ബസ് നിരക്ക് വർധന പിൻവലിക്കണം; ഒഡിഷ സർക്കാരിനെതിരെ സിപിഎം
ഒഡിഷയിൽ ബസ് നിരക്ക് വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി സിപിഎം. അവശ്യസാധനങ്ങളുടെയും മറ്റ് നിത്യോപയോഗ വസ്തുക്കളുടെയും വിലക്കയറ്റം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണക്കാരുടെ ജീവിതഭാരം വർധിപ്പിക്കുന്നതാണ് തീരുമാനമെന്ന് പാർട്ടി ആരോപിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം സാധാരണ ബസുകളിലെ യാത്രാനിരക്ക് കിലോമീറ്ററിന് 92 പൈസയിൽ നിന്ന് 1.18 രൂപയായി ഉയർത്തി. ഏകദേശം 28 ശതമാനമാണ് വർധന. എക്സ്പ്രസ് ബസുകൾക്ക് 1.24 രൂപയും എസി ഡീലക്സ് ബസുകൾക്ക് 1.99 രൂപയും സൂപ്പർ ഡീലക്സ് ബസുകൾക്ക് 3.21 രൂപയുമാണ് പുതുക്കിയ കിലോമീറ്റർ നിരക്ക്. സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി സുരേഷ് ചന്ദ്ര പാണിഗ്രഹിയാണ് ഇക്കാര്യം അറിയിച്ചത്.
സാധാരണ ബസിൽ 100 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 26 രൂപ അധികമായി നൽകേണ്ടിവരുമെന്ന് പാണിഗ്രഹി പ്രസ്താവനയിൽ പറഞ്ഞു. പാചകവാതകം, വൈദ്യുതി, അവശ്യസാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം മൂലം ജനങ്ങൾ ഇതിനകം തന്നെ ബുദ്ധിമുട്ടിലാണെന്നും നിരക്ക് വർധന അവരുടെ വാങ്ങൽശേഷിയെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡീസൽ, ടയറുകൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള സാധനങ്ങൾ എന്നിവയുടെ വില വർധിച്ചതോടെ ബസ് ഉടമകൾ നേരിടുന്ന പ്രവർത്തനച്ചെലവ് സിപിഎം അംഗീകരിച്ചു. എന്നാൽ അതിന്റെ ഭാരം യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. നിരക്ക് വർധന ഉടൻ പിൻവലിക്കണമെന്നും സുരക്ഷിതവും വിശ്വസനീയവും സാധാരണക്കാർക്ക് താങ്ങാനാകുന്നതുമായ പൊതുഗതാഗതം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സിപിഎം വ്യക്തമാക്കി.