ഓഷോ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്

അപരിചിതരില്‍ നിന്ന് ഒന്നും വാങ്ങി കഴിക്കരുതെന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുന്നുണ്ടായിരുന്നു. മകന്റെ കയ്യില്‍ ഒരു കല്‍ക്കണ്ടത്തിന്റെ തുണ്ട്. ഇയാളാര് കാബൂളിവാലയോ...
തീവണ്ടി വരുന്നതുവരെ അവന്‍ ഓഷോയുടെ താടിയില്‍ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. 

ലൈബ്രറിയില്‍വെച്ചാണ് ഏറ്റവും കൂടുതല്‍ അയാളെ കണ്ടിരിക്കുന്നത്. ഓഷോ എന്ന് വിളിക്കാന്‍ തോന്നുന്ന ഒരാള്‍!

പുസ്തകങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട എഴുത്തുകാരനെ തിരയുമ്പോള്‍ അറിയാതെ അയാളെ നോക്കും. ശരിക്കും ഓഷോ തന്നെ! കറുത്ത കോട്ടും താടിയും കണ്ണുകളും. ഓഷോയെ വായിക്കരുത് അയാള്‍ മനുഷ്യരെ വഴിതെറ്റിക്കും. അവിഹിതങ്ങള്‍ പ്രോത്സാഹിപ്പിക്കും എന്നൊക്കെ കുറ്റം പറയുന്ന ഒരുസുഹൃത്താണ് കൂട്ടിനുള്ളത്.

പിന്നൊരിക്കല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച്. ചെരുപ്പ് തുന്നുന്ന ചെക്കനോട് വേഗമാവട്ടെ എന്ന് ഞാനും നിന്റെ കൈ സൂക്ഷിക്കെന്ന് അയാളും പറഞ്ഞ ദിവസമാണ് ആദ്യമായ് അയാളെന്നോട് മിണ്ടിയത്. എന്റെ പേരിലെ മായ ഓര്‍ത്താവും അയാള്‍ ചിരിച്ചു. ഞാന്‍ പേരു ചോദിച്ചില്ല. 'ഓഷോ' അതു മതി. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന കടയില്‍ നിന്ന് അയാള്‍ കപ്പ മേടിക്കുന്നു. ഞാന്‍ കപ്പ കഴിക്കില്ല. ഡയബെറ്റിസ് വന്നാലൊ. എന്റെ കയ്യിലെ കോളിഫ്‌ളവറിലേക്ക് പാറിവീണ ഓഷോ നോട്ടം., കാന്‍സര്‍ വന്നാല്‍ കുഴപ്പമില്ലേ എന്നു പിറുപിറുക്കുന്നു.

പിന്നെ റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ ഇളയ കുഞ്ഞിന്റെ ഡയപ്പെര്‍ മാറ്റുമ്പോള്‍ എതിരെ അയാളിരിക്കുന്നു!
അയാളപ്പോഴും ചിരിക്കുന്നു..
രണ്ടാണ്‍കുട്ടികള്‍ എന്ന് ഓഷോ മീശ അനങ്ങുന്നു. മൂത്തവന്‍ പുരികം ചുളിക്കുന്നു.
ഇയാളേതാ?
ഞാന്‍ മിണ്ടാന്‍ പോയില്ല.
മൊബൈല്‍ സ്‌ക്രീനില്‍ തെളിയുന്ന കവിതകളിലേക്ക് ഞാനാണ്ടുപോയി. ടൈംലൈനില്‍ ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ തന്നെ പോസ്റ്റ് ചെയ്ത പ്രണയകവിതകള്‍ ഒരു കാര്യവുമില്ലാതെ അപ്പോഴെന്നെ വേദനിപ്പിച്ചു. മടിയില്‍ നിന്നിറങ്ങിയോടുന്ന മകനാണ് എന്റെ യാഥാര്‍ഥ്യം എന്ന് എനിക്കപ്പോള്‍ ഒരശരീരി കേള്‍ക്കാനായി.
ഓഷോ അവനെ എടുത്തിട്ടുണ്ട്.
അപരിചിതരില്‍ നിന്ന് ഒന്നും വാങ്ങി കഴിക്കരുതെന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുന്നുണ്ടായിരുന്നു. മകന്റെ കയ്യില്‍ ഒരു കല്‍ക്കണ്ടത്തിന്റെ തുണ്ട്. ഇയാളാര് കാബൂളിവാലയോ...
തീവണ്ടി വരുന്നതുവരെ അവന്‍ ഓഷോയുടെ താടിയില്‍ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. കുട്ടിയെ ഇങ്ങുതരു എന്ന് തെല്ലനിഷ്ടത്തോടെ പറഞ്ഞ് തീവണ്ടിയിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ അയാളെന്റെ ട്രോളി എടുത്ത് മുമ്പേ നടന്നു.
സംശയത്തോടെ മൂത്തയാളെന്റെ കയ്യിലെ പിടുത്തം മുറുക്കി. കിട്ടിയ സീറ്റിനടിയിലേക്ക് ട്രോളി തള്ളി വച്ച് അയാള്‍ ഇറങ്ങിപ്പോയി. വായില്‍ കല്‍ക്കണ്ടം അലിയിച്ച് ചെറിയ ആള്‍ കൈ പുറത്തേക്കു നീട്ടി. ആ താടിയില്‍ തൊട്ടു. കുഞ്ഞിന്റെ കൈ പിടിച്ചു കണ്ണില്‍ ചേര്‍ത്ത് അയാളെന്നോട് സേഫ്‌ജേണി എന്ന് പിറുപിറുക്കുന്നു. അയാളപ്പോഴും ചിരിക്കുകയായിരുന്നു.

യാത്രയില്‍ വായിക്കാനെടുത്ത പുസ്തകത്തിന്റെ ചട്ടയില്‍ ഓഷോയെ കണ്ട് മൂത്തയാള്‍ 'ഇയാളല്ലേ അത്' എന്നത്ഭുതപ്പെടുന്നു. അപ്പോള്‍ സ്‌റ്റേഷന് പുറത്തേക്ക് ആ കറുത്ത കോട്ട് മറഞ്ഞു പോവുകയായിരുന്നു.

എഴുതാനിരുന്ന കവിതയില്‍ നിന്ന്.
പ്രിയപ്പെട്ട ചിലവാക്കുകള്‍ കാണാതായതിനെ കുറിച്ചു ഖേദിച്ചു കൊണ്ട് ഞാന്‍ പുസ്തകം തുറക്കുകയും ഇത്തവണ പുറംചട്ടയില്‍ ഓഷോ ചിരിക്കുക തന്നെയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

 

02-Oct-2017

കഥകൾ മുന്‍ലക്കങ്ങളില്‍

More