ചിന്തകളുടെ അന്തിച്ചന്ത

സൂര്യൻ കടലിലേക്ക് ചായുമ്പോൾ
അച്ഛന്റെ ചെറുവിരലിൽ വിരൽ കോർത്ത്
അല്പം പിന്നിയ തൂവെള്ളയുടുപ്പിട്ട്
മുടി രണ്ടായ്പ്പകുത്ത് പിന്നിക്കെട്ടി
ഒരു തുണ്ട് പൂമാല വച്ച്
മുഖത്തേക്കാൾ വലിയ മൂക്കുത്തിയും കിലുങ്ങുന്ന പാദസരവുമിട്ടു ഞാൻ
ചിന്തകളുടെ അന്തിച്ചന്തയുടെ 
പടവുകൾ കയറി.....

പല തരത്തിലും നിറത്തിലും ഗുണത്തിലുമുള്ളവ
പക്ഷേ അവ നീയെന്നോ ഞാനെന്നോ
പറയാതെ നാമെന്നു മാത്രം പറഞ്ഞു

മേൽക്കൂരയില്ലാത്ത അതിരുകളില്ലാത്ത ചന്ത
ചാഞ്ഞും ചെരിഞ്ഞും ചെയ്ത മഴയത്തും
ചോന്ന അന്തിവെയിലേറ്റുമവർ കച്ചവടക്കാർ ചിന്തകൾ വിറ്റു....
വാങ്ങിയ വില സമം വിറ്റ വില എന്നതായിരുന്നു അവിടത്തെ സമവാക്യം....

അവൾ,
മുഗ്ദ സൗന്ദര്യം,
നക്ഷത്രങ്ങൾ കത്തിജ്വലിക്കുന്ന കണ്ണുകൾ,
സുതാര്യ ചിന്തകളുടെ കച്ചവടക്കാരി...

നറുമണം പരത്തി അവളുടെ ചിന്തകൾ ഒഴുകിപ്പരന്നു.
അവൾ വിറ്റ സുതാര്യ ചിന്തകൾ ആനന്ദത്തിനേറെതായിരുന്നു

മുതിർന്നവരുടെ വിരലുകളിൽ നിന്നൂർന്നിറങ്ങിയ ഞങ്ങൾ കുട്ടികൾ
വെളുത്ത്, നീണ്ട, കാറ്റിലുലയുന്ന, താടിയുള്ള 
വയസ്സൻ കച്ചവടക്കാരൻ തലയാട്ടിപ്പറയുന്ന കഥ കേൾക്കാൻ തടിച്ചുകൂടി
അയാൾ പറഞ്ഞതും ആനന്ദത്തെക്കുറിച്ച്

കുട്ടികൾക്ക് കഥകളും 
മുതിർന്നവർക്ക് സുതാര്യ ചിന്തകളും നൽകി 
അവർ ഇരുളിലലിഞ്ഞു

ചൂട്ട് വെളിച്ചത്തിൽ നാട്ടുവഴി പിന്നിടുമ്പോൾ ദൂരെ താരകങ്ങളെ ക്കാട്ടി അച്ഛൻ പറഞ്ഞു

അക്കാണും താരകങ്ങളും നാമും ഒന്നെന്ന ചിന്തയാണിന്നച്ഛന്റെ ചിന്ത...
പിന്നെ

ആക്കാലം കടന്നു പോയ്

സുതാര്യത അതാര്യതക്ക് വഴിമാറി
ഞാനെന്നും നീയെന്നും
എൻറെതെന്നും നിന്റെതെന്നും
എന്റെ വിശ്വാസമെന്നും നിന്റെ വിശ്വാസമെന്നും
ഒടുവിൽ
എന്റെ വിശപ്പെന്നം നിന്റെ വിശപ്പെന്നും

എങ്ങും പൊടിഞ്ഞ നിണം
ചിതറിയ മാംസത്തുണ്ടുകളിൽ നുരക്കും പുഴുക്കൾ

പതിയെ ചിന്തകൾ രക്തചുകപ്പ് ഏറ്റുവാങ്ങി
പിന്നതിൽ മതങ്ങൾ നിറങ്ങൾ ചാലിച്ചു
ചുകപ്പിൽ കാവിയും പച്ചയും വെള്ളയും നീലയും തരാതരം പോൽ

ചിന്തകളുടെ അന്തിച്ചന്ത ശൂന്യമാണ്
എന്നിട്ടുമൊരു കോണിലവൾ.. തെളിഞ്ഞ ചിന്തകളുടെ വിൽപ്പനക്കാരി
സിന്ദൂരക്കുറി മാഞ്ഞ്
ഹൃദയം നുറുങ്ങി
തോരാക്കണ്ണിരിൽ......

പഴകിയ ചിന്തകളുടെ മനംപുരട്ടലിൽ നിന്ന് കുതറി മാറാൻ ഞാനാ പഴയ അന്തിച്ചന്ത തേടിയിറങ്ങി

ആകാശം മറയ്ക്കുന്ന കൊട്ടാരക്കെട്ട്...
അതാണത്രേ അന്തിച്ചന്ത!
തീഷ്ണ വർണ്ണങ്ങളിൽ രൂക്ഷഗന്ധത്തിൽ ചിന്തകൾ.

ചന്തയിൽ തിരക്കാണെപ്പോഴും
രക്തം ചിന്തുന്ന വെടി മരുന്നിൻ ഗന്ധം പേറുന്ന ചിന്തകൾ..
രതിയിൽ നിന്നൂറ്റിയ ശുദ്ധ പ്രണയം ഓടകളിൽ മറിച്ചു കളഞ്ഞ് കാമം പുളക്കുന്ന ചിന്തകൾ
നിറം കൊണ്ട് മോഹിപ്പിച്ച ചിന്തകളിൽ വിരലോടിക്കുമ്പോൾ ഞാനറിഞ്ഞു
അവയുടെ പഴകി അടർന്ന വഴുവഴുപ്പ്

ഞെട്ടലോടെ കുതറി മാറി ഞാനവർക്കായ് തേടി അലഞ്ഞു
ഒടുവിൽ കൊട്ടാരക്കെട്ടിനു വെളിയിൽ
തുള വീണ കുടക്കു കീഴെ അവർ

നരച്ച മുടിയിഴകൾ
ഇടിഞ്ഞമാറും
കൊഴിഞ്ഞ പല്ലുകളും
ന്നിട്ടും നക്ഷത്രക്കണ്ണുകൾ....
സുതാര്യമായ മത മദ ലാഞ്ചന തട്ടാത്ത ചിന്തകൾ ആവോളം വാങ്ങി ഞാൻ മുന്നോട്ട്.

ഒന്ന് തിരിഞ്ഞപ്പോൾ അവർ നിന്നിടം ശൂന്യം
ഇപ്പോളിതാ ഞാൻ കാത്തിരിക്കുന്നു കൂട നിറയെ സുതാര്യ ചിന്തകളുമായ്.

കവിതകൾ മുന്‍ലക്കങ്ങളില്‍

More