Skip to main content
വാർത്തകൾ

കരിമ്പിന് ടണ്ണിന് 5,500 രൂപ വേണം; മാണ്ഡ്യയിൽ ദേശീയപാത ഉപരോധിച്ച് കർഷകർ

mandya

കരിമ്പിന് ന്യായവില ഉറപ്പാക്കണമെന്നും ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കർണാടകയിൽ കരിമ്പ് കർഷകരുടെ സമരം ശക്തമാകുന്നു. വ്യാഴാഴ്ച മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ ടോൾ പ്ലാസയ്ക്ക് സമീപം ദേശീയപാത ഉപരോധിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം.

കർണാടകയുടെ തെക്കൻ മേഖലയിൽ സമരം ശക്തമായതോടെ വടക്കൻ ജില്ലകളിലും കരിമ്പ് കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുകയാണ്. ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കണമെന്നും സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് വിവിധയിടങ്ങളിൽ കർഷകർ തെരുവിലിറങ്ങുന്നത്.

കരിമ്പിന് ടണ്ണിന് 5,500 രൂപ വില നിശ്ചയിക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, വടക്കൻ കർണാടകയെന്നോ തെക്കൻ കർണാടകയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്തുടനീളം ഏകീകൃത വില നടപ്പാക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. കരിമ്പ് വെട്ടുന്നതിനും ഗതാഗതത്തിനുമുള്ള ചെലവുകൾ പഞ്ചസാര മില്ലുകൾ വഹിക്കണമെന്നും സംസ്ഥാന സർക്കാർ ടണ്ണിന് 500 രൂപ സ്റ്റേറ്റ് അഡ്വൈസ്ഡ് പ്രൈസ് (എസ്എപി) പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കുടിശ്ശികയായ എസ്എപി തുക ഉടൻ വിതരണം ചെയ്യണമെന്നും പാൽ ഉൽപ്പാദകർക്ക് നൽകുന്ന ഇൻസെന്റീവ് വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ദേശീയപാത ഉപരോധത്തെ തുടർന്ന് ജില്ലാ ചുമതലയുള്ള മന്ത്രിയും ജലസേചന മന്ത്രിയുമായ ചെലുവരായസ്വാമി, ശ്രീരംഗപട്ടണ എംഎൽഎ രമേഷ് ബാബു ബന്ദിസിദ്ദെഗൗഡ, പാണ്ഡവപുര എംഎൽഎ ദർശൻ പുട്ടണ്ണയ്യ, ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി, കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടർ തുടങ്ങിയവർ സമരസ്ഥലത്തെത്തി. മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

കർഷകരുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും ഒക്ടോബർ 26ന് ബെളഗാവിയിൽ യോഗം ചേരുമെന്നും അധികൃതർ ഉറപ്പുനൽകി. കരിമ്പിന്റെ വീണ്ടെടുക്കൽ നിരക്ക് 8.5 ശതമാനമായി കണക്കിലെടുത്ത് ന്യായവും ലാഭകരവുമായ വില (എഫ്ആർപി) പരിഷ്കരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അറിയിച്ചു. ഇതോടെയാണ് കർഷകർ ദേശീയപാത ഉപരോധം പിൻവലിച്ചത്.

ഹുബ്ബള്ളിയിലെ സമരത്തിന് പിന്നാലെ മാണ്ഡ്യയിലും പ്രതിഷേധം

ഈ മാസം ആദ്യം കർണാടകയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഹുബ്ബള്ളിയിലും കരിമ്പ് കർഷകർ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. നാലുദിവസത്തെ പദയാത്രയ്ക്കുശേഷം നഗരത്തിൽ നടത്തിയ റാലിയുടെ ഭാഗമായി പൂനെ–ബെംഗളൂരു ദേശീയപാത ഉപരോധിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ജന്മനഗരം കൂടിയാണ് ഹുബ്ബള്ളി.

കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് പ്രഹ്ലാദ് ജോഷി ഉറപ്പുനൽകിയതായി സമരക്കാർ അറിയിച്ചിരുന്നു. എന്നാൽ നിർദേശിച്ച കൂടിക്കാഴ്ച നടന്നില്ലെന്നാണ് കർഷകരുടെ വിശദീകരണം. പകരം, വിഷയം പഠിക്കാൻ നീതി ആയോഗിന്റെ മുൻ അധ്യക്ഷന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു. കരിമ്പിന്റെ വിലയും മറ്റ് ആവശ്യങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വൈകുന്നതിൽ കർഷകർക്കിടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്.

കർണാടക പ്രാന്ത് റൈത സംഘ (കെപിആർഎസ്), മറ്റ് പുരോഗമന സംഘടനകൾ എന്നിവയുടെ നേതാക്കളാണ് മാണ്ഡ്യയിലെ സമരത്തിന് നേതൃത്വം നൽകിയത്. ബഡഗലപുര നാഗേന്ദ്ര, ഹൊനഗനൂർ പ്രകാശ്, ഹൊസൂർ ബസവരാജു, എൻ.എൽ. ഭാരത് രാജ്, ഗുരുസ്വാമി, മൂർത്തി, മല്ലിലിംഗെഗൗഡ, ജി. രാമകൃഷ്ണ, അരുൺ കുമാർ, ഹനുമേഷ്, ഗുരുപ്രസാദ്, കെരഗോഡു സിദ്ധരാജ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. ആയിരക്കണക്കിന് കർഷകരും പുരോഗമന സംഘടനാ പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നു.

ഒക്ടോബർ 26ന് ബെളഗാവിയിൽ നടക്കുന്ന യോഗത്തിൽ കരിമ്പിന്റെ എഫ്ആർപി പരിഷ്കരണം, കുടിശ്ശികയായ എസ്എപി വിതരണം, സംസ്ഥാനത്തുടനീളം ഏകീകൃത വില നയം നടപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനമുണ്ടാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ചർച്ചയുടെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടർസമരങ്ങളെക്കുറിച്ച് തീരുമാനിക്കുക.