാഭം ഉണ്ടാക്കുന്നത് എന്ന ഒരു താത്വിക അവലോകനം ആണ് ജി സുധാകരന് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാലും ആ വാചകങ്ങളിലെ സ്ത്രീവിരുദ്ധത ഇല്ലാതെയാകുന്നില്ല. അദ്ദേഹത്തെ ഇതിന്റെ പേരില്‍ ക്രൂശിക്കാന്‍ ശ്രമിച്ചത് സിപിഐ എം വിരുദ്ധ മഴവില്മഹാസഖ്യമാണ്. ഈ സഖ്യത്തിനെതിരെ നിലപാടെടുക്കുന്നവര്‍ സുധാകരന് പറഞ്ഞതിനെ അനുകൂലിക്കണമെന്നുമില്ല.
ഈ വിഷയത്തെക്കുറിച്ച് മായാ ലീല എഴുതിയ ഒരു ലേഖനം വായിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പറയാതെ വയ്യ.
മായ തന്റെ ലേഖനത്തില്‍ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ ഒന്നാണ് ഫെമിനിസവും ഇടതുപക്ഷവും. ഇത് രണ്ടും മായ പറയുന്നത് പോലെ പരസ്പരം വൈരുദ്ധ്യത്തില്‍ നില്ക്കുന്ന ആശയങ്ങളല്ല. സ്ത്രീ സ്വാതന്ത്ര്യം ഇല്ലാതെ കമ്യൂണിസവും ഇല്ല. ലോകത്ത് ആകമാനം ഉള്ള ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകള്‍ വിമോചിതര്‍ ആവാതെ ഒരിടത്തും കമ്യൂണിസം വരാന്‍ പോകുന്നില്ല എന്ന് ലെനിനാണ് പറഞ്ഞത്. മാര്‍ക്സ, എംഗല്‍സ്, റോസാ ലക്സംബര്‍ഗ്, ഗ്രാംഷി തുടങ്ങിയവര്‍ സ്ത്രീ സമത്വത്തെ കുറിച്ച് മുന്നോട്ടു വെക്കുന്ന ആശയങ്ങളില്‍, അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനം എന്നതിന്റെ അവിഭാജ്യഘടകം അഥവാ അതില്‍ അന്തര്‍ലീനമായിരിക്കുന്നത് സ്ത്രീ വിമോചനം കൂടിയാണ്.
സ്ത്രീ ശാക്തീകരണം അഥവാ സ്ത്രീ സമത്വം എന്ന വിഷയം പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയും ചര്‍ച്ച ചെയ്യപെടുകയും ചെയ്യുന്നുണ്ട്. ഇന്ന് ആഗോളവല്‍ക്കരണത്തിന്റെ, കമ്പോളവല്ക്കരണത്തിന്റെ കാലത്ത് സ്ത്രീ ചരക്കുവല്ക്കരിക്കപ്പെടുമ്പോള്, പുരുഷന്റെ അടിവസ്ത്രം വില്ക്കുന്നതിനുള്പ്പെടെ അവളുടെ ശരീരം ഉപയോഗിക്കപ്പെടുമ്പോള്‍, ഏത് ഭീകരതയ്ക്കും അഴിമതിയ്ക്കും മറയിടാന്‍ അവളുടെ ശരീരം ഉപയോഗിക്കപ്പെടുമ്പോള്‍, ബലാല്‍സംഗം കാമസംതൃപ്തിക്ക് ഉപരി പെണ്ണില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭരണകൂടത്തിന്റെ ചിഹ്നമാകുമ്പോള്‍ ഈ വിഷയം ഏറ്റവും പ്രസക്തമാകുന്നു.
സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോടെയാണ് സ്ത്രീകള്‍ അടിമകളുടെ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടത്. തന്റെ സമ്പാദ്യം സ്വന്തം കുഞ്ഞിന് തന്നെ ലഭിക്കണം എന്ന് കണക്കു കൂട്ടി സ്ത്രീകളുടെ മേല്‍ ധാരാളം നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. മുന്‍പ് നായാടാനും ജോലി ചെയ്യാനും പുരുഷനോടൊപ്പം തന്നെ സ്ഥാനം സ്ഥാനം ഉണ്ടായിരുന്ന സ്ത്രീ എങ്ങിനെ, ചരിത്രത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് പിന്തള്ളപ്പെട്ടത് എന്നു കൂടി പരിശോധിക്കേണ്ടത് ആവശ്യമാണ്. പ്രാകൃത ഘട്ടത്തില്‍ നിലനിന്നിരുന്ന ഗോത്രവര്‍ഗ സംസ്ക്കാരത്തിന് കീഴില്‍ സ്ത്രീകള്‍ ശക്തരായിരുന്നു. അധികാരം ഉള്ളവളായിരുന്നു. കുടുംബം ഭരിച്ചിരുന്നതും തീരുമാനങ്ങള്‍ എടുത്തിരുന്നതും അവളായിരുന്നു. ഗോത്രവര്‍ഗ സംസ്കാരത്തില്‍ നിലനിന്നിരുന്നത് ഒരര്‍ത്ഥത്തില്‍ പ്രാകൃതകമ്യൂണിസം ആയിരുന്നു. ലൈംഗീക സ്വാതന്ത്ര്യം ഉള്‍പ്പെടെ ഉള്ള സ്വാതന്ത്ര്യങ്ങള്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്നു.
ഇതില്‍ മാറ്റം വരുന്നത് സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. ഏംഗല്‍സ് 'കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം' എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ പ്രാകൃത കമ്യൂണിസത്തില്‍ സ്ത്രീകളുടെ ചുമതലയായിരുന്ന ഗൃഹഭരണം പൊതുവില്‍ സാമൂഹ്യമായ ആവശ്യമായിരുന്നു. പിതാധിപത്യ കുടുംബത്തിന്റെയും അതിലുപരിയായി ഏക ഭാര്യാത്വ കുടുംബത്തിന്റെയും ആവിര്‍ഭാവത്തോടെ അതിന്റെ പൊതുസ്വഭാവം നഷ്ടമായി. അത് സമൂഹത്തിന്റെ കാര്യമല്ലാതായി മാറി. സ്വകാര്യവൃത്തിയായി തീര്‍ക്കപ്പെട്ടു. അങ്ങിനെ ഭാര്യയെന്ന പെണ്ണ് സമൂഹത്തിന്റെ ഉത്പാദന പ്രക്രിയയില്‍ നിന്നും പിന്തള്ളപ്പെട്ടു. ഒന്നാമത്തെ വീട്ടുവേലക്കാരിയായി മാറി. പുരുഷന് ഒപ്പം കിടക്കുക, സമ്പാദിച്ച ധനം പുറത്ത് പോകാതിരിക്കാന്‍ അവന്റെ കുട്ടികളെ പെറ്റുപോറ്റുക, വീട്ടുജോലി ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ മാത്രമായി അവളുടെ ജീവിതം ഒതുക്കപെട്ടു.
ഫ്യൂഡലിസത്തിന്റെ ഉന്നതരൂപമായി വന്ന വ്യാവസായിക വിപ്ലവമാണ് ഉത്പാദനപ്രക്രിയയില്‍ വീണ്ടും അവള്‍ക്ക് ഇടം നേടി കൊടുത്തത്. അതും തൊഴിലാളി വര്‍ഗത്തിലെ സ്ത്രീകള്‍ക്ക് മാത്രം. അവിടെ ചൂഷണം മറ്റൊരു രൂപത്തിലാണ് വന്നത്. ഇരട്ട ചൂഷണം. ധനസമ്പാദനത്തിന് വേണ്ടി പുറത്ത് പണിയെടുക്കുകയും അതോടൊപ്പം വീട്ടുജോലികള്‍ ചെയ്യുകയും ചെയ്യേണ്ട അവസ്ഥ സംജാതമായി. സമ്പന്ന കുടുംബങ്ങളിലാകട്ടെ കൂടുതല്‍ ധനം സമ്പാദിക്കുന്നത് പുരുഷന്മാരാണ്. അത് സ്വാഭാവികമായി വീട്ടില്‍ പുരുഷന് സ്ത്രീയുടെ മേല്‍ അധീശത്വം നേടി കൊടുത്തു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമൂഹത്തില്‍, അതിന്റെ ഉത്പാദന പ്രക്രിയയില്‍ ഉണ്ടാകുന്ന തൊഴിലാളി- മുതലാളി വൈരുദ്ധ്യം കുടുംബത്തിനുള്ളില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യമായി മാറി. അതിന് പുറമെയാണ് തൊഴില്‍ശാലകളില്‍ അവള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ചൂഷണം. വൃത്തിയില്ലാത്ത പരിസരം, കഠിനാധ്വാനം, ജോലിക്ക് നിശ്ചിത സമയമില്ല തുടങ്ങിയവയായിരുന്നു. ഇതെല്ലാം സഹിച്ച് കഴിഞ്ഞാലും പുരുഷന് കിട്ടുന്ന വേതനം അവള്‍ക്കു ലഭിക്കുകയുമില്ല. ഒറ്റപ്പെട്ട പ്രധിഷേധങ്ങള്‍ ഫലം കാണാതെ പോയി എന്നതാണ് വസ്തുത.
അങ്ങിനെയാണ് ആദ്യമായി ഒരു സംഘടനാ നേതൃത്വത്തില്‍ സാര്‍വ ദേശീയ ദിനം ആചരിക്കാന്‍ തീരുമാനിക്കുന്നത്. വിപ്ലവകാരിയായ ക്ലാരാസെര്കിന്റെ നേതൃത്തില്‍ സംഘടിപ്പിച്ച വനിതാ ദിനം ചരിത്രത്തിലെ ഐതിഹാസികമായ ഒരു മുഹൂര്‍ത്തം തന്നെയായിരുന്നു. അന്ന് മുന്നോട്ടു വെച്ച മൂന്ന് വിഷയങ്ങള്‍ തൊഴിലിന് തുല്യവേതനം, വോട്ട് ചെയ്യാനുള്ള അവകാശം, സമാധാനം ഇവയായിരുന്നു. അതിന്റെ ബാക്കിയായി നൂറ്റാണ്ടുകളോളം സ്ത്രീകള്‍ക്ക് എതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് വേണ്ടി സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. അമേരിക്കയിലും യൂറോപ്പിലും മെച്ചെപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, ഒരേ വേതനം, 8 മണിക്കൂര്‍ ജോലി ഇതായിരുന്നു അവര്‍ മുന്നോട്ടു വെച്ച മുദ്രാവാക്യം. പൗരാവകാശത്തിനായി സ്ത്രീകളെ ഉള്്പ്പെടുത്തി വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കണം എന്ന ആവശ്യവും ശക്തമായി തന്നെ ഉന്നയിക്കപെട്ടു. പണിമുടക്കുകളെയും പ്രകടനങ്ങളെയും അടിച്ചമര്‍ത്താന്‍ പോലീസ് ഇടപെട്ടു. ഈ ഘട്ടത്തില്‍ വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യാന്‍ എല്ലാ സാമൂഹ്യവര്ഗങ്ങളിലുള്ള സ്ത്രീകളും മുന്നോട്ടു വന്നു.
പക്ഷെ, കൃത്യമായ ലക്ഷ്യത്തോടെ വര്‍ഗരാഷ്ട്രീയത്തില്‍ അധിഷ്ഠിതമായി തുടങ്ങിയ സമരം പതുക്കെ ഒരു തരം അരാജകവാദത്തിലേക്ക് പോകാനുള്ള പ്രവണത കാണിച്ചു തുടങ്ങി. ഈ ഘട്ടത്തില്‍ ആണ് ഫെമിനിസം എന്ന വാക്ക് ഉരുത്തിരിഞ്ഞു വരുന്നത്. അതില്‍ തന്നെ വിവിധ തരം ചിന്താധാരകള്‍ ഉണ്ടായി. ബ്രാ കത്തിക്കല്‍ മുതല്‍ ലെസ്ബിയന്‍ ഫെമിനിസം വരെ. (ഇവിടെ ലെസ്ബിയനിസം അരുതാത്തതാണ് എന്ന വിവക്ഷ ഇല്ല. പക്ഷെ, അത് പുരുഷനെ അകറ്റി, ഒന്നിനും അവരെ ആശ്രയിക്കാതെ സ്വതന്ത്രമായി നില്‍ക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുന്നതിലെ യുക്തിയില്ലായ്മ ചൂണ്ടി കാട്ടി എന്നുമാത്രം) സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസം താല്‍ക്കാലികമായി പിന്നോട്ടുപോയപ്പോള്‍, കമ്യൂണിസത്തെ തിരുത്താന്‍ എന്ന ഭാവത്തില്‍ വന്ന ഫൂക്കോ, ദെറിദ തുടങ്ങിയ ഉത്തരാധുനികതയുടെ വക്താക്കള്‍ ഫെമിനിസത്തിന് പുതിയ രൂപങ്ങളും ഭാവങ്ങളും നല്കി. പ്രത്യേകിച്ചും ദെറിദ മുന്നോട്ടു വെച്ച deconstruction എന്ന സിദ്ധാന്തം. അതനുസരിച്ച് ഓരോ വിഷയവും അഴിച്ചെടുത്ത് വേറെ വേറെ മാറ്റിവെച്ച് പഠിക്കുകയും പരിഹരിക്കുകയും ചെയ്യണം. അതായത് മാര്‍ക്സ് മുന്നോട്ട് വെച്ച സമഗ്രതക്ക് വിരുദ്ധമായുള്ള സമീപനം.
ഇങ്ങനെ സ്ത്രീകളുടെ വിഷയം, ദളിത് പ്രശ്നങ്ങള്‍, ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ഓരോരോ കള്ളികളിലാക്കുമ്പോള്, അവരുടെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും എന്ന് പറയുമ്പോള്‍, സംഭവിക്കുന്നത് അതിനെ പെട്ടെന്ന് വിഭജിക്കാനും ഇല്ലാതാക്കാനും വര്‍ഗസമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനും സാധിക്കും എന്നതാണ്. ഈ രീതിയിലുള്ള സ്വത്വവാദം സാമ്രാജ്യത അജണ്ട തന്നെയാണ് സാക്ഷാത്കരിക്കുന്നത്. ഫെമിനിസം ഉയര്‍ത്തുന്ന പല ചോദ്യങ്ങളും വിഷയങ്ങളും കൃത്യം തന്നെയാണ്. പക്ഷെ, അതിനുള്ള മറുപടി, പരിഹാരം എന്ത് എന്ന ചോദ്യം വരുന്നിടത്താണ് വൈരുദ്ധ്യം വരുന്നത്. ഉദാഹരണത്തിന്, ഫ്രീ സെക്സ്. ഇവിടെ പുരുഷന് ആരോടൊത്തു വേണമെങ്കിലും ശരീരം പങ്കിടാം എങ്കില്‍ അത് സ്ത്രീക്കും ചെയ്യാം. അത് വ്യക്തി സ്വാതന്ത്ര്യം. പക്ഷെ, സ്ത്രീ സ്വാതന്ത്ര്യം ആകുന്നില്ല അത്. ഇഷ്ടമുള്ളവരോടോത്ത് ശാരീരിക ബന്ധത്തില്‍ എര്പ്പെടാമെന്ന് പറയുമ്പോഴും ഇഷ്ടമില്ലാത്തവരോടൊത്ത് ബന്ധപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് നിഷിദ്ധമാകുന്നു. ഇങ്ങനെയുള്ള വിഷയങ്ങള്‍ സ്ത്രീകളുടെ അടിസ്ഥാനപ്രശ്നങ്ങളെയൊന്നും തന്നെ അഭിമുഖീകരിക്കുന്നില്ല.
കേവല ഫെമിനിസം, കേവല ദളിതിസം, കേവല യുക്തിവാദം തുടങ്ങിയവയ്ക്കൊക്കെ പൊതുവിലുള്ള ഘടകം കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്. അത് അങ്ങിനെ ആയേ തീരൂ താനും. കാരണം അതു തന്നെയാണ് അതിനു പിന്നിലുള്ള അജണ്ട. കാര്യങ്ങളെ വര്‍ഗപരമായി സമീപിയ്ക്കുകയാണ് ചെയ്യേണ്ടത്. ലിംഗ, ജാതി, മത വ്യത്യാസമില്ലാതെ. സമരങ്ങളെ സ്വത്വരാഷ്ട്രീയം കൊണ്ട് നേരിട്ട് വര്‍ഗസമരങ്ങളെ പരാജയപെടുത്തുകയും തൊഴിലെടുക്കുന്നവന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ തന്ത്രം.
സോവിയറ്റ് യൂണിയനും കമ്മ്യൂണിസത്തിനും ഏറ്റ താല്ക്കാലികമായ തിരിച്ചടി സൃഷ്ടിച്ച കാലാവസ്ഥയിലാണ് ഉത്തരാധുനികത ശക്തി പ്രാപിക്കുന്നത്. ഇനി കമ്യൂണിസത്തിന് ഭാവിയില്ല എന്ന് ഫ്രാന്‍സിസ് ഫൂക്കുയാമയും സാമുവേല്‍ ഹന്റിംഗ്ടനും ആധികാരികമായി പ്രസ്താവിച്ചു. മാര്്ക്സിന്റെ ഹോളിസ്റ്റിക്ക് അപ്രോച്ചിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അതിന്റെ സ്ഥാനത്താണ് കേവല ഫെമിനിസം, ദളിതിസം തുടങ്ങിയ സ്വത്വവാദങ്ങളെ പകരം വെക്കുന്നത്. അവരവരുടെ പ്രശ്നം അവര്‍ തന്നെ പരിഹരിച്ചോളും എന്ന് പറയുന്നതു വഴി അവരെ വിഭജിക്കുകയും ഓരോ കമ്പാര്‍ട്ടുമെന്റില്‍ ആക്കുകയുമാണ്. അങ്ങിനെയാകുമ്പോള്‍ ഓരോ വിഭാഗത്തെയായി ഒറ്റവെടിക്ക് അവസാനിപ്പിക്കാമല്ലൊ.
വാല്‍കഷണം :
പ്രീതയുടെ അജണ്ടയെ കുറിച്ചു കൂടുതല്‍ ഒന്നും സംസാരിക്കുന്നില്ല. ചെളിവാരിയെറിയല്‍ ആവശ്യത്തില്‍ കൂടുതലായി. ഒരു സംശയം മാത്രം. ഒരു ഫേക്ക് ഐ ഡി (ഏതെങ്കിലും സിപിഐ എം കാരന്റെയാണോ ഈ ഐ ഡി എന്നതിന് നമ്മുടെ മുന്നില്‍ തെളിവൊന്നുമില്ല) തെറി വിളിക്കുകയും അവരുടെ ഐ ഡി ഡിലീറ്റ് ചെയ്യുകയും ചെയ്തത് സിപിഐ എം ആണെന്ന് എന്ത് തെളിവിന്റെ പേരിലാണ് അവര്‍ ആരോപിക്കുന്നത്? കപടസദാചാരത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന പ്രീതയും കൂട്ടുക്കാരും ഞാന്‍ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന്, ഞാന്‍ കൂലിക്ക് എഴുതുകയാണ്, ഏതോ സിപിഐ എം പ്രവര്ത്തകന് ബ്ലാക്ക് മെയില്‍ ചെയ്ത് എന്നെ കൊണ്ട് അവര്‍ക്ക് അനുകൂലമായി എഴുതിക്കുകയാണ്, ആ പോസ്റ്റില്‍ എന്നെ അനുകൂലിച്ച് കമന്റിട്ട എന്റെ സുഹൃത്തും ഞാനും തമ്മില്‍ ഹിതമല്ലാത്ത എന്തോ ബന്ധമാണെന്നും ആ കൂട്ടുകാരന് 24 മണിക്കൂറും എന്റെ വാളിലാണെന്നുമൊക്കെ തുടങ്ങി ഒരുപാട് എഴുതിപിടിപ്പിച്ചു. ഈ കമന്റുകള്‍ ഒന്നുപോലും ഡിലീറ്റ് ചെയ്യാതെ ഇപ്പോഴും എന്റെ വാളിലുണ്ട്. വായിച്ചു നോക്കാം. പ്രീതയെ തെറി വിളിച്ചതിനെ ഒരു തവണ പോലും ന്യായീകരിച്ചിട്ടില്ല എന്ന് മാത്രമല്ല, ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ എതിര്‍ക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. പിന്നെ എന്തുകൊണ്ടായിരിക്കും ഇത്തരം വൃത്തികേടുകള്‍ എനിക്കെതിരായി എഴുതാനും വ്യക്തിഹത്യ നടത്താനും അവരെ പ്രേരിപ്പിച്ചത് ? ഇതാണോ പ്രീതയും സംഘവും കൊട്ടിഘോഷിക്കുന്ന സ്ത്രീ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും? ഇത്തരത്തിലുള്ള മനോഭാവമുള്ള പ്രീത, സ്വയം തന്റെ ഫേസ്ബുക്ക് ഐ ഡി, ഡീ ആക്ടിവേ്റ്റ് ചെയ്തതാവാനാണ് സാധ്യത എന്ന് തന്നെയാണ് ഞാനും സമാനമനസ്കരായ പലരും കരുതുന്നത്. തരാതരം പോലെ ഇരയും വേട്ടക്കാരനും ചമയുന്നവര്‍ അതും അതിലപ്പുറവും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ മായാ ലീലയെപോലെ ഉത്തരവാദിത്തമുള്ള സ്ത്രീപക്ഷ ചിന്താഗതിക്കാര്‍ ഐക്യദാര്‍ഡ്യം കൊടുക്കുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം ആലോചിക്കണം.
31-Jul-2015
ആഷ
നിഷ മഞ്ചേഷ്
ദീപ സൈറ
ശാരിക ജി എസ്
ആര് ഷഹിന