'രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിചേർത്തത്'; ഷുക്കൂർ കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ പി. ജയരാജൻ
അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. തനിക്കെതിരെയും ടി.വി. രാജേഷിനെതിരെയും കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗും അന്നത്തെ യുഡിഎഫ് സർക്കാരും പൊലീസിനെ ഉപകരണമാക്കി കള്ളക്കേസ് ചമയ്ക്കുകയായിരുന്നുവെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
2012ലാണ് മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് അരിയിൽ മേഖലയിൽ ലീഗ് നടത്തിയിരുന്ന ആക്രമണങ്ങളുടെയും ഏകാധിപത്യപരമായ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ് സംഭവങ്ങളുണ്ടായതെന്ന് ജയരാജൻ വിശദീകരിച്ചു. കോൺഗ്രസിന് പോലും പ്രദേശത്ത് കൊടി കെട്ടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും സിപിഎം ഓഫീസുകൾക്ക് നേരെയും പ്രവർത്തകർക്കെതിരെയും ആക്രമണങ്ങൾ നടന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്താൻ ശ്രമമുണ്ടായെന്നും തുടർന്ന് ലീഗ് പ്രവർത്തകർ പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിച്ചെന്നും ജയരാജൻ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് താനും അന്നത്തെ കല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ അരിയിലെത്തിയത്. എന്നാൽ അവിടെവെച്ച് ലീഗ് പ്രവർത്തകർ തങ്ങൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയെന്നും പരിക്കേറ്റതിനെ തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതെന്നും പി. ജയരാജൻ വിശദീകരിച്ചു. കേസിൽ തന്നെ പ്രതിചേർത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്നും കോടതി വിധി അതിന് വിരാമമിട്ടെന്നുമാണ് ജയരാജന്റെ പ്രതികരണം.