Skip to main content
വാർത്തകൾ

യുപിയിൽ എസ്‌ഐആർ പട്ടികയിൽ വീണ്ടും പിഴവ്; ഒരാളുടെ പേരിൽ 11 വോട്ടർമാർ

sir up

ഉത്തർപ്രദേശിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നടപടികളിൽ വീണ്ടും പിഴവ് കണ്ടെത്തിയതായി റിപ്പോർട്ട്. അസംഗഢ് നിയമസഭാ മണ്ഡലത്തിൽ ‘വികാസ് യാദവ്’ എന്ന ഒരേ പേരിലും വിലാസത്തിലും 11 വോട്ടർമാരെ ഉൾപ്പെടുത്തിയതാണ് വിവാദമായത്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരിശോധനയിലും ക്രമക്കേട് സ്ഥിരീകരിച്ചതായാണ് വിവരം.

യഥാർഥത്തിൽ വികാസ് യാദവ് എന്ന പേരിൽ ഒരാൾ മാത്രമാണുള്ളതെന്നാണ് കണ്ടെത്തൽ. എന്നാൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി നൽകിയ 11 അപേക്ഷകളിലെയും വിവരങ്ങൾ ഒരേ പേരിലും വിലാസത്തിലും രേഖപ്പെടുത്തുകയായിരുന്നു. ഇതിൽ പത്ത് വോട്ടർമാരുടെ വിവരങ്ങൾ തെറ്റായി ചേർത്തതായാണ് റിപ്പോർട്ട്. ജനനത്തീയതി ഉൾപ്പെടെയുള്ള വിവരങ്ങളും ഒരുപോലെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിഴവ് പരിഹരിച്ചില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ വോട്ടവകാശം നഷ്ടപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ അഞ്ച് ബൂത്ത് ലെവൽ ഓഫീസർമാരെയും (ബിഎൽഒ) ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിനെയും ചുമതലയിൽനിന്ന് മാറ്റാൻ തീരുമാനിച്ചതായാണ് വിവരം. ഒരു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കും രണ്ട് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കുമെതിരെ വകുപ്പുതല നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

അസംഗഢ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടർപട്ടികയിലെ പിഴവുകൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനാണ് നടപടി.