ലീവ് സറണ്ടർ വിവാദം; മുഖ്യമന്ത്രി വസ്തുതകൾ പഠിച്ച് സംസാരിക്കണമെന്ന് കെ.എൻ. ബാലഗോപാൽ
സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് എൽഡിഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ലീവ് സറണ്ടർ ആനുകൂല്യം എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതുവരെ സംസ്ഥാനത്ത് നിലനിന്നിരുന്നുവെന്നും അത് നിർത്തലാക്കിയത് നിലവിലെ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
നിശ്ചിത അടിസ്ഥാന ശമ്പളപരിധി വരെയുള്ള ജീവനക്കാർക്ക് ലീവ് സറണ്ടർ തുക പണമായി നൽകുകയും അതിനു മുകളിൽ ശമ്പളമുള്ളവർക്ക് തുക പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ജി.ഒ (പി) 56/2026/ഫിൻ ഉത്തരവിലൂടെ ഈ ആനുകൂല്യം 2026 മേയ് 31 വരെ ദീർഘിപ്പിച്ചിരുന്നതായും ബാലഗോപാൽ പറഞ്ഞു.
എന്നാൽ ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ സൗകര്യം തുടരുന്നതിനുള്ള ഫയൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിരസിക്കുകയായിരുന്നു. ജൂൺ 11ലെ 26/2026/ഫിൻ സർക്കുലറിലൂടെ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ ലീവ് സറണ്ടർ അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറുമാസമായി ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും പരമാവധി 300 ദിവസത്തെ അവധിയുള്ള ജീവനക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും ബാലഗോപാൽ ആരോപിച്ചു.
പ്രസംഗങ്ങളിൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സ്വന്തം സർവീസ് സംഘടനകളിലുള്ളവരോടെങ്കിലും സംസാരിച്ച് വസ്തുതകൾ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം നിർദേശിച്ചു. കാര്യങ്ങൾ പഠിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി അൽപസമയം ചെലവഴിക്കണമെന്നും ബാലഗോപാൽ പരിഹസിച്ചു.