രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ കാർഷികമേഖലയ്ക്ക് ആശ്വാസമായി നിരവധി പദ്ധതികളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ബജറ്റിൽ 227.4 കോടി രൂപ അനുവദിച്ചു. കേന്ദ്ര സഹായമായി 115.5കോടി രൂപയും വകയിരുത്തി.
കേരളത്തിലെ കാർഷിക മേഖല കഴിഞ്ഞ മൂന്നുവർഷമായി മെച്ചപ്പെട്ട വളർച്ചനിരാക്കാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപയും നാളികേര വികസനത്തിനായി 73 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സുഗന്ധവ്യഞ്ജനവിള പദ്ധതിവികസന തുക 4.6 കോടിയിൽ നിന്നും 7.6 കോടി രൂപയായി വർധിപ്പിച്ചു. ക്ഷീരവികസനത്തിന് 120 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്
വിള പരിപാലനത്തിന് 535.9 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമഗ്രമായ നെല്ലു വികസന പദ്ധതി അടുത്ത വർഷത്തോടെ നടപ്പിലാക്കും. നെല്ലുവികസന പദ്ധതിക്കായിവിവിധ പദ്ധതികൾ സംയോജിപ്പിച്ചുക്കൊണ്ട് 150 കോടിയും അനുവദിച്ചു. ഇതിൽ സുസ്ഥിര നെൽകൃഷി വികസനത്തിന്റെ ഉത്പാദനോപാദികളുൾക്കുള്ള സഹായമായി ഹെക്ടറിന് 5500 രൂപ, നെൽവയൽ ഉടമസ്ഥർക്ക് വയൽ സംരക്ഷണത്തിനായി ഹെക്ടറിന് 3000 രൂപ, തുടങ്ങി റോയൽറ്റി നൽകുന്നതിനുള്ള 80 കോടി ഉൾപ്പെടുന്നു.
കാർഷിക സർവകലാശാലകളുടെ വികസനത്തിനായി 43 കോടി രൂപയും വകയിരുത്തി. ഇതിൽ പുതിയ പദ്ധതികൾക്കായി 21 കോടി രൂപ നീക്കിവെച്ചു. കേരളത്തെ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ ഹബ്ബാക്കാൻ വിഭാവനം ചെയ്യുന്ന ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും ഇതിനായി 30 കോടി വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.
ത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഉന്നമനത്തിനായും പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് മാത്രമായി 295 കോടി രൂപയാണ് അനുവദിക്കാൻ പോകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷൂറൻസിന് പത്ത് കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. തീരദേശസംരക്ഷണത്തിന് പത്ത് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് 107.6 കോടി രൂപയും ഖാദി വ്യവസായത്തിന് 14.8 കോടി രൂപയും ഗ്രാമീണ ചെറുകിട പദ്ധതികൾക്കായി 212 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.