പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

എന്നാൽ, നിലവിൽ ഡൽഹിയിലായതിനാൽ യെദിയൂരപ്പ കൂടുതൽ സമയം തേടുകയും മൂന്ന് ദിവസത്തിന് ശേഷം അന്വഷണ സംഘത്തിന് മുന്നിൽ ഹാജരാവുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.

17കാരിയെ പീഡിപ്പിച്ചെന്നാണ് യെദിയൂരപ്പയ്ക്കെതിരായ കേസ്. ഈ വർഷം ഫെബ്രുവരിയിൽ പരാതി നൽകാൻ എത്തിയ മധ്യവയസ്കയോടൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത മകളോട് യെദിയൂരപ്പ ലൈംഗികാതിക്രമം നടത്തി എന്ന് ചൂണ്ടിക്കാട്ടി മാതാവാണ് പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ ഐപിസി 354 എ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിനിടെ, പരാതിക്കാരിയായ 54കാരി ശ്വാസകോശാർബുദം ബാധിച്ച് കഴിഞ്ഞ മാസം ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു.

പരാതിയിൽ മാർച്ച് 14ന് സദാശിവനഗർ പൊലീസ് കേസെടുത്ത് മണിക്കൂറുകൾക്ക് ശേഷം കർണാടക പൊലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ കൂടുതൽ അന്വേഷണത്തിനായി കേസ് സിഐഡിക്ക് വിട്ടു. എന്നാൽ ആരോപണം നിഷേധിച്ച യെദിയൂരപ്പ കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞിരുന്നു.