മാനവീയം വീഥിയിലെ നിയന്ത്രണം; മേയർക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ്, മാപ്പ് പറയണമെന്ന് ആവശ്യം
മാനവീയം വീഥിയിൽ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തിരുവനന്തപുരം മേയർ വി.വി. രാജേഷിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ്. കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്ന നടപടിയാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായതെന്നും പുതുതലമുറയെ അപമാനിക്കുന്ന പരാമർശത്തിൽ മേയർ മാപ്പ് പറയണമെന്നും തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് കക്ഷി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു.
സംഘർഷസാധ്യത കണക്കിലെടുത്താണ് മാനവീയം വീഥിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് മേയർ വി.വി. രാജേഷിന്റെ വിശദീകരണം. ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി തേടി അപേക്ഷ ലഭിച്ചിട്ടില്ലെന്നും അപേക്ഷയുടെ ആധികാരികതയും സമർപ്പിച്ച രീതിയും പരിശോധിച്ച ശേഷമാണ് അനുമതി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനവീയം വീഥിയുമായി ബന്ധപ്പെട്ട് നിരവധി പേർ അവകാശവാദങ്ങളുമായി എത്തുന്നുണ്ട്. എന്നാൽ ഔദ്യോഗിക രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തിയുടെ പേരിൽ മാത്രമായി അപേക്ഷ നിരസിച്ചിട്ടില്ലെന്നും മേയർ വ്യക്തമാക്കി.
എന്നാൽ മേയർ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത പരാമർശങ്ങളാണ് വി.വി. രാജേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എസ്.പി. ദീപക് കുറ്റപ്പെടുത്തി. കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്ന സാഹചര്യം ഇതുവരെ മാനവീയം വീഥിയിൽ ഉണ്ടായിട്ടില്ലെന്നും 18 സംഘടനകൾ ചേർന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖർ നേതൃത്വം നൽകുന്ന സമിതിയാണ് ഇതിന്റെ ഭാഗമെന്നും ദീപക് പറഞ്ഞു.
മാനവീയം വീഥിയിൽ മോശം കാര്യങ്ങൾ നടക്കുന്നുവെന്ന മേയറുടെ പരാമർശത്തെയും അദ്ദേഹം ചോദ്യം ചെയ്തു. പുതുതലമുറയുടെ മേൽ കുറ്റം ചുമത്തുകയാണ് മേയർ ചെയ്യുന്നതെന്നും ഇത്തരത്തിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നും ദീപക് ചോദിച്ചു.
കലാകാരന്മാരോടുള്ള വിരോധമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതിന് പിന്നിലെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചാണ് മേയർ നടപടിയെടുത്തതെന്നും എൽഡിഎഫ് ആരോപിച്ചു. മേയർ പുതുതലമുറയ്ക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം. വിഷയത്തിൽ പ്രതിഷേധിച്ച് നാളെ പരിപാടി സംഘടിപ്പിക്കുമെന്നും കൗൺസിൽ യോഗത്തിലും പ്രതിഷേധം അറിയിക്കുമെന്നും ദീപക് വ്യക്തമാക്കി. മാനവീയം വീഥിയുടെ നടത്തിപ്പ് അവകാശം മാത്രമാണ് മേയർക്കുള്ളതെന്നും പരിപാടികൾക്ക് അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.