വനിതകള്‍ക്കും ശിശുക്കള്‍ക്കും വേണ്ടി
ശാരിക ജി എസ്
വനിതകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കിമാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാനാകൂ. പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിന് വികസനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തമുണ്ടാകണം. ലിംഗവിവേചനം, അതിക്രമങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കിയും സാമൂഹ്യസുരക്ഷയും തുല്യനീതിയും ഉറപ്പാക്കിയും കഴിവുകള്‍ പൂര്‍ണമായി വളര്‍ത്താന്‍ തുല്യഅവസരങ്ങള്‍ നല്‍കിയുമാണ് സ്ത്രീകളെ വികസനത്തില്‍ തുല്യപങ്കാളികളാക്കാനാകുക. അതിനുതകുന്ന സാഹചര്യവും സാമൂഹ്യപരിസരവും അന്തരീക്ഷത്തില്‍നിന്ന് ഉരുത്തിരിയില്ല. അത് ആസൂത്രണത്തിലൂടെ ഒരുക്കേണ്ടതുണ്ട്. കുട്ടികളുടെ അവകാശസംരക്ഷണവും തുല്യ പ്രാധാന്യമുള്ളതാണ്. കുട്ടികള്‍ക്ക് സുരക്ഷിതമായ ചുറ്റുപാടില്‍ പൂര്‍ണമായ വളര്‍ച്ചയും വികാസവും നേടുന്നതിനുള്ള പശ്ചാത്തലമൊരുക്കി കഴിവുകള്‍ പൂര്‍ണമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള സാഹചര്യങ്ങളും അവസരങ്ങളും ഉറപ്പാക്കേണ്ടതും സമൂഹത്തിന്റെ അനിവാര്യമായ കര്‍ത്തവ്യമാണ്. |
സംസ്ഥാനത്ത് വനിത-ശിശുവികസനത്തിന് പുതിയ വകുപ്പ് യാഥാര്‍ഥ്യമാകുമ്പോള്‍ എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചു എന്ന് സര്‍ക്കാരിന് അഭിമാനിക്കാം. എന്നാല്‍, അത്തരമൊരു വാഗ്ദാനപാലനത്തിലുപരിയായ പ്രാധാന്യവും പ്രസക്തിയും ഈ തീരുമാനത്തിനുണ്ട്. വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന നയങ്ങളും പരിപാടികളും ആവിഷ്കരിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുക, കഴിവുകള്‍ പൂര്‍ണമായതോതില്‍ വികസിപ്പിക്കുന്നതിന് നിയമപരവും സ്ഥാപനപരവുമായ സഹായം നല്‍കുക എന്നിവ വകുപ്പിന്റെ ചുമതലയായിരിക്കും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ജെന്‍ഡര്‍ ഓഡിറ്റിങ്ങിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റ് വകുപ്പുകളിലെ സ്കീമുകള്‍ ഏകോപിക്കുന്നതിനുമുള്ള ചുമതല ഈ വകുപ്പിനുണ്ടാകുമെന്നും അതുസംബന്ധിച്ച പഠന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനെട്ട് വയസ്സിനുതാഴെയുള്ള കുട്ടികളുടെ ശ്രദ്ധ, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നയപരിപാടികളും പദ്ധതികളും ആവിഷ്കരിക്കുകയാണ് വകുപ്പിന്റെ മുഖ്യമായ മറ്റൊരു ചുമതല. കുട്ടികള്‍ക്കായി നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുക, കുട്ടികളുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നിവയും ഈ വകുപ്പിന്റെ ലക്ഷ്യമാണ്. കുട്ടികളുടെ കഴിവുകള്‍ പൂര്‍ണമായും വളര്‍ന്ന് വികസിക്കുന്നതിനാവശ്യമായ സാഹചര്യമാണ് ഇതിലൂടെ ഒരുക്കാനാകുക.
വനിത-ശിശുസുരക്ഷ, അവരുടെ പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഇത്തരമൊരു സംവിധാനം വളരെ നേരത്തേ തുടങ്ങേണ്ടതായിരുന്നു. സമൂഹ്യക്ഷേമവകുപ്പിന്റെ വിപുലമായ ചുമതലകളില്‍നിന്ന് വേറിട്ട് ഇവയെ പരിഗണിച്ചാല്‍ മാത്രമേ ഫലപ്രദമായ പ്രവര്ത്തനംനടക്കൂ എന്ന അവസ്ഥ വര്‍ഷങ്ങളായി നിലനിന്നിരുന്നു.
ഗാര്‍ഹികാതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005, സ്ത്രീധന നിരോധനനിയമം 1961, ശൈശവ വിവാഹനിരോധന നിയമം 2006, ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം, ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന നയം, മനുഷ്യക്കടത്ത് തടയുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ എന്നിവയൊക്കെ പൂര്‍ണ അര്‍ഥത്തില്‍ സമൂഹത്തിന് പ്രയോജനപ്പെടുംവിധം നടപ്പാക്കാനും ഉറപ്പാക്കാനും കഴിയുന്നതാകണം വനിത-ശിശുക്ഷേമ വകുപ്പ്. വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ ധനസഹായം, വനിതാക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള തൊഴില്‍പരിശീലനം, വിവാഹസഹായം, സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായം, ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസം, ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള സാമ്പത്തികസഹായം, സമഗ്ര ശിശുവികസനത്തിന് ആവശ്യമായ വ്യത്യസ്ത സേവനങ്ങള്‍- ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഒരു കുടക്കീഴിലാകേണ്ടതുണ്ട്. നടത്തിപ്പ് കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കണം. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യംചെയ്തിരുന്ന സാമൂഹ്യനീതി വകുപ്പ് വിഭജിച്ച് നിലവില്‍വരുന്ന പുതിയ വകുപ്പിന് അതു സാധിക്കും എന്ന പ്രതീക്ഷയാണ് ഉയര്‍ന്നിട്ടുള്ളത്.
വനിതകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കിമാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാനാകൂ. പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിന് വികസനപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തമുണ്ടാകണം. ലിംഗവിവേചനം, അതിക്രമങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കിയും സാമൂഹ്യസുരക്ഷയും തുല്യനീതിയും ഉറപ്പാക്കിയും കഴിവുകള്‍ പൂര്‍ണമായി വളര്‍ത്താന്‍ തുല്യഅവസരങ്ങള്‍ നല്‍കിയുമാണ് സ്ത്രീകളെ വികസനത്തില്‍ തുല്യപങ്കാളികളാക്കാനാകുക. അതിനുതകുന്ന സാഹചര്യവും സാമൂഹ്യപരിസരവും അന്തരീക്ഷത്തില്‍നിന്ന് ഉരുത്തിരിയില്ല. അത് ആസൂത്രണത്തിലൂടെ ഒരുക്കേണ്ടതുണ്ട്. കുട്ടികളുടെ അവകാശസംരക്ഷണവും തുല്യ പ്രാധാന്യമുള്ളതാണ്. കുട്ടികള്‍ക്ക് സുരക്ഷിതമായ ചുറ്റുപാടില്‍ പൂര്‍ണമായ വളര്‍ച്ചയും വികാസവും നേടുന്നതിനുള്ള പശ്ചാത്തലമൊരുക്കി കഴിവുകള്‍ പൂര്‍ണമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള സാഹചര്യങ്ങളും അവസരങ്ങളും ഉറപ്പാക്കേണ്ടതും സമൂഹത്തിന്റെ അനിവാര്യമായ കര്‍ത്തവ്യമാണ്. സര്‍വതോമുഖമായ പുരോഗതിയിലേക്ക് വനിതകളെയും കുട്ടികളെയും ഉയര്‍ത്തിക്കൊണ്ടുവരാനാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
01-Jul-2017
ആഷ
നിഷ മഞ്ചേഷ്
ദീപ സൈറ
ആര് ഷഹിന
ഗൗരി നന്ദന