കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെയാണ് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

'വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍ പെട്ട് പോരാട്ടഭൂമിയില്‍ പിടഞ് വീണ മുരളിയേട്ടാ മാപ്പ്... നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ നമ്മളുമില്ല..' - തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

നേരത്തേ തോല്‍വിയുമായി ബന്ധപ്പെട്ട് ഡിസിസിയില്‍ അഞ്ചുദിവസം പോസ്റ്റര്‍ യുദ്ധം നടന്നിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് അടിപിടി കൂടുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ചെയര്‍മാനായ എംപി വിന്‍സെന്റും രാജിവെച്ചിരുന്നു.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്റെ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.