സീതാറാം യെച്ചൂരി ഫൗണ്ടേഷന്റെ പരിപാടിക്ക് വേദി റദ്ദാക്കി കേന്ദ്ര സാംസ്കാരിക സ്ഥാപനം; നടപടി അഞ്ച് ദിവസം മുമ്പ്
സീതാറാം യെച്ചൂരി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏകദിന സിമ്പോസിയത്തിന്റെ വേദി പരിപാടിക്ക് അഞ്ച് ദിവസം മുമ്പ് റദ്ദാക്കി കേന്ദ്ര സാംസ്കാരിക സ്ഥാപനം. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററാണ് (EZCC) വിശദീകരണമൊന്നും നൽകാതെ വേദി റദ്ദാക്കിയത്.
നവംബർ 22ന് നടക്കേണ്ട പരിപാടിയുടെ വേദി റദ്ദാക്കിയ വിവരം നവംബർ 16ന് ഇമെയിൽ മുഖേനയാണ് ഫൗണ്ടേഷനെ അറിയിച്ചത്. ജൂലൈയിൽ തന്നെ വേദി ബുക്ക് ചെയ്യുകയും ആവശ്യമായ തുക അടയ്ക്കുകയും ചെയ്തിരുന്നതായി ഫൗണ്ടേഷൻ വ്യക്തമാക്കി. തീരുമാനത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയെ സമീപിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
നടപടി സുതാര്യമല്ലെന്നും ഏകപക്ഷീയമാണെന്നും ഫൗണ്ടേഷൻ ആരോപിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും വിശദീകരണമില്ലാതെ ഫൗണ്ടേഷനെ അടിച്ചമർത്താനുള്ള നീക്കമാണിതെന്നും ഫൗണ്ടേഷൻ അംഗം പ്രതികരിച്ചു.
കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, സഹമന്ത്രി റാവു ഇന്ദർജിത് സിങ്, പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെ ഭരണസമിതി.
'പുതിയ സാമ്രാജ്യത്വം' എന്ന വിഷയത്തിലുള്ള സെമിനാർ, എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യുവജന പ്രഭാഷണങ്ങൾ, 'സാമ്രാജ്യത്വം: പുതിയ ഭീഷണികളും ഇന്നത്തെ പ്രതിരോധവും' എന്ന വിഷയത്തിലുള്ള ചർച്ച എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ചരിത്രകാരൻ മുകുൾ കേശവൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക്, മുൻ പാർലമെന്റംഗം മാലിനി ഭട്ടാചാര്യ എന്നിവരും പരിപാടിയിൽ പങ്കെടുക്കാനിരുന്നതായി ഫൗണ്ടേഷൻ അറിയിച്ചു.
സീതാറാം യെച്ചൂരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ദൃശ്യ-ശ്രാവ്യ പ്രദർശനവും പരിപാടിയുടെ ഭാഗമായിരുന്നു. വേദി റദ്ദാക്കിയെങ്കിലും മറ്റൊരു സ്ഥലം കണ്ടെത്തി നിശ്ചയിച്ച സമയക്രമത്തിൽ തന്നെ പരിപാടി നടത്തുമെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി.