Skip to main content
വാർത്തകൾ

ബിജെപി ഭരണം അവസാനിപ്പിക്കാൻ വോട്ട് ചെയ്യണം; ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായി ജിതേന്ദ്ര ചൗധരിയുടെ ആഹ്വാനം

jithendra

ത്രിപുരയിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനും അഴിമതി, ജനാധിപത്യാവകാശങ്ങളുടെ നിഷേധം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെ വിധിയെഴുതാനും ജനങ്ങളോട് ആഹ്വാനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരി. വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   അഗർത്തലയിൽ നടന്ന രണ്ട് തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ ഒൻപത് വാർഡുകളിലെ സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്നതിനായി അഭയ്നഗറിലായിരുന്നു ആദ്യ പൊതുയോഗം. മുതിർന്ന അഭിഭാഷകൻ രഞ്ജിത് ദാസ്ഗുപ്ത അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ശങ്കർ പ്രസാദ് ദത്തയും സദർ സബ് ഡിവിഷണൽ കമ്മിറ്റി സെക്രട്ടറി അമൽ ചക്രവർത്തിയും യോഗത്തിൽ സംസാരിച്ചു. കൃഷ്ണനഗറിലെ അഡ്വൈസർ ചൗമുഹാനിയിൽ മൂന്ന് വാർഡുകളിലെ സ്ഥാനാർഥികൾക്കായി രണ്ടാമത്തെ റാലിയും സംഘടിപ്പിച്ചു. മുൻ മേയർ-ഇൻ-കൗൺസിൽ അംഗം ഫുലൻ ഭട്ടാചാര്യയും അമൽ ചക്രവർത്തിയും ഇതിൽ പങ്കെടുത്തു.

2021 മുതൽ അഗർത്തല മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പെന്ന് ജിതേന്ദ്ര ചൗധരി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയിലൂടെയും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽനിന്നും വലിയ തുക ലഭിച്ചിട്ടും നഗരത്തിൽ കാര്യമായ അടിസ്ഥാന സൗകര്യ വികസനം ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. റോഡുകളുടെ ശോച്യാവസ്ഥ, കുടിവെള്ളക്ഷാമം, മറ്റ് നഗരപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ ബിജെപി ഭരണസമിതി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിലും പൊതുസേവനങ്ങളിലും പുരോഗതിയുണ്ടായില്ലെങ്കിലും ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവരുടെയും അധികാരം വിനിയോഗിക്കുന്നവരുടെയും ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടായെന്ന് ചൗധരി ആരോപിച്ചു. അതേസമയം, ജനങ്ങളുടെ മേൽ ജലനികുതി, വസ്തുനികുതി ഉൾപ്പെടെയുള്ള നികുതിഭാരം വർധിപ്പിച്ചു. ചിലയിടങ്ങളിൽ നികുതി ബാധ്യത 200 മുതൽ 300 മടങ്ങ് വരെ ഉയർന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിലും അഗർത്തല ഇടംപിടിച്ചതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, നഗരത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളിലും ആശങ്ക പ്രകടിപ്പിച്ചു.

ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ഭരണകൂടം അധികാരം നിലനിർത്താൻ അടിച്ചമർത്തലും ഏകാധിപത്യ രീതികളും പിന്തുടരുകയാണെന്നും ചൗധരി ആരോപിച്ചു. ഇടതുമുന്നണി ഭരണകാലത്ത് തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ആഘോഷങ്ങളായിരുന്നുവെന്നും ബിജെപി ഭരണത്തിൽ മത്സരിക്കാനും വോട്ട് ചെയ്യാനും മറ്റ് ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയും കൊള്ളയും നിയമവാഴ്ചയുടെ തകർച്ചയും മറച്ചുവെച്ച് നല്ല ഭരണമെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 18 മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുനിസിപ്പൽ തെരഞ്ഞെടുപ്പിനെ ബിജെപിക്കെതിരായ രാഷ്ട്രീയ വിധിയെഴുത്താക്കി മാറ്റണമെന്ന് ചൗധരി ആവശ്യപ്പെട്ടു. സാമൂഹികവിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയാനും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ബിജെപി സർക്കാർ ജനവിരുദ്ധമാണെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിലൂടെ പൊതുസമ്പത്ത് കൊള്ളയടിക്കുകയാണെന്നും ശങ്കർ പ്രസാദ് ദത്ത ആരോപിച്ചു. ഭാവിതലമുറയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപപ്പെടുത്താൻ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് നഗര തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്ന് തടയുകയും തോക്കുചൂണ്ടി നാമനിർദേശ പത്രിക പിൻവലിപ്പിക്കുകയും ചെയ്തതായി അമൽ ചക്രവർത്തിയും ആരോപിച്ചു. ഭീഷണികൾകൊണ്ട് ഇടതുപക്ഷത്തെ നിശബ്ദമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, സാംസ്കാരിക മേഖലകൾ എന്നിവയിൽ ഇടതുമുന്നണി ഭരണസമിതി നടത്തിയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയ ഫുലൻ ഭട്ടാചാര്യ, നഗരപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ബിജെപിക്ക് വോട്ട് ചോദിക്കാൻ ധാർമിക അവകാശമില്ലെന്നും പ്രതികരിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൃഷ്ണ രക്ഷിത് ഉൾപ്പെടെയുള്ള നേതാക്കളും യോഗങ്ങളിൽ പങ്കെടുത്തു.