സ്കൂളുകളിൽ സംഘപരിവാർ സ്കോളർഷിപ്പ് പരീക്ഷ; ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംഘപരിവാർ പ്രസിദ്ധീകരണമായ 'മയിൽപ്പീലി'യുടെ സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കാൻ അനുമതി നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് കെ.ടി. ജലീൽ. കുട്ടികൾ അറിയാതെ അവരിലേക്ക് ബാലഗോകുലത്തിന്റെ ആശയങ്ങൾ കുത്തിവെക്കാൻ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ വാതിലുകൾ ആർഎസ്എസിന് തുറന്നുകൊടുത്തത് മുസ്ലിം ലീഗാണെന്ന് ജലീൽ ആരോപിച്ചു. ഇ.ഡി പേടി ഒരു രാഷ്ട്രീയ പാർട്ടിയെ ഇത്രമാത്രം ബിജെപിക്ക് വിധേയപ്പെടുത്തുമോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കേരളത്തിലെ യുഡിഎഫ് സർക്കാരിൽ ആർഎസ്എസും ബിജെപിയുടെ പോഷകസംഘടനകളും സ്വാധീനം ചെലുത്തുകയാണെന്നാണ് ജലീലിന്റെ ആരോപണം. ലീഗിന്റെ വകുപ്പുകളിൽ ആർഎസ്എസിന് യഥേഷ്ടം ഇടപെടാൻ അവസരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി ചെയർമാനായ ദേശീയ അധ്യാപക ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറിയായി ഡോ. അനൂപിനെ നിയമിച്ചതിന് പിന്നാലെയാണ് സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയതെന്നും ജലീൽ ചൂണ്ടിക്കാട്ടി.
ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അനുമതി നൽകിയത്. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി 'യങ് സ്കോളർ എക്സാം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പഠനസമയം നഷ്ടപ്പെടാതെയും വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കാതെയും പരീക്ഷ നടത്തണമെന്നാണ് നിർദേശം. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ.
അതേസമയം, വിഷയത്തിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് വി.കെ. സനോജും രംഗത്തെത്തി. യുഡിഎഫ് ഭരണകാലത്ത് ഇത്തരം നടപടികൾ അത്ഭുതകരമായി തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പൂർണമായും ആർഎസ്എസ് വൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും കാലടിയിലെ സമരത്തോടുള്ള സർക്കാരിന്റെ നിലപാട് സംഘപരിവാർ വിധേയത്വമാണ് വ്യക്തമാക്കുന്നതെന്നും സനോജ് ആരോപിച്ചു.
സി.എസ്. തോമസിന് വേണ്ടിയാണ് റോജി എം. ജോൺ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിൽ മൂന്ന് എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് കേരളത്തിലെ ഭരണത്തിൽ ഇടപെടാൻ ആർഎസ്എസ് ആസൂത്രിതമായി അവസരമൊരുക്കുകയാണെന്നും സനോജ് ആരോപിച്ചു.