ആത്മപുരാണം

ഒരേ തുകല്‍സഞ്ചിയില്‍ത്തന്നെ,
ഭക്ഷണവും വെള്ളവും നിറച്ച്
ദൈവം, ആത്മാക്കളെ ഭൂമിയിലേക്ക് അയക്കുന്നു.
സ്വര്‍ഗ്ഗത്തിന്റെ പാലം കടക്കുന്ന ആത്മാക്കള്‍
ഭൂമിയില്‍ കാലെടുത്തുകുത്തുമ്പോള്‍
മനുഷ്യരെന്നറിയപ്പെട്ടു തുടങ്ങുന്നു.
ദൈവം കൊടുത്തുവിടുന്ന ഭക്ഷണവും വെള്ളവും
ധൂര്‍ത്തടിച്ച് മാംസവും രക്തവുമാക്കി മാറ്റുന്നു.
പിന്നിട്ട പേരില്ലായ്മകളെ മറന്ന്
പുതിയ പേരുകള്‍ കണ്ടെത്തുന്നു.
ആണെന്നും, പെണ്ണെന്നും,
നീയെന്നും, ഞാനെന്നും
നിന്റെയെന്നും എന്റെയെന്നും പറഞ്ഞു
പുതിയ അതിര്‍ത്തികളും അയിത്തങ്ങളും കല്‍പ്പിക്കുന്നു.
ആര്‍ത്തിയോടെ ഭൂമിയെ കരണ്ടു തീര്‍ക്കുന്നു.
നീരുറവകള്‍ കുടിച്ചു വറ്റിക്കുന്നു.
ദൈവത്തെ തമ്മില്‍ത്തമ്മില്‍ പങ്കുവെക്കുന്നു.
നിന്റെ, നിന്റെ, നിന്റെ പിന്നെ നിന്റെ എന്നൊക്കെ.
ഒടുവില്‍ തുകല്‍സഞ്ചി ശൂന്യമാവുമ്പോള്‍
അതിര്‍ത്തികളും അയിത്തങ്ങളും ഇല്ലാതാവുന്നു.
ആത്മാവെന്ന സ്വത്വം വെളിപ്പെട്ട്,
പശ്ചാത്താപവിവശരായി തിരിഞ്ഞു നടക്കുന്നു..
ഒരുപുഞ്ചിരിയോടെ, സ്വര്‍ഗ്ഗത്തിന്റെ വാതില്‍
തുറന്നുപിടിച്ച് ദൈവം കാത്തുനില്‍ക്കും.

29-Oct-2016

കവിതകൾ മുന്‍ലക്കങ്ങളില്‍

More