കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസ് ആകുമോ? ; വി.ഡി. സതീശനെതിരെ കെ.ടി. ജലീൽ
മുസ്ലിം ലീഗ് കേരളത്തിൽ ദുർബലമായാൽ പാർട്ടിയുടെ സ്ഥാനം തീവ്ര ആശയവാദികൾ കൈയടക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെ വിമർശിച്ച് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കെ.ടി. ജലീൽ. കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസിൽ ചേരുമോ എന്ന ചോദ്യമുയർത്തിയാണ് ജലീലിന്റെ വിമർശനം. മുസ്ലിം ലീഗിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം മുസ്ലിം സമുദായത്തെയും ലീഗ് പ്രവർത്തകരെയും തീവ്രവാദികളായി ചിത്രീകരിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം സമുദായത്തിലെ അംഗങ്ങൾ തീവ്രവാദ സംഘടനകളിൽ ചേരാൻ കാത്തുനിൽക്കുകയാണെന്നും അവരെ അതിൽനിന്ന് തടഞ്ഞുനിർത്തുന്ന അരിപ്പപോലെയാണ് ലീഗ് പ്രവർത്തിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പച്ചമലയാളത്തിലുള്ള അർത്ഥമെന്ന് കെ.ടി. ജലീൽ കുറിച്ചു.
മുസ്ലിം ലീഗ് ഇല്ലാതായാൽ അതിലെ അണികൾ കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടികളിലോ മറ്റ് മതേതര പാർട്ടികളിലോ ചേരാതെ തീവ്ര ആശയവാദികളുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ നിഗമനം മുഴുവൻ മുസ്ലിം സമുദായത്തെയും പ്രത്യേകിച്ച് ലീഗ് പ്രവർത്തകരെയും തീവ്രവാദികളായി മുദ്രകുത്തുന്നതിന് തുല്യമാണെന്നും ജലീൽ കുറ്റപ്പെടുത്തി.
കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ പാർട്ടിയിലെ ഹിന്ദുക്കൾ മുഴുവൻ ആർഎസ്എസിൽ ചേരുമായിരുന്നുവെന്ന് പറയുന്നതുപോലെ അസംബന്ധമാണ് ലീഗ് ഇല്ലാതായാൽ അതിന്റെ അണികളെല്ലാം തീവ്ര ആശയവാദികളുടെ സംഘത്തിൽ ചേരുമെന്ന വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായവും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അകലം വളരെ കുറവാണെന്നും ലീഗ് എന്ന ‘വലയിൽ’ അകപ്പെട്ടതുകൊണ്ടാണ് പ്രവർത്തകർ തീവ്രസംഘടനകളിൽ ചേരാതിരിക്കുന്നതെന്നും സമ്മതിക്കാൻ അഭിമാനബോധമുള്ള ലീഗ് പ്രവർത്തകർക്ക് എങ്ങനെ കഴിയുമെന്നും കെ.ടി. ജലീൽ ചോദിച്ചു.