പൊതുവിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കുന്നു; മന്ത്രി ഷംസുദ്ദീനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് സ്വാധീനം വർധിക്കുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്. സംഘപരിവാർ ഇടപെടലുകളെ എതിർക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് എന്താണ് ഭയമെന്നും അദ്ദേഹം ചോദിച്ചു. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലിയുടെ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് സ്കൂളുകളിൽ അനുമതി നൽകുകയും വിവാദമായതോടെ തീരുമാനം റദ്ദാക്കുകയും ചെയ്ത സംഭവത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
കുട്ടികളിൽ വർഗീയ ഹിന്ദുത്വബോധം വളർത്തുകയാണ് മയിൽപ്പീലി മാസികയുടെ ലക്ഷ്യമെന്ന് തോമസ് ഐസക് ആരോപിച്ചു. ഈ പ്രസിദ്ധീകരണത്തിന്റെ 'യങ് സ്കോളർ എക്സാം' എന്ന സ്കോളർഷിപ്പ് പരീക്ഷ പ്രൈമറി, യു.പി വിദ്യാർഥികൾക്കായി നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന് അനുമതി നൽകിയതും അദ്ദേഹം ചോദ്യം ചെയ്തു.
ആർഎസ്എസിന്റെ അധ്യാപക സംഘടനാ നേതാവായ അനൂപ് കുമാറിനെ സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്ക് വിദ്യാഭ്യാസ മന്ത്രി നാമനിർദേശം ചെയ്തതും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാർഥികൾ പഠിക്കേണ്ട കാര്യങ്ങളിൽ ആർഎസ്എസിന്റെ നിർദേശങ്ങൾ തേടുന്ന മന്ത്രി, അവരുടെ സംഘടനയ്ക്ക് സ്കൂളുകളിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾക്ക് യുറീക്ക പരീക്ഷ നടത്താൻ മുൻകാലങ്ങളിൽ അനുമതി നൽകിയതുപോലെ ബാലഗോകുലത്തിനും സ്കൂളുകളിൽ ഇടപെടാൻ സർക്കാർ ഔദ്യോഗികമായി അവസരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ.
മന്ത്രി ഷംസുദ്ദീനെ സംഘപരിവാർ അനുകൂലിയെന്ന് താൻ ആക്ഷേപിക്കുന്നില്ലെന്നും എന്നാൽ വിദ്യാഭ്യാസ വകുപ്പിൽ തുടർച്ചയായി ഇത്തരം വീഴ്ചകൾ സംഭവിക്കുന്നതിൽ വ്യക്തമായ വിശദീകരണം നൽകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റിൽ കാസർഗോഡ് കുമ്പള-മഞ്ചേശ്വരം ഉപജില്ലകളിൽ നടന്ന സ്വാതന്ത്ര്യസമര ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെക്കുറിച്ച് തെറ്റായ പരാമർശം ഉൾപ്പെടുത്തിയ സംഭവവും അദ്ദേഹം ഓർമിപ്പിച്ചു. അന്ന് അത് ഒരു അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ മന്ത്രി അറിയാതെയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്ന വിശദീകരണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി സ്വീകരിച്ച നിലപാടിനെയും തോമസ് ഐസക് വിമർശിച്ചു. പദ്ധതിയിൽനിന്ന് ഇനി പിൻമാറാനാകില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും കരാറല്ല, ധാരണാപത്രം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർനടപടികൾ സ്വീകരിക്കാതിരുന്നാൽ ധാരണാപത്രം അസാധുവാകുമായിരുന്നുവെന്നും പാർട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായാണ് മന്ത്രി പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല സംഘപരിവാറിൽനിന്ന് വലിയ വെല്ലുവിളി നേരിടുകയാണെന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി. സരസ്വതി വിദ്യാലയങ്ങൾക്കും വനവാസി കല്യാൺ ആശ്രമം സ്കൂളുകൾക്കും പിന്നാലെ എയ്ഡഡ് സ്കൂൾ മേഖലയിലേക്കും ആർഎസ്എസ് കടന്നുകയറുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സിംഗിൾ മാനേജ്മെന്റ് സ്കൂളുകൾ വ്യാപകമായി ഏറ്റെടുക്കുന്ന സംഘപരിവാർ നീക്കത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് ആശങ്കയില്ലാത്തത് അത്ഭുതകരമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ തോമസ് ഐസക് വിമർശിച്ചു.