സംസ്ഥാന തലസ്ഥാനത്തിന് പുറമേ കെ മുരളീധരനായി പാലക്കാടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ വരണമെന്നാണ് ഫ്‌ലക്‌സിലെ ആവശ്യം. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലന്ന് ഫ്‌ലക്‌സില്‍ പറയുന്നു. വിക്ടോറിയ കോളേജ് പരിസരത്തും കലക്ട്രേറ്റിന് സമീപവുമാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്.നേരത്തെ തിരുവനന്തപുരത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളായി കെ മുരളീധരന് വേണ്ടി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. കെപിസിസി – ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുരളീധരന്‍ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം’ എന്നതാണ് പോസ്റ്ററില്‍ ഉന്നയിക്കുന്ന ആവശ്യം. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു.