സംസ്ഥാന ബജറ്റിൽ വയോജന സുരക്ഷയ്ക്ക് 50 കോടി വകയിരുത്തി. വയോജന സൗഖ്യത്തിനായി ഹെല്‍ത്തി ഏജിങ് പദ്ധതിയും ന്യൂ ഇന്നിങ്‌സ് പദ്ധതിയുമുണ്ട്. ന്യൂ ഇന്നിങ്‌സ് പദ്ധതിക്കായി 5 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വ്യായാമ പാര്‍ക്കുകള്‍ സജ്ജീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വയോജനങ്ങളുടെ സുരക്ഷയും ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വയോജനങ്ങള്‍ക്കും പാലിയേറ്റീവ് കെയറിനും മരുന്നിനും ഭക്ഷണം പരിചരണത്തിനും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യം, സാമൂഹിക ക്ഷേമം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ബന്ധപ്പെട്ട സ്‌കീമുകള്‍ പ്രാദേശിക തലത്തില്‍ സംയോജിപ്പിച്ചു കൊണ്ട് ഒരു സമഗ്രപരിപാടിക്ക് ഈ ബജറ്റിലൂടെ രൂപം നല്‍കുകയാണ്.
സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ക്രെഡിറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കിടപ്പുരോഗികള്‍ക്കും മേല്‍പറഞ്ഞവയെല്ലാം ഉറപ്പു നല്‍കുന്നു. പാലിയേറ്റീവ് സംഘടനകളെ പ്രാദേശിക തലത്തില്‍ ഏകോപിപ്പിച്ചുകൊണ്ടാവും പ്രവര്‍ത്തനങ്ങള്‍. സൗജന്യ സേവനങ്ങള്‍ക്ക് പുറമേ സ്ഥിരം കെയര്‍ ഗിവര്‍, ഡയറ്റ്, എഐ സര്‍വൈലന്‍സ് എന്നിവ ഫീസ് ഈടാക്കിയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കിടപ്പുരോഗികളല്ലാത്ത വയോജനങ്ങള്‍ക്ക് ആരോഗ്യകരമായ പ്രായമാകല്‍ പദ്ധതിയായ ഹെല്‍ത്തി ഏജിങ് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള വിവിധ സ്‌കീമുകളിലൂടെയാണ് പണം കണ്ടെത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ നന്നായി ഇടപെടാന്‍ സാധിക്കും. പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തി. വാര്‍ധക്യ കാലത്തെ സജീവമാക്കുവാന്‍ സംസ്ഥാനത്തെ നിലവിലുള്ള പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഓപ്പണ്‍ എയര്‍ വ്യായാമ ഉപകരണങ്ങള്‍ സജ്ജീകരിച്ച് മള്‍ട്ടി ജനറേഷനല്‍ പാര്‍ക്കുകളാക്കി മാറ്റും. ഇതിനായി 5 കോടി രൂപ മാറ്റി വെച്ചു.