മന്ത്രിയറിയാതെ ആർഎസ്എസ് പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് മത്സരം; വിദ്യാഭ്യാസ വകുപ്പിൽ വിവാദം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ആർഎസ്എസ് അനുകൂല പ്രസിദ്ധീകരണവുമായി സഹകരിച്ച് സ്കോളർഷിപ്പ് മത്സരം നടത്താൻ അനുമതി നൽകിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ വിവാദം പുകയുന്നു. വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയാതെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിക്ക് അനുമതി നൽകിയതെന്നാണ് വിവരം. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി. വിവാദത്തിന് പിന്നാലെ മന്ത്രിയുടെ ഓഫീസ് വകുപ്പുതല പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
യങ് സ്കോളർ എക്സാം എന്ന പേരിൽ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി എൻടിയുവിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.
അതേസമയം, വിഷയത്തിൽ മുസ്ലിം ലീഗിനെ പരിഹസിച്ച് എസ്.എഫ്.ഐ രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി അറിയാതെയാണോ പരിപാടിക്ക് അനുമതി നൽകിയതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ചോദിച്ചു. ലീഗ് പ്രവർത്തകർ മൗനം തുടർന്നാൽ കോഴിക്കോട്ടെ ഓഫീസിൽ സി.എച്ചിന് പകരം സവർക്കറുടെ ചിത്രം ഉയരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
സ്കൂൾ, സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലായാണ് പരീക്ഷ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പഠനസമയം നഷ്ടപ്പെടുത്താതെയും വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കാതെയും മത്സരങ്ങൾ സംഘടിപ്പിക്കണമെന്നാണ് നിർദേശം. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. ഡിസംബറിൽ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യാനാണ് സംഘാടകരുടെ തീരുമാനം.
വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി നൽകൽ നടപടിക്രമങ്ങളും മന്ത്രി അറിയാതെ ഇത്തരമൊരു പദ്ധതിക്ക് അംഗീകാരം ലഭിച്ചതെങ്ങനെയെന്നതുമാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.