Skip to main content
വാർത്തകൾ

ജാമിയ മില്ലിയ ഇസ്ലാമിയയിൽ ക്ലാസുകൾ ഓൺലൈനിലേക്ക്; നടപടി കാമ്പസിലെ സംഘർഷാവസ്ഥയെ തുടർന്ന്

jamia miliya

കാമ്പസിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ എല്ലാ കോഴ്‌സുകളിലെയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുകയെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരവും കാമ്പസിലെ സംഘർഷാവസ്ഥയുമാണ് അടിയന്തര തീരുമാനത്തിന് പിന്നിൽ.

ശനിയാഴ്ച സർവകലാശാല രജിസ്ട്രാറുടെ ഓഫീസ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് തീരുമാനം അറിയിച്ചത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പഠനം തടസ്സപ്പെടാതിരിക്കാനാണ് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തരമായി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുക, സസ്‌പെൻഷനുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ ദിവസങ്ങളായി സമരത്തിലുള്ളത്.

ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയെങ്കിലും അക്കാദമിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് സർവകലാശാല അറിയിച്ചു. ഡീനുകൾ, വകുപ്പുമേധാവികൾ, ഡയറക്ടർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പാലിക്കണമെന്നും അക്കാദമിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കാമ്പസിൽ നേരിട്ടുള്ള ക്ലാസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വിജ്ഞാപനത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച തുടർ അറിയിപ്പുകൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുമെന്ന് സർവകലാശാല അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളും അധ്യാപകരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർവകലാശാല അഭ്യർഥിച്ചു.