പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ പ്രതിനിധികള്‍ പിന്മാറി. ഇന്ത്യ സഖ്യത്തില്‍ നിന്നും മൂന്നു പേരാണ് പ്രോടെം സ്പീക്കര്‍ പാനലില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം പിന്‍മാറി.

ബി.ആര്‍. അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍ ഭരണഘടന ഉയര്‍ത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാര്‍ ഇന്നു പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കുക. പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കര്‍ ആക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.

പ്രോ ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് മുൻപ് പറഞ്ഞിരുന്നു. വിഷയത്തിൽ ജാതി അധിക്ഷേപം ഉണ്ടായെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. തന്നേക്കാള്‍ ജൂനിയറായ ഒരാളെ നിര്‍ത്തിയാണ് ഒഴിവാക്കല്‍. അതിനെ വിശദീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.