'ഗൂഢാലോചനാ വാദം കള്ളമെന്ന് തെളിഞ്ഞു'; ഷുക്കൂർ കേസ് വിധിയെ സ്വാഗതം ചെയ്ത് കെ.കെ. ശൈലജ
അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചനാ ആരോപണം കള്ളമാണെന്ന് വ്യക്തമായെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. ഗൂഢാലോചന ആരോപിക്കപ്പെട്ട എല്ലാവരെയും കോടതി വെറുതെവിട്ടത് ഇതിന് തെളിവാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അവർ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. ഷുക്കൂർ വധം നിർഭാഗ്യകരമായ സംഭവമാണെന്നും ശൈലജ കൂട്ടിച്ചേർത്തു.
സംഭവദിവസം സ്ഥലം സന്ദർശിച്ച സംഘത്തിൽ താനുമുണ്ടായിരുന്നുവെന്ന് ശൈലജ പറഞ്ഞു. കുടുംബങ്ങളെ ആശ്വസിപ്പിക്കാനാണ് ഓട്ടോയിൽ അവിടെയെത്തിയത്. ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ഓട്ടോയിൽനിന്ന് ഇറങ്ങുന്നതിനിടെ ലീഗ് പ്രവർത്തകർ കല്ലെറിയുകയായിരുന്നു. താൻ വാഹനത്തിൽനിന്ന് ഇറങ്ങിയില്ലെന്നും പി. ജയരാജൻ പുറത്തിറങ്ങിയപ്പോൾ കല്ലേറിൽ പരിക്കേറ്റെന്നും അവർ വ്യക്തമാക്കി.
ആശുപത്രിയിൽ ആളുകൾക്കിടയിൽ കഴിയുമ്പോൾ എന്ത് ഗൂഢാലോചന നടത്താനാകുമെന്നും ചോദിച്ച ശൈലജ, 14 വർഷമായി അനുഭവിച്ച പ്രയാസങ്ങൾക്ക് കോടതി വിധിയോടെ അറുതിയായെന്നും പറഞ്ഞു.