Skip to main content
വാർത്തകൾ

രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് ഡിസിസി; പരസ്യ പ്രതികരണങ്ങൾ നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

unnithan

കോൺഗ്രസ് നേതൃത്വത്തിനെതിരായ പരസ്യ വിമർശനങ്ങളിൽ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കടുത്ത നിലപാടുമായി കാസർഗോഡ് ഡിസിസി. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കെതിരെ ഉണ്ണിത്താൻ തുടർച്ചയായി നടത്തുന്ന പരസ്യ പ്രതികരണങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നാണ് ഡിസിസിയുടെ വിമർശനം. വിഷയത്തിൽ കെപിസിസി ഭാരവാഹി യോഗത്തിലും ഉണ്ണിത്താനെതിരായ നിലപാടിന് പിന്തുണ ലഭിച്ചതായാണ് വിവരം.

നേതൃത്വം ഇടപെട്ട് ഉണ്ണിത്താന്റെ പ്രതികരണങ്ങൾ നിയന്ത്രിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പരസ്യമായി പ്രതികരിക്കാൻ നിർബന്ധിതരാകുമെന്നും പിന്നീട് തങ്ങളോട് വിശദീകരണം ചോദിക്കരുതെന്നും ഡിസിസി നേതൃത്വം മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് സംഘടനയുടെ ഐക്യത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ വേണ്ടത്ര ഇടപെടുന്നില്ലെന്നും അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ചിലർ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നുമായിരുന്നു ഉണ്ണിത്താന്റെ ആരോപണം. സണ്ണി ജോസഫിന്റെ പ്രവർത്തനശൈലിയെയും മന്ത്രിസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളെയും അദ്ദേഹം വിമർശിച്ചിരുന്നു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ഉണ്ണിത്താൻ ഹൈക്കമാൻഡിനെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമർശങ്ങൾ ശക്തമായത്. ഇതോടെ പാർട്ടിക്കുള്ളിലെ നേതൃത്വത്തർക്കവും ഗ്രൂപ്പ് സമവാക്യങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്.

അതേസമയം, ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനം വൈകുന്നതിനെതിരെയും കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുയർന്നു. അധികാരപങ്കിടലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നീളുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നതായാണ് വിവരം. ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങളും സ്ഥാനവിഭജനത്തിലെ കാലതാമസവും കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ കൂടുതൽ പ്രകടമാക്കുകയാണ്.