Skip to main content
വാർത്തകൾ

കൂട്ടുത്തരവാദിത്തമില്ലാത്ത ഭരണം; ആറുമാസത്തെ യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

Pinarayi vijayan

കേരളത്തിൽ നിലവിലുള്ളത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി ആറുമാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി അധ്യക്ഷനുമായി പോലും കൂടിയാലോചന നടത്താതെയും മുന്നണിയെയും സ്വന്തം പാർട്ടിയെയും വിശ്വാസത്തിലെടുക്കാതെയുമാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നതാണ് കഴിഞ്ഞ ആറുമാസത്തെ ഭരണത്തിന്റെ പ്രധാന സവിശേഷതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിസഭയ്ക്കുള്ളിൽനിന്ന് പുറത്തുവന്ന വിവരങ്ങൾ നിഷേധിക്കാനാകാത്തതാണെന്നും യുഡിഎഫിൽ കൂട്ടായ നേതൃത്വമെന്ന നിലയിൽ 'ടീം യുഡിഎഫ്' തന്നെ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുന്നണി വിഘടിത രൂപത്തിലേക്ക് മാറിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഈ സാഹചര്യത്തെ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് വിശേഷിപ്പിച്ചാൽ ആർക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഭരണത്തിലെ വീഴ്ചകൾ തിരുത്താനും പൊതുജനാഭിപ്രായം മാനിക്കാനും തയ്യാറാകുന്നതിനുപകരം വാദപ്രതിവാദങ്ങളിലൂടെ മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും പിണറായി വിജയൻ ആരോപിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെയും നിലവിലെ സർക്കാരിനെയും താരതമ്യം ചെയ്യാൻ താനില്ലെന്നും ഇരു ഭരണങ്ങളെയും ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.